31/03/2019

29/03/2019- തീപ്പെട്ടി ശേഖരണം- കാക്ക


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
32
   
കാക്ക

                     പക്ഷികളിൽ ഏറ്റവും ബുദ്ധിശക്തിയുള്ള വർഗ്ഗമാണ്  കാക്കകൾ ലോകത്തിൽ നിരവധി തരം കാക്കകൾ ഉണ്ടെങ്കിലും കേരളത്തിൽ കാക്കകൾ രണ്ടു തരമേഉള്ളൂ. ബലിക്കാക്കയും, പേന കാക്കയും. പേനകാക്ക വലിപ്പം കുറഞ്ഞതും ധാരാളമായി കാണപ്പെടുന്നതുമാണ്. പേന കാക്കയുടെ കഴുത്തും മാറിടവും ചാര നിറത്തിൽ കാണപ്പെടുന്നു. ബലി കാക്കയുടെ ദേഹമാസകലം കറുപ്പു നിറമാണ്.  മനുഷ്യനുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ഇവയ്ക്ക് മത ചര്യകളുമായിപ്പോലും ബന്ധമുള്ളത് പുരാതനകാലം മുതൽക്കേ കാക്കകളും മനുഷ്യനുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. പരിസരങ്ങളിലെ മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നതിൽ ഒരു പരിധിവരെ കാക്കകൾ മനുഷ്യന് സഹായകരമാവാറുണ്ട്.

                     മനുഷ്യനെ ആശ്രയിച്ച് ജീവിക്കാൻ താല്പര്യമുള്ള ഒരു  പക്ഷിയാണ് കാക്ക. ലോകത്തിൽ മിക്ക രാജ്യങ്ങളിലും കാക്ക ഉണ്ട്. ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലുമാണ് ഇവയെ കൂടുതലായി കാണുന്നത്. മനുഷ്യവാസമില്ലാത്ത സ്ഥലങ്ങളിൽ കാക്കയുടെ സാന്നിദ്ധ്യം അപൂർവമാണ്‌. അറിഞ്ഞും അറിയാതെയും മനുഷ്യൻ ഉപേക്ഷിക്കുന്ന മാലിന്യങ്ങളെ കാക്കകൾ ഭക്ഷണമാക്കുന്നു. ആഹാരം തേടുന്നതും രാത്രി ചേക്കേറുന്നതും കൂട്ടമായാണ്. എന്നാൽ മുട്ടയിട്ടു വിരിയിക്കുന്ന കാലത്ത് മാത്രം കാക്കകൾ ഇണ പിരിഞ്ഞ് കൂട്ടത്തിൽ നിന്നു മാറി തനിയെ ഒരു കൂടുണ്ടാക്കി ജീവിക്കുന്നു. കുഞ്ഞുങ്ങൾ പറക്ക മുറ്റിപ്പോകുന്നതോടെ ഓരോ കൂടും ഉപേക്ഷിക്കപ്പെടുന്നു. എപ്പോഴായായാലും കൂട്ടത്തിലെ ഒരു കാക്കയ്ക്ക് അപകടം പിണഞ്ഞാൽ ഇവ സംഘമായി ശബ്ദമുണ്ടാക്കി ആക്രമണോത്സുകരായെത്തും.  ഈ പ്രത്യേകതകൊണ്ടാകാം മറ്റു പക്ഷികളെയെന്നപോലെ കാക്കയെ ജീവനോടെ പിടികൂടാൻ മനുഷ്യർക്ക് പൊതുവേ സാധിക്കാത്തത്.

                       കാക്കക്കൂടുകൾക്ക് നിയതമായ ആകൃതിയോ രൂപമോ ഉണ്ടാകുകയില്ല. കൂടുകെട്ടുന്ന സ്ഥലത്ത് സമൃദ്ധമായി കിട്ടുന്ന ചുള്ളികളോ കമ്പികളോ ഉപയോഗിച്ചാണ് ഇവ കൂടു നിർമ്മിക്കുന്നത്. പരുക്കനായാണ് നിർമ്മിതി കാക്കകൾ പ്രധാനമായും സന്താനോൽപാദനം നടത്തുന്നത് ഡിസംബർ മുതൽ ജൂൺ വരെയാണ്. എങ്കിലും പെരുമഴക്കാലമൊഴികെ മറ്റു സമയങ്ങളിലും ഇവ കൂടു നിർമ്മിക്കുന്നതു കാണാം.  

                           നീലനിറത്തിലുള്ള മുട്ടകൾക്കു മുകളിൽ തവിട്ടു നിറത്തിലുള്ള വരയും കുറിയും കാണാം.  കുയിലിന്റെ മുട്ടകളും ഇതിനു സമാനമായതിനാൽ കൂട്ടത്തിൽ കിടക്കുന്ന കുയിൽ മുട്ടകളെ കാക്കകൾക്ക് തിരിച്ചറിയാൻ കഴിയില്ല. ഈ സാധ്യത ഉപയോഗപ്പെടുത്തിയാണ് കുയിലുകൾ കാക്കയുടെ കൂട്ടിൽ മുട്ടയിടുന്നത്.

                    വളരെ കുറച്ചു മാത്രംഉറങ്ങാറുള്ള  പക്ഷികളാണ് ഇവ. ആൽ, കൊന്ന, ബദാം തുടങ്ങിയ വലിയ മരങ്ങളാണ് ഇവ ചേക്കേറാൻ തിരഞ്ഞെടുക്കുക. രാത്രി വളരെ വൈകുന്നതു വരെയും ഇവ ബഹളം വെച്ചുകൊണ്ടിരിക്കും. രാവിലെ നേരത്തെ ഉണരുകയും ചെയ്യും. കാക്കകൾ ചേക്കയിരിക്കുന്ന മരങ്ങൾതന്നെയാണ് മൈനകളും രാത്രിയുറക്കത്തിനു തെരഞ്ഞെടുക്കാറുള്ളത്.

                           കാക്കകൾ ധാരാളം ഭക്ഷണം കിട്ടുന്ന സമയത്ത് കുറച്ചു കൊക്കിലെടുത്തുകൊണ്ടുവന്ന് ഇലകൾക്കിടയിലും മറ്റും സൂക്ഷിച്ചു വെക്കാറുണ്ട്. പിന്നീട് കുറച്ചു സമയത്തിനു ശേഷം അവ എടുത്തു ഭക്ഷിക്കുന്നു.പരിസരം വളരെ ശ്രദ്ധിക്കാറുള്ള പക്ഷിയാണ് കാക്ക.  കാക്കകൾ മാലിന്യങ്ങൾക്കു പുറമേ ധാന്യങ്ങളും പഴവർഗങ്ങളുമെല്ലാം ഭക്ഷിക്കാറുണ്ട്. എലികളും പ്രാണികളും ചെറിയ പക്ഷികളുമെല്ലാം ഇവയുടെ ഭക്ഷണങ്ങളിൽ പെടും. ചില മതങ്ങൾ കാക്കകളെ നല്ലവരായി കാണുമ്പോൾ മറ്റു ചിലത് പൈശാചികമായി ചിത്രീകരിക്കുന്നു.

                      എന്റെ ശേഖരണത്തിൽ നിന്നും കാക്കയുടെ ചിത്രമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു.



No comments:

Post a Comment