ഇന്നത്തെ പഠനം | |
അവതരണം | രാജീവൻ കാഞ്ഞങ്ങാട് |
വിഷയം | ചിത്രത്തിനുപിന്നിലെ ചരിത്രം |
ലക്കം | 82 |
കോഴിപ്പോര്
സിന്ധൂ നദീതട സംസംസ്കാരത്തിൽപ്പോലും നിലനിന്നിരുന്ന, ഏറെ പഴക്കമുള്ള ഒരു വിനോദമാണ് കോഴിപ്പോര്. പേർഷ്യയിൽ ആറായിരം വർഷങ്ങൾക്കു മുമ്പേ ഇത് നിലനിന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലടക്കം മിക്ക രാജ്യങ്ങളിലും പണ്ടു മുതലേ പ്രചാരം നേടിയ ഒരു വിനോദമാണിത്. തമിഴിൽ "ചേവൽ ചണ്ടൈ" എന്നറിയപ്പെടുന്ന ഈ വിനോദത്തിന് തമിഴ്നാട്ടിൽ ഏറെ ആരാധകരുണ്ട്. ഇന്ത്യയുൾപ്പെടെ ലോകത്തെങ്ങും കോഴിപ്പോര് നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് ഇപ്പോഴും തുടരുന്നുണ്ട്. ഇന്ത്യയിലെ ശിക്ഷാനിയമം 428, 429 വകുപ്പുകളിലും മൃഗപീഡന നിയമം പതിനൊന്നാം വകുപ്പിലും കോഴിപ്പോരു നടത്തുന്നവരെ അറസ്റ്റുചെയ്യാൻ നിയമമുണ്ട്.
പ്രത്യേക പരിശീലനം നൽകിയ പൂവൻകോഴികളെയാണ് പോരിനിറക്കുക. ചെറുപ്പത്തിലേ കോഴികളെ പിടികൂടി, ചെറിയ കൂടുകളിലടക്കുകയും നന്നായി തീറ്റയും മരുന്നുകളും നൽകുകയും ചെയ്യുന്നു. "പോര് കോഴി" എന്നാണിവ അറിയപ്പെടുക. നേരമ്പോക്കിനായി തുടങ്ങിയ ഈ വിനോദം ഇന്ന് ചൂതുകളി വ്യവസായമായി മാറിയിട്ടുണ്ട്. മെയ് കരുത്തും , ആക്രമണ സ്വഭാവമുള്ളതുമായ പോരുകോഴികളെ പ്രത്യേകം വളർത്തിയെടുക്കുന്നു. കോഴികളുടെ കാലുകളിൽ "അള്ളുകൾ" എന്ന പേരിലുള്ള കൂർത്തുമൂർത്ത ലോഹനിർമിതമായ ചെറു കത്തികളും ലോഹ മുള്ളുകളും വെച്ചുപിടിപ്പിക്കുന്നു. കാലുകളിലെ നഖം വെട്ടിക്കളഞ്ഞ് മുറിവുണങ്ങുമ്പോൾ തൽസ്ഥാനത്ത് മൂന്നിഞ്ചുവരെ വലിപ്പമുള്ള കത്തികളോ അഗ്രം വളഞ്ഞ കൊളുത്തുകളോ ഘടിപ്പിക്കുകയാണ് സാധാരണ ചെയ്യുന്നത്.
അഞ്ചോ ആറോ മീറ്റർ വ്യാസത്തിലുള്ള വൃത്താകൃതിയിൽ സജ്ജമാക്കിയ പോർക്കളത്തിലാണ് മത്സരം. പോരിനു മുമ്പേ അല്പം മദ്യം ഇവയ്ക്കു നൽകാറുണ്ട്. ഒന്നിന്റെ കഴുത്തിൽ മുറുക്കിപ്പിടിച്ചു , രണ്ടാമത്തേതിനെ ക്കൊണ്ടു കൊത്തിച്ച് ദേഷ്യം പിടിപ്പിക്കും. പോരു കോഴികൾ തമ്മിൽ ഓടിയടുത്തു കൊത്തുക, ഒഴിഞ്ഞുമാറി തലയുടെ പലഭാഗത്തും പൂവിലും മുതുകിലും കഴുത്തിലും കൊത്തുക, കാലിലെ ലോഹ മുള്ളുകൊണ്ട് ശക്തിയായി മാന്തുക തുടങ്ങിയവയാണ് ഇവയുടെ ആക്രമണ രീതികൾ. കഴുത്തിലും തലയിലും മുറിവേറ്റ് വായിലൂടെ രക്തമൊഴുക്കി ഒന്ന് മരിച്ചുവീഴുന്നതു വരെ പോര് തുടരും. ചിലപ്പോൾ രണ്ടാമത്തേതിനു മാരകമായി മുറിവേറ്റിട്ടുണ്ടാകും. പിന്നെയും പോരാട്ടത്തിനു ശേഷിയുണ്ടെങ്കിൽ തിരികെ കൂട്ടിലാക്കും. കോഴികളിലൊന്നിന്റെ കാലൊടിയുകയോ കണ്ണ് തകരുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഉടമ അതിന്റെ കഴുത്തു ഞെരിക്കും. അങ്കം ജയിച്ച കോഴിയും ചിലപ്പോൾ ചത്തുവീഴാറുണ്ട്. അവയുടെ ഇറച്ചിയാണ് ജേതാവിനും അനുയായികൾക്കും അന്നത്തെ സദ്യ.
ഇന്ത്യയിൽ - പാലക്കാട്, തമിഴ് നാട്, ഒറീസ, ആന്ധ്രാപ്രദേശ്, ബീഹാർ എന്നിവിടങ്ങളിലെ ഗ്രാമങ്ങളിൽ കോഴിപ്പോരിന് നല്ല പ്രചാരമുണ്ട്. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് തമിഴ്ഗ്രാമങ്ങളിൽ കോഴിയങ്കം നടക്കുന്നത്. തിരുച്ചി, തഞ്ചാവൂർ, മധുരൈ, പുതുക്കോട്ട,പൊള്ളാച്ചി, മീനാക്ഷിപുരം തുടങ്ങിയ സ്ഥലങ്ങളിലും കോഴിപ്പോര് മത്സരങ്ങൾ നടക്കാറുണ്ട്. ചോളവും കോറയുമാണ് പോരു കോഴികളുടെ പ്രധാന ഭക്ഷണം.
No comments:
Post a Comment