ഇന്നത്തെ പഠനം | |
അവതരണം | അഗസ്റ്റിന്‍ സ്റ്റീഫന്‍ ഡിസൂസ |
വിഷയം | ചരിത്രാന്വേഷണം - ലോക രാജ്യങ്ങളിലൂടെ |
ലക്കം | 01 |
ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് അഫ്ഗാനിസ്ഥാന്‍
തെക്ക് - പടിഞ്ഞാറന്‍ ഏഷ്യയില്‍, ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിന് വടക്ക് - പടിഞ്ഞാറായി അഫ്ഗാനിസ്ഥാന്‍ സ്ഥിതി ചെയ്യുന്നു. സമുദ്ര നിരപ്പില്‍ നിന്നും 4,000 അടി ഉയരത്തിലുള്ള രാജ്യതലസ്ഥാനമായ കാബൂള്‍ ഭാഗത്ത് 16,000 അടിയില്‍ തുടങ്ങി കിഴക്കോട്ട് 25,000 അടി ഉയരത്തിലെത്തുന്നു ഹിന്ദുകുഷ് പര്‍വ്വതനിര. അതിരൂക്ഷമായ കാലാവസ്ഥ നിലനില്‍ക്കുന്ന ഇവിടെ പഷ്ത്തൂണ്‍, താജിക്, ഉസ്ബക്, ഹസാര വംശജര്‍ അധിവസിക്കുന്നു. പഷ്ത്തൂണ്‍, ദാരിക് പേര്‍ഷ്യന്‍ എന്നീ ഔദ്യോഗിക ഭാഷകള്‍ക്കൊപ്പം തുര്‍ക്കിക് ഭാഷകളും ഉപയോഗത്തിലുണ്ട്. ഷിയാ, സുന്നീ വിഭാഗങ്ങളിലായി 99% ജനങ്ങളും ഇസ്ലാം മതവിശ്വാസികളാണ്. ഔദ്യോഗിക കറന്‍സിയായ അഫ്ഗാനി (Afghani) 100 പള്‍സ് (Puls) ആയി വിഭജിച്ചിരിക്കുന്നു.
രാജ്യചരിത്രം
പുരാതന കാലത്ത് ആരിയാന, ബാക്ട്രിയ എന്നൊക്കെ അറിയപ്പെട്ടിരുന്ന ഇന്നത്തെ അഫ്ഗാനിസ്ഥാന്‍ പ്രദേശം മദ്ധ്യകാലഘട്ടത്തില്‍ ഖൊറാസാന്‍ എന്നറിയപ്പെട്ടിരുന്നു. പടിഞ്ഞാറ് നിന്നുള്ള അധിനിവേശക്കാര്‍ക്ക് ഇഷ്ട മാര്‍ഗ്ഗമായിരുന്ന ഇവിടം, B C 6ാം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാരായിരുന്ന സൈറസ് രണ്ടാമന്‍റെയും ഡാരിയസ് ഒന്നാമന്‍റെയും കാലത്ത് അവരുടെ അധീനതയിലായിരുന്നു. B C 329 ല്‍ മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഇന്‍ഡ്യയിലേക്കുള്ള പ്രവേശന കവാടമാക്കിയ ഇവിടം, B C 323 ല്‍ ബാബിലോണ്‍ ആസ്ഥാനമായി ഭരണം നടത്തിയിരുന്ന സെലൂക്യരുടെ കൈവശമായി. B C മൂന്നാം നൂറ്റാണ്ടില്‍ തെക്കന്‍ പ്രദേശങ്ങള്‍ മൗര്യസാമൃാജ്യത്തിന്‍റെ ഭാഗമായിരുന്നു. മദ്ധ്യേഷ്യന്‍ ഗോത്രമായ കുശാനന്മാര്‍ B C 135 ല്‍ ഈ പ്രദേശങ്ങള്‍ കൈവശപ്പെടുത്തി. A D ഏഴാം നൂറ്റാണ്ടില്‍ അവരുടെ ശക്തി ക്ഷയിച്ചതിനെ തുടര്‍ന്ന് ഇസ്ലാമിക ശക്തികള്‍ മേല്‍കൈ നേടി.
13, 14 നൂറ്റാണ്ടുകളില്‍ ചെങ്കിസ്ഖാനും തീമൂറും നടത്തിയ പടയോട്ടങ്ങള്‍ ഈ പ്രദേശത്ത് കൂടിയായിരുന്നു. 16ാം നൂറ്റാണ്ടില്‍ മുഗള്‍ ഭരണാധികാരി ബാബറുടെ അധീനതയിലായ ഇവിടെ, 1747 ല്‍ ദുറാനി വംശജനായ അഹമ്മദ് ഷാ അബ്ദാലി, കാണ്ഡഹാര്‍ ആസ്ഥാനമാക്കി ഭരണം ആരംഭിക്കുകയും, ഇന്‍ഡ്യന്‍ പ്രദേശത്തേക്കും ഇന്നത്തെ ഇറാനിലേക്കും തന്‍റെ ഭരണം വ്യാപിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ പൗത്രന്‍ ഷാ സമാന്‍ 1819 ല്‍ തലസ്ഥാനം കാബൂളിലേക്ക് മാറ്റിയെങ്കിലും ബറാക്സായ് വംശജര്‍ ദുറാനികളെ കീഴ്പ്പെടുത്തി ഭരണത്തിലേറി. അന്തഛിദ്രം കാരണം 1880 ല്‍ അബ്ദുര്‍ റഹ്മാന്‍റെ കാലത്ത് ബറാക്സായ് ഭരണം അവസാനിച്ചു.
19ാം നൂറ്റാണ്ടില്‍ മദ്ധ്യേഷ്യന്‍ നിയന്ത്രണത്തിനായുണ്ടായ ഇംപീരിയല്‍ ബ്രിട്ടണ്‍ - സാറിസ്റ്റ് റഷ്യ ഏറ്റുമുട്ടല്‍ അഫ്ഗാനിസ്ഥാന്‍ പ്രദേശത്തായിരുന്നു. ദോസ്ത് മുഹമ്മദും അദ്ദേഹത്തിന്‍റെ പുത്രനും പൗത്രനും ബ്രിട്ടീഷുകാരുമായി നടത്തിയ അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങള്‍ (1838 - 42, 1878 - 81) ബ്രിട്ടണ്‍ന്‍റെ വിജയത്തില്‍ കലാശിച്ചു. 1919 ലെ റാവല്‍പിണ്ടി ഉടമ്പടി പ്രകാരം അഫ്ഗാനിസ്ഥാന്‍ സ്വതന്ത്ര പ്രദേശമായി. ബറാക്സായ് ഭരണാധികാരി അബ്ദുര്‍ റഹ്മാന്‍റെ പൗത്രന്‍ അമീര്‍ അമാനുള്ള 1926 ല്‍ അഫ്ഗാനിസ്ഥാനില്‍ രാജഭരണം നടപ്പിലാക്കി. 1929 ല്‍ അമാനുള്ളയെ പുറത്താക്കി ഭരണത്തിലേറിയ ഹബീബുള്ളയെ ഏറെ താമസിയാതെ ബറാക്സായ് ബന്ധമുള്ള മുഹമ്മദ് നാദിര്‍ഷാ കീഴടക്കി.
1933 ല്‍ ഭരണത്തിലെത്തിയ മുഹമ്മദ് സഹീര്‍ഷായെ 1973 ല്‍ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി ഒരു റിപ്പബ്ലിക്ക് സ്ഥാപിതമായി. 1978 ല്‍ സോവിയറ്റ് പിന്തുണയുണ്ടായിരുന്ന രക്തരൂക്ഷിതമായ അട്ടിമറിയിലൂടെ ഒരു സോഷ്യലിസ്റ്റ് ഭരണം നിലവില്‍ വന്നു. തുടര്‍ന്നുണ്ടായ ആഭ്യന്തര യുദ്ധത്തിനൊടുവില്‍ എെക്യരാഷ്ട്രസഭയുടെ ഇടപെടലിനെത്തുടര്‍ന്ന് സോവിയറ്റ് സൈന്യം പിന്‍വാങ്ങി. ആഭ്യന്തര സംഘര്‍ഷം നിലനിന്ന അഫ്ഗാനിസ്ഥാനില്‍ 1992 ഏപ്രിലില്‍ വിമതപക്ഷം വിജയം നേടി.
പാകിസ്ഥാന്‍ ബന്ധമുള്ള ഒരു ഇസ്ലാമിക വിഭാഗം - താലിബാന്‍ - 1996 ല്‍ കാബൂള്‍ പിടിച്ചെടുത്ത് ഭരണം കൈക്കലാക്കി. അല്‍ഖ്വയ്ദയുമായി ബന്ധമുണ്ടെന്നാരോപിച്ച് അമേരിക്ക അഫ്ഗാനിസ്ഥാന്‍ ആക്രമിച്ച് താലിബാന്‍ ഭരണകൂടത്തെ പുറത്താക്കി. 2001 ല്‍ നിലവില്‍ വന്ന പുതിയ ഭരണകൂടം 2021 ല്‍ താലിബാന്‍ ശക്തിക്ക് മുന്നില്‍ കീഴടങ്ങി.
No comments:
Post a Comment