22/11/2021

ചരിത്രാന്വേഷണം - ലോക രാജ്യങ്ങളിലൂടെ (03) - അള്‍ജീരിയ

                              

ഇന്നത്തെ പഠനം
അവതരണം
അഗസ്റ്റിന്‍ സ്റ്റീഫന്‍ ഡിസൂസ
വിഷയം
ചരിത്രാന്വേഷണം - ലോക രാജ്യങ്ങളിലൂടെ
ലക്കം
03

പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് അള്‍ജീരിയ


വടക്ക് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ മെഡിറ്ററേനിയന്‍ കടല്‍ മുതല്‍ സഹാറാ മരുപ്രദേശം വരെയുള്ള മേഖലയില്‍ അള്‍ജീരിയ സ്ഥിതി ചെയ്യുന്നു. സാമാന്യം മെച്ചപ്പെട്ട കാലാവസ്ഥ, ഭേദപ്പെട്ട മഴ, ഫലഭൂയിഷ്ടമായ മണ്ണുമുള്ള പ്രദേശം. അറ്റ്ലസ് പര്‍വ്വതത്തിന്‍റെ രണ്ട് ശൃംഗലകള്‍ അള്‍ജീരിയയില്‍ കിഴക്ക് പടിഞ്ഞാറായി നീണ്ടു കിടക്കുന്നു. 7000 അടി ഉയരമുള്ള പീഠഭൂമിക്ക് താഴെയായി സഹാറാ മരുപ്രദേശം. അള്‍ജിയേഴ്സ് തലസ്ഥാനമായ അള്‍ജീരിയയില്‍ 85% അറബ് വംശജരും ബാക്കി ബെര്‍ബെര്‍ വംശജരും അധിവസിക്കുന്നു. ഔദ്യോഗിക ഭാഷയായ അറബിക്കിനൊപ്പം ഫ്രഞ്ചും പ്രദേശിക ഭാഷയായ ബെര്‍ബെറും ഉപയോഗിക്കുന്നു. ജനസംഖ്യയില്‍ 98% പേരും ഔദ്യോഗിക മതമായ ഇസ്ലാം മതവിശ്വാസികളാണ്. ഔദ്യോഗിക കറന്‍സിയായ ദിനാര്‍ (Dinar) 100 സെന്‍റീംസ് (Centimes) ആയി വിഭജിച്ചിരിക്കുന്നു.

രാജ്യചരിത്രം

ഇന്നത്തെ അള്‍ജീരിയന്‍ പ്രദേശത്ത് അധിവസിച്ചിരുന്നെന്ന്  അറിയപ്പെടുന്ന ആദ്യ ജനസമൂഹം ബെര്‍ബെര്‍ വംശജരുടെ പൂര്‍വ്വീകര്‍ ആയിരുന്നു. B C ഒന്‍പതാം നൂറ്റാണ്ടില്‍ ഈ പ്രദേശം കാര്‍ത്തേജ് സാമൃാജ്യത്തിന്‍റെ ഭാഗമായിരുന്നു. B C 145 ലെ പ്യൂണിക് യുദ്ധാനന്തരം നമിഡിയ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം റോമന്‍ കോളനിയായി. ക്രൈസ്തവ ചരിത്രത്തലെ ആദ്യകാല പ്രമുഖരില്‍ ഒരാളായ വിശുദ്ധ അഗസ്റ്റിന്‍ A D 396 ല്‍ അന്നാബയ്ക്കടുത്ത ഹിപ്പോ രൂപതയുടെ മെത്രാനായിരുന്നു. A D 440 ല്‍ അക്രമകാരികളായ ഒരു വിഭാഗം കയ്യടക്കിയതിനെ തുടര്‍ന്ന് സാംസ്കാരികമായി ഉന്നതിയിലായിരുന്ന ഈ പ്രദേശം പ്രാകൃത രീതികളിലേക്ക് കൂപ്പുകുത്തി. 

ആറാം നൂറ്റാണ്ടില്‍ ബൈസാന്‍റൈന്‍ സാമൃാജ്യത്തിന്‍റെ ഭാഗമായിരുന്ന അള്‍ജീരിയ ഏഴാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ അറബികളുടെ അധിനിവേശത്തിന്‍ കീഴിലായി. ടിലിംസാന്‍ സുല്‍ത്താനേറ്റിന്‍റെ അധീനതയിലായിരുന്നെങ്കിലും പ്രാദേശിക അമീര്‍മാര്‍ക്ക്  സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശം നല്‍കിയിരുന്നു. സ്പെയിനില്‍ നിന്ന് പുറത്താക്കപ്പെട്ട യഹൂദരും മൂറുകളും 1492 ല്‍ ഇവിടെയ്ക്ക് കുടിയേറി. 1518 ല്‍ തുര്‍ക്കികളുടെ നിയന്ത്രണത്തില്‍ ആയ അള്‍ജീരിയ മൂന്ന് നൂറ്റാണ്ടുകളോളം ക്രൂരന്മാരായ കടല്‍ക്കൊള്ളക്കാരുടെ താവളമായിരുന്നു. 1830 ല്‍ ഫ്രഞ്ചുകാര്‍ കൈവശപ്പെടുത്തിയ അള്‍ജീരിയയില്‍ 1871 ല്‍ ഉയര്‍ന്ന പ്രക്ഷോഭം അടിച്ചമര്‍ത്തപ്പെട്ടു. 1909 ല്‍ സഹാറ പ്രദേശങ്ങള്‍ കൂടി ഫ്രഞ്ച് അധീനതയിലായി.

രണ്ടാം ലോകമഹായുദ്ധ അവസരത്തില്‍ 1940 ല്‍ നാസി ജര്‍മ്മനി ഫ്രാന്‍സില്‍ കടന്നുകയറി Vichy ആസ്ഥാനമാക്കി ഒരു പാവഗവണ്മെന്‍റ് രൂപീകരിച്ചപ്പോള്‍, അള്‍ജീരിയന്‍ പ്രക്ഷോഭകാരികള്‍ അവരെ പിന്തുണച്ചു. 1942 നവംബര്‍ 8 ന് Gen. D D Eisenhower റുടെ നേതൃത്വത്തിലുള്ള സഖ്യസേന അള്‍ജീരിയ കീഴടക്കി വീണ്ടും ഫ്രഞ്ച് നിയന്ത്രണത്തില്‍ ആക്കി. 1945 ല്‍ ഫ്രഞ്ച് ഭരണത്തിനെതിരെ നടന്ന കലാപം അടിച്ചമര്‍ത്തപ്പെട്ടു.

 വ്യവസ്ഥാപിതമായ ഒരു പ്രക്ഷോഭം 1954 നവംബര്‍ ഒന്നിന് ആരംഭിച്ചു. 1958 ല്‍ Gen. Charles de Gaulle യുടെ നേതൃത്വത്തില്‍ ഭരണത്തിലെത്തിയ ഫ്രഞ്ച്  ഗവണ്മെന്‍റ് അള്‍ജീരിയയുടെ ദേശീയ സ്വയംഭരണം തത്വത്തില്‍ അംഗീകരിച്ചു. 1962 ജൂലയ് 5 ന് പൂര്‍ണ സ്വതന്ത്ര്യം നേടിയ അള്‍ജീരിയ 1962 സെപ്റ്റംബര്‍ 25 ന് റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു.

അമേരിക്കന്‍ ചേരിയിലായിരുന്ന അള്‍ജീരിയ 1967 ല്‍ ചേരി മാറി സോവിയറ്റ് പക്ഷത്തെത്തി. 1976 ല്‍ ഒരു ഇസ്ലാമിക - സോഷ്യലിസ്റ്റ് ഭരണഘടന അംഗീകരിക്കപ്പെട്ടു. 1992 അള്‍ജീരിയയിലെ പതിനായിരത്തിലധികം വരുന്ന ആരാധനാലയങ്ങളില്‍ മതപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. ദേശവ്യാപകമായി നടന്ന ഒരു ഹിതപരിശോധനയില്‍ 1996 നവംബര്‍ 28 ന്, പ്രസിഡന്‍റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ഒരു ഭരണഘടന അംഗീകരിക്കപ്പെട്ടു. അഞ്ചാം തവണയും അധികാരത്തില്‍ തുടരാനുള്ള ശ്രമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭത്തിനൊടുവില്‍ 2019 ഏപ്രില്‍ 2 ന് പ്രസിഡന്‍റ് രാജിവച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ പ്രസിഡന്‍റ് അധികമേറ്റു.


അള്‍ജീരിയയുടെ ഭൂപടം

അള്‍ജീരിയയുടെ ദേശീയ പതാക

അള്‍ജീരിയയുടെ ദേശീയ ചിഹ്നം

ഫ്രഞ്ച് അധിനിവേശക്കാലത്തെ അള്‍ജീരിയന്‍ നാണയം

റിപ്പബ്ലിക്ക് ഓഫ് അള്‍ജീരിയയുടെ ആദ്യകാല നാണയവും പില്‍ക്കാല നാണയവും





No comments:

Post a Comment