ഇന്നത്തെ പഠനം | |
അവതരണം | രാജീവൻ കാഞ്ഞങ്ങാട് |
വിഷയം | ചിത്രത്തിനുപിന്നിലെ ചരിത്രം |
ലക്കം | 77 |
ഈജിപ്ഷ്യൻ താമര, (സേക്രെഡ് ബ്ലൂ ലില്ലി)
ഈജിപ്തിലും , ഏഷ്യയുടെ പല ഭാഗങ്ങളിലും കാണപ്പെടുന്ന ഒരു ജലസസ്യമാണ് നീലത്താമര, ഈ ജല പുഷ്പത്തിന് നീല ഈജിപ്ഷ്യൻ താമര, സേക്രെഡ് ബ്ലൂ ലില്ലി, നീല ആമ്പൽ എന്നിങ്ങന്നെ പേരുകളുണ്ട്. ഈ ജനുസ്സിലെ മറ്റു സ്പീഷീസുകളെപ്പോലെ ഈ സസ്യത്തിൽ "സൈക്കോ ആൽക്കലോയിഡ് അപോർഫിൻ" അടങ്ങിയിട്ടുണ്ട്. പുരാതന ഈജിപ്ഷ്യൻ നാഗരികതയിൽ "പവിത്രമായ നീല താമര" എന്ന് അറിയപ്പെട്ടിരുന്ന ഇത് , യഥാർത്ഥത്തിൽ താമരയല്ല, സങ്കരയിനം ആമ്പലാണ്..!!
പുരാതന കാലങ്ങളിൽ ഈജിപ്തിലെ നൈൽ നദിയുടെയും , കിഴക്കൻ ആഫ്രിക്കയുടെയും മറ്റ് ഭാഗങ്ങളിതെ ശുദ്ധജല തടാകങ്ങളിൽ നീലത്താമരയുടെ ആദ്യകാല ആവാസവ്യവസ്ഥ കാണപ്പെട്ടിരുന്നു. പിന്നീട്, ഇന്ത്യൻ ഉപഭൂഖണ്ഡം, തായ്ലാന്റ് തുടങ്ങിയ പ്രദേശങ്ങളിൽ ഈ ജലസസ്യം വിശാലമായി വ്യാപിച്ചു. ഈ ജല സസ്യത്തിന്റെ വൃത്താകൃതിയിലുള്ള ഇലയ്ക്ക് ഏകദേശം 25-മുതൽ 40-സെന്റീമീറ്ററോളം വീതി കാണപ്പെടുന്നു. യഥാർത്ഥ താമര ഇലയുമായി ഇതിന് കാഴ്ചയിൽ വിത്യാസമുണ്ട്. ആമ്പലിന്റെ ഇലകൾക്ക് മധ്യഭാഗത്തേക്ക് ഒരു കീറൽ പോലെ കാണപ്പെടുമ്പോൾ താമര ഇലക്ക് ഈ കീറൽ കാണാറില്ല. (പോസ്റ്റിലെ ചിത്രം കാണുക).
നീലത്താമരയുടെ യഥാർത്ഥ വളർച്ചയും പൂവിടുന്ന ചക്രവും പരിചയമില്ലാത്ത വ്യക്തികളുടെ സാഹിത്യ കൃതികളിൽ പൂക്കൾ രാവിലെ വിടർന്ന് ജലത്തിന്റെ ഉപരിതലത്തിലേക്ക് ഉയരുന്നു, തുടർന്ന് സന്ധ്യാസമയത്ത് വാടുകയും ജലത്തിലേയ്ക്ക് താഴ്ന്നുപോകുകയും ചെയ്യുന്നതായി ചിത്രീകരിക്കുന്നു. ഇത് പൂർണ്ണമായും തെറ്റാണ്. വാസ്തവത്തിൽ, ജല ഉപരിതലത്തിലുള്ള വിടരാറായ പുഷ്പ മുകുളങ്ങൾ, സൂര്യോദയത്തിന് ശേഷം വിടർന്ന് അസ്ഥമയത്തിന് മുമ്പായി കൂമ്പുന്നു. ഇതിന്റെ പൂക്കളും മുകുളങ്ങളും രാവിലെ ജലത്തിന് മുകളിൽ ഉയരുകയോ രാത്രിയിൽ വെള്ളത്തിൽ മുങ്ങുകയോ ചെയ്യുന്നില്ല.
നീല താമര പുഷ്പങ്ങൾക്ക് ഇളം നീല മുതൽ ആകാശ-നീല അല്ലെങ്കിൽ ഇളം-നീല ദളങ്ങളും പൂവിന്റെ മധ്യഭാഗം മങ്ങിയ മഞ്ഞനിറവും കാണപ്പെടുന്നു. ഓരോ ഭൂ-പ്രദേശത്തിനനുസരിച്ചും , ഉപ ഇനങ്ങൾക്കനുസരിച്ചും പുഷ്പത്തിന് നിറവിത്യാസം കാണപ്പെടാറുണ്ട്. സാധാരണയായി നാടൻ ആമ്പൽ ഇനങ്ങൾ രാത്രിയിൽ പൂക്കുകയും പകൽ കൂമ്പുകയും ചെയ്യും. എന്നാൽ നീലത്താമര പോലുള്ള സങ്കര ഇനങ്ങൾ പ്രഭാതത്തിൽ വിരിയുകയും അസ്തമയത്തിൽ കൂമ്പുകയും ചെയ്യുന്നു. താമരയോട് സമാനമായ സാഹചര്യങ്ങളിൽ വളരുന്ന ആമ്പൽ ചുവപ്പ്, മെറൂൺ, കടുംനീല, ഇളം നീല, മഞ്ഞ, വയലറ്റ് എന്നീനിറങ്ങളിൽ കാണപ്പെടുന്നു. ആമ്പൽലിന്റെ ഇംഗ്ലീഷ് നാമം വാട്ടർ ലില്ലി എന്നാണ് (Water lily).
ഈജിപ്ഷ്യൻ, മായൻ, സിറിയൻ, തായ് തുടങ്ങിയ വൈവിധ്യമാർന്ന സംസ്കാരങ്ങളിലുടനീളം സ്വാധീനം ചെലുത്തിയ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു പുഷ്പമാണ് നീല താമര. ഉത്കണ്ഠയും, ഉറക്കമില്ലായ്മയും പോലുള്ള അവസ്ഥകളുടെയും അസ്വസ്ഥതകളുടെയും ചികിത്സയ്ക്കായി ഒരു പരമ്പരാഗത മരുന്നായി ഈജിപ്തിൽ നീലത്താമര ഉപയോഗിച്ചിരുന്നതായി ചരിത്രകാരന്മാർ പറയുന്നു. കൂടാതെ, ഈജിപ്ഷ്യൻ കലയിൽ നീലത്താമരക്ക് വളരെ പ്രാധാന്യമുണ്ട്. ഈജിപ്തിലെ പ്രശസ്തമായ "കർണാക് ക്ഷേത്രത്തിന്റെ" ചുവരുകൾ ഉൾപ്പെടെ നിരവധി ശില്പ കലകളിലും ചിത്രങ്ങളിലും നീലത്താമര ചിത്രീകരിച്ചിട്ടുണ്ട്. പ്രാചീന ഈജിപ്ഷ്യൻ നിർമ്മിതികളുടെ ശേഷിപ്പുകൾ ഇന്നും സ്ഥിതിചെയ്യുന്ന ഒരു പൈതൃക കേന്ദ്രമാണ് കർണ്ണാക് ക്ഷേത്ര സമുച്ചയം. കർണ്ണാക് ക്ഷേത്രം പുരാതന ഈജിപ്തിലെതന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു.
ഈ ക്ഷേത്രത്തിലെ ചിത്രകലയിൽ വിരുന്ന് രംഗങ്ങൾ, നൃത്തം, ആത്മീയ - അല്ലെങ്കിൽ മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ട ആചാരം പോലുള്ള മാന്ത്രിക ചടങ്ങുകൾ എന്നിവയോടൊപ്പമെല്ലാം നീലത്താമര ചിത്രീകരിച്ചിരിക്കുന്നു. ഈജിപ്തിലെ തുത്തൻ ഖാമൻ ഫറവോയുടെ മമ്മി ഈ പുഷ്പത്താൽ മൂടപ്പെട്ടിരുന്നു എന്നാണ് പഠനങ്ങളിൽ നിന്നു വ്യക്തമാവുന്നത്. ഈജിപ്ഷ്യൻ പുരാണങ്ങളിൽ നീലത്താമര വളരെ പ്രാധാന്യമർഹിക്കുന്നു. രാത്രിയിൽ പൂക്കൾ കൂമ്പുകയും രാവിലെ വീണ്ടും വിടരുന്നതിനാൽ ഇവർ സൂര്യന്റെ പ്രതീകമായി നീല താമരയെ കാണുന്നു; കൂടാതെ, ഈജിപ്ഷ്യൻ ദേവതയായ "നെഫെർട്ടെമിന്റെ" പ്രതീകമായും ഈ പുഷ്പത്തെ കാണുന്നവരുണ്ട്..!!
പുരാതന കാലം മുതൽ ഔഷധമായും , സുഗന്ധദ്രവ്യങ്ങളും, വീഞ്ഞിന്റെ ലഹരി കൂട്ടാനും മനുഷ്യർ നീല താമര ഉപയോഗിച്ചിട്ടുണ്ട്. ചില തെളിവുകൾ സൂചിപ്പിക്കുന്നത് "സൈക്കോ ആക്റ്റീവ് ആൽക്കലോയ്ഡ് അപ്പോർഫൈൻ" അടങ്ങിയിരിക്കുന്ന നീലത്താമര ഉൾപ്പെടെയുള്ള സസ്യ- ഔഷധങ്ങൾ മായന്മാർക്കും പുരാതന ഈജിപ്തുകാർക്കും അറിയാമായിരുന്നു. ഇത് നേരിയ മയക്കത്തിന്റെ ഫലങ്ങൾ നൽകുന്നതിനാൽ ഹോമറുടെ ഒഡീസിയിൽ പുരാണങ്ങളിലെ ലൊട്ടോഫാഗികൾ ഇതിന് തെരഞ്ഞെടുത്ത സ്ഥാനം നൽകിയിരുന്നതായി പറയുന്നു. ഇന്ന് നീല താമരപ്പൂവ് ഉറക്ക സഹായിയായും ഉത്കണ്ഠാ ശമനിയായും ഉപയോഗിക്കുന്നു, എന്നാൽ നേരിയ ഉത്തേജകമായും വിശേഷിപ്പിക്കപ്പെടുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഇത് മനുഷ്യ ഉപയോഗത്തിന് അംഗീകരിക്കപ്പെട്ടിട്ടില്ല..!!
No comments:
Post a Comment