29/11/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ (70) ചേന്ദമംഗലം കൈത്തറി

    

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
70

ചേന്ദമംഗലം കൈത്തറി

ഏകദേശം ഒന്നര നൂറ്റാണ്ടിന്റെ രേഖപ്പെട്ട ചരിത്രമേ ഉള്ളു ചേന്ദമംഗലം കൈത്തറിക്ക്. അത് പാലിയം എന്ന കുടുംബവുമായി ബന്ധപ്പെട്ടു കിടക്കുന്നു.  പരമ്പരാഗതമായി കൊച്ചിരാജാവിന്റെ മന്ത്രിസ്ഥാനം അലങ്കരിച്ചിരുന്ന പാലിയത്തച്ചന്മാരുടെ ആസ്ഥാനമായിരുന്നു ചേന്ദമംഗലം. തമിഴ്നാട്ടിൽ നിന്നും മുന്തിയതരം മുണ്ടുകൾ വിൽക്കാൻ വന്ന നെയ്ത്തുകാരനിൽ മതിപ്പു തോന്നിയ പാലിയത്തച്ചൻ അയാളെക്കൊണ്ട്  ഇഷ്ടപ്രകാരമുള്ള മുണ്ടുകൾ ധാരാളം നെയ്യിച്ചു വാങ്ങാൻ തുടങ്ങിയെന്നു മാത്രമല്ല,  ആ നെയ്ത്തുകാരന് ചേന്ദമംഗലത്തു താമസിച്ച് നെയ്യാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു . അതിനായി തമിഴ്നാട്ടിൽനിന്ന് തറികൾ വരുത്തിച്ചു.  പുതിയൊരു തൊഴിൽ കണ്ടും കേട്ടും അതിലാകൃഷ്ടരായ ദേശക്കാർ പതിയെ പതിയെ  അതു പഠിച്ചെടുക്കുകയും, അങ്ങനെ പുതിയൊരു തൊഴിൽ സംസ്കാ‍രത്തിന് അത് വഴിയൊരുക്കുകയും ചെയ്തു. ആരംഭകാലത്ത് പാലിയത്തു കുടുംബാംഗങ്ങൾക്കു വേണ്ടിയായിരുന്നു  നെയ്ത്തുകാർ   മുണ്ടുകളധികവും നെയ്തിരുന്നത്. അക്കാലത്ത് പാലിയത്തുകാരുടെ അന്തസ്സിന്റെ ചിഹ്നങ്ങളായിരുന്നു ഈ കൈത്തറിവസ്ത്രങ്ങൾ.  മേൽത്തരം പരുത്തിനൂലുകൊണ്ട്, മികച്ച കൈവേലയാൽ നെയ്യപ്പെടുന്ന വസ്ത്രങ്ങളുടെ ശ്രേഷ്ഠത തന്നെയായിരുന്നു അതിനു കാരണം.

പിൽക്കാലത്ത് ശ്രീ. കെ.വി. കുട്ടികൃഷ്ണമേനോൻ വ്യാവസായികാടിസ്ഥാനത്തിൽ കോട്ടയിൽ കോവിലകത്ത് സ്ഥാപിച്ച നെയ്ത്തുകേന്ദ്രമാണ്, രാജകുടുംബങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ചേന്ദമംഗലം കൈത്തറിയുടെ ഖ്യാതി മറുദേശങ്ങളിലേക്കും പരക്കാൻ കാരണമായത്. 1948-ൽ ഈ സ്ഥാപനം പൂട്ടിപ്പോയതിനുശേഷം പയനീർ എന്നൊരു പുതിയ കമ്പനി ഉദയം ചെയ്യുകയുണ്ടായി.  നെയ്ത്തുകാരെ ഒന്നടങ്കം സ്വന്തം കുടക്കീഴിൽ കൊണ്ടുവന്നതോടൊപ്പം ഈ കമ്പനി, നെയ്ത്തുകാർക്ക് കുറഞ്ഞവിലക്ക് പരുത്തിനൂൽ എത്തിച്ചുകൊടുക്കുകയും, അവർക്ക് സ്വന്തം വീടുകളിൽ ഇരുന്നുതന്നെ നെയ്യാനുള്ള അവസരമൊരുക്കുകയും ചെയ്തു. എന്നാൽ  1950-ൽ ഈ കമ്പനിയുടേയും പ്രവർത്തനം നിലച്ചു.  എന്നിരുന്നാലും,  സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഉദയംകൊണ്ടിരുന്ന സഹകരണപ്രസ്ഥാനത്തിലേക്ക് അപ്പോഴേക്കും കൈത്തറി വ്യവസായവും എത്തിച്ചേർന്നിരുന്നു. തത്ഫലമായി സ്വാതന്ത്ര്യലബ്ധിക്കുശേഷം നിരവധി കൈത്തറി സഹകരണ സംഘങ്ങൾ ഈ പ്രദേശത്ത് രൂപം കൊള്ളുകയുണ്ടായി. ഇന്നും സഹകരണസംഘങ്ങളുടെ കുടക്കീഴിലാണ് ചേന്ദമംഗലത്തെ നെയ്ത്തുകാർ ഒന്നടങ്കം ജോലി ചെയ്യുന്നത്.

ഗ്രാമത്തിലെ സാധാരണക്കാരുടെ ഭൂരിഭാഗം വീടുകളും ചർക്കയുടേയും തറിയുടേയും താളത്തിലേക്ക് ഉറക്കമുണർന്നിരുന്ന പഴയ കാലഘട്ടത്തിൽനിന്നും, ഇന്ന് ഇരുന്നൂറിൽ താഴെ വീടുകൾ മാത്രമേ സജീവമായി ഈ രംഗത്തുള്ളു എന്ന സ്ഥിതിയിലേക്ക് കാലം എത്തിനിൽക്കുന്നു. അദ്ധ്വാനത്തിനനുസരിച്ചുള്ള വരുമാനം ലഭിക്കാത്ത ഈ തൊഴിലുപേക്ഷിക്കാൻ യുവതലമുറ നിർബന്ധിതരായതാണ് ഇതിനു കാരണം. തകർച്ചയുടെ വക്കിൽ നിന്ന്  ഈ വ്യവസായത്തെ കരകയറ്റി, പുതുജീവൻ പകർന്ന്, ഇങ്ങനെയെങ്കിലും നിലനിർത്തിക്കൊണ്ടുപോകുന്നത് ഇവിടത്തെ കൈത്തറി സഹകരണ സംഘങ്ങളാണ്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന നാലോളം സഹകരണ സംഘങ്ങൾ ഇന്ന് ഇവിടെ നിലവിലുണ്ട്. വീടുകളിൽ നെയ്യുന്ന മുണ്ടുകൾ സഹകരണസംഘങ്ങൾ വഴിയാണ് വില്പനക്കെത്തുന്നത്.   ഡബിൾ മുണ്ടുകളും, കസവു മുണ്ടുകളും സെറ്റുമുണ്ടുകളുമൊക്കെ തികച്ചും പരമ്പരാഗതമായ രീതിയിൽത്തന്നെ വീടുകളിൽ നെയ്തൊരുക്കുമ്പോൾ സഹകരണ സംഘങ്ങളുടെ ഫാക്ടറികളിൽ പഴമയും ആധുനികതയും ഒത്തുചേർന്ന (കുറച്ചുകൂടി വേഗതയാർന്ന) രീതികളാണ് അവലംബിച്ചിരിക്കുന്നത്.  കളർമുണ്ടുകളും തോർത്തുകളും കിടക്കവിരികളുമൊക്കെയാണ് ഫാക്ടറിയിൽ അധികവും നെയ്യുന്നത്.

മറ്റു പല നെയ്ത്തുകേന്ദ്രങ്ങളും ആധുനികസൗകര്യങ്ങളും യന്ത്രങ്ങളും ഉപയോഗിച്ച് കുറഞ്ഞ സമയം കൊണ്ട് കൂടുതൽ നേട്ടമുണ്ടാക്കാൻ മത്സരിക്കുന്ന ഇക്കാലത്തും, തലമുറകളായ് കൈമാറിവന്ന പരമ്പരാഗതവും പ്രകൃതിദത്തവുമായ രീതിതന്നെ പിൻ‌തുടരുന്നു എന്നതാണ് ചേന്ദമംഗലം കൈത്തറിയുടെ തനിമ എന്നെന്നും നിലനിറുത്തിക്കൊണ്ടുപോകുന്ന ഘടകം. ഇതിനുള്ള അംഗീകാരമെന്നോണം ഇപ്പോൾ ചേന്ദമംഗലം കൈത്തറിക്ക് കേന്ദ്രസർക്കാറിന്റെ ഭൗമസൂചക രജിസ്ട്രേഷൻ(Geographical Indications of India) ലഭിക്കുകയും ചെയ്തിരിക്കുന്നു.

ഒരു പ്രദേശത്ത് ഉത്പാദിപ്പിക്കപ്പെടുന്ന പ്രത്യേക ഉത്പന്നങ്ങളുടെ വ്യക്തമായ ഗുണനിലവാരത്തെ സൂചിപ്പിക്കുന്നതാണ് ഭൗമസൂചകം.







No comments:

Post a Comment