25/11/2021

ചിത്രത്തിനുപിന്നിലെ ചരിത്രം (83) - കണ്ടൽ കാടുകൾ (MANGROVES)

      

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
83

കണ്ടൽ കാടുകൾ (MANGROVES)

40 വർഷംമുമ്പ് കേരളത്തിൽ വ്യാപിച്ചുകിടന്നത് 700 ചതുരശ്ര കിലോമീറ്റർ കണ്ടൽവനം. ഇപ്പോഴത് 17 ചതുരശ്ര കിലോമീറ്ററിലേക്ക് ചുരുങ്ങിയെന്ന് വനംവകുപ്പ്. സംസ്ഥാനത്തെ കണ്ടൽവന വിസ്തൃതി 25.2 ചതുരശ്ര കിലോമീറ്ററാണെന്ന് 2010-ലെ കേരള ശാസ്ത്ര-സാഹിത്യ പരിഷത്ത് പഠനം. എങ്ങനെയായാലും നാല് പതിറ്റാണ്ടിനിടെ 96 ശതമാനത്തിലേറെ കണ്ടൽക്കാടുകൾ നഷ്ടപ്പെട്ടുവെന്ന് വ്യക്തം.

ഭൂമിയുടെ വൃക്ക എന്നുവരെ കണ്ടൽവനം വിശേഷിപ്പിക്കപ്പെടുന്നുണ്ട്. കൊടുങ്കാറ്റ്, സുനാമി, വെള്ളപ്പൊക്കം എന്നിവയിൽനിന്നുള്ള തീരദേശത്തിന്റെ രക്ഷാകവചമായും ജൈവസമ്പത്തിന്റെ അമൂല്യമായ കലവറയായും പരിസ്ഥിതിസന്തുലനത്തിൽ നിർണായക പങ്ക് വഹിക്കേണ്ട കണ്ടൽക്കാടുകൾ ഇന്ന് ഉന്മൂലനത്തിന്റെ വക്കിലാണ്. ജനസംഖ്യാവർധനയും വികസനവുംമൂലം കണ്ടൽവനത്തിൽ ഒരുപരിധിവരെ കുറവുണ്ടായത് സ്വാഭാവികം. എന്നാൽ, കണ്ടൽവനം അശേഷം ഇല്ലാതാക്കാനുള്ള കടുംകൈകളെ തടഞ്ഞില്ലെങ്കിൽ കേരളത്തിന്റെ പരിസ്ഥിതി സന്തുലനത്തിൽ അത് പരിഹരിക്കാനാവാത്ത ആഘാതമായി മാറും.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നൂറേക്കറിലേറെ കണ്ടൽക്കാടുകളാണ് വെട്ടിയും തീവെച്ചും ചതുപ്പുനിലം നികത്തിയും മാലിന്യക്കൂമ്പാരങ്ങൾ വാരിയെറിഞ്ഞും നശിപ്പിച്ചത്.  പുഴയോരത്ത് നിത്യേന കൊണ്ടിടുന്ന മാലിന്യക്കൂമ്പാരങ്ങൾ വിശാലമായ കണ്ടൽക്കാടിന്റെ പച്ചപ്പ് മായ്ച്ചുകളഞ്ഞിട്ടുണ്ട്.

മത്സ്യസമ്പത്തിന്റെ ഈറ്റില്ലമായ കണ്ടൽക്കാടുകൾ അഞ്ച് ഹെക്ടറോളമാണ്  നശിപ്പിച്ചത്.  കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ആസ്​പത്രി, കോസ്റ്റ് ഗാർഡ് അക്കാദമി, ടൂറിസം എന്നിവയ്ക്കായി 70 ഹെക്ടറിലേറെ കണ്ടലുകൾ നശിപ്പിച്ചു. പല മാർഗങ്ങളുപയോഗിച്ച് കണ്ടൽക്കാടുകൾ നശിപ്പിക്കുന്നു.ലാഭം ലാക്കാക്കിയുള്ള ചെമ്മീൻഫാമുകളുടെ നിർമാണം, റിസോർട്ടുകളുടെ വ്യാപനം, റിയൽ എസ്റ്റേറ്റ് താത്പര്യങ്ങൾ, ടൂറിസം, കൈയേറ്റങ്ങൾ, സർക്കാരിന്റെ വികസനപദ്ധതികൾ എന്നിവയെല്ലാം കണ്ടൽക്കാടുകളുടെ നാശത്തിന് വഴിയൊരുക്കുന്നു.

സംസ്ഥാനത്ത് കണ്ടൽവനത്തിന്റെ 70 ശതമാനത്തിലേറെ സ്വകാര്യ ഉടമസ്ഥതയിലാണെന്ന് വനംവകുപ്പ് പറയുന്നു. സ്വകാര്യ ഉടമസ്ഥത 52.35 ശതമാനമാണെന്ന് ശാസ്ത്ര-സാഹിത്യ പരിഷത്തിന്റെ സർവേ രേഖപ്പെടുത്തുന്നു. ഉടമസ്ഥത ആരുടെ കൈവശമാണെങ്കിലും ഒട്ടേറെ വനം-പരിസ്ഥിതി നിയമങ്ങൾ നഗ്നമായി ലംഘിച്ചാണ് കണ്ടൽക്കാടുകൾ പിഴുതുമാറ്റുന്നത്. കേരളത്തിൽ 18 ഇനം ശുദ്ധ കണ്ടലുകൾ ഉഷ്ണ-മിതോഷ്ണ മേഖലകളിൽ ഉപ്പുവെള്ളമുള്ളതും വേലിയേറ്റവും വേലിയിറക്കമുള്ളതുമായ കടലോരത്തോ പുഴയോരത്തോ അഴിമുഖങ്ങളിലോ വളരുന്ന പ്രതേക്യതരം വനമാണ് കണ്ടൽക്കാടുകൾ. ഉപ്പുവെള്ളമുള്ള കായലോരത്തും കണ്ടലുകൾ വളരും. മരം, കുറ്റിച്ചെടി, വള്ളിച്ചെടി എന്നീ വിഭാഗത്തിൽപ്പെട്ട കണ്ടൽവനമുണ്ട്. കണ്ടൽക്കാടുകൾക്കിടയിലോ അവയ്ക്ക് സമീപമായോ വളരുന്ന പ്രതേക്യതരം സസ്യങ്ങളുണ്ട്. ശുദ്ധ കണ്ടലുകളല്ലാത്ത അവയെ കണ്ടൽസഹവർത്തികളെന്നോ കണ്ടൽക്കൂട്ടാളികളെന്നോ വിശേഷിപ്പിക്കപ്പെടുന്നു. സംസ്ഥാനത്ത് 18 ഇനം ശുദ്ധ കണ്ടലുകളും 54 തരം കണ്ടൽസഹവർത്തികളുമുണ്ടെന്ന് കേരള വനഗവേഷണ ഇൻസ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

1) ചുള്ളിക്കണ്ടൽ, 2) പൂക്കണ്ടൽ, 3) ചെറു ഉപ്പട്ടി, 4) ഉപ്പട്ടി, 5) കുറ്റിക്കണ്ടൽ (ചെറുകണ്ടൽ) 6) കരക്കണ്ടൽ (പേനക്കണ്ടൽ), 7) സ്വർണക്കണ്ടൽ, 8) ആനക്കണ്ടൽ, 9) കണ്ണാമ്പൊട്ടി, 10) മുകുറം (നാകം), 11) വള്ളിക്കണ്ടൽ, 12) കടക്കണ്ടൽ, 13) ഞെട്ടിപ്പന, 14) പീക്കണ്ടൽ, 15) പ്രാന്തൻ കണ്ടൽ, 16) ചില്ലക്കമ്പട്ടി (കരിമാട്ടി), 17) നക്ഷത്രക്കണ്ടൽ, 18) ചക്കരക്കണ്ടൽ എന്നിവയാണ് ശുദ്ധകണ്ടലുകൾ. ലോകത്ത് 124 രാജ്യങ്ങളിലായി രണ്ട് കോടിയോളം ഹെക്ടർ സ്ഥലത്ത് (19.8 ദശലക്ഷം ഹെക്ടർ) കണ്ടൽക്കാടുണ്ട്. ഇന്തോനേഷ്യയിലാണ് ഏറ്റവും കൂടുതലുളളത്. ഇന്ത്യയിൽ 6740 ചതുരശ്ര കിലോമീറ്ററിൽ കണ്ടൽവനമുണ്ട്. പശ്ചിമബംഗാളിലെ സുന്ദർബൻസ് ഉൾപ്പെടെയുള്ള കിഴക്കൻ തീരങ്ങളിലാണ് കൂടുതൽ. വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവയൊഴിച്ചുള്ള കേരളത്തിലെ പത്ത് ജില്ലകളിലും കണ്ടൽവനമുണ്ട്.








No comments:

Post a Comment