20/11/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - റോബര്‍ട്ട് ബ്രിസ്റ്റോ; ആധുനിക കൊച്ചിയുടെ ശില്‍പി


ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
66

റോബര്‍ട്ട് ബ്രിസ്റ്റോ; ആധുനിക കൊച്ചിയുടെ ശില്‍പി

കൊച്ചിക്കായലിൽനിന്ന് 'വില്ലിങ്ടൺ ഐലൻഡ്' എന്ന ദ്വീപിനെ സൃഷ്ടിച്ച റോബർട്ട് ബ്രിസ്റ്റോ, കൊച്ചിയുടെ ചരിത്രം മാറ്റിയെഴുതിയ എൻജിനീയർ എന്ന നിലയിലാണ് ചരിത്രത്തിൽ ഇടം നേടുന്നത്.1920 ഏപ്രിൽ 13-നാണ് ബ്രിസ്റ്റോ സായ്പ് കൊച്ചിയിലെത്തുന്നത്. മദ്രാസ് ഗവൺമെന്റിൽ എൻജിനീയറായിരുന്ന ആ 39 കാരനെ വില്ലിങ്ടൺ പ്രഭുവാണ് കൊച്ചിയിൽ തുറമുഖ നിർമാണത്തിനായി ചുമതലപ്പെടുത്തിയത്. സൂയസ് കനാലിന്റെ അറ്റകുറ്റപ്പണികളിൽ സഹകരിച്ച പരിചയസമ്പത്തുമായാണ് ലണ്ടൻ സ്വദേശിയായ ആ എൻജിനീയർ കൊച്ചിയിലേക്ക് എത്തിയത്. 'ഡൊറോത്തി' എന്ന ബോട്ടിൽ കൊച്ചിക്കായിലൂടെ കറങ്ങിനടന്ന ബ്രിസ്റ്റോ സായ്പിനെ കൊച്ചിയിലെ പഴയ തലമുറയ്ക്ക് അറിയാം. ഒഴുക്ക് കണ്ടെത്താൻ ഉണക്കത്തേങ്ങയിൽ നിറംപൂശി അത് വെള്ളത്തിൽ ഒഴുക്കിവിട്ട്, അതിന് പിന്നാലെ ബോട്ടിൽ ചുറ്റിയ സായ്പ്, ഏറെ പണിപ്പെട്ടാണ് ഒഴുക്കിന്റെ രീതികൾ മനസ്സിലാക്കിയത്. പിന്നീട് ആരും മനസ്സിൽപ്പോലും കാണാതിരുന്ന ദ്വീപിനെ അദ്ദേഹം സൃഷ്ടിക്കുകയായിരുന്നു. ആ ദ്വീപിലേക്ക് അദ്ദേഹം റെയിൽവേ സ്റ്റേഷൻ കൊണ്ടുവന്നു, വിമാനത്താവളം കൊണ്ടുവന്നു. എറണാകുളത്ത് ഹൈക്കോടതിക്ക് സമീപമായിരുന്നു അക്കാലത്ത് റെയിൽവേ സ്റ്റേഷൻ ഉണ്ടായിരുന്നത്. അത് ഐലൻഡിലേക്ക് നീട്ടി. എറണാകുളം സൗത്ത് ഉൾപ്പെടെ നാല് സ്റ്റേഷനുകൾ പുതുതായി നിർമിച്ചു. വെണ്ടുരുത്തിയിൽ റെയിൽവേപ്പാലം നിർമിച്ചു. മട്ടാഞ്ചേരിയിലേക്ക് ഹാർബർ പാലം നിർമിച്ചു.

വായുമാർഗവും ജലമാർഗവും റെയിൽമാർഗവും ഒരു ദ്വീപിലേക്ക് എത്താൻ കഴിയുംവിധമായിരുന്നു അദ്ദേഹത്തിന്റെ തുറമുഖ രൂപകൽപ്പന. കപ്പലുകൾക്കും വിമാനങ്ങൾക്കും ലോറികൾക്കും തീവണ്ടികൾക്കും സുഗമമായി കടന്നുവരാനുള്ള വഴികളാണ് അദ്ദേഹം തുറന്നുവച്ചത്. സ്വപ്നംപോലും കാണാൻ കഴിയാത്ത കാര്യങ്ങളായിരുന്നു അതൊക്കെ. ഒരു കംപ്യൂട്ടറിന്റെയും സഹായമില്ലാതെയാണ് അദ്ദേഹം ഇതൊക്കെ സാധിച്ചത്
ആകെയുണ്ടായിരുന്നത് രണ്ട് ഡ്രഡ്ജറുകൾ, 'ലോർഡ് വില്ലിങ്ടൺ', 'ലേഡി വില്ലിങ്ടൺ' എന്നിവ. ഇവ ഉപയോഗിച്ച് മണൽത്തിട്ടകൾ പൊട്ടിച്ച് ദ്വീപ് നിർമിക്കുകയായിരുന്നു. എല്ലാം ആ മനസ്സിലുണ്ടായിരുന്നു. കടലിൽനിന്ന് വിട്ടുമാറി കാറ്റും കോളും കടന്നുവരാത്ത കായലിൽ ശാന്തമായ ഒരു തുറമുഖം അദ്ദേഹം സ്വപ്നംകണ്ടു... അത് കൃത്യമായി നടപ്പാക്കുകയും ചെയ്തു.കൊച്ചി തുറമുഖത്തിന്റെ ആഴംകൂട്ടലിൽ നിന്നും ലഭിച്ച മണ്ണ് നിക്ഷേപിച്ച് രൂപം കൊണ്ട ഐലൻ്റ് ആണ് വെല്ലിങ്ടൻ ഐലന്റ്. ഇതോടെ കൊച്ചിക്ക് കിട്ടിയത് തുറമുഖം മാത്രമല്ല, റെയിൽവേ സ്റ്റേഷനുകൾ, പാലങ്ങൾ, വിമാനത്താവളം തുടങ്ങി നിരവധി കാര്യങ്ങൾ. കൊച്ചിയുടെ രൂപം മാറി, അന്താരാഷ്ട്രതലത്തിൽ അതിന് പെരുമയുണ്ടായി. കേരളത്തിന്റെ സമ്പദ്ഘടനയുടെ സിരാകേന്ദ്രമായി കൊച്ചിയെ മാറ്റിയതും ഈ തുറമുഖമാണ്.

ബ്രിസ്റ്റോയെ കൊച്ചിയിലേക്ക് നിയോഗിച്ച വില്ലിങ്ടൺ പ്രഭുവിനെ പിന്നീട് സ്ഥലം മാറ്റി. അതോടൊപ്പം ബ്രിസ്റ്റോയ്ക്കും സ്ഥലംമാറ്റമുണ്ടായി. ആസമയത്ത് കൊച്ചി തുറമുഖപദ്ധതി പാളിയതാണ്. തൂത്തുക്കുടിയിൽ തുറമുഖം നിർമിക്കാൻ പദ്ധതി തയ്യാറായി. പക്ഷേ, താമസിയാതെ വില്ലിങ്ടൺ പ്രഭു ഡൽഹിയിൽ വൈസ്രോയിയായെത്തി. അതോടെ വീണ്ടും കൊച്ചിയുടെ ഭാഗ്യം തെളിയുകയായിരുന്നു. 

ആലപ്പുഴ ജില്ലയില്‍ തകഴിക്ക് പോകുന്ന വഴിക്കാണ് കരുമാടിക്കുട്ടന്‍ ക്ഷേത്രം. ധ്യാനനിമഗ്നനായി ഇരിക്കുന്ന രൂപത്തില്‍ കരുമാടി തോട്ടില്‍ കിടക്കുകയായിരുന്ന ഈ ബുദ്ധപ്രതിമയെ കണ്ടെത്തി ഈ തോടിനരികെ പ്രതിഷ്ടിച്ചത് സര്‍ റോബര്‍ട്ട്‌ ബ്രിസ്റ്റോ ആണ്. അദേഹത്തിന്റെ നേട്ടങ്ങള്‍ ഇതില്‍ ഒതുങ്ങുന്നില്ല. വൈപ്പിൻ തീരത്തെ കടലാക്രമണങ്ങളിൽ നിന്ന് രക്ഷിക്കാൻ അദ്ദേഹം വിഭാവനം ചെയ്ത കടൽഭിത്തി, വെള്ളക്കാരനു മാത്രം പോകാൻ കഴിയുമായിരുന്ന തരം കൂട്ടായ്മകളുള്ളപ്പോൾ ലോട്ടസ്‌ ക്ലബ്ബ്‌ എന്ന പേരിൽ നാട്ടുകാരായ മലയാളികൾക്കും മറ്റു വ്യാപാരികൾക്കു വിഹരിക്കാൻ തക്ക ഒരു കൂട്ടായ്മ സംഘടിപ്പിച്ചു.

ഇദ്ദേഹത്തിന്‍റെ ആത്മകഥയായ ‘കൊച്ചിന്‍ സാഗ’യില്‍ കൊച്ചി തുറമുഖത്തിന്റെ നിർമ്മാണ ഘട്ടങ്ങൾ, അതിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഇന്ത്യാ രാജ്യത്തെ അനുഭവങ്ങൾ, കൊച്ചിയിലെ ജനങ്ങൾ ഇവയെല്ലാം ഇതില്‍ വിവരിക്കുന്നുണ്ട്1941 ഏപ്രിൽ 13 ന് ബ്രിസ്റ്റോ ഇംഗ്ലണ്ടിൽ മടങ്ങിപോയ അദേഹം. കുറേക്കാലം മാഞ്ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ അദ്ദേഹം സേവനം ചെയ്തു. 1966 സെപ്തംബറിൽ അദ്ദേഹം അന്തരിച്ചു.







No comments:

Post a Comment