ഇന്നത്തെ പഠനം | |
അവതരണം | രാജീവൻ കാഞ്ഞങ്ങാട് |
വിഷയം | ചിത്രത്തിനുപിന്നിലെ ചരിത്രം |
ലക്കം | 81 |
ഹുപ്പു
കല്ലുകൾ കൊത്തിത്തുളയ്ക്കാൻ ശേഷിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കേരളത്തിൽ കാണപ്പെടുന്ന ഒരു പക്ഷിയാണ് ഉപ്പൂപ്പൻ. ഹുപ്പു എന്നും വിളിക്കുന്നു ഇംഗ്ലീഷ് നാമം - Hoopoe Bird. ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും നിരവധി ഉപജാതികളായി കണ്ടുവരുന്ന ഈ പക്ഷി ഇസ്രയേലിന്റെ ദേശീയപക്ഷിയുമാണ്. മലയാളമടക്കം ഒട്ടുമിക്ക ഭാഷകളിലും ഈ പക്ഷിയുടെ പേര് ഇവ സൃഷ്ടിക്കുന്ന ശബ്ദത്തിൽ നിന്നും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. ലോകത്തെമ്പാടുമായി ഒൻപത് ഉപജാതികളെയെങ്കിലും കാണപ്പെടുന്നു. ഉപജാതികൾ നിറത്തിന്റെ ഏറ്റക്കുറച്ചിലിനാലും വലിപ്പവ്യത്യാസത്താലുമാണ് വ്യത്യസ്തമായിരിക്കുന്നത്. കേരളത്തിലെ ചില പ്രദേശങ്ങളിൽ പുതിയാപ്ല പക്ഷി എന്നും വിളിക്കപ്പെടാറുണ്ട്.
ആൺപക്ഷിയും പെൺപക്ഷിയും തമ്മിൽ വ്യത്യാസമുണ്ടാകാറില്ല. തലയിൽ മുന്നിൽ നിന്ന് പിന്നിലോട്ട് വിശറി പോലുള്ള കിരീട തൂവലുകളാണ് പക്ഷിയുടെ പ്രധാന പ്രത്യേകത. തൂവൽക്കിരീടത്തിന് തവിട്ട് കലർന്ന ഓറഞ്ച് നിറവും അഗ്രഭാഗത്ത് കറുത്തനിറവുമാണ് ഉണ്ടാവാറ്. ദക്ഷിണ ഇന്ത്യയ്ക്ക് പുറത്തുള്ള മിക്ക ഉപജാതികളിലും തൂവൽക്കിരീടത്തിൽ ഓറഞ്ച് നിറത്തിന്റേയും കറുത്ത നിറത്തിന്റേയും മദ്ധ്യത്തിലായി ഒരു വെളുത്ത പട്ട കൂടി കാണാവുന്നതാണ്. കേരളത്തിൽ കണ്ടുവരുന്ന ഇനത്തിന് മറ്റ് ഉപജാതികളെ അപേക്ഷിച്ച് തീക്ഷ്ണമായ നിറമാണുള്ളത്.
മുപ്പത് സെന്റീമീറ്ററോളം നീളവും വിടർത്തിയ ചിറകുകൾക്ക് 45-സെന്റീ മീറ്റർ വരെ അകലവും ഉണ്ടാവും. കറുത്ത കണ്ണുകളും മണ്ണിൽ നടക്കാൻ ശേഷിയുള്ള കാലുകളുമാണ് ഈ പക്ഷികൾക്കുണ്ടാവുക. ബലമേറിയ നീണ്ട വീതികുറഞ്ഞ കറുത്തതോ കറുപ്പുനിറം കലർന്ന ചാരനിറമുള്ളതോ ആയ കൊക്കുകളും തലയിൽ രൂപപ്പെട്ടിരിക്കുന്ന ശക്തമായ പേശികളും ചേർന്ന് കൊക്ക് മണ്ണിൽ കുത്തിയിറക്കാനും, ആ അവസ്ഥയിൽ തന്നെ കൊക്ക് തുറക്കാനും ഇവയെ സഹായിക്കുന്നു. ഇരതേടൽ മിക്കവാറും ഇപ്രകാരമാണ്. ഭക്ഷണം തേടുന്ന അവസരത്തിൽ തൂവൽക്കിരീടം പിന്നോട്ട് ചാഞ്ഞ് ഒന്നായി ഇരിക്കും. പതുക്കെയാണ് പറക്കുക. ഏതാനം വട്ടം ചിറകടിച്ച ശേഷം ചിറകുകൾ പാതി പൂട്ടി അല്പദൂരം ഊളിയിട്ട് പോകുന്ന സ്വഭാവമുണ്ട്.
യൂറോപ്പ്, ഏഷ്യ, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലെല്ലാം ഈ പക്ഷികളെ കാണാം. ഹിമാലഭാഗങ്ങളിൽ കാണപ്പെടുന്നവയെ ആണ് പ്രധാന ജാതിയായി കണക്കാക്കുന്നത്. മറ്റുള്ളവയെ ഉപജാതികളായി കണക്കാക്കുന്നു. യൂറോപ്പിൽ കാണപ്പെടുന്നവയും ഏഷ്യയുടെ ഉത്തരഭാഗത്ത് കാണുന്നവയും ശീതകാലത്ത് ഭൂമദ്ധ്യരേഖാ പ്രദേശങ്ങളിലോട്ട് ദേശാടനം ചെയ്യാറുണ്ട്. പശ്ചിമഘട്ടം, ശ്രീലങ്ക തുടങ്ങിയ പ്രദേശങ്ങളിൽ കാലാവസ്ഥയ്ക്കനുസരിച്ച്, പ്രധാനമായും മൺസൂൺ കാലത്ത് മാറിത്താമസിക്കാറുണ്ട്.
പൊതുവേ തുറസ്സായ പ്രദേശങ്ങൾ ഇഷ്ടപ്പെടുന്ന ഈ പക്ഷി കനത്ത കാടുകൾ ഒഴിവാക്കുന്നു. അതേ സമയം ചെറിയ കുറ്റിക്കാടുകളും പുൽപ്പടർപ്പുകളുമുള്ള പ്രദേശങ്ങളിലാണ് ഈ പക്ഷികളെ മിക്കവാറും കാണുക. മണ്ണിൽ ഇറങ്ങി നടന്ന് കൊക്ക് കൊണ്ട് മണ്ണിൽ നിന്നും ഇരയെ കണ്ടെത്തിയാണ് ഭക്ഷണം കഴിക്കുന്നത്. ശത്രുക്കളുടെ ഭീഷണികൾ നേരിടുമ്പോൾ വലിയ മരങ്ങളുടേയും കെട്ടിടങ്ങളുടേയും മുകളിൽ അഭയം തേടുമെങ്കിലും ഭക്ഷണം കണ്ടെത്തൽ മിക്കവാറും മണ്ണിലാണ്.
ഫെബ്രുവരി മുതൽ ജൂലൈ വരെയുള്ള കാലമാണ് പ്രത്യുത്പാദന കാലം. എങ്കിലും ഏപ്രിൽ-മേയ് മാസങ്ങളിലാണ് കൂടുതൽ കൂടുകളും കാണാനാവുക. പെട്ടെന്ന് ദൃഷ്ടിയിൽ പെടാത്ത സ്ഥലത്താണ് കൂടുണ്ടാക്കുക. മൃദുവായ സാധനങ്ങളും ചുള്ളിക്കമ്പുകളും വാരിക്കൂട്ടിയിട്ടതു പോലുള്ള കൂടായിരിക്കും. മരങ്ങളിലോ, ഭിത്തികളിലോ, മണ്ണിൽത്തന്നെയോ പൊത്തുള്ള ഭാഗങ്ങൾ കൂടിനായി തിരഞ്ഞെടുക്കാറുണ്ട്. ഒരു സമയം ഒരു ഇണയെ മാത്രം തിരഞ്ഞെടുക്കുന്ന ഇവ, തങ്ങളുടെ അവകാശ പരിധി ശബ്ദം പുറപ്പെടുവിച്ച് മറ്റുള്ളവയെ അറിയിച്ചുകൊണ്ടിരിക്കും. അതിക്രമിച്ച് കയറുന്നവയുമായി കനത്ത ഏറ്റുമുട്ടലും നടക്കാറുണ്ട്.
മുട്ടയിട്ട് കഴിഞ്ഞാൽ വിരിയുന്നതു വരെ പെൺപക്ഷി കൂട് വിടാറില്ല. പെൺ പക്ഷിയ്ക്ക് ഭക്ഷണം ആൺപക്ഷി എത്തിക്കുകയാണ് പതിവ്. ഇക്കാലത്ത് പെൺപക്ഷി ദുർഗന്ധം വമിപ്പിക്കുകയും ചെയ്യും. കൂട് വൃത്തിയാക്കാറു മില്ലാത്തതിനാൽ, ദുർഗന്ധം മൂലം കൂടിനടുത്ത് ചെല്ലുക ബുദ്ധിമുട്ടായിരിക്കും. മൂന്ന് മുതൽ പത്ത് വരെ ദീർഘാകാരമുള്ള അറ്റം കൂർത്ത മുട്ടകളായിരിക്കും ഇടുക. പച്ച കലർന്ന നീലനിറമുള്ള അല്ലെങ്കിൽ ഒലിവ് ബ്രൗൺ നിറമുള്ള തിളക്കമില്ലാത്ത മുട്ടകൾ വിരിയാറാകുമ്പോഴേക്കും കൂട്ടിലെ മാലിന്യങ്ങളിൽ കിടന്ന് തവിട്ടുനിറമാകും. ഒരിഞ്ച് വരെയാകും മുട്ടകളുടെ വലിപ്പം.
ഇസ്രയേലിൽ ഈ പക്ഷികൾക്ക് കല്ലുകൾ വരെ കൊത്തി തുളയ്ക്കാൻ ശേഷിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. എത്യോപ്യൻ ജൂതർ ഈ പക്ഷിയെ "മോശയുടെ പക്ഷി" എന്നു വിളിക്കുന്നു, ഈ പക്ഷിയ്ക്ക് അവരെ ജറുസലേമിൽ എത്തിക്കാൻ കഴിയുമെന്നും അവർ വിശ്വസിച്ചിരുന്നു. എന്നാൽ പരമ്പരാഗത ജൂത സാഹിത്യത്തിൽ ഈ പക്ഷിയെ "വൃത്തിയില്ലാത്ത" പക്ഷികളായാണ് കണക്കാക്കുന്നത്.
No comments:
Post a Comment