16/11/2021

ചിത്രത്തിനുപിന്നിലെ ചരിത്രം (79) - നീറ് ( ഉറുമ്പ് )

  

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
79

നീറ് ( ഉറുമ്പ് )

മരമുകളിലും ചെടിത്തലപ്പുകളിലും കൂടു കെട്ടി ജീവിക്കുന്ന ഇളം ബ്രൗൺ നിറത്തിലുള്ള ഉറുമ്പുകളെയാണ് നീറ് അഥവാ പുളിയുറുമ്പ് എന്ന് വിളിക്കുന്നത്. ശാസ്ത്രീയ നാമം: Oecophylla smaragdina. (Weaver ant) സംഘടിത പ്രവർത്തനത്തിന്റെ ഉദാത്തമായ ഉദാഹരണമാണ് ഈ ജീവികൾ. പുളിയുറുമ്പുകൾ ഉള്ള മരത്തിലെ കായ് ഏറ്റവും ഭക്ഷ്യയോഗ്യമായിരിക്കും എന്നു പറയാറുണ്ട്. ഇവ വളരുന്ന ആവാസവ്യവസ്ഥയിൽ ഉള്ള കീടങ്ങളെ ഇവ കൊന്നൊടുക്കുന്നതു കൊണ്ട് വിവിധ രാജ്യങ്ങളിൽ കീടനിവാരണത്തിനായി കർഷകർ പുളിയുറുമ്പുകളെ ഉപയോഗിച്ചുവരുന്നു.

പുളിയുറുമ്പുകളുടെ ഒരു സമൂഹത്തെ സ്ഥാപിക്കുന്നത് ഒന്നോ അതിലധികമോ റാണി ഉറുമ്പുകളാണ്.  ഇവ ഇണ ചേർന്നു കഴിഞ്ഞാണ് കോളനിസ്ഥാപനം നടത്തുക. റാണി ആദ്യത്തെ മുട്ടകൾ തിരഞ്ഞെടുത്ത ഒരു മരത്തിലെ ഒരിലയിൽ മുട്ടകൾ ഇടുകയും അവയെ സംരക്ഷിച്ചുകൊണ്ട് ആദ്യത്തെ പറ്റം ഉറുമ്പുകളെ സൃഷ്ടിക്കുന്നതു വരെ അവർക്ക് തീറ്റകൊടുക്കുകയും ചെയ്യുന്നു. മുതിർന്നു കഴിഞ്ഞ ഉറുമ്പുകൾ ആണ് ഇനിയുള്ള പണികൾക്കായി വിനിയോഗിക്കപ്പെടുന്ന ജോലിക്കാർ. ഇവർ ഇലകൾ നെയ്ത് കൂടുകൾ കെട്ടുകയും റാണി വഴിയേ ഇടുന്ന മുട്ടകൾക്ക് പൊർന്നയിരിക്കുകയും അവയുടെ സംരക്ഷണവും പാലിക്കുന്നു. അങ്ങനെ കൂടുതൽ ഉറുമ്പുകൾ ഉണ്ടാകുകയും കോളനി വികസിക്കുകയും ചെയ്യുന്നു.  ബൃഹത്തായ സംഘങ്ങൾ തമ്മിലുള്ള ആശയവിനിമയം സ്പർശനത്തിലൂടെയും ഫിറമോണുകൾ എന്നറിയപ്പെടുന്ന രാസപദാർത്ഥങ്ങളുടെ കൈമാറ്റത്തിലൂടെയുമാണ് സാധിക്കുന്നത്. ഈ അടയാളങ്ങൾ പ്രതിരോധത്തിനും ഇരതേടലിലുമാണ് ഉപയോഗിക്കുന്നത്. ഭക്ഷണമാക്കാവുന്ന ഇരകളെ കണ്ടെത്തുന്ന ആദ്യത്തെ ഉറുമ്പു ജോലിക്കാർ പ്രത്യേകതരം ഫിറമോണുകൾ പുറപ്പെടുവിക്കുന്നു. ഇതിനെ ആസ്പദമാക്കി കൂടുതൽ ഉറുമ്പുകൾ അവിടേക്ക് എത്തുകയും ഭക്ഷ്യവസ്തുവിനെ കൂടിലേക്ക് നിക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

വളരെ സങ്കീർണ്ണമായ ഒരു സാമൂഹ്യവ്യവസ്ഥ നിലനിർത്തുന്നു എന്ന കാരണത്താൽ പുളിയുറുമ്പുകളെ റോബ്ബോട്ടിൿസ് തുടങ്ങിയ ആധുനികസാങ്കേതികശാസ്ത്രത്തിൽ പഠനവിധേയമാക്കുന്നുണ്ടു്. ഒരു സസ്യത്തിന്റെ വിവിധ ശാഖകളിലോ അടുത്തടുത്തുള്ള പല സസ്യങ്ങളിൽ തന്നെയായിട്ടോ നീറുകൾ കൂടുണ്ടാക്കുകയും അവയെല്ലാം ഒരു കോളനിയുടെത്തന്നെ ഭാഗങ്ങളായി പ്രവർത്തിക്കുകയും ചെയ്യുന്നു. റാണി ( റാണികൾ) ഇടുന്ന മുട്ടകളെല്ലാം മറ്റു കൂടുകളിലേക്കു് തക്കതായ സന്ദർഭങ്ങളിൽ വിതരണം ചെയ്യപ്പെടുന്നു. അതുവഴി ഏതെങ്കിലും ഒരു കൂടിന്റെ നാശം മൂലം കോളനി ഒന്നടങ്കം നശിക്കാതിരിക്കുന്നു. സജീവമായതും സാമാന്യം വലിപ്പമുള്ളതുമായ ഇലകളാണു് ഇവയുടെ കൂടിന്റെ അടിസ്ഥാനഘടകം. വേട്ടജീവികളിൽനിന്നും ചൂട്, മഴതുടങ്ങിയ പ്രാകൃതിക അവസ്ഥകളിൽനിന്നും അഭയം തേടാൻ ഇത്തരം കൂടുകൾ അവയെ സഹായിക്കുന്നു. വേലക്കാരായ ഒരുപറ്റം ഉറുമ്പുകൾ സമീപസ്ഥമായ രണ്ടു് ഇലകളുടെ വക്കുകളിൽ വരിവരിയായി നിൽക്കുന്നു. വക്കുകളുടെ അറ്റത്തുനിൽക്കുന്ന ഉറുമ്പുകൾ ഇലകളെ പതുക്കെ അടുപ്പിക്കുകയും ക്രമേണ മറ്റുറുമ്പുകൾ കുറേശ്ശെക്കുറേശ്ശെയായി ഈ ഇലകളെ ചേർത്തുവെക്കുകയും ചെയ്യുന്നു. ഇതോടൊപ്പം തന്നെ ഒരു പറ്റം ഉറുമ്പുകൾ അവയുടെ ലാർവകളെ രണ്ട് ഇലകൾക്കുമിടയിലൂടെ ചേർത്തുനിർത്തി സാവധാനം ഞെരുക്കുന്നു. ഈ ലാർവകളുടെ പ്രത്യേക ഗ്രന്ഥികളിലൂടെ ഊറിവരുന്ന പട്ടുനൂൽ ഉപയോഗിച്ച് മുതിർന്ന ഉറുമ്പുകൾ ഇലകളെ ഒരറ്റത്തുനിന്നും മറ്റേ അറ്റം വരെ കോർത്തുകെട്ടുന്നു. ഇത്തരം പട്ടുനൂൽ ഉല്പാദിപ്പിക്കാൻ ലാർവകൾക്കു മാത്രമേ സാധിക്കൂ. മുതിർന്ന ഉറുമ്പുകൾക്കു് ഈ കഴിവില്ല.

പ്രാണികളെ ഭക്ഷിക്കുന്ന രാജ്യങ്ങളിൽ ഏറ്റവും വിലപിടിപ്പുള്ള പ്രാണികളാണ് പുളിയുറുമ്പുകൾ. ജൈവകീടനിയന്ത്രണത്തിന് ഉപയോഗിക്കുന്നതുകൂടാതെ മാംസ്യആവശ്യത്തിനും ഭക്ഷണാവശ്യത്തിനും പുളിയുറുമ്പുകളെയും അവയുടെ ലാർവകളെയും വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്.പ്രാദേശിക സാമ്പത്തികമേഖലയെത്തത്തെ നിയന്ത്രിക്കാൻ ഉതകുന്നതരത്തിൽ അത്ര വിലപിടിച്ചതാണ് പലയിടത്തും ഇവയുടെ വിപണി. നല്ലഗുണനിലവാരമുള്ള ബീഫിനേക്കാൾ വിലയുണ്ട് വടക്കേ തായ്‌ലാന്റിൽ നീറിന്റെ ലാർവകൾക്ക്. ഒരു തായ്‌ലാന്റ് സംസ്ഥാനത്ത് 620000 USD മൂല്യമുള്ള പുളിയുറുമ്പുലാർവകളാണ് ഒരു വർഷം ഉൽപ്പാദിപ്പിക്കുന്നത്.ഇങ്ങനെ ഭക്ഷ്യാവശ്യങ്ങൾക്ക് ഉറുമ്പുകളെ വളർത്തുന്നത് ഇവയുടെ ജൈവകീടനിയന്ത്രണശേഷിയെ ബാധിക്കുന്നുമില്ല കാരണം രാജ്ഞി ലാർവകളും പുഴുക്കളുമാണ് ഇതിനായി ശേഖരിക്കുന്നത്, ഇവയാവട്ടെ കോളനിയുടെ നിലനിൽപ്പിന് അത്രയ്ക്ക് അത്യന്താപേക്ഷിതമല്ല താനും. പ്രാണിഭോജികളായ പക്ഷികൾക്കുള്ള വിലയേറിയ ഭക്ഷണമാണ് ഇന്തോനേഷ്യയിൽ നീറുകൾ. ഇന്ത്യയിലും ചൈനയിലും നാട്ടുവൈദ്യത്തിൽ നീറുകളെ ഉപയോഗിക്കുന്നുമുണ്ട്.






No comments:

Post a Comment