ഇന്നത്തെ പഠനം | |
അവതരണം | രാജീവൻ കാഞ്ഞങ്ങാട് |
വിഷയം | ചിത്രത്തിനുപിന്നിലെ ചരിത്രം |
ലക്കം | 80 |
ഉടുമ്പ്
നമ്മുടെ തൊടികളിലും പൊന്തക്കാടുകളിലും കണ്ടുവരുന്ന സാമാന്യം വലിയ ഒരു ഉരഗമാണ് ഉടുമ്പ്. പല്ലി കുടുംബത്തിൽപ്പെട്ട ഈ ജീവിക്ക് വലിയ കഴുത്ത്, ബലമുള്ള വാൽ, വലിയ നഖങ്ങൾ, ബലമേറിയ വിരലുകൾ എന്നിവ ഉണ്ട്. ഇതു ഉപയോഗിച്ച് എവിടെയും പിടിച്ചുകയറാനും, ബലമായി പിടിച്ചിരിക്കാനുമുള്ള കഴിവാണ് ഇതിന്റെ പ്രത്യേകത. ആഫ്രിക്ക, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂഗിനിയ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലാണ് ഉടുമ്പുകളെ ധാരാളമായി കണ്ടുവരുന്നത്.
കേരളത്തിൽ രണ്ടു തരത്തിൽ ഉള്ള ഉടുമ്പുകൾ ഉണ്ട്. പൊന്നുടുമ്പ് മണ്ണുടുമ്പ് എന്നിവയാണത്. മണ്ണുടുമ്പ് വലിപ്പമേറിയതും, പൊന്നുടുമ്പ് ചെറുതുമാണ്. വംശനാശം സംഭവിച്ച ഭീമൻ ഉരഗങ്ങളുടെ പ്രതിനിധികൾ എന്ന നിലയിൽ ഇവയെ സംരക്ഷിക്കുന്നു. ഇന്ത്യൻ വനം വന്യജീവി സംരക്ഷണ നിയമപ്രകാരം ഉടുമ്പിനെ പിടികൂടുവാനോ കടത്തുവാനോ വേട്ടയാടാനോ കൈവശം വക്കുവാനോ പാടുള്ളതല്ല. തടവു ശിക്ഷയടക്കം ജാമ്യം ഇല്ലാത്ത കുറ്റമാണിത്.
മാംസ ഭുക്കുകളായ ഉടുമ്പുകള്‍ കോഴി മുട്ടയും കോഴികളെയും ചെറു പ്രാണികള്‍, തവള, മത്സ്യം തുടങ്ങിയവയെ ആഹാരമാക്കാറുണ്ട്. ജന്തുക്കളുടെ ശവവും ചിലപ്പോൾ ഉടുമ്പുകള്‍ ഭക്ഷിക്കാറുണ്ട്. പാമ്പുകളെപ്പോലെ ഉടുമ്പുകളും വലിപ്പം കുറഞ്ഞ ഇരയെ അപ്പാടെ വിഴുങ്ങാറാണ് പതിവ്. ചില അവസരങ്ങളില്‍ ഇവ കൂര്‍ത്ത പല്ലുപയോഗിച്ച് ഇരയെ ചെറു കഷണങ്ങളാക്കി മുറിച്ചും വിഴുങ്ങാറുണ്ട്. പാമ്പിന്റെ നാവ് പോലെ അഗ്രം പിളർന്ന ഇരട്ട നാവുകളാണ് ഇവയ്ക്കുള്ളത്.
മെലിഞ്ഞ് നീളം കൂടിയ കഴുത്ത്, വാല്‍, ബലിഷ്ഠമായ കൈ-കാലുകള്‍ എന്നിവ ഉടുമ്പുകളുടെ പ്രത്യേകതയാണ്. ശരീരത്തിന്റെ ഉപരിതലം മുഴുവന്‍ പരുക്കൻ തോലിനാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ ശരീരത്തിന്റെ അടിവശമാകട്ടെ ചതുരത്തിലുള്ള ചെറു ശല്‌ക്കങ്ങള്‍ കൊണ്ടാണ് ആവൃതമായിരിക്കുന്നത്. അഗ്രഭാഗം രണ്ടായി പിളര്‍ന്നിരിക്കുന്ന നാവ് വളരെ നീളത്തില്‍ പുറത്തേക്കു നീട്ടാന്‍ ഇവയ്‌ക്കു കഴിയും. ശക്തിയേറിയ നാലുകാലുകളും അവയില്‍ ഓരോന്നിലും അഞ്ച് വീതം വിരലുകളും ഉടുമ്പുകളുടെ ഒരു പ്രത്യേകതയാണ്.
പേശീനിര്‍മിതമായ നീളം കൂടിയ വാല്‍ ചുഴറ്റി വീശി ഇവ ശത്രുക്കളെ ഭയപ്പെടുത്താറുണ്ട്. എന്നാല്‍ പല്ലികളെപ്പോലെ വാല്‍ മുറിച്ചുകളയാനോ പുനരുത്‌പാദിപ്പിക്കാനോ ഉടുമ്പുകള്‍ക്ക് കഴിയാറില്ല. ശരീരത്തിന്റെ ആകൃതി, ഘടന എന്നിവയില്‍ പാമ്പു കളോടുള്ള സമാനതകള്‍, ഉടുമ്പിനെ പാമ്പിന്റെ പൂര്‍വികരായി കണക്കാക്കാന്‍ ചില ശാസ്‌ത്രജ്ഞരെ പ്രരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തകാലത്തായി ലഭിച്ച ചില തെളിവുകള്‍ നടത്തിയ പഠനങ്ങളിൽ പാമ്പുകള്‍ക്കും ഉടുമ്പുകള്‍ക്കും തമ്മില്‍ നേരിട്ട് യാതൊരു ബന്ധവുമില്ലെന്ന് തെളിയുകയുണ്ടായി.
സാധാരണയായി ഉടുമ്പുകള്‍ അവ അധിവസിക്കുന്ന ചെറുകുഴികളിലോ മരപ്പൊത്തുകളിലോ ആണ് മുട്ടയിടുന്നത്. ഉടുമ്പ് ഏകദേശം ഒരടി ആഴത്തിലുള്ള കുഴി സ്വയം നിര്‍മിച്ചാണ് മുട്ടയിടുന്നത്. ഒരു പ്രാവശ്യം 16-മുതൽ 34-വരെ മുട്ടകള്‍ ഇടാറുണ്ട്. മുട്ടയിട്ടതിനുശേഷം മണ്ണും ഉണങ്ങിയ ഇലകളും കൊണ്ട് കുഴിമൂടുന്നു. സൂര്യപ്രകാശമേറ്റാണ് മുട്ടകള്‍ വിരിയുന്നത്. ചില അവസരങ്ങളില്‍ ഉടുമ്പുകള്‍ ചിതല്‍പ്പുറ്റുകളിലുള്ള വിള്ളലുകളിലൂടെ നുഴഞ്ഞുകടക്കുകയും പുറ്റിനുള്ളില്‍ മുട്ടയിടുകയും ചെയ്യാറുണ്ട്. പിന്നീട് ചിതലുകള്‍, പുറ്റിലെ കേടുപാടുകള്‍ തീര്‍ക്കുമ്പോള്‍, ഉടുമ്പിന്‍മുട്ടകള്‍ സ്വാഭാവികമായും ചിതല്‍പ്പുറ്റിന് ഉള്ളിലാവുന്നു.
ശത്രുക്കളുടെ ആക്രമണം നേരിടാന്‍ ഉടുമ്പുകള്‍ ശരീരം വീര്‍പ്പിക്കുകയും, ശ്വാസം ശക്തിയായി പുറത്തേക്ക് വിട്ട് പാമ്പ് ചീറ്റുന്നതു പോലുള്ള വലിയ തോതിലുള്ള ശബ്‌ദം പുറപ്പെടുവിക്കുകയും ചെയ്യാറുണ്ട്. വാല്‍ ശക്തിയായി ചുഴറ്റിയും ഇവ ശത്രുക്കളെ ഭയപ്പെടുത്താറുണ്ട്. ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാനായി ഇവ പലപ്പോഴും വെള്ളത്തില്‍ ചാടുക പതിവാണ്. നല്ല നീന്തൽക്കാരായ ഈ ജീവികൾ, മോന്തയുടെ അറ്റത്തായുള്ള നാസാരന്ധ്രങ്ങള്‍ മാത്രം ജലത്തിനു മുകളിലായി പിടിച്ച് വളരെനേരം ജലത്തിനടിയില്‍ കഴിയാറുണ്ട്.
ചില ഗോത്രവര്‍ഗക്കാര്‍ ഉടുമ്പിന്റെ മാംസം ഭക്ഷിച്ചിരുന്നു. പ്രത്യേക ശിക്ഷണം നല്‌കിയ നായകളെ ഉപയോഗിച്ചാണ് ഇവര്‍ ഉടുമ്പിനെ പിടിച്ചിരുന്നത്. ഉടുമ്പിന്റെ തോല്‍കൊണ്ട് ചെരുപ്പുകള്‍, ബാഗുകള്‍ എന്നിവയും നിര്‍മിച്ചിരുന്നു. ഉടുമ്പ് ഒരു സ്ഥലത്ത് പറ്റിപ്പിടിച്ചാല്‍ അതിനെ അവിടെനിന്നും ഇളക്കിമാറ്റാന്‍ പ്രയാസമാണെന്നൊരു വിശ്വാസമുണ്ട്.
No comments:
Post a Comment