09/11/2021

ചിത്രത്തിനു പിന്നിലെ ചരിത്രം (76) - കൊതുക്


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
76

കൊതുക് 

മനുഷ്യൻ ഭൂമിയിൽ ആവിർഭവിക്കുന്നതിനും കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് , ജുറാസിക് കാലഘട്ടംമുതൽ കൊതുകുകൾ ഭൂമുഖത്തുണ്ട്. ഏതാണ്ട് 3,500 സ്പീഷീസ് കൊതുകുകളെയാണ് ഇതുവരെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത്. എന്നാലിവയിൽ ആറു ശതമാനം കൊതുകുവർഗങ്ങളിലെ , "പെൺകൊതുകുകൾ" മാത്രമാണ് രക്തം കുടിക്കുകയും രോഗം പരത്തുകയുമൊക്കെ ചെയ്യുന്നത്. അതായത്, ഏകദേശം നൂറ് സ്പീഷീസുകളിലെ പെൺകൊതുകളാണ് അപകടകാരികളായിട്ടുള്ളത്. ബാക്കിയുള്ളവ തേനും ചെടികളുടെ നീരുമൊക്കെ കുടിച്ച് ജീവിക്കുന്ന സാധുക്കളാണ്.

ലോകത്തെ ഏറ്റവും അപകടകാരിയായ ജീവികളിലൊന്നാണ് പെൺകൊതുകുകൾ. മാരകമായ പകർച്ചവ്യാധികളുടെ വാഹകരാകാനുള്ള ഇവയുടെ കഴിവാണ് ഇതിനുകാരണം. മലേറിയ, വെസ്റ്റ്-നൈൽ പനി, സിക്ക, ഡെങ്കിപ്പനി, മന്ത്, മഞ്ഞപ്പനി എന്നിങ്ങനെ ഒട്ടേറെ രോഗങ്ങളാണ് കൊതുകുകൾ പരത്തുന്നത്. ഇവയിൽ മലേറിയ, വെസ്റ്റ്-നൈൽ, ഡെങ്കിപ്പനി, മഞ്ഞപ്പനി എന്നിവ പെട്ടെന്ന് മരണകാരികളാകുന്ന രോഗങ്ങളാണ്. ഏകദേശം 80-ലക്ഷം പേരാണ് വർഷംതോറും കൊതുക് പരത്തുന്ന രോഗങ്ങൾ ബാധിച്ച് ലോകത്ത് മരിക്കുന്നത്. ലോക ജനസംഖ്യയുടെ പകുതിയും കൊതുകുകൾ പരത്തുന്ന രോഗങ്ങളിൽനിന്ന് ഭീഷണി നേരിടുന്നുണ്ട്.

കൊതുകുകളുടെ കടികൊള്ളാതെ സൂക്ഷിക്കുകയെന്നതും പ്രധാനമാണ്. നമ്മുടെ ശരീരത്തിലെ വിയർപ്പും മറ്റും ഇടകലർന്ന ഗന്ധമാണ് പലപ്പോഴും കൊതുകുകളെ ആകർഷിക്കുന്നത്. അതിനാൽ അവയ്ക്കിഷ്ടമല്ലാത്ത ഗന്ധമുള്ള ക്രീമുകളും മരുന്നുകളുമൊക്കെ പുരട്ടുന്നത് കൊതുകുകളിൽനിന്ന് രക്ഷപ്പെടാൻ സഹായിക്കും. കൂടാതെ, കൊതുക് കുത്താതിരിക്കാനുള്ള വസ്ത്രങ്ങൾ ഇപ്പോൾ ലഭ്യമാണ്. ഇഴയടുപ്പം കൂടിയ ഈ വസ്ത്രങ്ങളുടെ നൂലുകൾക്കിടയിലൂടെ കൊതുകിന് കുത്താനാവില്ല. കൈയും കാലുമൊക്കെ മൂടുന്ന നീളൻ വസ്ത്രങ്ങൾ ധരിച്ചും കൊതുകുവല ഉപയോഗിച്ചും കൊതുക് കടിയേൽക്കാതെ സൂക്ഷിക്കാം.

ഒരു പ്രദേശത്തെ, കൊതുകുകളുടെ പെരുപ്പം നിയന്ത്രിക്കാനായി പല രീതികളും ശാസ്ത്രജ്ഞർ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിലുള്ളൊരു പരീക്ഷണമാണ് ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാലാ ഗവേഷകരും "ഓക്സിടെക്" എന്ന കമ്പനിയും ചേർന്നുനടത്തിയത്. ജനിതക വ്യതിയാനം വരുത്തിയ "ഈഡിസ് ഈജിപ്തി" ആൺ കൊതുകുകളെ അവർ വൻതോതിൽ കൊതുകു കളുണ്ടായിരുന്ന കേയ്മാൻ ദ്വീപുകളിൽ എത്തിച്ചു. ഈ കൊതുകുകൾ ദ്വീപിലെ പെൺ കൊതുകു കളുമായി ഇണ ചേർന്ന് അടുത്ത തലമുറയെ സൃഷ്ടിച്ചെങ്കിലും അടുത്ത തലമുറയിലെ കൊതുകുകൾക്ക് പ്രത്യുൽപാദനശേഷി ഇല്ലായിരുന്നു. ഇങ്ങനെ 2009-മുതൽ 2010-വരെയുള്ള ചെറിയ കാലയളവിൽ ദ്വീപിലെ 96-ശതമാനം കൊതുകും ഇല്ലാതായി.

ജനിതകമാറ്റം വഴി കൊതുകുകളുടെ പ്രത്യുത്പാദന പ്രക്രിയയിൽ മാറ്റംവരുത്തി അവയുടെ വംശഹത്യയിലേക്ക് നയിക്കുന്നതാണ് കൊതുകു പരത്തുന്ന രോഗങ്ങൾ നിർമാർജനം ചെയ്യാനുള്ള പുതിയ വഴി. ഇതിനായി "ഈഡിസ് ഈജിപ്തി" കൊതുകുകളിൽ ജനിതകമാറ്റത്തിലൂടെ ആർ.എൻ.എ. തന്മാത്രകൾ പ്രവേശിപ്പിക്കുന്നു. ഈ കൊതുകുകളുടെ മുട്ടകളുടെ തോടിന് കട്ടി വളരെയധികം കുറവായിരിക്കും. മുട്ടവിരിയാതെ, ക്രമേണ കൊതുകുകൾക്ക് വംശനാശം സംഭവിക്കും. ഇങ്ങനെ ഒരു പ്രദേശത്തെ കൊതുകുകളുടെ വംശവർദ്ധനവ് നിയന്ത്രിക്കാനാവും.

കൊതുകുകളെ പൂർണമായി ഇല്ലായ്മ ചെയ്യുന്നതിനോട് ശാസ്ത്ര ലോകത്തിന് യോജിപ്പില്ല. കൊതുകുകളില്ലാതായാൽ പകരം മറ്റൊരു ജീവിവർഗം പ്രകൃതിയിൽ ഉണ്ടാവാനുള്ള സാധ്യതയാണ് പ്രധാന കാരണം. ഇങ്ങനെയുണ്ടാകുന്ന ജീവിവർഗ്ഗം ഒരു പക്ഷേ, കൊതുകു കളേക്കാൾ ഭീഷണി ആയേക്കാം. ആമസോൺ പോലുള്ള പല ഘോര വനങ്ങളിൽ ആധുനിക മനുഷ്യരുടെ അധിനിവേശത്തിൽനിന്ന് രക്ഷിക്കാൻ മാരകരോഗങ്ങൾ പരത്തുന്ന ഈ കൊച്ചു പ്രാണികൾക്ക് മാത്രമാണ് കഴിയുന്നതെന്നതും മറ്റൊരു കാരണമാണ്. അതിനാൽ, കൊതുകുകളെ പൂർണമായി ഉന്മൂലനം ചെയ്യാതെ , അവ പരത്തുന്ന രോഗങ്ങളെ ചെറുക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. സ്വന്തം വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുകയെന്നതാണ് കൊതുകിനെ അകറ്റിനിർത്താനുള്ള പ്രധാനവഴി.

കൊതുകുകൾ പെറ്റു പെരുകുന്നത് നിയന്ത്രിക്കാൻ പലരും പലസംവിധാനങ്ങളും ഉപയോഗിക്കാറുണ്ട്.  കൊതുകുകൾ യഥാർഥത്തിൽ മനുഷ്യരെ വായ കൊണ്ട് കടിക്കുകയല്ല ചെയ്യുന്നത് , മറിച്ച് , ത്വക്കിലേക്ക് നേർത്ത രണ്ട് സൂചി കുഴലുകൾ കുത്തിയിറക്കി രക്തം വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതായത്, ഒരു സൂചി കൊണ്ട് തൊലി മരവിപ്പിക്കാനും, രക്തം കട്ട പിടിക്കാതിരിക്കാനുമുള്ള എൻസൈം കുത്തിവെച്ചശേഷം മറ്റേ കുഴലുകൊണ്ടാണ് രക്തം വലിച്ചെടുക്കുകയാണിവ ചെയ്യുക. ഇങ്ങനെ കുത്തിവെക്കപ്പെടുന്ന ഉമിനീരാണ് തൊലിപ്പുറത്ത്  പാടുകളും ചൊറിച്ചിലുമൊക്കെ ഉണ്ടാക്കുന്നത്. ഈ ഉമിനീരിൽ രോഗാണുക്കളുമുണ്ടാവാം. കൊതുകുകൾ ഇങ്ങനെ ഊറ്റിയെടുക്കുന്ന രക്തം തങ്ങളുടെ തന്നെ വയറ്റിലെ മുട്ടകളുടെ വളർച്ചയ്ക്കായാണ് അവ ഉപയോഗിക്കുക. ഭക്ഷണത്തിനായി ആൺ കൊതുകുകളും പെൺകൊതുകുകളും ആശ്രയിക്കുന്നത് സസ്യങ്ങളെത്തന്നെയാണ്.

കൊതുകുകളെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിമറിച്ചത് 1897-ഓഗസ്റ്റ് 20-ന് "റൊണാൾഡ് റോസ് " എന്ന ഡോക്ടർ നടത്തിയ കണ്ടുപിടിത്തമായിരുന്നു. മലേറിയ പരത്തുന്നത് പെൺകൊതുകുകളാണെന്ന ഈ കണ്ടുപിടുത്തത്തിന്റെ ഓർമപ്പെടുത്തലായാണ് ഓഗസ്റ്റ് 20 അന്താരാഷ്ട്ര കൊതുകുദിനമായി ആചരിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ അൽമോറയിൽ ജനിച്ച അദ്ദേഹം ഇംഗ്ലണ്ടിലെ വൈദ്യ ശാസ്ത്ര പഠനത്തിനുശേഷം ഇന്ത്യൻ മെഡിക്കൽ സർവീസിൽ പ്രവേശിച്ചു. ഇന്ത്യയിലെ 25-വർഷത്തെ സേവനത്തിനിടയിലാണ് മലേറിയ എന്ന മാരക മരണ വ്യാധിയെക്കുറിച്ചുള്ള ഗവേഷണത്തിൽ അദ്ദേഹം ശ്രദ്ധപതിപ്പിക്കുന്നത്. 

1897-ഓഗസ്റ്റ് 20-ന് മലേറിയ ബാധിതരുടെ രക്തത്തിൽനിന്ന് കണ്ടെത്തിയ രോഗകാരിയായ പരാദത്തെ പരിസരത്തെ കൊതുകുകളിൽനിന്നും അദ്ദേഹം കണ്ടെത്തി. മാരക രോഗങ്ങൾ പരത്തുന്നതിൽ കൊതുകുകൾക്കുള്ള പങ്കിലേക്ക് വെളിച്ചംവീശിയത് ഈ കണ്ടെത്തലായിരുന്നു. പിന്നീട്, മലേറിയ രോഗ കാരിയായ പരാദത്തിന്റെ (പ്ളാസ്മോഡിയം) ജീവിത ചക്രത്തെക്കുറിച്ചുള്ള പഠനത്തിന് 1902-ൽ അദ്ദേഹത്തിന് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനവും ലഭിച്ചു.





No comments:

Post a Comment