01/10/2021

ചിത്രത്തിനു പിന്നിലെ ചരിത്രം (73) - വെള്ളരിക്കൊക്ക് (ഈഗ്രറ്റ്)

                         

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
73

  വെള്ളരിക്കൊക്ക്
(ഈഗ്രറ്റ്)


ലോകത്തെമ്പാടുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ജലപക്ഷിയാണ് ഈഗ്രറ്റ് അഥവാ വെള്ളരി കൊക്ക്. കാഴ്ചയിൽ ഹെറോൺ പക്ഷിയെ പോലെ തോന്നിക്കുന്ന ഇവയ്ക്ക് ജൈവശാസ്ത്രപരമായ ചെറിയ വ്യത്യാസമാണുള്ളത്. ശുദ്ധജലത്തിൽ കാണുന്ന വലിയ ചുണ്ടുകളും, വലിയ കാലുകളുമുള്ള തീരദേശപക്ഷിയാണ് ഹെറോൺ.
ചിത്രത്തിനു പിന്നിലെ ചരിത്രം (73) -   വെള്ളരിക്കൊക്ക് (ഈഗ്രറ്റ്)
വെള്ളരിക്കൊക്ക്, വെളിര്, വെള്ള മുണ്ടി എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഈ പക്ഷിയുടെ ഇംഗ്ലീഷ് നാമം " ഈഗ്രറ്റ് " (Egret) എന്നാണ്. വെള്ള നിറമുള്ള തൂവലുകളാൽ അലങ്കരിക്ക പ്പെട്ടതാണ് ഈ പക്ഷിയുടെ ശരീരം. തൂ-വെള്ള തൂവലണിഞ്ഞ വെള്ളരിക്കൊക്കുകളെ കാണാൻ കൗതുകവും സൗന്ദര്യമുള്ളവയുമാണ്. 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലും തൂവൽ കൊണ്ടുള്ള വസ്തുക്കളുടെ നിർമ്മാണത്തിനും മാംസത്തിനും മറ്റുമായി യൂറോപ്പിലും അമേരിക്കൻ ഐക്യനാടുകളിലും ഈഗ്രറ്റുകളെ (വെള്ളരിക്കൊക്ക്) കൂട്ടത്തോടെ കൊന്നൊടുക്കുക പതിവായിരുന്നു. വെളളരിക്കൊക്കുകളെ വേട്ടയാടുന്നത് ഇന്ത്യയിൽ കുറ്റകരമാണ്.

വലിയ ഇനം വെള്ളരിക്കൊക്കുകൾക്ക് ചുണ്ട് മുതൽ കാൽ വിരൽ വരെ ഏതാണ്ട് ഒരു മീറ്റർ വരെ നീളം കാണാറുണ്ട്. ഇവയുടെ കഴുത്ത് ഇംഗ്ലീഷ് അക്ഷരമാലയിലെ S - ആകൃതിയിലായതിനാൽ ഇത്രയും നീളം തോന്നില്ലെന്ന് മാത്രം. വംശനാശഭീഷണി നേരിടുന്ന പക്ഷി കൂടിയാണിത്. ജലാശയങ്ങൾക്കരികിലാണ് വെള്ളരിക്കാക്കുകളുടെ ആവാസം. ഇവയുടെ ഇഷ്ടഭക്ഷണം മത്സ്യങ്ങളാണ്. ശബ്ദമുണ്ടാക്കാതെ ഇരപിടിക്കാൻ വിദഗ്ദരായ വെള്ളരിക്കൊക്കുകൾ അവസരം കിട്ടിയാൽ തവള, ചെറു പാമ്പ്, എലി തുടങ്ങിയ ജീവികളെയും ഭക്ഷണമാക്കാറുണ്ട്. രാത്രിയിൽ വൃക്ഷ ശിഖരങ്ങളിൽ പറ്റമായി ചേക്കേറുന്ന ഇവ തല താഴേക്ക് വളച്ചു കൊണ്ടു വന്ന് ചിറകിനുള്ളിലാക്കിയാണ് ഉറങ്ങുന്നത്. ഒറ്റ നോട്ടത്തിൽ "തല ഇല്ലാത്ത കൊക്ക് " ആണെന്ന് തോന്നും. മാത്രവുമല്ല ഭൂരിഭാഗം വെള്ളരിക്കൊക്കുകളും ഒറ്റക്കാലിൽ നിന്നാണ് ഉറങ്ങുന്നത്..!!

ദാമ്പത്യ ജീവിതത്തിൽ വളരെയധികം നിഷ്ഠ പാലിക്കുന്ന പക്ഷിയാണ് വെള്ളരിക്കൊക്കുകൾ. ഏതാണ്ട് രണ്ട് വയസ്സോടെ പ്രായപൂർത്തി കൈവരിക്കുന്നതോടെ ആൺപക്ഷി ഇണയെതേടുകയായി. വർഷത്തിൽ ഒരിക്കൽ മാത്രം ഇണചേരുന്ന ഇവയ്ക്ക് ജീവിതത്തിൽ ഒരു ഇണ മാത്രമാണ് ഉണ്ടാവുക. ആൺപക്ഷികൾ പ്രത്യേക ഭൂപ്രദേശം തെരഞ്ഞെടുത്ത് ഇണയെ ആകർഷിയ്ക്കാനായി പല തരത്തിലുള്ള ചേഷ്ഠകൾ കാട്ടുകയും ചെയ്യുകയും ചെയ്യുന്നു. പെൺപക്ഷികൾ ആൺപക്ഷിയുടെ പ്രദേശത്ത് വിരുന്ന് വന്നതിനുശേഷം മാത്രമാണ് ഇണ ചേരുന്നത്.

ഈഗ്രറ്റ, ആർഡിയ തുടങ്ങിയ ജീനസ്സുകളിലെ അംഗങ്ങളാണ് ഈഗ്രറ്റുകൾ. " ഈഗ്രറ്റ് " എന്ന വാക്ക് ഉത്ഭവിച്ചത് ഫ്രഞ്ച് വാക്ക് 'എയിഗ്രറ്റെ' എന്ന വാക്കിൽ നിന്നാണ്. ഫ്രഞ്ചിൽ "എയിഗ്രറ്റെ " എന്നാൽ 'ബ്രഷ്' എന്നും അർത്ഥമുണ്ട്. ബ്രഷ് - എന്ന വാക്ക് സൂചിപ്പിക്കുന്നത്, പ്രജനനകാലത്ത് ഈഗ്രറ്റുകളുടെ പുറകുവശത്ത് വെള്ളച്ചാട്ടം പോലെ മനോഹരമായ വലിയ നാരുപോലുള്ള മൃദുവായ തൂവലുകൾ ബ്രഷുകൾ പോലെ കാണപ്പെടുന്നു. 

വെള്ളരിക്കൊക്കുകൾ ചതുപ്പു നിലങ്ങളിലെ കുറ്റിക്കാടുകളിലോ പാടശേഖരങ്ങൾക്ക് സമീപമുള്ള വിജന പ്രദേശങ്ങളിലെ വൃക്ഷങ്ങളിലോ കൂടുകൂട്ടിയാണ് മുട്ടയിടുന്നത്. ചുള്ളികളും ചെറിയ കമ്പുകളും കൊണ്ട് മെനയുന്ന കൂടുകൾക്ക് ബലം തീരെ കുറവാണ്. മങ്ങിയ പച്ചനിറമാർന്ന മൂന്ന് മുതൽ നാല് മുട്ടകൾ വരെ വെളളരികൾ ഇടാറുണ്ട്. ഇത് വിരിയാനായി ഏതാണ്ട് 24-ദിവസത്തോളം വേണ്ടിവരും. മാതാപിതാക്കൾ മാറി മാറി അടയിരിക്കുകയും കുഞ്ഞുങ്ങൾ മുട്ട വിരിഞ്ഞ് പുറത്തുവന്നാൽ സമയത്തിനു ഭക്ഷണം നൽകി സംരക്ഷിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തുകയും ചെയ്യുന്നു. പറക്കമുറ്റിക്കഴിയുമ്പോൾ വെളളരിക്കൊക്കിന്റെ കുഞ്ഞുങ്ങൾ മാതാപിതാക്കൾക്കൊപ്പം ദീർഘദൂരം പറക്കുകയും പതിവാണ്.









No comments:

Post a Comment