12/11/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - വസൂരിയെ തോല്‍പ്പിച്ച കഥ

                  

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
62

വസൂരിയെ തോല്‍പ്പിച്ച കഥ 

മലേരിയക്കും ക്ഷയത്തിനും എതിരെ ആയിരുന്നു ആരംഭത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ എങ്കിലും അതിന്‍റെ ഏറ്റവും വിജയം കണ്ട പോരാട്ടം വസൂരി അഥവാ സ്മോള്‍ പോക്സിനു എതിരെ ആയിരുന്നു. വാരിയോള എന്നാ വൈറസ് പരത്തുന്ന ഈ രോഗത്തിന് റെഡ് പ്ലേഗ് എന്ന് ഒരു അപര നാമവും ഉണ്ട്. ചരിത്ര ഗവേഷകര്‍ ലഭ്യമായ തെളിവുകള്‍ അനുസരിച്ച് പറയുന്നത് ഉദ്ദേശം നാല്‍പ്പതിനായിരം വര്‍ഷം മുന്‍പേ തന്നെ ഈ രോഗം മനുഷ്യനെ വേട്ടയാടാന്‍ ആരംഭിച്ചിരുന്നു എന്നാണ്. നാലായിരം വര്ഷം മുന്പ് അടക്കം ചെയ്ത ഈജിപ്തിലെ രാംസാസ് അഞ്ചാമന്റെ ശവ ശരീരത്തില്‍ നിന്നും ലഭിച്ച പാടുകള്‍ സ്ഥിരീകരിക്കുന്നത് മരണം വസൂരി മൂലം ആയിരുന്നുഎന്നാണ്. ഇതാണ് ഇന്ന് ലഭിച്ചിട്ടുള്ള വസൂരി മരണത്തിന്‍റെ ഏറ്റവും പഴയ തെളിവ്. സംഘടന വസൂരിക്കെതിരെ പ്രധിരോധ പ്രവര്‍ത്തങ്ങള്‍ തുടങ്ങുന്ന അറുപതുകളില്‍ ഏതാണ്ട് ഒന്നര കോടി മനുഷ്യര്‍ക്ക്‌ ഓരോ വര്‍ഷവും വസൂരി ബാധിക്കാറുണ്ട്. ഇരുപതു ലക്ഷത്തോളം പേര്‍ ഇതിനെ അധിജീവിക്കാതെ മരണത്തിനു കീഴടങ്ങിയിരുന്നു ഓരോ വര്‍ഷവും. രോഗം ബെധമാകുന്നവരില്‍ തന്നെ പലപ്പോഴും കാഴ്ച ശക്തി നഷ്ട പെടുകയും വൈരൂപ്യം സംഭവിക്കുകയും ചെയ്യുനത് പതിവായിരുന്നു. ഒരു കാലത്ത് ലോകത്ത് ഉണ്ടായിരുന്ന അന്ധരില്‍ മൂന്നില്‍ ഒരാള്‍ വസൂരി ബാധയെ തുടര്‍ന്ന് കാഴ്ച നഷ്ട്ടപ്പെട്ട ആളായിരുന്നു എന്നത് ഇതിന്‍റെ ഭീകരത തുറന്നു കാട്ടുന്നു.

വസൂരി നമ്മുടെ നാട്ടിലും ഒരു കാലത്ത് ഭീതിയുടെ പര്യായം ആയിരുന്നു. വളരെ വേഗം പടരും എന്നതിനാല്‍ വസൂരി ബാധിക്കുന്ന ആളെ ചികില്‍സിക്കാന്‍ ആരും തയാരാകാറില്ല. കുരിപ്പ് ദീനം എന്ന് സാധാരണക്കാര്‍ ഈ രോഗത്തെ വിളിച്ചു പോന്നു. കുരിപ്പ് ഉണ്ടായി മരിച്ച ആളുടെ ശവത്തെ പണ്ടാറ ക്കെട്ട് എന്നും അത് അടക്കുന്നതിനെ പണ്ടാറം അടക്കുക എന്നും പറഞ്ഞു. ഇത് അര്‍ദ്ധ രാത്രി മാത്രമാണ് ചെയ്യുക പതിവ്. അതും വിജനമായ ഏതെങ്കിലും സ്ഥലങ്ങളില്‍. ഒരൊറ്റ ചൂട്ടിന്റെ വെളിച്ചത്തില്‍ ശവം രണ്ടു പേര്‍ ചുമന്നു കൊണ്ട് പോകുന്നത് കാണുന്നത് പോലും അന്നത്തെ ആളുകള്‍ക്ക് പേടിയായിരുന്നു. (വസൂരി ഓര്‍മയായിട്ടും പണ്ടാരം ഇന്നും മലയാളികള്‍ ഉപേക്ഷിച്ചിട്ടില്ല)  വസൂരി രോഗത്തിനെതിരെ ഉള്ള പോരാട്ടങ്ങള്‍ പതിനാലാം നൂറ്റാണ്ടില്‍ തന്നെ ആരംഭിച്ചിട്ടുണ്ടെങ്കിലും 1798-ല്‍  എഡ്വേർഡ് ജെന്നർ ആണ് ഫലപ്രദമായ പ്രധിരോധം അഥവാ വാക്സിനേഷന്‍ കണ്ടെത്തിയത്. ഗോ വസൂരി എന്ന താരതമ്യേന മാരകമല്ലാത്ത വൈറസ് ബാധ ഉണ്ടായവരില്‍ പിന്നീട് വസൂരി വരുന്നില്ല എന്നാ അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍ ഒരു വലിയ വഴിത്തിരിവ് ആയിരുന്നു. ഈ രോഗം ഒരിക്കല്‍ ബാധിച്ചാല്‍ ശരീരം അതിനെതിരെ ഉള്ള ആന്റിജെന്‍ ഉല്‍പ്പാദിപ്പിക്കുകയും പിന്നീട് വസൂരി ബാധയെ തടയാന്‍ ഇത് വഴി ശരീരത്തിന് സാധിക്കുകയും ചെയ്യുന്നു. (ഒരിക്കല്‍ ചിക്കന്‍പോക്സ് വന്നവരില്‍ വീണ്ടും ചിക്കന്‍പോക്സ് വരുന്നില്ലല്ലോ. അത് പോലെ) ഇങ്ങനെ വസൂരിക്കെതിരെ ശരീരത്തെ പ്രധിരോധ സജ്ജം ആക്കുന്നതിനെ ആണ് ആദ്യം വാക്സിനേഷന്‍ എന്ന് വിളിച്ചിരുന്നത്‌. പിന്നീട് ഈ മാര്‍ഗത്തില്‍ ഏതു രോഗത്തിന് നേരെ മുന്‍കരുതല്‍ സ്വീകരിക്കുന്നതിനെയും വാക്സിനേഷന്‍ എന്ന് വിളിക്കാന്‍ തുടങ്ങുകയും എഡ്വേർഡ്  ജെന്നരെ അതിന്‍റെ പിതാവായി കരുതി പോരുകയും ചെയ്യുന്നു.

1967 ഇല്‍ ആണ് ലോകാരോഗ്യ സംഘടന വസൂരിക്കെതിരെ ക്യാമ്പെയിന്‍ ആരംഭിക്കുന്നത്. ബൈ ഫര്കെട്ടാദ് നീഡില്‍ (രണ്ടു തലയുള്ള സൂചി) എന്ന പ്രത്യേക തരം സൂചി ഉപയോഗിച്ച് ഇടത്തെ തോളില്‍ തൊലിപ്പുറത്ത് ഒരു മുറിവുണ്ടാക്കി ആണ് വാക്സിനേഷന്‍ നടത്തിയിരുന്നത്. (പ്രായമായവരില്‍ ഇന്നും ഇടത്തെ തോളില്‍ ആ വട്ടം കാണാം) എല്ലാ രാജ്യങ്ങളും തികഞ്ഞ സഹകരണം നല്‍കിയതിനാല്‍ വാക്സിനേഷന്‍ വലിയ വിജയംകണ്ടു. അവസാന കാലങ്ങളില്‍ ഇരുപതു കോടി പേരെ വരെ ഒരു വര്‍ഷം വാക്സിനേഷന് വിധേയമാക്കി കൊണ്ട് കേവലം പത്തു വര്‍ഷം കൊണ്ട് ലോകത്തെ ഈ മഹാ വ്യാധിയില്‍ നിന്നും മുക്തം ആക്കുന്നതില്‍ ലോകാരോഗ്യസംഘടന വിജയിച്ചു. വസൂരി  അവസാനമായി റിപ്പോര്‍ട്ട് ചെയ്തത് എഴ്പത്തേഴില്‍ സോമാലിയയില്‍ നിന്നായിരുന്നു. 1979 ഇല്‍ ലോകം വസൂരി മുക്തമായതായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു. (ഈ വൈറസിനെ ഇനിയും നശിപ്പിച്ചിട്ടില്ല. അമേരിക്കയിലെയും റഷ്യയിലെയും ഓരോ ലാബുകളില്‍ ഇന്നും ഇത് സൂക്ഷിച്ചിട്ടുണ്ട്.)

വസൂരി ഒർമയയെങ്കിലും അതിനെക്കാള്‍ ഭീകരമായ രോഗങ്ങള്‍ ഭൂമുഖത്ത് പ്രേത്യേക്ഷപെട്ടത്‌ ലോകാരോഗ്യസംഘടനയെ അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ശക്തി പെടുതുന്നതിലേക്ക് നയിച്ചു. എയിഡ്സ് താണ്ടാവമാടുന്ന ആഫ്രിക്കയും ഇനിയും മൂക്ക്  കയറിടാന്‍ കഴിഞ്ഞിട്ടില്ലാത്ത മലമ്പനിയുമെല്ലാം പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തി വര്‍ത്തമാന കാലത്തെ ഭീതിയുടെ നിഴലിലാക്കുന്നു.





No comments:

Post a Comment