15/11/2021

ചരിത്രാന്വേഷണം - ലോക രാജ്യങ്ങളിലൂടെ (02) - അല്‍ബേനിയ

                             

ഇന്നത്തെ പഠനം
അവതരണം
അഗസ്റ്റിന്‍ സ്റ്റീഫന്‍ ഡിസൂസ
വിഷയം
ചരിത്രാന്വേഷണം - ലോക രാജ്യങ്ങളിലൂടെ
ലക്കം
02

റിപ്പബ്ലിക് ഓഫ് അല്‍ബേനിയ


യൂറോപ്പിന്‍റെ തെക്ക് ഭാഗത്ത് ആഡ്രിയാടിക് സമുദ്രതീരത്ത് അല്‍ബേനിയ സ്ഥിതി ചെയ്യുന്നു. കുന്നുകളും പര്‍വ്വതങ്ങളും നദികളും നിറഞ്ഞ ഭൂപ്രകൃതി. ടിറാന തലസ്ഥാനമായ രാജ്യത്ത് ഭൂരിപക്ഷമായ അല്‍ബേനിയന്‍ വംശജരും ഗ്രീക്ക് വംശജരും അധിവസിക്കുന്നു. ഔദ്യോഗിക ഭാഷയായ അല്‍ബേനിയനൊപ്പം 'ടോസ്ക്' എന്നൊരു  സംസാര ഭാഷയും ഗ്രീക്കും ഉപയോഗിക്കുന്നു. ജനങ്ങളില്‍ 70% ഇസ്ലാം മതവിശ്വാസികളും 30% ക്രൈസ്തവരും ആണ്. ഔദ്യോഗിക കറന്‍സിയായ ലെക് (Lek) 100 ഖിന്‍റാര്‍സ് (Qintars) ആയി വിഭജിച്ചിരിക്കുന്നു.

രാജ്യചരിത്രം

ഇന്നത്തെ അല്‍ബേനിയ പ്രദേശം ഉള്‍പ്പെടുന്ന പുരാതന ഇളീരിയ B C 168 ല്‍ റോമാക്കാര്‍ കീഴടക്കി. A D 395 ല്‍ റോമാസാമ്രാജ്യം കിഴക്കും പടിഞ്ഞാറുമായി വിഭജിച്ചപ്പോള്‍ ഈ പ്രദേശം ബൈസാന്‍റൈന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായി. 6 മുതല്‍ 14 വരെയുള്ള നൂറ്റാണ്ടുകളിലെ സെര്‍ബ്, നോര്‍മന്‍, സ്ലാവ്, വെനീഷ്യന്‍ പ്രതിരോധങ്ങളെ തുടര്‍ന്ന് ബൈസാന്‍റൈന്‍ ശക്തി ക്ഷയിച്ചു.

തുടര്‍ന്നുണ്ടായ തുര്‍ക്കികളുടെ അധിനിവേശത്തെ, പ്രദേശിക നേതാവായിരുന്ന സ്കാന്‍ഡര്‍ബഗിന്‍റെ നേതൃത്വത്തില്‍ പ്രതിരോധിച്ച് 1443 ല്‍ അല്‍ബേനിയ സ്വതന്ത്രമായി. എന്നാല്‍ 1468 ല്‍ തുര്‍ക്കികളുടെ സൈനീക ശക്തിക്ക് മുന്നില്‍ കീഴടങ്ങിയ അല്‍ബേനിയ അടുത്ത 400 വര്‍ഷങ്ങള്‍ ഓട്ടോമാന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു. ഇക്കാലത്ത് പതിനായിരങ്ങള്‍ ദക്ഷിണ ഇറ്റാലിയിലേക്ക് പാലായനം ചെയ്യുകയും ജനസംഖ്യയുടെ പകുതിയിലധികം ഇസ്ലാം മതവിശ്വാസം സ്വീകരിക്കുകയും ചെയ്തു. 

1878 ലെ അല്‍ബേനിയന്‍ ലീഗ് രൂപീകരണം ദേശീയ വികാരം ശക്തിപ്പെടുത്തി. ഒന്നാം ബാള്‍ക്കന്‍ യുദ്ധത്തിലെ പരാജയത്തോടെ ഓട്ടോമാന്‍ സാമ്രാജ്യത്തിന്‍റെ ശക്തി ക്ഷയിക്കുകയും 1912 ല്‍ അല്‍ബേനിയ സ്വതന്ത്രമാവുകയും ചെയ്തു. 1913 ലെ യൂറോപ്യന്‍ ശക്തികളുടെ സംയുക്ത സമ്മേളനത്തില്‍ ഇന്നത്തെ അല്‍ബേനിയയുടെ അതിര്‍ത്തികള്‍ നിശ്ചയിച്ച്, 1914 ല്‍ രാജാവാക്കിയ  വെയ്ഡിലെ പ്രിന്‍സ് വില്യമിന് ജനരോഷത്തെ തുടര്‍ന്ന് മാസങ്ങള്‍ക്കകം സിംഹാസനം ഉപേക്ഷിക്കേണ്ടി വന്നു.

ഒന്നാം ലോകമഹായുദ്ധകാലത്തെ അസ്വസ്തതകള്‍ക്കിടെ 1920 ല്‍ ഒരു റിപ്പബ്ലിക്ക് സ്ഥാപിക്കപ്പെട്ടു. 1925 ല്‍ പ്രസിഡന്‍റ് പദത്തിലെത്തിയ അഹ്മദ് സോഗ് 1928 ല്‍ സോഗ് ഒന്നാമന്‍ എന്ന പേരില്‍ സ്വയം രാജാവായി പ്രഖ്യാപിച്ചു. 1939 ലെ ഇറ്റാലിയന്‍ ആക്രമണത്തെ തുടര്‍ന്ന് സോഗ് രാജാവ് പാലായനം ചെയ്യുകയും അല്‍ബേനിയ ഇറ്റാലിയുടെ കൈവശമാവുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ധത്തില്‍ അച്ചുതണ്ട് ശക്തികളുടെ തോല്‍വിക്കൊടുവില്‍, 1944 ല്‍ കമ്യൂണിസ്റ്റ് ശക്തികള്‍ അധികാരത്തിലെത്തി. സോവിയറ്റ് ചേരിയില്‍ നിലയുറപ്പിച്ച അല്‍ബേനിയ, ഡി - സ്റ്റാലിനൈസേഷന്‍ കാലത്ത് ചൈനയുമായി ചങ്ങാത്തത്തിലായി. 1976 ല്‍ ചെയര്‍മാന്‍ മാവോയുടെ നിര്യാണത്തെ തുടര്‍ന്ന് സ്വതന്ത്ര നിലപാട് സ്വീകരിച്ച അല്‍ബേനിയയില്‍ 1990 ല്‍ നിലവില്‍ വന്ന ഭരണകൂടം, നയങ്ങളില്‍ ചില അയവുകള്‍ വരുത്തി. 1992 ലെ തെരഞ്ഞെടുപ്പില്‍, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി ഒരു കമ്യൂണിസ്റ്റ് ഇതര ഭരണകൂടം അധികാരത്തിലെത്തി. 1992 ഡിസംബര്‍ മാസത്തില്‍ അല്‍ബേനിയ യൂറോപ്പിലെ ആദ്യ മുസ്ലീം രാജ്യമായി പ്രഖ്യാപിക്കപ്പെട്ടു.

1998 ല്‍ O I C യില്‍ നിന്ന് പിന്മാറിയ അല്‍ബേനിയ, യൂറോപ്യന്‍ യൂണിയനിലും N A T O സഖ്യത്തിലും അംഗമാകുന്നതിനായി രാജ്യത്ത് പാശ്ചാത്യവത്കരണം നടപ്പാക്കി. 2009 ഏപ്രില്‍ ഒന്നിന് N A T O സഖ്യത്തിലും 2009 ഏപ്രില്‍ 28 ന് യൂറോപ്യന്‍ യൂണിയനിലും അംഗമായ അല്‍ബേനിയയില്‍ 2021 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭരണത്തിലിരുന്ന പാര്‍ട്ടി മൂന്നാം തവണയും അധികാരം നിലനിര്‍ത്തി.


അല്‍ബേനിയയുടെ ഭൂപടം

അല്‍ബേനിയയുടെ ദേശീയ പതാകയും ദേശീയ ചിഹ്നവും

1920 മുതല്‍ 1928 വരെ നിലനിന്നിരുന്ന Republic of Albania യുടെ നാണയം (സ്വതന്ത്ര അല്‍ബേനിയയുടെ ആദ്യ നാണയത്തില്‍ മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ ചിത്രീകരിച്ചിരിക്കുന്നു)

1928 മുതല്‍ 1939 വരെ അധികാരത്തിലിരുന്ന സോഗ് രാജാവിന്‍റെ നാണയം

1939 മുതല്‍ 1943 വരെയുള്ള ഇറ്റാലിയന്‍ അധിനിവേശക്കാലത്തെ നാണയം

1944 മുതല്‍ 1992 വരെ നിലവിലിരുന്ന Peoples Republic of Albania യുടെ നാണയം

1992 മുതല്‍ നിലവിലുള്ള Republic of Albania യുടെ നാണയം




No comments:

Post a Comment