ഇന്നത്തെ പഠനം | |
അവതരണം | സന്തോഷ് ഗിൽബർട്ട് തൃക്കാക്കര |
വിഷയം | തീപ്പെട്ടി ശേഖരണം |
ലക്കം | 144 |
ലൈറ്റ് ഹൗസ്
നാവികർക്കു വഴികാട്ടിയായ പ്രകാശസ്രോതസ്സോടുകൂടിയ ഗോപുരമാണ് ലൈറ്റ് ഹൗസ് (വിളക്കുമാടം ) . കടൽയാത്രക്കാർക്ക് തങ്ങളുടെ ജലയാനത്തിന്റെ സ്ഥാനം തിരിച്ചറിഞ്ഞ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനായി തുറമുഖങ്ങളിലും അപായസാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകാനായി അത്തരം ഇടങ്ങളിലും വിളക്കുമാടങ്ങൾ സ്ഥാപിക്കാറുണ്ട്. പൊതുവേ, വളരെ ഉയരവും കോൺ ആകൃതിയുമുള്ള ടവറുകളാണ് ഇവ. സാധാരണയായി വെളുപ്പ്, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളിൽ ഏതെങ്കിലുമൊന്നു മാത്രമായോ, രണ്ടുനിറങ്ങൾ ഇടകലർത്തിയോ ഉപയോഗിക്കുകയാണ് പതിവ്.
ആദ്യകാലത്ത് മീൻപിടിത്തക്കാരും നാവികരും കരയിലുള്ള ഉയർന്ന പാറക്കൂട്ടങ്ങളെയോ മരങ്ങളെയോ അടയാളമാക്കിവച്ചുകൊണ്ട് യാത്രചെയ്തിരുന്നു. പുറംകടലിൽ എത്തിക്കഴിഞ്ഞാൽ സ്ഥാന നിർണയനത്തിനായി വെള്ളത്തിന്റെ ആഴം, കാറ്റിന്റെ ഗതി, തിരമാലകളുടെ പാറ്റേൺ, സൂര്യന്റെ സ്ഥാനം എന്നിവയെയാണ് അവർ ആശ്രയിച്ചിരുന്നത്. എന്നാൽ പകൽ സമയത്തെ യാത്രയ്ക്കു മാത്രമേ ഇത്തരം സൂചനകൾ ഉപകരിച്ചിരുന്നുള്ളൂ. രാത്രി കാലങ്ങളിലെ യാത്രയ്ക്ക് കരയിൽ കൂട്ടിയ അഗ്നികുണ്ഡങ്ങളെ അവർ ആശ്രയിച്ചിരുന്നിരിക്കാം എന്ന് ഊഹിക്കുന്നു. പില്ക്കാലത്തു നിർമിച്ച വിളക്കുമാടങ്ങളെ ഇത്തരം തീക്കുണ്ഡങ്ങളുടെ പരിഷ്കൃത രൂപങ്ങളായി കരുതാം.
പഴയകാല ലോക അത്ഭുതങ്ങളിൽ രണ്ടെണ്ണം വിളക്കുമാടങ്ങളായിരുന്നുവെന്ന് ചരിത്രം പറയുന്നു. ടോളമി രണ്ടാമന്റെ കാലത്ത് ഈജിപ്തിലെ അലക്സാൻഡ്രിയ തുറമുഖത്ത് സ്ഥാപിച്ച 450 അടി ഉയരം ഉണ്ടായിരുന്ന ഷാറോസ് ഓഫ് അലക്സാൻഡ്രിയയും ഗ്രീസ് ലെ റോഡ്സ് തുറമുഖത്തെ പടുകൂറ്റൻ ലോഹപ്രതിമയായിരുന്ന കൊളോസസ് ഓഫ് റോഡ്സുമായിരുന്നു ഇവ. ഭൂകമ്പങ്ങളിൽ നാമാവശേഷമായ ഇവയിൽ വഴികാട്ടിയായത് തീക്കുണ്ഡങ്ങളായിരുന്നു. ലോകത്തെ ആദ്യ ലൈറ്റ് ഹൗസ് തീക്കുണ്ഡമായിരുന്നുവെന്ന് ചരിത്രം പറയുന്നു. പതിനാറാം നൂറ്റാണ്ടിൽ മൃഗക്കൊഴുപ്പ് ചേർത്തുള്ള മെഴുകുതിരികളും പതിനേഴാം നൂറ്റാണ്ടിൽ എണ്ണവിളക്കും ഇതിന്റെ സ്ഥാനം ഏറ്റെടുത്തു. തുടർന്ന് സിൽക്കിലും കോട്ടണിലും തീർത്ത മാന്റിലുകൾ, പെട്രോളിയം വിളക്കുകൾ, വൈദ്യുതിവിളക്കുകൾ എന്നിവ ഘട്ടം ഘട്ടമായി നിലവിൽവന്നു.
ചില വിളക്കുമാടങ്ങളുടെ പ്രകാശസ്രോതസ്സ് സ്ഥിരമായി കത്തി നിൽക്കുന്നതായിരിക്കും. സാധാരണ ഗതിയിൽ കറങ്ങുന്ന പ്രകാശ സ്രോതസ്സാണുണ്ടാവുക. വിവിധ വിളക്കുമാടങ്ങളിലെ പ്രകാശ സ്രോതസ്സ് കറങ്ങുന്ന വേഗത വ്യത്യസ്തമായിരിക്കും. ഇത് അടിസ്ഥാനമാക്കി കടൽ യാത്രികർക്ക് ഏത് വിളക്കുമാടമാണ് തങ്ങൾ കാണുന്നതെന്നും അതുവഴി കപ്പലിന്റെ അപ്പോഴുള്ള കൃത്യമായ സ്ഥാനം എവിടെയെന്നും മനസ്സിലാക്കാൻ സാധിക്കും.
എന്റെ ശേഖരണത്തിലെ വിളക്കുമാടങ്ങളുടെ ചിത്രമുള്ള തീപ്പെട്ടികൾ താഴെ ചേർക്കുന്നു...
No comments:
Post a Comment