15/11/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - രാജസ്ഥാനികളുടെ തലപ്പാവ്

                    

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
63

രാജസ്ഥാനികളുടെ തലപ്പാവ്

വര്‍ണങ്ങളുടെ നാടാണ് രാജസ്ഥാന്‍. വര്‍ണങ്ങളുടെ മായജാലം തീര്‍ക്കുന്ന രാജസ്ഥാനികളുടെ വസ്ത്ര ധാരണം മാത്രം നോക്കിയാല്‍ മതി നിറങ്ങളോടുള്ള അവരുടെ അഭിനിവേശം മനസിലാക്കാന്‍. രാജസ്ഥാനികളുടെ വസ്ത്രങ്ങളില്‍ ഏറ്റവും പ്രത്യേകതയുള്ളത് അവരുടെ തലപ്പാവുകള്‍ക്ക് തന്നെയാണ്. അഫ്ഗാൻ വസ്ത്രധാരണ രീതിയോട് ഏറെ സാമ്യമുള്ളതാണ് രാജസ്ഥാൻ സ്റ്റൈൽ. രാജസ്ഥാനികള്‍ക്ക് തലപ്പാവ് അണിയുക എന്നത് അഭിമാനത്തിന്റെ ചിഹ്നം കൂടിയാണ് .  പഞ്ചാബികളെ പോലെയല്ല ഇവരുടെ ടർബനുകൾ.. ഇവരുടെ തലപ്പാവിനെ പൊതുവേ സഫ, പാഗ അല്ലെങ്കിൽ പഗ്രി എന്നാണ് അഭിസംബോധന ചെയ്യാറ്.

രാജസ്ഥാനിലെ ഒരോ പതിനഞ്ച് കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നവരുടെ തലപ്പാവുകള്‍ വ്യത്യസ്തമായിരിക്കും.. വേഷവിധാനം കൊണ്ട് മനസ്സിലാകുന്നത് അവരുടെ ജാതിയും പ്രദേശവും തൊഴിലുമാണ്.  രാജസ്ഥാനികള്‍ക്ക് തലപ്പാവ് അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. അവരുടെ വ്യത്യസ്തമായ ആചാരങ്ങള്‍ മനസിലാക്കാന്‍ കഴിയുന്നത് അവരുടെ തലപ്പാവുകളിലൂടെയാണ്. ഓരോ ആചാരത്തിനും വ്യത്യസ്ത നിറത്തിലും ശൈലിയിലുമുള്ള തലപ്പാവാണ് രാജസ്ഥാനികള്‍ ധരിക്കാറുള്ളത്. അതുമാത്രമല്ല രാജസ്ഥാനിലെ ഓരോ ഗോത്ര വിഭാഗങ്ങളും വ്യത്യസ്തമായ തലപ്പാവുകളാണ് ധരിക്കുന്നത്. ഓരോ ജാതിക്കാര്‍ക്കും വ്യത്യസ്തമായ തലപ്പാവുകളുണ്ട്. 

രാജസ്ഥാനിലെ ഒരു വിഭാഗമായ ബിഷ്‌ണോയികള്‍ വെളുത്ത തലപ്പാവാണ് ധരിക്കാറുള്ളത്. എന്നാല്‍ ഇടയന്മാര്‍ ചുവന്ന തലപ്പാവാണ് ധരിക്കുന്നത്.വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങളിൽ പങ്കെടുക്കാന്‍ കാവിനിറം പോലുള്ള ഇളം നിറത്തിലുള്ള തലപ്പാവുകളാണ് ധരിക്കാറുള്ളത്. അനുശോചന യോഗങ്ങളലും മറ്റും പങ്കെടുക്കുമ്പോള്‍ കടും നീല, മെറൂണ്‍ തുടങ്ങിയ നിറത്തിലുള്ള തലപ്പാവുകളാണ് രാജസ്ഥാനികള്‍ ധരിക്കാറുള്ളത്.കബീർ സമൂഹം തിളക്കമാർന്ന ചുവന്ന പാഗ്രിയാണ് ധരിക്കാറ്.രജപുത്രന്മാരുടെ വിഭാഗത്തിലുള്ളവർ മൂന്ന് കളറടങ്ങിയ തലപ്പാവ്   ധരിക്കുമ്പോൾ ലങ്ക കാൽബേൽസിയ ,ജിപ്സി സമുദായക്കാർ പ്രിൻ്റഡ് തലപ്പാവ് ആണ് ധരിക്കാറുള്ളത്.’

ഓരോ കാലവസ്ഥയിലും വ്യത്യസ്തമായ തലപ്പാവുകളാണ് രാജസ്ഥാനികള്‍ ധരിക്കാറുള്ളത്. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ വെള്ളയും ചുവപ്പും നിറത്തിലുള്ള ഫല്‍ഗുനിയ തലപ്പാവുകളാണ് രാജസ്ഥാനികള്‍ അണിയാറുള്ളത്. മഴക്കാലത്ത് ലഹാരിയ തലപ്പാവാണ് ധരിക്കാറുള്ളത്. ദീപാവലി പോലുള്ള വിശേഷ ദിവസങ്ങളില്‍ ചുവന്ന കരയുള്ള കറുത്ത ചുനാരി തലപ്പാവാണ് ഇവര്‍ ധരിക്കുന്നത്. 

അലങ്കാര വസ്ത്രം എന്നതിന് ഉപരി രാജസ്ഥാനികള്‍ തലപ്പാവ് ഉപയോഗിക്കുന്നത്, കനത്ത ചൂടില്‍ നിന്ന് രക്ഷ നേടാന്‍ കൂടിയാണ്. ആവശ്യം വരുമ്പോള്‍ രാജസ്ഥാനികള്‍ ഈ തലപ്പാവ് തലയിണയായും ഷാളായും ഉപയോഗിക്കാറുണ്ട്.  ചെളി നിറഞ്ഞ വെള്ളം അരിച്ചെടുക്കാനും  ഉപയോഗിക്കുന്നു. 

കുടുംബനാഥന്റെ മരണശേഷം പഗരി രസം എന്നറിയപ്പെടുന്ന ഒരു ചടങ്ങുണ്ടാകും, അതിൽ മൂത്ത മകൻ പഗാരി ധരിക്കുകയും പുതിയ കുടുംബത്തലവനായി ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യും.

അടുത്ത സൗഹൃദത്തിന്റെ പ്രതീകമായി രണ്ട് കുടുംബങ്ങൾക്കിടയിൽ പഗാരി കൈമാറുന്ന ഒരു ആചാരമുണ്ട്.

ഒരു പുരുഷൻ അവന്റെ കൈകൊണ്ട് ചുമന്ന് തലപ്പാവ് ഒരു  സ്ത്രീക്ക് സമ്മാനിക്കുകയാണെങ്കിൽ, അവളുടെ ഭർത്താവിന്റെ മരണം സംഭവിച്ചു എന്നാണ് അർത്ഥമാക്കുന്നത്.

ഒരാളുടെ തലപ്പാവിൽ കൈകൊണ്ട്   മുട്ടിയാൽ ആ  വ്യക്തിയെ  അപമാനിക്കുന്നതായി കണക്കാക്കപ്പെടുന്നു. , ചിലരുടെ തലപ്പാവ് മറ്റുള്ളവരുടെ കാൽക്കൽ വച്ചാൽ പൂർണമായ കീഴടങ്ങൽ എന്നാണ് അർത്ഥമാക്കുന്നത്.

രാജസ്ഥാൻ സന്ദർശിക്കുന്ന വിദേശ വിനോദ സഞ്ചാരികൾ വർണ്ണാഭമായ തലപ്പാവുകളാൽ ആകർഷിക്കപ്പെടുന്നു, ചില സ്ഥലങ്ങളിൽ ജയ്സാൽമീർ കോട്ട, ജയ്പൂർ കൊട്ടാരം മുതലായവ വിവിധ നിറങ്ങളിലും ആകൃതിയിലുമുള്ള തലപ്പാവ് വിൽക്കുന്നു.

ഒരു രാജസ്ഥാനി തലപ്പാവ് അണിയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വെറുതെ തൊപ്പി വയ്ക്കുന്നത് പോലെ എടുത്ത് വയ്ക്കാന്‍ പറ്റുന്നതല്ലാ ഈ തലപ്പാവുകള്‍. ഏകദേശം 82 ഇഞ്ച് നീളവും 8 ഇഞ്ച് വീതിയുമുള്ള തുണിയാണ് തലപ്പാവ് ആയി ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ നന്നായി ചുറ്റിക്കെട്ടിയില്ലെങ്കില്‍ തലപ്പാവ് ഇടയ്ക്കിടെ ഇളകി പോകും.അതിനാല്‍ രാജസ്ഥാനിലെ പ്രായപൂര്‍ത്തിയാകുന്ന ഓരോ പുരുക്ഷനും തലപ്പാവ് അണിയുന്നത്  നന്നായി പഠിച്ചെടുക്കാറുണ്ട്.







No comments:

Post a Comment