07/01/2022

തീപ്പെട്ടി ശേഖരണം- ലക്ഷ്മീദേവി

                                       

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
149

ലക്ഷ്മീദേവി

ലക്ഷ്മീദേവി ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമാണ്. ലക്ഷ്മി എന്നാല്‍ ഐശ്വര്യം എന്നാണ് അര്‍ത്ഥം. അതുകൊണ്ട് തന്നെയാണ് ഐശ്വര്യത്തിനായി നമ്മള്‍ ലക്ഷ്മി ദേവിയോട് പ്രാര്‍ത്ഥിക്കുന്നതും. ഹൈന്ദവ വിശ്വാസ പ്രകാരം ഐശ്വര്യ ദേവതയായ മഹാലക്ഷ്‍മിയുടെ എട്ട് അവതാര രൂപങ്ങളെയാണ് അഷ്‍ട ലക്ഷ്മികള്‍ എന്ന് അറിയപ്പെടുന്നത്. സമ്പത്തിന്‍റെ എട്ട് സ്രോതസ്സുകളുടേയും അധിപയാണ് അഷ്‍ട ലക്ഷ്മികള്‍. അഷ്ട ലക്ഷ്മീ പൂജ അനുഷ്ഠിക്കുന്നവര്‍ക്ക് ആരോഗ്യം, വിദ്യ, ധൈര്യം, സന്താനങ്ങള്‍, ശക്തി തുടങ്ങി സര്‍വ്വൈശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം.

പിങ്ക് നിറത്തിലുള്ള താമര ലക്ഷ്മിദേവിയുടെ ഇരിപ്പിടമായാണ് കരുതുന്നത്. അതിനാൽ പത്മിനി പത്മപ്രിയ എന്നെ പേരുകളിലും ലക്ഷ്മീദേവി അറിയപ്പെടുന്നു താമരപ്പൂവ് പൂജയ്ക്കും ആരാധനയ്‌ക്കും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നു. പല ക്ഷേത്രങ്ങളിലും ഐശ്വര്യത്തിന്റെയും ധനത്തിന്റെയും അനുഗ്രഹം ലഭിക്കാനായി താമരപ്പൂവ് അണിയിക്കാറുണ്ട് മഹാവിഷ്ണുവിന് താമരപ്പൂവ് നൽകുന്നതും പുണ്യമായി കണക്കാക്കാറുണ്ട് അതുകൊണ്ടുതന്നെ താമരയെ ലക്ഷ്മിദേവിയുടെ പ്രതീകമായി കാണുന്നു അതുകൊണ്ടാണ് പാരമ്പര്യമായും, മതപരമായും, ഉള്ള എല്ലാ ആചാരങ്ങളിലും, ശില്പങ്ങളിലും  താമരയ്ക്കു ബഹുമാന്യമായ സ്ഥാനം നൽകുന്നത് . ലക്ഷ്മി ദേവി താമരയിൽ വസിക്കുന്നു എന്നാണ് വിശ്വാസം.

എന്റെ ശേഖരണത്തിലെ ലക്ഷ്മി ദേവിയുടെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു...






05/01/2022

കറൻസിയിലെ വ്യക്തികൾ (82) - എർവിൻ ഷ്രോഡിങർ (Erwin Schrodinger)

       

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
82
   
എർവിൻ ഷ്രോഡിങർ (Erwin Schrodinger)

ക്വാണ്ടം ഭൗതികത്തിന്റെ അടിസ്ഥാനശിലയായ ഷ്രോഡിങർ സമവാക്യത്തിന്റെ ശില്പിയാണ്‌ നോബൽ സമ്മാന ജേതാവു കൂടിയായ എർവിൻ റുഡോൾഫ് ജോസഫ് അലക്സാണ്ടർ ഷ്രോഡിങർ.
ഗവേഷകൻ,ചിന്തകൻ, പ്രഭാഷകൻ,കവി എന്നീ നിലകളിലും പ്രശസ്തനായ അദ്ദേഹം ദ്രവ്യതരംഗത്തിന്റെ(Mechanical waves) ചലനത്തെ അവകലന സമവാക്യമായി(Differential equation) അവതരിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.പ്രസ്തുത സമവാക്യം ഭൗതികശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും ചലനം സൃഷ്ടിച്ചു.1900-ൽ പ്രസിദ്ധീകരിയ്ക്കപ്പെട്ട മാക്സ് പ്ലാങ്കിന്റെ ക്വാണ്ടം സിദ്ധാന്തമാണ്‌ ഈ ശാസ്ത്രശാഖയുടെ അടിസ്ഥാനം.1905-ൽ ഐൻസ്റ്റീന്റെ വിശദീകരണത്തോടെ ഈ സിദ്ധാന്തം പ്രസിദ്ധമായി.1924-ലെ ലൂയിസ് ഡിബ്രോളിയുടെ തരംഗ സിദ്ധാന്തമാണ്‌ എർവിൻ ഷ്രോഡിങറെ ഈ ശാസ്ത്രശാഖയോട് അടുപ്പിച്ചത്.അക്കാലത്തു രൂപം കൊണ്ട അനിശ്ചിതത്വതത്വം അദ്ദേഹത്തെ സ്വാധീനിച്ചു.അനിശ്ചിതത്വ സിദ്ധാന്തത്തിന്‌ ഒരു ബീജഗണിതസമവാക്യം കണ്ടെത്താനുള്ള ഷ്രോഡിങറുടെ ശ്രമങ്ങളാണ്‌ ഷ്രോഡിങർ സമവാക്യത്തിന്റെ രൂപവത്കരണത്തിന്‌ വഴിതെളിച്ചത്.

ഓസ്ട്രിയ 1983ൽ പുറത്തിറക്കിയ 1000 ഷില്ലിങ് കറൻസി നോട്ട്.
മുൻവശം (Obverse):എർവിൻ ഷ്രോഡിങറുടെ ഛായാചിത്രം, ദേശീയചിഹ്നം.
പിൻവശം (Reverse): ഓസ്ട്രിയയിലെ വിയന്നയിലുള്ള യൂണിവേഴ്സിറ്റി ബിൽഡിംഗ്‌.  






04/01/2022

കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ - പോളണ്ട്

       

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
125

പോളണ്ട്

മധ്യ യൂറോപ്പിലെ റിപ്പബ്ലിക് ഓഫ് പോളണ്ട് എന്നറിയപ്പെടുന്ന രാജ്യമാണ് പോളണ്ട്. ഇറ്റലിയെക്കാളും യുകെയെക്കാളും ഒരു വലിയ രാജ്യമാണ് പോളണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ ഒൻപതാമത്തെ രാജ്യമാണ് പോളണ്ട്. പോളണ്ട് അഥവാ പോസ്‌കാ എന്നാണ് അറിയപ്പെടുന്നത്.  1791ലാണ് പോളണ്ട് എന്ന രാജ്യത്തിന്റെ രേഖാ മൂലമുള്ള ഭരണഘടന തയ്യാറാക്കുന്നത്. ലോകത്തെ രണ്ടാമത്തെ തന്നെ ഭരണഘടനയായിരുന്നു പോളണ്ടിന്റെ ഭരണഘടന

ഒരു കാലത്ത് മധ്യയൂറോപ്പ് മാറാവ്യാധികളുടെയും പ്രളയക്കെടുതികളുടെയും ഭക്ഷ്യക്ഷാമത്തിന്റെയുമൊക്കെ പിടിയിലമ൪ന്ന് വ്യഥയും വ്യാധിയുമായി കഴിഞ്ഞിരുന്നപ്പോൾ സമ്പന്നമായ വിളനിലങ്ങൾകൊണ്ട് അനുഗ്രഹിക്കപ്പെട്ടിരുന്ന നാടായിരുന്നു പോളണ്ട്. സൗമ്യരും ശാന്തരുമായിരുന്ന പോളണ്ടുകാ൪ക്കാകട്ടെ അവരുടെ വിളഞ്ഞുനിന്നിരുന്ന ഗോതമ്പുവയലുകളും ബാ൪ലി, ചോളപ്പാടങ്ങളും അനുഗ്രഹത്തേക്കാൾ തീരാശാപമായി മാറി. തൊട്ടടുത്ത രാജ്യക്കാരൊക്കെ സംഘടിതമായി ഇവിടേക്കിരച്ചുകയറി. യൂറോപ്പിന്റെ നെല്ലറയെന്ന വിശേഷണമുണ്ടായിരുന്ന ഈ പുണ്യഭൂമിയെ പലപ്പോഴായി വീതിച്ചെടുത്തു. ജ൪മനിയും റഷ്യയും 'സ്ലാവൻ'മാരുമൊക്കെ നേരിട്ടും അല്ലാതെയും അവരുടെ സമ്പത്തും ഭൂമിയും കൈയേറി. 'വയലിൽ ജീവിക്കുന്നവന്റെ ദേശം' എന്നാണ് പോളിഷ് ഭാഷയിൽ പോളണ്ടിന്റെ അ൪ഥം. രണ്ടാം ലോകയുദ്ധത്തിനു തൊട്ടുമുമ്പ് ഹിറ്റ്ലറുടെ നാസിപ്പട കൈയേറി സകലതും നശിപ്പിച്ച് പോളണ്ടിനെ ജ൪മനിയുടെ അധീനതയിലാക്കി. തുട൪ന്ന് രണ്ടാം ലോകയുദ്ധത്തിൽ ജ൪മനി തോറ്റമ്പിയപ്പോൾ പോളണ്ടിന്റെ അവകാശം, അന്നത്തെ സോവിയറ്റ് യൂനിയനുമായി. ഒടുവിൽ ലഹ് വലേസയുടെ സോളിഡാരിറ്റി പ്രസ്ഥാനത്തിന്റെ പ്രവ൪ത്തനങ്ങളും സോവിയറ്റ് യൂനിയന്റെ പതനവും കതോലിക്ക സഭയുടെ ഇടപെടലുകളും കാരണം (പോളണ്ടുകാരനായ കാരോൾ വോയ്റ്റീല എന്ന ആ൪ച്ച് ബിഷപ് പോപ് ജോൺ പോൾ രണ്ടാമനായി തെരഞ്ഞെടുക്കപ്പെട്ടതും പോളണ്ടിന്റെ പുന൪ജന്മത്തിന് കാരണമായി) തൊണ്ണൂറുകളിൽ പോളണ്ട് വീണ്ടും 'സ്വതന്ത്ര രാഷ്ട്ര'മായി. ഇപ്പോൾ യൂറോപ്യൻ യൂനിയനിൽ അംഗമായ പോളണ്ട്, പാ൪ലമെന്ററി ഡെമോക്രസിയാണ് സ്വീകരിച്ചിരിക്കുന്നത്. പ്രസിഡന്റാണ് ഭരണനായകൻ. 91 ശതമാനവും കതോലിക്ക മതവിശ്വാസികളാണ്. വാഴ്സയാണ് തലസ്ഥാനംയൂറോ സോണിൻ അംഗമാണ് എന്നാലും നാണയം Zloty യായി തുടരുന്നു.










02/01/2022

ചരിത്രാന്വേഷണം - ലോക രാജ്യങ്ങളിലൂടെ - ആസ്ട്രേലിയ

    

ഇന്നത്തെ പഠനം
അവതരണം
അഗസ്റ്റിന്‍ സ്റ്റീഫന്‍ ഡിസൂസ
വിഷയം
ചരിത്രാന്വേഷണം - ലോക രാജ്യങ്ങളിലൂടെ
ലക്കം
09

കോമണ്‍വെല്‍ത്ത് ഓഫ് ആസ്ട്രേലിയ


തെക്ക് കിഴക്കന്‍ ഏഷ്യയില്‍ ഇന്‍ഡ്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ദ്വീപ് രാഷ്ട്രം. കാന്‍ബറ തലസ്ഥാനമായ രാജ്യത്തെ ജനങ്ങളില്‍ ക്വാക്കേഷ്യന്‍ വംശജര്‍ 95%, ഏഷ്യന്‍ വംശജര്‍ 4%, ആദിവാസി ഗോത്രം 1%. ഔദ്യോഗിക ഭാഷയായ ഇംഗ്ലീഷിനോടൊപ്പം ഗോത്രഭാഷകളും ഉപയോഗിക്കുന്നു. ജനങ്ങളില്‍ 26% വീതം ആംഗ്ലിക്കന്‍, കത്തോലിക്ക വിശ്വാസികള്‍, 24% മറ്റു ക്രൈസ്തവ വിഭാങ്ങള്‍ക്കൊപ്പം ഇസ്ലാം, യഹൂദ, ബുദ്ധ മതവിശ്വാസികളും. ഔദ്യോഗിക കറന്‍സിയായ ഡോളര്‍ (Dollar) 100 സെന്‍റു (cents) കളായി വിഭജിച്ചിരിക്കുന്നു.

രാജ്യചരിത്രം

ബൂമറാങ് എന്ന വേട്ടയ്ക്കുള്ള ആയുധം കണ്ടുപിടിച്ച ആദിവാസി ഗോത്രങ്ങള്‍ 40,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെക്ക് കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ നിന്ന് കുടിയേറിയതായി കുരുതുന്നു.

പോര്‍ട്ടുഗീസ്സ്, സ്പാനിഷ് നാവികര്‍ 17ാം നൂറ്റാണ്ടില്‍ കണ്ടെത്തിയ ദ്വീപില്‍, കാര്‍പെന്‍റേറിയ ഉള്‍ക്കടല്‍ പ്രദേശത്ത് 1606 ല്‍ ഡച്ചുകാര്‍ കപ്പലിറങ്ങി. വിവിധ ഗോത്രങ്ങള്‍ അധിവസിച്ചിരുന്ന കിഴക്കന്‍ മേഖലയില്‍ 1770 ല്‍ ക്യാപ്റ്റന്‍ ജയിംസ് കുക്ക് പര്യവേക്ഷണം നടത്തി ബ്രിട്ടണു വേണ്ടി അവകാശവാദം ഉന്നയിച്ചു.  1778 ജനുവരി 26 ന് ക്യാപ്റ്റന്‍ ആര്‍തര്‍ ഫിലിപ്പ് ഒരു തടങ്കല്‍ പാളയമായി New South Wales എന്ന കോളനി സ്ഥാപിച്ചു. (ഈ ദിവസം ഇന്ന് Australia Day ആയി ആചരിക്കുന്നു). സ്വാഭാവികമായും ആദ്യ കുടിയേറ്റക്കാര്‍ ബ്രിട്ടീഷ് തടവുകാരും, പട്ടാളക്കാരും, ഗവണ്മെന്‍റ് ഉദ്യോഗസ്ഥരുമായിരുന്നു. 1820 വരെ ഈ ദ്വീപ് New Holland, Botany Bay, New South Wales എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നു.

വ്യാപകമായ കുടിയേറ്റങ്ങളില്‍ New South Wales (1786), Tasmania - അന്ന് Van Diemen's Land (1825), Western Australia (1829), South Australia (1834), Victoria (1851), Queens Land (1859) എന്നീ കോളനികള്‍ സ്ഥാപിക്കപ്പെട്ടു. 1830 ഓട് കൂടി ബ്രിട്ടീഷുകാര്‍ ദ്വീപ് പൂര്‍ണമായും തങ്ങളുടേതാണെന്ന് അവകാശവാദം ഉന്നയിച്ചു. 1850 ല്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റ് പസ്സാക്കിയ ഒരു നിയമപ്രകാരം ആസ്ട്രേലിയന്‍ കോളനികള്‍ സ്വന്തമായി ഒരു ഭരണഘടന രൂപീകരിച്ച്, സ്വയംഭരണ അവകാശമുള്ള ഫെഡറേഷന്‍ രൂപീകരിച്ചു.  1851 - 61 കാലഘട്ടത്തില്‍ കണ്ടെത്തിയ സ്വര്‍ണ്ണ നിക്ഷേപങ്ങള്‍ ആസ്ട്രേലിയയെ  സമ്പത്തികമായി ഉന്നതിയില്‍ എത്തിച്ചു.

ആസ്ട്രേലിയയിലെ ആറ് കോളനികള്‍, സംസ്ഥാനങ്ങള്‍ എന്ന പദവിയോടുകൂടി 1901 ജനുവരി ഒന്നിന് ബ്രിട്ടീഷ് പാര്‍ലമെന്‍ററി സംവിധാനങ്ങളും, അമേരിക്കന്‍ ഫെഡറല്‍ വ്യവസ്തകളും ഉള്‍ക്കൊള്ളിച്ച പുതിയ ഭരണഘടനപ്രകാരം ഒരു കോമണ്‍വെല്‍ത്ത് ആയി പ്രഖ്യാപിക്കപ്പെട്ടു.

ആസ്ട്രേലിയന്‍ സന്നദ്ധഭടന്മാര്‍ ഒന്നാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടണു വേണ്ടി മദ്ധ്യപൂര്‍വ്വദേശത്തെ യുദ്ധമുന്നണിയില്‍ പോരാടി. 1931 ലെ വെസ്റ്റ്മിനിസ്റ്റര്‍ ഉടമ്പടി പ്രകാരം ആസ്ട്രേലിയ പൂര്‍ണ സ്വാതന്ത്ര്യം നേടി. രണ്ടാം ലോകമഹായുദ്ധത്തില്‍ ആസ്ട്രേലിയന്‍ പട്ടാളം ഗ്രീസ്, വടക്കന്‍ ആഫ്രിക്ക, തെക്ക് പടിഞ്ഞാറന്‍ പസിഫിക് മേഖല എന്നിവിടെങ്ങളിലെ യുദ്ധമുന്നണിയില്‍ പങ്കുചേര്‍ന്നു.

1967 ലെ ഒരു ഹിതപരിശോധനയില്‍ ആസ്ട്രേലിയന്‍ ഗോത്രങ്ങള്‍ക്ക് പൂര്‍ണ പൗരത്വവും സമത്വ അവകാശങ്ങളും നല്‍കപ്പെട്ടു. ആസ്ട്രേലിയന്‍ അധീനതയിലായിരുന്ന പാപ്പുവ ന്യൂഗിനി 1975 ലും സോളമന്‍ ദ്വീപുകള്‍ 1978 ലും സ്വാതന്ത്ര്യം നേടി. ബ്രിട്ടീഷ് പാര്‍ലമെന്‍റ് 1986 ല്‍ അംഗീകരിച്ച Australia Act പ്രകാരം ബ്രിട്ടണ്‍ ആസ്ട്രേലിയക്കുമേലുള്ള എല്ലാ അവകാശങ്ങളും അവസാനിപ്പിച്ചു.


ആസ്ട്രേലിയയുടെ ഭൂപടം

ആസ്ട്രേലിയയുടെ ദേശീയ പതാക

ആസ്ട്രേലിയയുടെ ദേശീയ ചിഹ്നം

1966 വരെ നിലവിലുണ്ടായിരുന്ന12 Pence = 1 Shilling20 Shillings = 1 Pound എന്ന നാണയ വ്യവസ്തയിലെ നാണയങ്ങള്‍


1966 ഫെബ്രുവരി 14 ന് നിലവില്‍ വന്ന ഡെസിമല്‍ സിസ്റ്റം അനുസരിച്ചുള്ള നാണയം.(എലിസബത്ത് രാജ്ഞിയുടെ വിവിധ ചിത്രങ്ങളോടു കൂടി)

ആസ്ട്രേലിയയുടെ  നിറങ്ങളിലുള്ള നാണയങ്ങള്‍

2015 ല്‍ ആസ്ട്രേലിയ / ന്യൂസിലാന്‍റ് ല്‍ നടന്ന ICC World Cup ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മാരകനാണയം. കോണ്‍കേവ് /കോണ്‍വെക്സ് രൂപത്തിലുള്ള നാണയത്തില്‍ ക്രിക്കറ്റ് ബോളും ബ്രിസ്ബൈന്‍ ക്രിക്കറ്റ് സ്റ്റേഡിയവും ചിത്രീകരിച്ചിരിക്കുന്നു.






01/01/2022

ചിത്രത്തിനുപിന്നിലെ ചരിത്രം - മുള്ളൻ പന്നി

                

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
94

 മുള്ളൻ പന്നി


അണ്ണാൻ ഉൾപ്പെടുന്ന കരണ്ടുതീനി ജീവികളിലെ ഒരു കുടുംബമാണ് മുള്ളൻ പന്നികൾ. പേരു സൂചിപ്പിക്കുന്ന വിധം പന്നിയുടെ വർഗത്തിൽ‌പ്പെട്ടതല്ല ഈ ജീവി.    ശാസ്ത്രീയനാമം: Hystrix indi.
ഈ നിരയിലെ ഏറ്റവും വലിപ്പമേറിയ ജീവിയാണ്  മുള്ളൻ പന്നി..!!

ശരീരം മുഴുവൻ വിവിധ നീളത്തിലുള്ള മുള്ളുകളാൽ നിറഞ്ഞ മുള്ളൻ പന്നി ശത്രുക്കളെ നേരിടുന്നത് മുഖാമുഖമല്ല; പിൻ ഭാഗം കൊണ്ടാണ്. ശത്രുക്കൾ ഇവയെ ആക്രമിക്കുന്ന സമയത്ത്, ഇവയുടെ കൂർത്ത് മൂർച്ചയേറിയ മുള്ളുകൾ എഴുന്ന് നിൽക്കുന്നു. തുടർന്ന് ശത്രുവിന് നേരേ ഇവ പിന്നാക്കമോടുകയും പിൻഭാഗത്തെ മുള്ളുകൾ കൊണ്ട് ആക്രമിക്കുകയും ചെയ്യുന്നു. മുള്ളൻ പന്നിയുടെ മുള്ളുകൾ രോമങ്ങളുടെ രൂപാന്തരമാണ്. ശത്രുവിന്റെ ദേഹത്ത് തറയ്ക്കുന്ന മുള്ളുകൾ മുള്ളൻ പന്നിയുടെ ശരീരത്തിൽ നിന്നും കൊഴിഞ്ഞ് പോകും. മുള്ളൻ പന്നികൾക്ക് എല്ലു കരണ്ടു തിന്നുന്ന സ്വഭാവമുണ്ട്, കാരണം മുള്ളുകൾ കരുത്തോടെ വളരാൻ എല്ലിൽ മാത്രം അടങ്ങിയിട്ടുള്ള കാത്സ്യവും ഫോസ്ഫറസും മറ്റും ആവശ്യമാണ്.

ലോകത്ത് പ്രധാനമായും പന്ത്രണ്ട് ഇനം മുള്ളൻ പന്നികളാണുള്ളത്. ഇതിൽ, മൂന്നിനങ്ങൾ ഇന്ത്യയിൽ കാണപ്പെടുന്നുണ്ടെങ്കിലും
 Hystrix indica- എന്ന ഒരു ഇനം മാത്രമാണ് കേരളത്തിൽ കാണപ്പെടുന്നത്. മുളൻപന്നി തീരെ ചെറിയ ജീവിയല്ല. ഇതിന് 60- മുതൽ 90-സെന്റീമീറ്റർ നീളവും പതിനൊന്ന് മുതൽ പതിനെട്ട് കിലോ വരെ ഭാരം കാണപ്പെടുന്നു. ഇവ നടക്കുമ്പോൾ ദേഹത്തുള മുള്ളുകൾ തമ്മിൽ കൂട്ടി മുട്ടി "കലപില" ശബ്ദം ഉണ്ടാവുന്നു. മുള്ളൻ പന്നികൾ എലികളെപ്പോലെ മാളത്തിൻ ജീവിക്കുന്ന വയാണ്. പാറകൾ നിറഞ്ഞ കുന്നിൻചരുവിൽ, തുറസ്സായ ഗ്രാമപ്രേദേശങ്ങളിൽ, ഇലപൊഴിയുന്ന വനങ്ങളിൽ, ഇവയെ കാണാറുണ്ട്. കുറ്റിച്ചെടികൾക്കിടയിലും പുല്ലുകൾക്കിടയിലും ഭക്ഷണം സമ്പാദിച്ച് ഇവ കഴിയുന്നു. പറമ്പിക്കുളം വെങ്കോളിക്കുന്നിന്റെ താഴ് വാരം ഈ ജീവിയുടെ ഒരു പ്രധാന ആവാസകേന്ദ്രമാണ്.

ഇന്ത്യയിൽ ഏറ്റവും സാധാരണയായതും വലുതുമായ മുള്ളൻപന്നിയാണ് Hystrix indica. ഇവയുടെ കറുത്ത ശരീരം കറുപ്പും വെളുപ്പുമുള്ള മുള്ളുകളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. നെറ്റി മുതൽ മദ്ധ്യം വരെ നീളമുള്ള മുള്ളുകൾ നിറഞ്ഞിരിക്കുന്നു. വാൽ അവസാനിക്കുന്നത് കട്ടിയുള്ള ഒരുകൂട്ടം വെള്ളമുള്ളുകളായാണ്. ഇവയെ കർണാടകത്തിന്റെയും തമിഴ്നാടിന്റെയും കേരളത്തിൻറെയും പൊതുവായ അതിർത്തിത്തി പങ്കിടുന്ന പ്രദേശത്ത് കാണപ്പെടുന്നു. ചുവന്ന മുള്ളൻപന്നി (Red Porcupine) എന്ന് വിളിക്കപെടുന്ന ഉപ ഇനത്തിന് മുതുകിൽ തുരുമ്പിന്റെ നിറം കലർന്ന മുള്ളുകളാണ് ഉള്ളത്. മുള്ളൻപന്നി വനത്തിനരികെയുള്ള വിളകൾ നശിപ്പിക്കുന്നതായും തറനിരപ്പിലുള്ള മരത്തിൻറെ തൊലി തിന്നുന്നതായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

അപകടം മനസ്സിലാക്കിയാൽ മുള്ളൻപന്നി പുറത്തെ മുള്ളുകൾ ഉയർത്തി നിർത്തുകയും ഭയപെടുത്തുന്ന രീതിയിൽ ശരീരത്തിലെ മുള്ളുകൾ കുലുക്കി ശബ്ദദമുണ്ടാക്കുകയും ചെയ്യുന്നു. അപകടം ഒഴിഞ്ഞു പോകുന്നില്ലെങ്കിൽ പുറം തിരിഞ്ഞോ, വശം തിരിഞ്ഞോ വേഗത്തിൽ ശത്രുവിന് നേരെ കുതിക്കുകയും അതിന്റെ മുള്ളുകൾ ശത്രുജീവിയുടെ മാംസത്തിൽ തുളച്ചു കയറ്റുകയും ചെയ്യുന്നു. മുള്ളൻപന്നിയെ വേട്ടയാടാൻ ശ്രമിക്കുന്ന പുള്ളിപ്പുലി കളുടെയും കടുവകളുടെയും ശരീരത്തിൽ മാരകമായ മുറിവുണ്ടാക്കാൻ ഇവയ്ക്ക് കഴിയും; എന്നാൽ ഇവയെ ഉപദ്രവിക്കാത്ത മറ്റു ജീവികൾക്ക് നേരെ അങ്ങോട്ട് ചെന്ന് ആക്രമിക്കുന്ന സ്വഭാവം മുള്ളൻ പന്നികൾക്കില്ല.

ഇന്ത്യയിൽ, സരിസ്ക നാഷണൽ പാർക്ക്‌ (രാജസ്ഥാൻ), ബന്ദിപ്പൂർ നാഷണൽ പാർക്ക്, (കർണ്ണാടകം) നാഗറഹോള നാഷണൽ പാർക്ക്‌ (കർണാടകം)  എന്നിവടങ്ങളിലെല്ലാം മുള്ളൻ പന്നികളുണ്ട്. കടുവ, പുലി എന്നിങ്ങനെയുള്ള മാംസാഹാരികളായ മൃഗങ്ങളെ പ്രതിരോധിക്കാവുന്ന വിധത്തിലുള്ള മുള്ളുകളുള്ള പടച്ചട്ടയുണ്ടെങ്കിലും, അപൂർവ്വമായി, മുള്ളൻപന്നികൾ പുലികളുടെയും കടുവകളുടെയും ഭക്ഷണമായിത്തീരാറുണ്ട്. എന്നാൽ, മുള്ളൻ പന്നികളുടെ പ്രധാന ശത്രു മനുഷ്യനാണ്. മുള്ളൻപന്നികളെ വേട്ടയാടുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴും ഇവയെ മനുഷ്യർ മാംസത്തിനായി വേട്ടയാടുന്നു. 







റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ - ഭാരതീയ റെയിൽവേയുടെ മഹത്തായ 150 വർഷം. 2003

       

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
114

ഭാരതീയ റെയിൽവേയുടെ മഹത്തായ 150 വർഷം. 2003 

ഇന്ത്യയിൽ റെയിൽ ഗതാഗതം ആരംഭിച്ചതൻ്റെ 150 ആം വാർഷികം പ്രമാണിച്ച് 2003ൽ ഇന്ത്യ ഇറക്കിയ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.





31/12/2021

കറൻസിയിലെ വ്യക്തികൾ (80) - ഹോമർ (Homer)

      

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
81
   
ഹോമർ (Homer)

പുരാതന ഗ്രീസിൽ ജീവിച്ചിരുന്ന അന്ധകവിയാണ് ഹോമർ.  ലോകപ്രശസ്തമായ ഗ്രീക്ക് ഇതിഹാസങ്ങളായ ഇലിയഡ് , ഒഡീസി എന്നിവ രചിച്ചത് ഹോമറാണെന്നു വിശ്വസിക്കപ്പെടുന്നു. ഹോമറിന്റെ ജനനമരണങ്ങളെപ്പറ്റിയുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. ബി.സി ഒമ്പതാം നൂറ്റാണ്ടിലാണ് ഹോമർ ജീവിച്ചിരുന്നതെന്നു  പുരാതന ഗ്രീക്ക് ചരിത്രകാരനായ ഹെറഡോട്ടസ് പറയുന്നു. ബി.സി. എട്ട്,ഒമ്പത് നൂറ്റാണ്ടുകളിലേതെങ്കിലുമാവും ഹോമർ ജീവിച്ചതും ഇലിയഡും ഒഡീസ്സിയും സൃഷ്ടിച്ചതെന്നുമാണ് ഇന്നു പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഗ്രീക്ക് സംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ ഹോമറിന്റെ ഇതിഹാസങ്ങൾ വഹിച്ച പങ്ക് പ്രധാനമാണ്. ഇദ്ദേഹത്തെ ഗ്രീസിന്റെ അദ്ധ്യാപകൻ എന്ന് വിശേഷിപ്പിക്കാറുണ്ട്.

ആരാണ് ഹോമർ എന്നതിനെപ്പറ്റിയുണ്ട് പല കഥകൾ. ബാബിലോണിയക്കാരനായ ടൈഗ്രനസ് ആണ് ഹോമർ എന്നും ഗ്രീക്കുകാർ യുദ്ധത്തിൽ തടവുകാരനാക്കിക്കൊണ്ടുവന്ന ടൈഗ്രനസ്, ഹോമർ എന്ന പേരു സ്വീകരിക്കുകയായിരുന്നു എന്നാണ് ഒരു കഥ. റോമാ സാമ്രാജ്യത്തിന്റെചക്രവർത്തിയായിരുന്ന ഹഡ്രിയൻ, ഹോമർ ആരാണെന്നറിയാൻ ഒരിക്കൽ ഡെൽഫിയിലെ പ്രവാചകയെ സമീപിച്ചുവത്രെ. അപ്പോൾ കിട്ടിയ ഉത്തരം ഒഡീസ്യുസിന്റെ മകൻ ടെലിമാക്കസിന്റേയും എപ്പിക്കസ്തെയുടേയും മകനാണ് ഹോമറെന്നാണ്. ഏഷ്യാമൈനറിലെ (ഇന്നത്തെതുർക്കി)അയോണിയൻ മേഖലയിലുള്ള സ്മിർണയിലോ ചിയോസ് ദ്വീപിലോ ആണു ഹോമർ ജനിച്ചതെന്ന് മറ്റോരു കഥ . ഇയോസ് ദ്വീപിൽ വെച്ച് ഹോമർ മരിച്ചുവത്രെ. ഈ പ്രദേശങ്ങളുടെ വിശദചിത്രം ഹോമർ തന്റെ ഇതിഹാസകാവ്യങ്ങളിൽ അവതരിപ്പിക്കുന്നതുകൊണ്ട് ഈ കഥക്ക് വിശ്വാസ്യത നേടാൻ കഴിഞിട്ടുണ്ട്. ഹൊമേറിയോ എന്ന ക്രിയാപദത്തിന് പാട്ടുകൾ കൂട്ടിയിണക്കുന്നവൻ എന്നും അർത്ഥമുണ്ട്. അതുകൊണ്ട് ഹോമർ ഗാനങ്ങൾ ഈണത്തിൽ പാടിയിരുന്നയാളായിരുന്നുവെന്നാണു മറ്റോരു വാദം. ഇലിയഡും ഒഡീസ്സിയും വാമൊഴി ഗാനങ്ങളായി പ്രചരിച്ചിരുന്നതുകൊണ്ട് ഈ വാദവും തള്ളിക്കളയാൻ വയ്യ.

ഗ്രീസ് 1917 ൽ പുറത്തിറക്കിയ 1 ഡ്രാക്മ കാൻസി നോട്ട്.
മുൻവശം (Obverse): ഹോമറിൻ്റെ ഛായാചിത്രം.
പിൻവശം (Reverse): രാജകീയ മുദ്ര (Coat of arms) ചിത്രീകരിച്ചിരിക്കുന്നു.