ഇന്നത്തെ പഠനം | |
അവതരണം | ഹനീസ് M. കിളിമാനൂർ |
വിഷയം | കറൻസിയിലെ വ്യക്തികൾ |
ലക്കം | 74 |
പോൾ എർലിഷ്
പോൾ എർലിഷ് (14 മാർച്ച് 1854 - 20 ഓഗസ്റ്റ് 1915) നൊബേൽ സമ്മാനം നേടിയ ജൂതവംശജനായ ജർമ്മൻ വൈദ്യനും ശാസ്ത്രജ്ഞനുമായിരുന്നു. ഹെമറ്റോളജി, ഇമ്മ്യൂണോളജി, ആന്റിമൈക്രോബിയൽ കീമോതെറാപ്പി എന്നീ മേഖലകളിലാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. ആധുനിക കീമോതെറാപ്പിയുടെ പിതാവ് എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. 1909-ൽ സിഫിലിസിന് രോഗത്തിന് ഒരു പരിഹാരം കണ്ടെത്തിയതും ബാക്ടീരിയകളെ വേർതിരിച്ചറിയാനുള്ള ഗ്രാം സ്റ്റെയിനിംഗിന് മുന്നോടിയായ ഒരു സാങ്കേതിക വിദ്യ കണ്ടുപിടിച്ചതും അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളിലുൾപ്പെടുന്നു. ടിഷ്യു സ്റ്റെയിനിംഗ് പിടിപ്പിക്കുന്നതിനായി അദ്ദേഹം വികസിപ്പിച്ചെടുത്ത ചില സമ്പ്രദായങ്ങൾ വിവിധതരം രക്താണുക്കളെ തിരിച്ചറിയാൻ സഹായിക്കുകയും ഇത് നിരവധി രക്ത രോഗങ്ങൾ നിർണ്ണയിക്കാനുള്ള കഴിവിലേക്ക് നയിക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ ലബോറട്ടറി സിഫിലിസിനുള്ള ആദ്യത്തെ ഫലപ്രദമായ ഔഷധ ചികിത്സയായ ആർസ്ഫെനാമൈൻ (സാൽവർസൺ) കണ്ടെത്തുകയും അതുവഴി കീമോതെറാപ്പി എന്ന ആശയം ഉടലെടുക്കുകയും പേരിടുകയും ചെയ്തു. ഒരു മാജിക് ബുള്ളറ്റ് എന്ന ശാസ്ത്രീയ ആശയം പോൾ എർലിഷ് ജനപ്രിയമാക്കി. ഡിഫ്തീരിയയെ പ്രതിരോധിക്കാനുള്ള ഒരു ആന്റിസെറം വികസിപ്പിക്കുന്നതിൽ അദ്ദേഹം നിർണ്ണായക സംഭാവന നൽകിയതു കൂടാതെ, തെറാപ്യൂട്ടിക് സെറങ്ങൾ മാനദണ്ഡമാക്കുന്നതിനുള്ള ഒരു മാർഗ്ഗവും അദ്ദേഹം ആവിഷ്കരിച്ചു. രോഗപ്രതിരോധശാസ്ത്രത്തിന് നൽകിയ സംഭാവനകളുടെപേരിൽ 1908-ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ചു. ഒരു ജർമ്മൻ ഗവേഷണ സ്ഥാപനവും മെഡിക്കൽ റെഗുലേറ്ററി ബോഡിയുമായ, പോൾ എർലിഷ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ ഇന്നറിയപ്പെടുന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ആദ്യത്തെ ഡയറക്ടറുമായിരുന്നു അദ്ദേഹം. വാക്‌സിനുകൾക്കും ബയോമെഡിസിനുകൾക്കുമുള്ള രാജ്യത്തിന്റെ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ടായി അത് പ്രവർത്തിക്കുന്നു. റിക്കെറ്റ്‌സിയൽസ് ബാക്ടീരിയയുടെ ഒരു ജനുസ്സായ എർലിഷിയക്ക് അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം പേര് നൽകപ്പെട്ടു. ഇപ്പോൾ തെക്ക്-പടിഞ്ഞാറൻ പോളണ്ടിലുൾപ്പെട്ട പ്രഷ്യൻ പ്രവിശ്യയായിരുന്ന ലോവർ സൈലേഷ്യയിലെ സ്ട്രെഹ്ലെനിൽ 1854 മാർച്ച് 14-നാണ് പോൾ എർലിഷ് ജനിച്ചത്. റോസയുടെയും പ്രാദേശിക ജൂത സമൂഹത്തിന്റെ നേതാവായിരുന്ന ഇസ്മാർ എർലിഷിന്റെയും രണ്ടാമത്തെ കുട്ടിയായിരുന്നു അദ്ദേഹം.
1915 ഓഗസ്റ്റ് 17 ന് എർലിച് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അദ്ദേഹത്തിന്റെ മരണത്തോടനുബന്ധമായി ജർമ്മൻ ചക്രവർത്തിയായ വിൽഹെം രണ്ടാമൻ ഒരു അനുശോചന ടെലിഗ്രാം എഴുതിയിരുന്നു. പോൾ എർലിഷിൻ്റെ മൃതദേഹം ഫ്രാങ്ക്ഫർട്ടിലെ പഴയ ജൂത സെമിത്തേരിയിൽ അടക്കം ചെയ്തു.
ജർമനി 1989 ൽ പുറത്തിറക്കിയ 200 മാർക്ക് കറൻസി നോട്ട്.
മുൻവശം (Obverse): പോൾ എർലിഷിൻ്റെ ഛായാചിത്രം
പിൻവശം (Reverse): മൈക്രോസ്കോപ്പിൻ്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു.
No comments:
Post a Comment