28/11/2021

ചിത്രത്തിനുപിന്നിലെ ചരിത്രം (84) - കസ്കസ് (Poppy seeds)

       

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
84

കസ്കസ് (Poppy seeds)

നമ്മുടെ നാട്ടിലെ ഭക്ഷണങ്ങളിൽ, പ്രത്യേകിച്ച് ബിരിയാണി (Biriyani), ഡെസേട്ട്, കറികളിലൊക്കെ ഉപയോഗിക്കുന്ന, നാട്ടിൽ സുലഭമായി ലഭിക്കുന്ന പോപ്പി സീഡ്‌സ്ന് (ഓപ്പിയം-പോപ്പി സീഡ്സ് ) ഗൾഫിലും, ചിലരാജ്യങ്ങളിലും മാത്രം എന്തിന് നിരോധിച്ചു എന്നാണ് അറിയേണ്ടത്. പുറമേ നിരുപദ്രവകാരിയും ഇന്ത്യയിൽ നിരോധനം ഇല്ലാത്തതുമായ ഭക്ഷ്യവസ്തുവാണ് പോപ്പി സീഡ്സ് അഥവാ കസ്കസ്..!!

ഓപിയം എന്ന മയക്കു മരുന്ന് (Opium drug) നമ്മുടെ കാബേജിന്റെ (Cabbage) വർഗ്ഗത്തിൽപ്പെടുന്ന "പാപ്പാവർ സോമ്നിഫറം" എന്ന ശാസ്ത്ര നാമമുള്ള ചെടിയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നതാണ്. ലോകത്തിൽ വെച്ച് ഏറ്റവും ശക്തവും വ്യാപക ഉപയോഗത്തിലുള്ളതുമായ മയക്കുമരുന്നാണ് കറുപ്പ് അഥവാ ഓപിയം. ഓപ്പിയവും ഹെറോയിനും വേദനാ സംഹാരിയായ മോർഫിനുമൊക്കെ ഉണ്ടാക്കുന്നത് കറുപ്പിൽ നിന്നാണ്. ഇന്ത്യയിൽ സർക്കാർ ലൈസൻസോടെ കൃഷി ചെയ്യുന്ന ചെടിയാണിത്.

നട്ടു വളർത്തി 80-മുതൽ100-ദിവസങ്ങൾ ആവുമ്പോഴേയ്ക്കും കായ്കൾ ഉണ്ടാവും. ഈ കായയ്ക്ക് അകത്ത് കിടക്കുന്ന വിത്തുകളാണ് പോപ്പി സീഡ്‌സ്. എന്നാൽ കായയെ പൊതിഞ്ഞു കിടക്കുന്ന പുറം തൊലിയിൽ മുറിവുണ്ടാക്കുമ്പോൾ വരുന്ന കറയാണ് കറുപ്പ്. കറുപ്പ് കലർന്ന തവിട്ട് നിറമുള്ള കുഴമ്പ് രൂപത്തിലുള്ള വസ്തുവിന്, പഴച്ചാർ എന്നർത്ഥമുള്ള ഗ്രീക്ക് ഭാഷയിൽ നിന്നാണ് "ഓപ്പിയം" എന്ന പേര് വരുന്നത്. അസാധാരണ ഗന്ധമുള്ള വസ്തു മണത്താൽ തന്നെ സാധാരണക്കാർ ഉറക്കം തൂങ്ങും. രണ്ട് ഗ്രാം അകത്ത് ചെന്നാൽ മരണം ഉറപ്പാണ്. കിലോയ്ക്ക് 20,000 ഡോളർ വരെ വിലയുള്ള കറുപ്പ്, അമേരിക്ക ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യ, പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, നേപ്പാൾ, ബർമ തുടങ്ങിയ രാജ്യങ്ങളാണ് ഓപ്പിയം കൃഷി ചെയ്യപ്പെടുന്നത്.

എന്നാൽ, ഇതിന്റെ വിത്തുകൾ താരതമ്യേന അത്ര അപകടകാരിയല്ല (Seeds are not much dangerous). പോപ്പി സീഡ്‌സ് അഥവാ കസ്കസ് എന്നത് കറുപ്പിന്റെ വിത്താണ്. കറുപ്പ് ചെടിയുടെ കായയുടെ പുറം തൊലിയിൽ നിന്ന് ഓപിയം ഉണ്ടാക്കുന്നു. ഇതേ കായയുടെ അകത്ത് കാണുന്ന വിത്തുകൾ തന്നെയാണ് പോപ്പി സീഡ്‌സ്. പുറത്തെ തൊലിയിൽ നിന്ന് ചുരത്തുന്ന പശ കുപ്രസിദ്ധി നേടിയത് പോലെ അകത്തെ വിത്തുകൾ അത്ര അപകടകാരിയല്ല. എന്നാൽ പോപ്പി സീഡ്‌സിലും വളരെ - വളരെ ചെറിയ അളവിൽ മയക്കു മരുന്നിന്റെ അംശമുണ്ടെന്ന് തന്നെയാണ് ശാസ്ത്രം പറയുന്നത്.

Poppy seed bagel-എന്ന ഒരു തരം റൊട്ടിയിൽ പോപ്പി സീഡ് ധാരാളം ഉപയോഗിക്കുന്നുണ്ട്. ഈ റൊട്ടി അമിതമായി കഴിക്കുന്ന വ്യക്തി ഡ്രഗ് ടെസ്റ്റിൽ പോസിറ്റീവ് കാണിച്ചിട്ടുമുണ്ട്. എന്നാൽ നമ്മുടെ സാധാരണ ഉപയോഗത്തിൽ പോപ്പി സീഡ്‌സ് അപകടകാരിയല്ല. കടയിൽ നിന്ന് വാങ്ങാൻ കിട്ടുന്ന ഒരു പോപ്പി സീഡ്‌സിൽ 10-മൈക്രോ ഗ്രാം വരെ മോർഫിൻ കാണുമെന്നാണ് വിദഗ്ദർ പറയുന്നത്. ഡ്രഗ്‌ ടെസ്റ്റിൽ മൂത്രത്തിൽ 1.3-മൈക്രോ ഗ്രാം മോർഫിൻ കാണപ്പെട്ടാലും പോസിറ്റീവ് ആയി കണക്ക് കൂട്ടും. ചുരുക്കത്തിൽ പോപ്പി സീഡ്‌സിന്റെ അമിത ഉപയോഗം സാധാരണക്കാരിൽ ഉറക്കം തൂങ്ങൽ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.





No comments:

Post a Comment