23/11/2021

ചിത്രത്തിനുപിന്നിലെ ചരിത്രം (82) - കോഴിപ്പോര്

     

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
82

കോഴിപ്പോര്

സിന്ധൂ നദീതട സംസംസ്കാരത്തിൽപ്പോലും നിലനിന്നിരുന്ന, ഏറെ പഴക്കമുള്ള ഒരു വിനോദമാണ് കോഴിപ്പോര്. പേർഷ്യയിൽ ആറായിരം വർഷങ്ങൾക്കു മുമ്പേ ഇത് നിലനിന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലടക്കം മിക്ക രാജ്യങ്ങളിലും പണ്ടു മുതലേ പ്രചാരം നേടിയ ഒരു വിനോദമാണിത്. തമിഴിൽ "ചേവൽ ചണ്ടൈ" എന്നറിയപ്പെടുന്ന ഈ വിനോദത്തിന് തമിഴ്നാട്ടിൽ ഏറെ ആരാധകരുണ്ട്. ഇന്ത്യയുൾപ്പെടെ ലോകത്തെങ്ങും കോഴിപ്പോര് നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് ഇപ്പോഴും തുടരുന്നുണ്ട്. ഇന്ത്യയിലെ ശിക്ഷാനിയമം 428, 429 വകുപ്പുകളിലും മൃഗപീഡന നിയമം പതിനൊന്നാം വകുപ്പിലും കോഴിപ്പോരു നടത്തുന്നവരെ അറസ്റ്റുചെയ്യാൻ നിയമമുണ്ട്. 

പ്രത്യേക പരിശീലനം നൽകിയ പൂവൻകോഴികളെയാണ്  പോരിനിറക്കുക. ചെറുപ്പത്തിലേ കോഴികളെ പിടികൂടി, ചെറിയ കൂടുകളിലടക്കുകയും നന്നായി തീറ്റയും മരുന്നുകളും നൽകുകയും ചെയ്യുന്നു. "പോര് കോഴി" എന്നാണിവ അറിയപ്പെടുക. നേരമ്പോക്കിനായി തുടങ്ങിയ ഈ വിനോദം ഇന്ന് ചൂതുകളി വ്യവസായമായി മാറിയിട്ടുണ്ട്. മെയ് കരുത്തും , ആക്രമണ സ്വഭാവമുള്ളതുമായ പോരുകോഴികളെ പ്രത്യേകം വളർത്തിയെടുക്കുന്നു. കോഴികളുടെ കാലുകളിൽ "അള്ളുകൾ" എന്ന പേരിലുള്ള കൂർത്തുമൂർത്ത ലോഹനിർമിതമായ ചെറു കത്തികളും ലോഹ മുള്ളുകളും  വെച്ചുപിടിപ്പിക്കുന്നു. കാലുകളിലെ നഖം വെട്ടിക്കളഞ്ഞ് മുറിവുണങ്ങുമ്പോൾ തൽസ്ഥാനത്ത് മൂന്നിഞ്ചുവരെ വലിപ്പമുള്ള കത്തികളോ അഗ്രം വളഞ്ഞ കൊളുത്തുകളോ ഘടിപ്പിക്കുകയാണ് സാധാരണ ചെയ്യുന്നത്. 

അഞ്ചോ ആറോ മീറ്റർ വ്യാസത്തിലുള്ള വൃത്താകൃതിയിൽ സജ്ജമാക്കിയ പോർക്കളത്തിലാണ് മത്സരം. പോരിനു മുമ്പേ അല്പം മദ്യം ഇവയ്ക്കു നൽകാറുണ്ട്. ഒന്നിന്റെ കഴുത്തിൽ മുറുക്കിപ്പിടിച്ചു , രണ്ടാമത്തേതിനെ ക്കൊണ്ടു കൊത്തിച്ച് ദേഷ്യം പിടിപ്പിക്കും. പോരു കോഴികൾ തമ്മിൽ ഓടിയടുത്തു കൊത്തുക, ഒഴിഞ്ഞുമാറി തലയുടെ പലഭാഗത്തും പൂവിലും മുതുകിലും കഴുത്തിലും കൊത്തുക, കാലിലെ ലോഹ മുള്ളുകൊണ്ട് ശക്തിയായി മാന്തുക തുടങ്ങിയവയാണ് ഇവയുടെ ആക്രമണ രീതികൾ. കഴുത്തിലും തലയിലും മുറിവേറ്റ് വായിലൂടെ രക്തമൊഴുക്കി ഒന്ന് മരിച്ചുവീഴുന്നതു വരെ പോര് തുടരും. ചിലപ്പോൾ രണ്ടാമത്തേതിനു മാരകമായി മുറിവേറ്റിട്ടുണ്ടാകും. പിന്നെയും പോരാട്ടത്തിനു ശേഷിയുണ്ടെങ്കിൽ തിരികെ കൂട്ടിലാക്കും. കോഴികളിലൊന്നിന്റെ കാലൊടിയുകയോ കണ്ണ് തകരുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഉടമ അതിന്റെ കഴുത്തു ഞെരിക്കും. അങ്കം ജയിച്ച കോഴിയും ചിലപ്പോൾ ചത്തുവീഴാറുണ്ട്. അവയുടെ ഇറച്ചിയാണ് ജേതാവിനും അനുയായികൾക്കും അന്നത്തെ സദ്യ.

ഇന്ത്യയിൽ - പാലക്കാട്, തമിഴ് നാട്, ഒറീസ, ആന്ധ്രാപ്രദേശ്, ബീഹാർ എന്നിവിടങ്ങളിലെ ഗ്രാമങ്ങളിൽ കോഴിപ്പോരിന് നല്ല പ്രചാരമുണ്ട്. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് തമിഴ്ഗ്രാമങ്ങളിൽ കോഴിയങ്കം നടക്കുന്നത്. തിരുച്ചി, തഞ്ചാവൂർ, മധുരൈ, പുതുക്കോട്ട,പൊള്ളാച്ചി, മീനാക്ഷിപുരം തുടങ്ങിയ സ്ഥലങ്ങളിലും കോഴിപ്പോര് മത്സരങ്ങൾ നടക്കാറുണ്ട്. ചോളവും കോറയുമാണ് പോരു കോഴികളുടെ പ്രധാന ഭക്ഷണം.



22/11/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - സൂര്യഗ്രഹണം

 

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
67

സൂര്യഗ്രഹണം

സൂര്യഗ്രഹണംഎന്നുംകൗതുകമുണ്ടാക്കുന്ന ഒന്നാണ്.ചന്ദ്രന്റെ നിഴലിനെയാണ് നമ്മൾ ഗ്രഹണമെന്ന് പറയുന്നത്. അതായത്, ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയിൽ സൂര്യനു നേരെ മുന്നിൽ വരുന്ന സന്ദർഭങ്ങളുണ്ടാകാം. ആ സമയത്ത് ചന്ദ്രൻ സൂര്യനെ ഭാഗികമായോ പൂർണമായോ മറച്ചേക്കാം. ഇതാണ് സൂര്യഗ്രഹണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ചന്ദ്രന്റെ നിഴൽ ഭൂമിയിൽ വീഴുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്. ചന്ദ്രൻ ഭൂമിയെ അപേക്ഷിച്ച് ചെറുതായതിനാൽ നിഴൽ ഭൂമിയെ ഭാഗികമായി മാത്രമായിരിക്കും മറയ്ക്കുക. അതിനാൽ ആ ഭൂഭാഗങ്ങളിൽ മാത്രമാണ് സൂര്യഗ്രഹണം അനുഭവപ്പെടുക.പൂർണ ഗ്രഹണമെന്തെന്ന് പലർക്കും അറിയില്ല. സൂര്യനെ ചന്ദ്രൻ പൂർണമായും മറക്കുന്നതാണ് പൂർണ സൂര്യഗ്രഹണം. സൂര്യകേന്ദ്രത്തിൽനിന്ന് ചന്ദ്രന്റെ കേന്ദ്രത്തിലൂടെ ഒരു രേഖ സങ്കൽപിച്ചാൽ അത് ഭൂമിയിലൂടെ കടന്നുപോകുന്ന ഇടത്തിനോട് ചേർന്നു കിടക്കുന്നിടത്തു മാത്രമാണ് സമ്പൂർണ സൂര്യഗ്രഹണം അനുഭവപ്പെടുക

ഗ്രഹണം ഇന്ന് അവിചാരിതമായി സംഭവിക്കുന്ന ആകാശക്കാഴ്ചയല്ല. കെട്ടുകഥകളിലൂടെ അവതരിപ്പിക്കേണ്ട സംഗതിയുമല്ല. എപ്പോള്‍, എവിടെ, എത്രനേരം, എത്രവ്യാപ്തിയില്‍, ഏതു തരം എന്നെല്ലാം കൃത്യതതയോടെ പ്രവചിക്കാന്‍ ആധുനികശാസ്ത്രത്തിനു കഴിവുണ്ട്. എന്തുകൊണ്ടാണ് ഗ്രഹണം സംഭവിക്കുന്നതെന്ന തിരിച്ചറിവും അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളെ സൂക്ഷ്മമായി അളക്കാനായതുമാണ് ഇത്തരത്തിലുള്ള പ്രവചനം സാധ്യമാക്കിയത്. പക്ഷേ, അതിലേക്കുള്ളവഴി അത്ര എളുപ്പമായിരുന്നില്ല. ബഹിരാകാശ വാഹനങ്ങളും ടെലസ്കോപ്പുകളുമില്ലാതിരുന്ന കാലത്ത് ആകാശദൃശ്യങ്ങളെ മനസ്സിലാക്കാന്‍ ഏകസഹായി  നഗ്നനേത്രങ്ങള്‍ മാത്രമായിരുന്നല്ലോ.അതിനാല്‍ സൂര്യന്റെയും ചന്ദ്രന്റെയും ആകാശചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് അവയെ യുക്തിപൂർവം വ്യാഖ്യാനിച്ച് നിഗമനത്തിലെത്തുകയും അത് പ്രകാരമാണോ പിന്നീട് വരുന്ന കാര്യങ്ങള്‍ എന്ന് പരിശോധിക്കലും മാത്രമായിരുന്നു  ഗ്രഹണത്തെ മനസ്സിലാക്കാനുള്ള വഴി. ഗ്രീക്കുകാരുടെ  പ്രപഞ്ചസങ്കൽപം ആകാശദൃശ്യങ്ങളെ നിരന്തരം നിരീക്ഷിച്ച് അവയുടെ ക്രമം മനസ്സിലാക്കുകയും അതിലൂടെ കാലഗണന നടത്തുകയും ചെയ്തതിന്റെ പാരമ്പര്യം എല്ലാ പ്രാചീന സംസ്കാരങ്ങള്‍ക്കുമുണ്ട്. എന്നാല്‍ അവയെ വിശകലനം ചെയ്ത് അതിന്റെ കാരണങ്ങള്‍  കണ്ടെത്താനും അതിലൂടെ പ്രപഞ്ച സങ്കല്‍പം  രൂപപ്പെടുത്താനും ശ്രമിച്ചത്  ഗ്രീക്ക് തത്വചിന്തകരാണ്. അക്കൂട്ടത്തിലൊരാളായ മിലേഷ്യസിലെ ഥെയില്‍സ് ആണത്രെ ആദ്യമായി ഗ്രഹണം  പ്രവചിച്ചത്. ബി സി  ഇ  585 മെയ് 28 ന് നടന്ന സൂര്യ ഗ്രഹണം  അദ്ദേഹം  മുന്‍കൂട്ടി പറഞ്ഞതായി പ്രാചീന ഗ്രീക്ക് ചരിത്രകാരനായ ഹിറോദാത്തസ് രേഖപ്പെടുത്തിയിട്ടുണ്ട്

ഗ്രഹണത്തെക്കുറിച്ച് ശാസ്ത്രീയമായ വിവരങ്ങൾ ലഭിക്കുന്നതിനുമുമ്പുണ്ടായിരുന്ന അബദ്ധധാരണകളിലൊന്നാണ് ഭക്ഷണം കഴിക്കരുതെന്നുള്ളത്. ഗ്രഹണസമയത്ത് സൂര്യനിൽനിന്ന് പലതരം രശ്മികൾ ഭൂമിയിലെത്തും, ഇത് ഭക്ഷണത്തെ വിഷമിപ്പിക്കും, ഗ്രഹണസമയത്ത് പുറത്തിറങ്ങരുത്, കിണർ മൂടിയിടണം, ഗ്രഹണം കഴിഞ്ഞാൽ കുളിക്കണം – ഇങ്ങനെ നിരവധി കഥകൾ പ്രചാരത്തിലുണ്ട്. അതൊക്കെ ഗ്രഹണത്തെക്കുറിച്ച് ശാസ്ത്രീയമായ വിവരങ്ങൾ ലഭിക്കാൻ ഉണ്ടായിരുന്ന കഥകൾ മാത്രമാണ്

ശാസ്ത്രീയമായ ധാരണകൾ നിലവിൽ വരുന്നതിനു മുമ്പായി രസകരമായ പല മിത്തുകളും ഗ്രഹണത്തെ സംബന്ധിച്ച് ഉണ്ടായിരുന്നു. പിന്നീട് ഇതിലെ അബദ്ധങ്ങൾ നാം തിരിച്ചറിഞ്ഞു. രാഹു, കേതു തുടങ്ങിയ പാമ്പുകൾ സൂര്യനെ വിഴുങ്ങുന്നതാണ് സൂര്യഗ്രഹണം എന്നൊരു മിത്ത് ഇന്ത്യയിൽ ഉണ്ടായിരുന്നു. വിയറ്റ്നാമിലെ ഒരുമിത്ത് അനുസരിച്ച് ഒരു തവളയാണ് സൂര്യനെശാപ്പിടുക. ചൈനയിൽ അത് ഒരു വ്യാളിയുടെ (ഡ്രാഗൺ) ജോലിയാണ്.






ചരിത്രാന്വേഷണം - ലോക രാജ്യങ്ങളിലൂടെ (03) - അള്‍ജീരിയ

                              

ഇന്നത്തെ പഠനം
അവതരണം
അഗസ്റ്റിന്‍ സ്റ്റീഫന്‍ ഡിസൂസ
വിഷയം
ചരിത്രാന്വേഷണം - ലോക രാജ്യങ്ങളിലൂടെ
ലക്കം
03

പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് അള്‍ജീരിയ


വടക്ക് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ മെഡിറ്ററേനിയന്‍ കടല്‍ മുതല്‍ സഹാറാ മരുപ്രദേശം വരെയുള്ള മേഖലയില്‍ അള്‍ജീരിയ സ്ഥിതി ചെയ്യുന്നു. സാമാന്യം മെച്ചപ്പെട്ട കാലാവസ്ഥ, ഭേദപ്പെട്ട മഴ, ഫലഭൂയിഷ്ടമായ മണ്ണുമുള്ള പ്രദേശം. അറ്റ്ലസ് പര്‍വ്വതത്തിന്‍റെ രണ്ട് ശൃംഗലകള്‍ അള്‍ജീരിയയില്‍ കിഴക്ക് പടിഞ്ഞാറായി നീണ്ടു കിടക്കുന്നു. 7000 അടി ഉയരമുള്ള പീഠഭൂമിക്ക് താഴെയായി സഹാറാ മരുപ്രദേശം. അള്‍ജിയേഴ്സ് തലസ്ഥാനമായ അള്‍ജീരിയയില്‍ 85% അറബ് വംശജരും ബാക്കി ബെര്‍ബെര്‍ വംശജരും അധിവസിക്കുന്നു. ഔദ്യോഗിക ഭാഷയായ അറബിക്കിനൊപ്പം ഫ്രഞ്ചും പ്രദേശിക ഭാഷയായ ബെര്‍ബെറും ഉപയോഗിക്കുന്നു. ജനസംഖ്യയില്‍ 98% പേരും ഔദ്യോഗിക മതമായ ഇസ്ലാം മതവിശ്വാസികളാണ്. ഔദ്യോഗിക കറന്‍സിയായ ദിനാര്‍ (Dinar) 100 സെന്‍റീംസ് (Centimes) ആയി വിഭജിച്ചിരിക്കുന്നു.

രാജ്യചരിത്രം

ഇന്നത്തെ അള്‍ജീരിയന്‍ പ്രദേശത്ത് അധിവസിച്ചിരുന്നെന്ന്  അറിയപ്പെടുന്ന ആദ്യ ജനസമൂഹം ബെര്‍ബെര്‍ വംശജരുടെ പൂര്‍വ്വീകര്‍ ആയിരുന്നു. B C ഒന്‍പതാം നൂറ്റാണ്ടില്‍ ഈ പ്രദേശം കാര്‍ത്തേജ് സാമൃാജ്യത്തിന്‍റെ ഭാഗമായിരുന്നു. B C 145 ലെ പ്യൂണിക് യുദ്ധാനന്തരം നമിഡിയ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം റോമന്‍ കോളനിയായി. ക്രൈസ്തവ ചരിത്രത്തലെ ആദ്യകാല പ്രമുഖരില്‍ ഒരാളായ വിശുദ്ധ അഗസ്റ്റിന്‍ A D 396 ല്‍ അന്നാബയ്ക്കടുത്ത ഹിപ്പോ രൂപതയുടെ മെത്രാനായിരുന്നു. A D 440 ല്‍ അക്രമകാരികളായ ഒരു വിഭാഗം കയ്യടക്കിയതിനെ തുടര്‍ന്ന് സാംസ്കാരികമായി ഉന്നതിയിലായിരുന്ന ഈ പ്രദേശം പ്രാകൃത രീതികളിലേക്ക് കൂപ്പുകുത്തി. 

ആറാം നൂറ്റാണ്ടില്‍ ബൈസാന്‍റൈന്‍ സാമൃാജ്യത്തിന്‍റെ ഭാഗമായിരുന്ന അള്‍ജീരിയ ഏഴാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ അറബികളുടെ അധിനിവേശത്തിന്‍ കീഴിലായി. ടിലിംസാന്‍ സുല്‍ത്താനേറ്റിന്‍റെ അധീനതയിലായിരുന്നെങ്കിലും പ്രാദേശിക അമീര്‍മാര്‍ക്ക്  സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശം നല്‍കിയിരുന്നു. സ്പെയിനില്‍ നിന്ന് പുറത്താക്കപ്പെട്ട യഹൂദരും മൂറുകളും 1492 ല്‍ ഇവിടെയ്ക്ക് കുടിയേറി. 1518 ല്‍ തുര്‍ക്കികളുടെ നിയന്ത്രണത്തില്‍ ആയ അള്‍ജീരിയ മൂന്ന് നൂറ്റാണ്ടുകളോളം ക്രൂരന്മാരായ കടല്‍ക്കൊള്ളക്കാരുടെ താവളമായിരുന്നു. 1830 ല്‍ ഫ്രഞ്ചുകാര്‍ കൈവശപ്പെടുത്തിയ അള്‍ജീരിയയില്‍ 1871 ല്‍ ഉയര്‍ന്ന പ്രക്ഷോഭം അടിച്ചമര്‍ത്തപ്പെട്ടു. 1909 ല്‍ സഹാറ പ്രദേശങ്ങള്‍ കൂടി ഫ്രഞ്ച് അധീനതയിലായി.

രണ്ടാം ലോകമഹായുദ്ധ അവസരത്തില്‍ 1940 ല്‍ നാസി ജര്‍മ്മനി ഫ്രാന്‍സില്‍ കടന്നുകയറി Vichy ആസ്ഥാനമാക്കി ഒരു പാവഗവണ്മെന്‍റ് രൂപീകരിച്ചപ്പോള്‍, അള്‍ജീരിയന്‍ പ്രക്ഷോഭകാരികള്‍ അവരെ പിന്തുണച്ചു. 1942 നവംബര്‍ 8 ന് Gen. D D Eisenhower റുടെ നേതൃത്വത്തിലുള്ള സഖ്യസേന അള്‍ജീരിയ കീഴടക്കി വീണ്ടും ഫ്രഞ്ച് നിയന്ത്രണത്തില്‍ ആക്കി. 1945 ല്‍ ഫ്രഞ്ച് ഭരണത്തിനെതിരെ നടന്ന കലാപം അടിച്ചമര്‍ത്തപ്പെട്ടു.

 വ്യവസ്ഥാപിതമായ ഒരു പ്രക്ഷോഭം 1954 നവംബര്‍ ഒന്നിന് ആരംഭിച്ചു. 1958 ല്‍ Gen. Charles de Gaulle യുടെ നേതൃത്വത്തില്‍ ഭരണത്തിലെത്തിയ ഫ്രഞ്ച്  ഗവണ്മെന്‍റ് അള്‍ജീരിയയുടെ ദേശീയ സ്വയംഭരണം തത്വത്തില്‍ അംഗീകരിച്ചു. 1962 ജൂലയ് 5 ന് പൂര്‍ണ സ്വതന്ത്ര്യം നേടിയ അള്‍ജീരിയ 1962 സെപ്റ്റംബര്‍ 25 ന് റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു.

അമേരിക്കന്‍ ചേരിയിലായിരുന്ന അള്‍ജീരിയ 1967 ല്‍ ചേരി മാറി സോവിയറ്റ് പക്ഷത്തെത്തി. 1976 ല്‍ ഒരു ഇസ്ലാമിക - സോഷ്യലിസ്റ്റ് ഭരണഘടന അംഗീകരിക്കപ്പെട്ടു. 1992 അള്‍ജീരിയയിലെ പതിനായിരത്തിലധികം വരുന്ന ആരാധനാലയങ്ങളില്‍ മതപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. ദേശവ്യാപകമായി നടന്ന ഒരു ഹിതപരിശോധനയില്‍ 1996 നവംബര്‍ 28 ന്, പ്രസിഡന്‍റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ഒരു ഭരണഘടന അംഗീകരിക്കപ്പെട്ടു. അഞ്ചാം തവണയും അധികാരത്തില്‍ തുടരാനുള്ള ശ്രമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭത്തിനൊടുവില്‍ 2019 ഏപ്രില്‍ 2 ന് പ്രസിഡന്‍റ് രാജിവച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ പ്രസിഡന്‍റ് അധികമേറ്റു.


അള്‍ജീരിയയുടെ ഭൂപടം

അള്‍ജീരിയയുടെ ദേശീയ പതാക

അള്‍ജീരിയയുടെ ദേശീയ ചിഹ്നം

ഫ്രഞ്ച് അധിനിവേശക്കാലത്തെ അള്‍ജീരിയന്‍ നാണയം

റിപ്പബ്ലിക്ക് ഓഫ് അള്‍ജീരിയയുടെ ആദ്യകാല നാണയവും പില്‍ക്കാല നാണയവും





21/11/2021

ചിത്രത്തിനുപിന്നിലെ ചരിത്രം (81) - ഹുപ്പു

    

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
81

ഹുപ്പു 

കല്ലുകൾ കൊത്തിത്തുളയ്ക്കാൻ ശേഷിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കേരളത്തിൽ കാണപ്പെടുന്ന ഒരു പക്ഷിയാണ് ഉപ്പൂപ്പൻ. ഹുപ്പു എന്നും വിളിക്കുന്നു ഇംഗ്ലീഷ് നാമം - Hoopoe Bird. ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും നിരവധി ഉപജാതികളായി കണ്ടുവരുന്ന ഈ പക്ഷി ഇസ്രയേലിന്റെ ദേശീയപക്ഷിയുമാണ്. മലയാളമടക്കം ഒട്ടുമിക്ക ഭാഷകളിലും ഈ പക്ഷിയുടെ പേര് ഇവ സൃഷ്ടിക്കുന്ന ശബ്ദത്തിൽ നിന്നും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. ലോകത്തെമ്പാടുമായി ഒൻപത് ഉപജാതികളെയെങ്കിലും കാണപ്പെടുന്നു. ഉപജാതികൾ നിറത്തിന്റെ ഏറ്റക്കുറച്ചിലിനാലും വലിപ്പവ്യത്യാസത്താലുമാണ് വ്യത്യസ്തമായിരിക്കുന്നത്. കേരളത്തിലെ ചില പ്രദേശങ്ങളിൽ പുതിയാപ്ല പക്ഷി എന്നും വിളിക്കപ്പെടാറുണ്ട്.

ആൺപക്ഷിയും പെൺപക്ഷിയും തമ്മിൽ വ്യത്യാസമുണ്ടാകാറില്ല. തലയിൽ മുന്നിൽ നിന്ന് പിന്നിലോട്ട് വിശറി പോലുള്ള കിരീട തൂവലുകളാണ് പക്ഷിയുടെ പ്രധാന പ്രത്യേകത. തൂവൽക്കിരീടത്തിന് തവിട്ട് കലർന്ന ഓറഞ്ച് നിറവും അഗ്രഭാഗത്ത് കറുത്തനിറവുമാണ് ഉണ്ടാവാറ്. ദക്ഷിണ ഇന്ത്യയ്ക്ക് പുറത്തുള്ള മിക്ക ഉപജാതികളിലും തൂവൽക്കിരീടത്തിൽ ഓറഞ്ച് നിറത്തിന്റേയും കറുത്ത നിറത്തിന്റേയും മദ്ധ്യത്തിലായി ഒരു വെളുത്ത പട്ട കൂടി കാണാവുന്നതാണ്. കേരളത്തിൽ കണ്ടുവരുന്ന ഇനത്തിന് മറ്റ് ഉപജാതികളെ അപേക്ഷിച്ച് തീക്ഷ്ണമായ നിറമാണുള്ളത്. 

മുപ്പത് സെന്റീമീറ്ററോളം നീളവും വിടർത്തിയ ചിറകുകൾക്ക് 45-സെന്റീ മീറ്റർ വരെ അകലവും ഉണ്ടാവും. കറുത്ത കണ്ണുകളും മണ്ണിൽ നടക്കാൻ ശേഷിയുള്ള കാലുകളുമാണ് ഈ പക്ഷികൾക്കുണ്ടാവുക. ബലമേറിയ നീണ്ട വീതികുറഞ്ഞ കറുത്തതോ കറുപ്പുനിറം കലർന്ന ചാരനിറമുള്ളതോ ആയ കൊക്കുകളും തലയിൽ രൂപപ്പെട്ടിരിക്കുന്ന ശക്തമായ പേശികളും ചേർന്ന് കൊക്ക് മണ്ണിൽ കുത്തിയിറക്കാനും, ആ അവസ്ഥയിൽ തന്നെ കൊക്ക് തുറക്കാനും ഇവയെ സഹായിക്കുന്നു. ഇരതേടൽ മിക്കവാറും ഇപ്രകാരമാണ്. ഭക്ഷണം തേടുന്ന അവസരത്തിൽ തൂവൽക്കിരീടം പിന്നോട്ട് ചാഞ്ഞ് ഒന്നായി ഇരിക്കും. പതുക്കെയാണ് പറക്കുക. ഏതാനം വട്ടം ചിറകടിച്ച ശേഷം ചിറകുകൾ പാതി പൂട്ടി അല്പദൂരം ഊളിയിട്ട് പോകുന്ന സ്വഭാവമുണ്ട്.

യൂറോപ്പ്, ഏഷ്യ, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലെല്ലാം ഈ പക്ഷികളെ കാണാം. ഹിമാലഭാഗങ്ങളിൽ കാണപ്പെടുന്നവയെ ആണ് പ്രധാന ജാതിയായി കണക്കാക്കുന്നത്. മറ്റുള്ളവയെ ഉപജാതികളായി കണക്കാക്കുന്നു. യൂറോപ്പിൽ കാണപ്പെടുന്നവയും ഏഷ്യയുടെ ഉത്തരഭാഗത്ത് കാണുന്നവയും ശീതകാലത്ത് ഭൂമദ്ധ്യരേഖാ പ്രദേശങ്ങളിലോട്ട് ദേശാടനം ചെയ്യാറുണ്ട്. പശ്ചിമഘട്ടം, ശ്രീലങ്ക തുടങ്ങിയ പ്രദേശങ്ങളിൽ കാലാവസ്ഥയ്ക്കനുസരിച്ച്, പ്രധാനമായും മൺസൂൺ കാലത്ത് മാറിത്താമസിക്കാറുണ്ട്.

പൊതുവേ തുറസ്സായ പ്രദേശങ്ങൾ ഇഷ്ടപ്പെടുന്ന ഈ പക്ഷി കനത്ത കാടുകൾ ഒഴിവാക്കുന്നു. അതേ സമയം ചെറിയ കുറ്റിക്കാടുകളും പുൽപ്പടർപ്പുകളുമുള്ള പ്രദേശങ്ങളിലാണ് ഈ പക്ഷികളെ മിക്കവാറും കാണുക. മണ്ണിൽ ഇറങ്ങി നടന്ന് കൊക്ക് കൊണ്ട് മണ്ണിൽ നിന്നും ഇരയെ കണ്ടെത്തിയാണ് ഭക്ഷണം കഴിക്കുന്നത്. ശത്രുക്കളുടെ ഭീഷണികൾ നേരിടുമ്പോൾ വലിയ മരങ്ങളുടേയും കെട്ടിടങ്ങളുടേയും മുകളിൽ അഭയം തേടുമെങ്കിലും ഭക്ഷണം കണ്ടെത്തൽ മിക്കവാറും മണ്ണിലാണ്.

ഫെബ്രുവരി മുതൽ ജൂലൈ വരെയുള്ള കാലമാണ് പ്രത്യുത്പാദന കാലം. എങ്കിലും ഏപ്രിൽ-മേയ് മാസങ്ങളിലാണ് കൂടുതൽ കൂടുകളും കാണാനാവുക. പെട്ടെന്ന് ദൃഷ്ടിയിൽ പെടാത്ത സ്ഥലത്താണ് കൂടുണ്ടാക്കുക. മൃദുവായ സാധനങ്ങളും ചുള്ളിക്കമ്പുകളും വാരിക്കൂട്ടിയിട്ടതു പോലുള്ള കൂടായിരിക്കും. മരങ്ങളിലോ, ഭിത്തികളിലോ, മണ്ണിൽത്തന്നെയോ പൊത്തുള്ള ഭാഗങ്ങൾ കൂടിനായി തിരഞ്ഞെടുക്കാറുണ്ട്. ഒരു സമയം ഒരു ഇണയെ മാത്രം തിരഞ്ഞെടുക്കുന്ന ഇവ, തങ്ങളുടെ അവകാശ പരിധി ശബ്ദം പുറപ്പെടുവിച്ച് മറ്റുള്ളവയെ അറിയിച്ചുകൊണ്ടിരിക്കും. അതിക്രമിച്ച് കയറുന്നവയുമായി കനത്ത ഏറ്റുമുട്ടലും നടക്കാറുണ്ട്.

മുട്ടയിട്ട് കഴിഞ്ഞാൽ വിരിയുന്നതു വരെ പെൺപക്ഷി കൂട് വിടാറില്ല. പെൺ പക്ഷിയ്ക്ക് ഭക്ഷണം ആൺപക്ഷി എത്തിക്കുകയാണ് പതിവ്. ഇക്കാലത്ത് പെൺപക്ഷി ദുർഗന്ധം വമിപ്പിക്കുകയും ചെയ്യും. കൂട് വൃത്തിയാക്കാറു മില്ലാത്തതിനാൽ, ദുർഗന്ധം മൂലം കൂടിനടുത്ത് ചെല്ലുക ബുദ്ധിമുട്ടായിരിക്കും. മൂന്ന് മുതൽ പത്ത് വരെ ദീർഘാകാരമുള്ള അറ്റം കൂർത്ത മുട്ടകളായിരിക്കും ഇടുക. പച്ച കലർന്ന നീലനിറമുള്ള അല്ലെങ്കിൽ ഒലിവ് ബ്രൗൺ നിറമുള്ള തിളക്കമില്ലാത്ത മുട്ടകൾ വിരിയാറാകുമ്പോഴേക്കും കൂട്ടിലെ മാലിന്യങ്ങളിൽ കിടന്ന് തവിട്ടുനിറമാകും. ഒരിഞ്ച് വരെയാകും മുട്ടകളുടെ വലിപ്പം.

ഇസ്രയേലിൽ ഈ പക്ഷികൾക്ക് കല്ലുകൾ വരെ കൊത്തി തുളയ്ക്കാൻ ശേഷിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. എത്യോപ്യൻ ജൂതർ ഈ പക്ഷിയെ "മോശയുടെ പക്ഷി" എന്നു വിളിക്കുന്നു, ഈ പക്ഷിയ്ക്ക് അവരെ ജറുസലേമിൽ എത്തിക്കാൻ കഴിയുമെന്നും അവർ വിശ്വസിച്ചിരുന്നു. എന്നാൽ പരമ്പരാഗത ജൂത സാഹിത്യത്തിൽ ഈ പക്ഷിയെ "വൃത്തിയില്ലാത്ത" പക്ഷികളായാണ് കണക്കാക്കുന്നത്.





20/11/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - റോബര്‍ട്ട് ബ്രിസ്റ്റോ; ആധുനിക കൊച്ചിയുടെ ശില്‍പി


ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
66

റോബര്‍ട്ട് ബ്രിസ്റ്റോ; ആധുനിക കൊച്ചിയുടെ ശില്‍പി

കൊച്ചിക്കായലിൽനിന്ന് 'വില്ലിങ്ടൺ ഐലൻഡ്' എന്ന ദ്വീപിനെ സൃഷ്ടിച്ച റോബർട്ട് ബ്രിസ്റ്റോ, കൊച്ചിയുടെ ചരിത്രം മാറ്റിയെഴുതിയ എൻജിനീയർ എന്ന നിലയിലാണ് ചരിത്രത്തിൽ ഇടം നേടുന്നത്.1920 ഏപ്രിൽ 13-നാണ് ബ്രിസ്റ്റോ സായ്പ് കൊച്ചിയിലെത്തുന്നത്. മദ്രാസ് ഗവൺമെന്റിൽ എൻജിനീയറായിരുന്ന ആ 39 കാരനെ വില്ലിങ്ടൺ പ്രഭുവാണ് കൊച്ചിയിൽ തുറമുഖ നിർമാണത്തിനായി ചുമതലപ്പെടുത്തിയത്. സൂയസ് കനാലിന്റെ അറ്റകുറ്റപ്പണികളിൽ സഹകരിച്ച പരിചയസമ്പത്തുമായാണ് ലണ്ടൻ സ്വദേശിയായ ആ എൻജിനീയർ കൊച്ചിയിലേക്ക് എത്തിയത്. 'ഡൊറോത്തി' എന്ന ബോട്ടിൽ കൊച്ചിക്കായിലൂടെ കറങ്ങിനടന്ന ബ്രിസ്റ്റോ സായ്പിനെ കൊച്ചിയിലെ പഴയ തലമുറയ്ക്ക് അറിയാം. ഒഴുക്ക് കണ്ടെത്താൻ ഉണക്കത്തേങ്ങയിൽ നിറംപൂശി അത് വെള്ളത്തിൽ ഒഴുക്കിവിട്ട്, അതിന് പിന്നാലെ ബോട്ടിൽ ചുറ്റിയ സായ്പ്, ഏറെ പണിപ്പെട്ടാണ് ഒഴുക്കിന്റെ രീതികൾ മനസ്സിലാക്കിയത്. പിന്നീട് ആരും മനസ്സിൽപ്പോലും കാണാതിരുന്ന ദ്വീപിനെ അദ്ദേഹം സൃഷ്ടിക്കുകയായിരുന്നു. ആ ദ്വീപിലേക്ക് അദ്ദേഹം റെയിൽവേ സ്റ്റേഷൻ കൊണ്ടുവന്നു, വിമാനത്താവളം കൊണ്ടുവന്നു. എറണാകുളത്ത് ഹൈക്കോടതിക്ക് സമീപമായിരുന്നു അക്കാലത്ത് റെയിൽവേ സ്റ്റേഷൻ ഉണ്ടായിരുന്നത്. അത് ഐലൻഡിലേക്ക് നീട്ടി. എറണാകുളം സൗത്ത് ഉൾപ്പെടെ നാല് സ്റ്റേഷനുകൾ പുതുതായി നിർമിച്ചു. വെണ്ടുരുത്തിയിൽ റെയിൽവേപ്പാലം നിർമിച്ചു. മട്ടാഞ്ചേരിയിലേക്ക് ഹാർബർ പാലം നിർമിച്ചു.

വായുമാർഗവും ജലമാർഗവും റെയിൽമാർഗവും ഒരു ദ്വീപിലേക്ക് എത്താൻ കഴിയുംവിധമായിരുന്നു അദ്ദേഹത്തിന്റെ തുറമുഖ രൂപകൽപ്പന. കപ്പലുകൾക്കും വിമാനങ്ങൾക്കും ലോറികൾക്കും തീവണ്ടികൾക്കും സുഗമമായി കടന്നുവരാനുള്ള വഴികളാണ് അദ്ദേഹം തുറന്നുവച്ചത്. സ്വപ്നംപോലും കാണാൻ കഴിയാത്ത കാര്യങ്ങളായിരുന്നു അതൊക്കെ. ഒരു കംപ്യൂട്ടറിന്റെയും സഹായമില്ലാതെയാണ് അദ്ദേഹം ഇതൊക്കെ സാധിച്ചത്
ആകെയുണ്ടായിരുന്നത് രണ്ട് ഡ്രഡ്ജറുകൾ, 'ലോർഡ് വില്ലിങ്ടൺ', 'ലേഡി വില്ലിങ്ടൺ' എന്നിവ. ഇവ ഉപയോഗിച്ച് മണൽത്തിട്ടകൾ പൊട്ടിച്ച് ദ്വീപ് നിർമിക്കുകയായിരുന്നു. എല്ലാം ആ മനസ്സിലുണ്ടായിരുന്നു. കടലിൽനിന്ന് വിട്ടുമാറി കാറ്റും കോളും കടന്നുവരാത്ത കായലിൽ ശാന്തമായ ഒരു തുറമുഖം അദ്ദേഹം സ്വപ്നംകണ്ടു... അത് കൃത്യമായി നടപ്പാക്കുകയും ചെയ്തു.കൊച്ചി തുറമുഖത്തിന്റെ ആഴംകൂട്ടലിൽ നിന്നും ലഭിച്ച മണ്ണ് നിക്ഷേപിച്ച് രൂപം കൊണ്ട ഐലൻ്റ് ആണ് വെല്ലിങ്ടൻ ഐലന്റ്. ഇതോടെ കൊച്ചിക്ക് കിട്ടിയത് തുറമുഖം മാത്രമല്ല, റെയിൽവേ സ്റ്റേഷനുകൾ, പാലങ്ങൾ, വിമാനത്താവളം തുടങ്ങി നിരവധി കാര്യങ്ങൾ. കൊച്ചിയുടെ രൂപം മാറി, അന്താരാഷ്ട്രതലത്തിൽ അതിന് പെരുമയുണ്ടായി. കേരളത്തിന്റെ സമ്പദ്ഘടനയുടെ സിരാകേന്ദ്രമായി കൊച്ചിയെ മാറ്റിയതും ഈ തുറമുഖമാണ്.

ബ്രിസ്റ്റോയെ കൊച്ചിയിലേക്ക് നിയോഗിച്ച വില്ലിങ്ടൺ പ്രഭുവിനെ പിന്നീട് സ്ഥലം മാറ്റി. അതോടൊപ്പം ബ്രിസ്റ്റോയ്ക്കും സ്ഥലംമാറ്റമുണ്ടായി. ആസമയത്ത് കൊച്ചി തുറമുഖപദ്ധതി പാളിയതാണ്. തൂത്തുക്കുടിയിൽ തുറമുഖം നിർമിക്കാൻ പദ്ധതി തയ്യാറായി. പക്ഷേ, താമസിയാതെ വില്ലിങ്ടൺ പ്രഭു ഡൽഹിയിൽ വൈസ്രോയിയായെത്തി. അതോടെ വീണ്ടും കൊച്ചിയുടെ ഭാഗ്യം തെളിയുകയായിരുന്നു. 

ആലപ്പുഴ ജില്ലയില്‍ തകഴിക്ക് പോകുന്ന വഴിക്കാണ് കരുമാടിക്കുട്ടന്‍ ക്ഷേത്രം. ധ്യാനനിമഗ്നനായി ഇരിക്കുന്ന രൂപത്തില്‍ കരുമാടി തോട്ടില്‍ കിടക്കുകയായിരുന്ന ഈ ബുദ്ധപ്രതിമയെ കണ്ടെത്തി ഈ തോടിനരികെ പ്രതിഷ്ടിച്ചത് സര്‍ റോബര്‍ട്ട്‌ ബ്രിസ്റ്റോ ആണ്. അദേഹത്തിന്റെ നേട്ടങ്ങള്‍ ഇതില്‍ ഒതുങ്ങുന്നില്ല. വൈപ്പിൻ തീരത്തെ കടലാക്രമണങ്ങളിൽ നിന്ന് രക്ഷിക്കാൻ അദ്ദേഹം വിഭാവനം ചെയ്ത കടൽഭിത്തി, വെള്ളക്കാരനു മാത്രം പോകാൻ കഴിയുമായിരുന്ന തരം കൂട്ടായ്മകളുള്ളപ്പോൾ ലോട്ടസ്‌ ക്ലബ്ബ്‌ എന്ന പേരിൽ നാട്ടുകാരായ മലയാളികൾക്കും മറ്റു വ്യാപാരികൾക്കു വിഹരിക്കാൻ തക്ക ഒരു കൂട്ടായ്മ സംഘടിപ്പിച്ചു.

ഇദ്ദേഹത്തിന്‍റെ ആത്മകഥയായ ‘കൊച്ചിന്‍ സാഗ’യില്‍ കൊച്ചി തുറമുഖത്തിന്റെ നിർമ്മാണ ഘട്ടങ്ങൾ, അതിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഇന്ത്യാ രാജ്യത്തെ അനുഭവങ്ങൾ, കൊച്ചിയിലെ ജനങ്ങൾ ഇവയെല്ലാം ഇതില്‍ വിവരിക്കുന്നുണ്ട്1941 ഏപ്രിൽ 13 ന് ബ്രിസ്റ്റോ ഇംഗ്ലണ്ടിൽ മടങ്ങിപോയ അദേഹം. കുറേക്കാലം മാഞ്ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ അദ്ദേഹം സേവനം ചെയ്തു. 1966 സെപ്തംബറിൽ അദ്ദേഹം അന്തരിച്ചു.







ചിത്രത്തിനുപിന്നിലെ ചരിത്രം (80) - ഉടുമ്പ്‌

   

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
80

ഉടുമ്പ്‌

നമ്മുടെ തൊടികളിലും പൊന്തക്കാടുകളിലും കണ്ടുവരുന്ന സാമാന്യം വലിയ ഒരു ഉരഗമാണ് ഉടുമ്പ്. പല്ലി കുടുംബത്തിൽപ്പെട്ട ഈ ജീവിക്ക് വലിയ കഴുത്ത്, ബലമുള്ള വാൽ, വലിയ നഖങ്ങൾ, ബലമേറിയ വിരലുകൾ എന്നിവ ഉണ്ട്. ഇതു ഉപയോഗിച്ച് എവിടെയും പിടിച്ചുകയറാനും, ബലമായി പിടിച്ചിരിക്കാനുമുള്ള കഴിവാണ് ഇതിന്റെ പ്രത്യേകത. ആഫ്രിക്ക, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂഗിനിയ, ഫിലിപ്പീന്‍സ്‌ എന്നിവിടങ്ങളിലാണ്‌ ഉടുമ്പുകളെ ധാരാളമായി കണ്ടുവരുന്നത്‌.

കേരളത്തിൽ രണ്ടു തരത്തിൽ ഉള്ള ഉടുമ്പുകൾ ഉണ്ട്. പൊന്നുടുമ്പ് മണ്ണുടുമ്പ് എന്നിവയാണത്. മണ്ണുടുമ്പ് വലിപ്പമേറിയതും, പൊന്നുടുമ്പ് ചെറുതുമാണ്. വംശനാശം സംഭവിച്ച ഭീമൻ ഉരഗങ്ങളുടെ പ്രതിനിധികൾ എന്ന നിലയിൽ ഇവയെ സംരക്ഷിക്കുന്നു. ഇന്ത്യൻ വനം വന്യജീവി സംരക്ഷണ നിയമപ്രകാരം ഉടുമ്പിനെ പിടികൂടുവാനോ കടത്തുവാനോ വേട്ടയാടാനോ കൈവശം വക്കുവാനോ പാടുള്ളതല്ല. തടവു ശിക്ഷയടക്കം ജാമ്യം ഇല്ലാത്ത കുറ്റമാണിത്.

മാംസ ഭുക്കുകളായ ഉടുമ്പുകള്‍ കോഴി മുട്ടയും കോഴികളെയും ചെറു പ്രാണികള്‍, തവള, മത്സ്യം തുടങ്ങിയവയെ ആഹാരമാക്കാറുണ്ട്‌. ജന്തുക്കളുടെ ശവവും ചിലപ്പോൾ ഉടുമ്പുകള്‍ ഭക്ഷിക്കാറുണ്ട്‌. പാമ്പുകളെപ്പോലെ ഉടുമ്പുകളും വലിപ്പം കുറഞ്ഞ ഇരയെ അപ്പാടെ വിഴുങ്ങാറാണ്‌ പതിവ്‌. ചില അവസരങ്ങളില്‍ ഇവ കൂര്‍ത്ത പല്ലുപയോഗിച്ച്‌ ഇരയെ ചെറു കഷണങ്ങളാക്കി മുറിച്ചും വിഴുങ്ങാറുണ്ട്‌. പാമ്പിന്റെ നാവ് പോലെ അഗ്രം പിളർന്ന ഇരട്ട നാവുകളാണ് ഇവയ്ക്കുള്ളത്.

മെലിഞ്ഞ്‌ നീളം കൂടിയ കഴുത്ത്‌, വാല്‍, ബലിഷ്ഠമായ കൈ-കാലുകള്‍ എന്നിവ ഉടുമ്പുകളുടെ പ്രത്യേകതയാണ്‌. ശരീരത്തിന്റെ ഉപരിതലം മുഴുവന്‍ പരുക്കൻ തോലിനാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ ശരീരത്തിന്റെ അടിവശമാകട്ടെ ചതുരത്തിലുള്ള ചെറു ശല്‌ക്കങ്ങള്‍ കൊണ്ടാണ്‌ ആവൃതമായിരിക്കുന്നത്‌. അഗ്രഭാഗം രണ്ടായി പിളര്‍ന്നിരിക്കുന്ന നാവ്‌ വളരെ നീളത്തില്‍ പുറത്തേക്കു നീട്ടാന്‍ ഇവയ്‌ക്കു കഴിയും. ശക്തിയേറിയ നാലുകാലുകളും അവയില്‍ ഓരോന്നിലും അഞ്ച് വീതം വിരലുകളും ഉടുമ്പുകളുടെ ഒരു പ്രത്യേകതയാണ്‌. 

പേശീനിര്‍മിതമായ നീളം കൂടിയ വാല്‍ ചുഴറ്റി വീശി ഇവ ശത്രുക്കളെ ഭയപ്പെടുത്താറുണ്ട്‌. എന്നാല്‍ പല്ലികളെപ്പോലെ വാല്‍ മുറിച്ചുകളയാനോ പുനരുത്‌പാദിപ്പിക്കാനോ ഉടുമ്പുകള്‍ക്ക്‌ കഴിയാറില്ല. ശരീരത്തിന്റെ ആകൃതി, ഘടന എന്നിവയില്‍ പാമ്പു കളോടുള്ള സമാനതകള്‍, ഉടുമ്പിനെ പാമ്പിന്റെ പൂര്‍വികരായി കണക്കാക്കാന്‍ ചില ശാസ്‌ത്രജ്ഞരെ പ്രരിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ അടുത്തകാലത്തായി ലഭിച്ച ചില തെളിവുകള്‍ നടത്തിയ പഠനങ്ങളിൽ പാമ്പുകള്‍ക്കും ഉടുമ്പുകള്‍ക്കും തമ്മില്‍ നേരിട്ട്‌ യാതൊരു ബന്ധവുമില്ലെന്ന്‌ തെളിയുകയുണ്ടായി.

സാധാരണയായി ഉടുമ്പുകള്‍ അവ അധിവസിക്കുന്ന ചെറുകുഴികളിലോ മരപ്പൊത്തുകളിലോ ആണ്‌ മുട്ടയിടുന്നത്‌. ഉടുമ്പ്‌ ഏകദേശം ഒരടി ആഴത്തിലുള്ള കുഴി സ്വയം നിര്‍മിച്ചാണ്‌ മുട്ടയിടുന്നത്‌. ഒരു പ്രാവശ്യം 16-മുതൽ 34-വരെ മുട്ടകള്‍ ഇടാറുണ്ട്‌. മുട്ടയിട്ടതിനുശേഷം മണ്ണും ഉണങ്ങിയ ഇലകളും കൊണ്ട്‌ കുഴിമൂടുന്നു. സൂര്യപ്രകാശമേറ്റാണ്‌ മുട്ടകള്‍ വിരിയുന്നത്‌. ചില അവസരങ്ങളില്‍ ഉടുമ്പുകള്‍ ചിതല്‍പ്പുറ്റുകളിലുള്ള വിള്ളലുകളിലൂടെ നുഴഞ്ഞുകടക്കുകയും പുറ്റിനുള്ളില്‍ മുട്ടയിടുകയും ചെയ്യാറുണ്ട്‌. പിന്നീട്‌ ചിതലുകള്‍, പുറ്റിലെ കേടുപാടുകള്‍ തീര്‍ക്കുമ്പോള്‍, ഉടുമ്പിന്‍മുട്ടകള്‍ സ്വാഭാവികമായും ചിതല്‍പ്പുറ്റിന്‌ ഉള്ളിലാവുന്നു. 

ശത്രുക്കളുടെ ആക്രമണം നേരിടാന്‍ ഉടുമ്പുകള്‍ ശരീരം വീര്‍പ്പിക്കുകയും, ശ്വാസം ശക്തിയായി പുറത്തേക്ക്‌ വിട്ട്‌ പാമ്പ് ചീറ്റുന്നതു പോലുള്ള വലിയ തോതിലുള്ള ശബ്‌ദം പുറപ്പെടുവിക്കുകയും ചെയ്യാറുണ്ട്‌. വാല്‍ ശക്തിയായി ചുഴറ്റിയും ഇവ ശത്രുക്കളെ ഭയപ്പെടുത്താറുണ്ട്‌. ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാനായി ഇവ പലപ്പോഴും വെള്ളത്തില്‍ ചാടുക പതിവാണ്‌. നല്ല നീന്തൽക്കാരായ ഈ ജീവികൾ, മോന്തയുടെ അറ്റത്തായുള്ള നാസാരന്ധ്രങ്ങള്‍ മാത്രം ജലത്തിനു മുകളിലായി പിടിച്ച്‌  വളരെനേരം ജലത്തിനടിയില്‍ കഴിയാറുണ്ട്‌.

ചില ഗോത്രവര്‍ഗക്കാര്‍ ഉടുമ്പിന്റെ മാംസം ഭക്ഷിച്ചിരുന്നു. പ്രത്യേക ശിക്ഷണം നല്‌കിയ നായകളെ ഉപയോഗിച്ചാണ്‌ ഇവര്‍ ഉടുമ്പിനെ പിടിച്ചിരുന്നത്‌. ഉടുമ്പിന്റെ തോല്‍കൊണ്ട്‌ ചെരുപ്പുകള്‍, ബാഗുകള്‍ എന്നിവയും നിര്‍മിച്ചിരുന്നു. ഉടുമ്പ്‌ ഒരു സ്ഥലത്ത്‌ പറ്റിപ്പിടിച്ചാല്‍ അതിനെ അവിടെനിന്നും ഇളക്കിമാറ്റാന്‍ പ്രയാസമാണെന്നൊരു വിശ്വാസമുണ്ട്‌.




റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (109) - ഭക്ത കവി ജ്ഞാനേശ്വർ 1999

 

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
109

 ഭക്ത കവി ജ്ഞാനേശ്വർ 1999 

13ആം നൂറ്റാണ്ടിൽ മഹാരാഷ്ട്രയിൽ ജീവിച്ചിരുന്ന ഭക്ത കവിയും, യോഗിയും, തത്ത്വചിന്തകനും ആയിരുന്ന ജ്ഞാനേശ്വർ എന്നവരുടെ ആദരണാർത്തം 1999ൽ ഇന്ത്യ ഇറക്കിയ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.