ഇന്നത്തെ പഠനം
| |
അവതരണം
|
രാജീവൻ കാഞ്ഞങ്ങാട്
|
വിഷയം
|
ചിത്രത്തിനുപിന്നിലെ ചരിത്രം
|
ലക്കം
| 27 |
മൗലാന അബ്ദുൾ കലാം ആസാദ്
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ശ്രദ്ധേയമായ വ്യക്തിത്വമാണ് അബുൽ കലാം ആസാദ് അഥവാ മൗലാന അബുൽ കലാം മൊഹിയുദ്ദീൻ അഹമ്മദ്. മൗലാന ആസാദ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ഇദ്ദേഹത്തിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചാരികുന്നത് തർജുമാനുൽ ഖുർആൻ എന്ന ഖുർആൻ വിവർത്തന കൃതിയുടെ കർത്താവു കൂടിയാണ്. ഹിന്ദു-മുസ്ലിം സാഹോദര്യത്തിനായി നിലകൊണ്ട ശക്തനായ നേതാവായിരുന്നു മൗലാനാ ആസാദ്. ഭാരത സർക്കാർ അദ്ദേഹത്തെ ഭാരത രത്നം നൽകി ആദരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ മുസ്‌ലിംകളുടെ എക്കാലത്തേയും ആത്മാഭിമാനങ്ങളിലൊന്നാണ് മൗലാനാ അബുല്‍കലാം ആസാദ്. ഇന്ത്യയുടെ ധീരമക്കളിലൊരാളായി ജീവിച്ച്, സ്വരാജ്യത്തിനായി ജീവിതമര്‍പ്പിച്ച്, സ്വാതന്ത്ര്യ സമരത്തിലും സ്വതന്ത്ര ഇന്ത്യയിലും വിപുലമായ കര്‍മ വസന്തങ്ങള്‍ സമ്മാനിച്ച് അനിതരമായ ചരിത്രവും പൈതൃകവും ബാക്കിയാക്കിയാണ് ആസാദ് യാത്രയായത്.
1888 നവംബർ 11 ആം തീയതി ഇസ്ലാമിക പുണ്യ നഗരമായ മെക്കയിലാണ് ഇദ്ദേഹത്തിന്റെ ജനനം. മാതാവ് അറബ് വംശജയാണ്. ബംഗാളിയായ പിതാവ് ഇന്ത്യ വിട്ട് മെക്കയിൽ കുടിയേറി താമസിച്ചിരുന്നത്. അവിടെ വച്ച് വിവാഹിതനായ അദ്ദേഹം 1890 ൽ ഇന്ത്യയിൽ തിരിച്ചെത്തി. പതിമൂന്നാം വയസ്സിൽ അബുൽ കലാം സുലേഖ ബീഗത്തെ വിവാഹം കഴിച്ചു. പണ്ഡിതനായ പിതാവും ഭക്തയായ ഉമ്മയും തന്നെയായിരുന്നു ആസാദിന്റെ ആദ്യത്തെ ഗുരുനാഥന്മാര്‍. 16 വയസ്സുവരെ വീട്ടില്‍ തന്നെ പഠിച്ചു. വിവിധ വിഷയങ്ങളില്‍ പ്രാഥമിക ജ്ഞാനം നേടിയെടുത്ത ആ വിദ്യാര്‍ഥി ഖുര്‍ആന്‍ മുഴുവന്‍ മനപ്പാഠമാക്കുകയും ചെയ്‌തു. ഈജിപ്‌തില്‍ നിന്നും ബയ്‌റൂത്തില്‍ നിന്നും വന്നിരുന്ന മാഗസിനുകളില്‍ നിന്നും ഗ്രന്ഥങ്ങളില്‍ നിന്നും സമകാലത്തെ വായിച്ചറിയാനും ആസാദിനു സാധിച്ചിരുന്നു. 1901-ല്‍ ബോംബെയിലേക്ക് താമസം മാറിയതോടെ കൂടുതല്‍ ഗ്രന്ഥങ്ങള്‍ ലഭിക്കാനുള്ള അവസരമുണ്ടായി. ആ ഗ്രന്ഥങ്ങളിലൂടെയാണ് സര്‍ സയ്യിദിനെയും ജമാലുദ്ദീന്‍ അഫ്‌ഗാനിയെയും മുഹമ്മദ് അബ്‌ദയെയുമൊക്കെ പരിചയപ്പെടുന്നത്. ആധുനിക വിദ്യാഭ്യാസത്തെ സംബന്ധിച്ച സര്‍ സയ്യിദിന്റെ പ്രോത്സാഹനമാണ് ഇംഗ്ലീഷ് പഠിക്കാന്‍ ആസാദിനെ പ്രചോദിപ്പിച്ചത്. സര്‍ സയ്യിദ് തന്നെയാണ് ആസാദിനെ ഏറ്റവും സ്വാധീനം ചെലുത്തിയതും. പരന്ന വായനയിലൂടെ ചെറുപ്പത്തില്‍ തന്നെ പത്ര പ്രവര്‍ത്തകൻ അകാനായിരുന്നു ആസാദിന്റെ മോഹം. പതിനൊന്നാമത്തെ വയസ്സിലാണ് അദ്ദേഹത്തിന്റെ ആദ്യ കവിത പ്രസിദ്ധീകരിച്ചത്. അതേ വയസ്സില്‍ തന്നെ നയീ രംഗേ ആലം എന്നൊരു മാഗസിന്‍ പ്രസിദ്ധീകരിച്ചെങ്കിലും അധിക കാലം മുന്നോട്ടുപോയില്ല.
മുപ്പത്തിയഞ്ചാം വയസ്സില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡണ്ടായിത്തീര്‍ന്ന ആസാദ്, വിഖ്യാതനായൊരു ഖുര്‍ആന്‍ വ്യാഖ്യാതാവും അറബി, പേര്‍ഷ്യന്‍ ഭാഷാ വിദഗ്‌ധനും അഗാധ ജ്ഞാനിയായ പണ്ഡിതനും വിസ്‌മയിപ്പിക്കുന്ന പ്രഭാഷകനും വിശ്രുതനായ എഴുത്തുകാരനും ധീരനായ പത്രപ്രവര്‍ത്തകനും വിപ്ലവകാരിയായ ദാര്‍ശനികനും സന്ധിയില്ലാത്ത നവോത്ഥാന നായകനുമായിരുന്നു. ഫിറൂസ് ബക്ത് എന്ന യഥാര്‍ഥ പേര് ഒഴിവാക്കി, സ്വാതന്ത്ര്യദാഹം തുടിച്ച ആ രാജ്യസ്‌നേഹി, `ആസാദ്’ (സ്വാതന്ത്ര്യം) എന്ന തൂലികാനാമം സ്വീകരിച്ചതോടെ `അബുല്‍കലാം ആസാദ്’ആയിത്തീരുകയായിരുന്നു.
അക്രമത്തിനും അനീതിക്കുമെതിരെ തൂലിക പടവാളാക്കി പ്രവർത്തിച്ചു. ഖിലാഫത് പ്രക്ഷോഭത്തിന്റെ മുൻനിര നേതാക്കളിലൊരാളായ വേളയിൽ ഗാന്ധിയുമായി അടുത്തിടപഴകി. “അദ്ദേഹത്തിന്റെ ഓർമശക്തി അത്ഭുതകരമാണ്. വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിനുള്ള അറിവ് വിശ്വ വിജ്ഞാന കോശത്തിനു സമാനമാണ്. മധ്യ യുഗങ്ങളിലെ ചരിത്രത്തിലും, അറബ് ലോകം, പശ്ചിമേഷ്യ, മുസ്ലിം കാലഘട്ടത്തിലെ ഇന്ത്യ എന്നിവിടങ്ങളിലെ ചരിത്രത്തിൽ പ്രത്യേകിച്ചും മുങ്ങിക്കുളിച്ച വ്യക്തിയാണദ്ദേഹം. പ്ലേറ്റോയും അരിസ്റ്റോട്ടിലും അദ്ദേഹത്തിൻറെ വിരൽ തുമ്പുകളിലാണ്.” -1942 ഒക്ടോബർ 15 ന് അഹ്മദ് നഗർ ജയിലിൽ നിന്നു മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മകൾ ഇന്ദിരാ ഗാന്ധിക്കയച്ച കത്തിൽ ആസാദിനെ ക്കുറിച്ചെഴുതിയ ചില വരികളാണിത്. 1912 ൽ “അൽ ഹിലാൽ” എന്നാ ഉർദു വാരിക ആരംഭിച്ചു. ആ വാരിക ബ്രിട്ടീഷുകാരെയും മുസ്‌ലിം യാഥാസ്ഥിതികരെയും വിറളി പിടിപ്പിച്ചു. 1915 ൽ പത്രം കണ്ടുകെട്ടി. പക്ഷേ അദ്ദേഹം അടങ്ങിയിരുന്നില്ല. അഞ്ചു മാസത്തിനകം “അൽ ബലാഗ്” എന്ന പേരിൽ മറ്റൊരു പത്രം തുടങ്ങി. 1916 ൽ സർക്കാർ നാടു കടത്തി. മൂന്നു വർഷക്കാലം റാഞ്ചിയിൽ കരുതൽ തടവുകാരനായി. അവിടെയും തന്റെ മഹത്തായ ദൌത്യ നിർവഹണം തുടർന്നു. മൌലാനാ അബുൽ ഹസൻ അലി നദവി പറഞ്ഞു: “അക്കാലത്ത് ആസാദിൻറെ തൂലികയിൽ നിന്നുതിർന്നു വീണത് അക്ഷരങ്ങളായിരുന്നില്ല. അഗ്നിസ്ഫുലിംഗങ്ങളായിരുന്നു .”
ഗാന്ധിജിയുടെ ആത്മ സുഹൃത്തുക്കളിൽ ഒരാളായിരുന്നു ആസാദ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ നായകത്വത്തിലേക്ക് ഗാന്ധിജി വന്നതു മുതല്‍ പിന്തുണയും സഹായവുമായി ആസാദിന്റെ കൂട്ടുകെട്ടുണ്ടായിരുന്നു. റാഞ്ചിയിലെത്തിയ ഗാന്ധിജിക്ക് ആസാദുമായി സന്ധിക്കാനുള്ള അവസരം അധികാരികള്‍ നിഷേധിച്ചിരുന്നു. 1920-ല്‍ ദല്‍ഹിയില്‍ വെച്ചാണ് ഇരുവരും ആദ്യമായി തമ്മില്‍ കാണുന്നത്. അതിനുമുമ്പ് തന്നെ അല്‍ ഹിലാലിലൂടെ ആസാദ് ഉയര്‍ത്തിവിട്ട ആശയങ്ങളെ ഗാന്ധിജി ശ്രദ്ധിച്ചിരുന്നതിനാല്‍ ഇരുവര്‍ക്കുമിടയിലെ ആശയപ്പൊരുത്തം വേഗത്തിലായി.`തര്‍ക്കുല്‍ മുവാലാത്’ എന്ന പേരില്‍ ആസാദ് മുന്നോട്ടുവെച്ച സമര മാര്‍ഗമാണ് പിന്നീട്`നിസ്സഹകരണ പ്രസ്ഥാന’മായി ഗാന്ധിജി രൂപാന്തരപ്പെടുത്തിയത്. കലവറയില്ലാത്ത പിന്തുണയോടെ നിസ്സഹകരണ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച ആസാദ്, അതിന്റെ പേരില്‍ ആദ്യം അറസ്റ്റു ചെയ്യപ്പെട്ട ദേശീയ നേതാവ് കൂടിയാണ്. 1921ഡിസംബര്‍ 10-നായിരുന്നു ആ അറസ്റ്റ്. ഈ കേസില്‍ അദ്ദേഹം രേഖാമൂലം സമര്‍പ്പിച്ച വിശദീകരണം ഖൗലേ ഫൈസല്‍ എന്ന പേരില്‍ വിഖ്യാതമാണ്. ഇതിന്റെ അറബി പരിഭാഷ ഥൗറതുല്‍ ഹിന്ദി അസ്സിയാസിയ്യ എന്ന പേരില്‍ 1922-ല്‍ തന്നെ കെയ്‌റോവില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഡോ. യൂസുഫുല്‍ ഖര്‍ദാവിയുടെ വിശ്വവിഖ്യാതമായ അല്‍ഈമാനു വല്‍ഹയാത്ത് എന്ന ഗ്രന്ഥത്തില്‍ ഈ പുസ്‌തകത്തില്‍ നിന്ന് ധാരാളം വരികള്‍ ഉദ്ധരിച്ചിട്ടുണ്ട്.
1923-ല്‍ മുപ്പത്തിയഞ്ചാം വയസ്സില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതോടെ, കോണ്‍ഗ്രസ് ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ടായിത്തീരുകയായിരുന്നു ആസാദ്. 1936, 1940വര്‍ഷങ്ങളില്‍ വീണ്ടും അതേ പദവിയില്‍ അദ്ദേഹമിരുന്നു. 1946വരെ ആസാദ് തന്നെയായിരുന്നു പ്രസിഡണ്ട്. സ്വാതന്ത്ര്യ സമരം നിര്‍ണായകമായൊരു ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ആസാദിന്റെ കരുത്തുറ്റ നേതൃത്വം കോണ്‍ഗ്രസ്സിന് ശക്തി പകര്‍ന്നു.
ഇന്ത്യന്‍ മുസ്‌ലിംകളെ കോണ്‍ഗ്രസ്സിനൊപ്പം നിര്‍ത്തുന്നതിലും അദ്ദേഹത്തിന്റെ നേതൃത്വം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ അനിവാര്യത ബോധ്യപ്പെട്ട ആസാദ് വിഭജനത്തിന്റെ ശക്തനായ എതിരാളിയായിരുന്നു. വിഭജനം സംഭവിച്ചതില്‍ അതീവദുഖിതനുമായിരുന്നു അദ്ദേഹം. ഒരിക്കല്‍ ആസാദ് പറഞ്ഞതിങ്ങനെ:“ആകാശത്തു നിന്നൊരു മാലാഖ ഇറങ്ങിവന്ന്, കുതബ്‌മീനാറിന്റെ മുകളില്‍ കയറി നിന്ന് എന്നോട് സ്വാതന്ത്ര്യം വേണോ അതോ ഹിന്ദു-മുസ്‌ലിം മൈത്രി വേണോ എന്നു ചോദിച്ചാല്‍ ഈ അബുല്‍കലാം ആയിരം വട്ടം ആവശ്യപ്പെടുന്നത് ഹിന്ദു-മുസ്‌ലിം മൈത്രിയായിരിക്കും.”
സ്വാതന്ത്ര്യ സമരത്തിന്റെ അവസാന ഘട്ടത്തില്‍ നടന്ന സുപ്രധാന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ ആസാദിന്റെ സാന്നിധ്യമുണ്ടായിരുന്നു.1945-ലെ വട്ടമേശ സമ്മേളനത്തിലും1946-ല്‍ കാബിനറ്റ് മിഷന്‍ കൂടിക്കാഴ്‌ചയിലും സ്റ്റാഫോര്‍ഡ് ക്രിപ്‌സ് കൂടിക്കാഴ്‌ചയിലും അദ്ദേഹം പങ്കു കൊണ്ടു. അന്നെല്ലാം വിഭജനമെന്ന ആശയത്തോട് അദ്ദേഹം കടുത്ത വിരോധം പ്രകടിപ്പിക്കുകയും ചെയ്‌തു. 1946-ല്‍ നിലവില്‍ വന്ന ഇടക്കാല മന്ത്രിസഭയില്‍ ആസാദായിരുന്നു വിദ്യാഭ്യാസ മന്ത്രി. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം മരണം വരെയും ആസാദ് തന്നെയായിരുന്നു വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്‌തത്. രാജ്യത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ അദ്ദേഹം നിയോഗിച്ച വിവിധ കമ്മീഷനുകള്‍ നിര്‍ണായകമായിരുന്നു. 1948-ല്‍ യൂനിവേഴ്‌സിറ്റി എജ്യുക്കേഷന്‍ കമ്മീഷനും 1952-ല്‍ സെക്കന്‍ഡറി എജ്യൂക്കേഷന്‍ കമ്മീഷനും രൂപീകരിച്ചു. യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷന്‍ രൂപീകരിച്ചതിനു പിന്നിലും അദ്ദേഹം തന്നെയായിരുന്നു. 1947-ല്‍ രണ്ടുകോടി രൂപയായിരുന്ന കേന്ദ്രവിദ്യാഭ്യാസ ബജറ്റ് അദ്ദേഹത്തിന്റെ ഭരണത്തിലൂടെ മുപ്പത് കോടിയായി ഉയര്‍ന്നു. 1951, 1952, 1955 കാലങ്ങളില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ഉപാധ്യക്ഷനുമായിരുന്നു. 1958ഫെബ്രുവരി 22-നാണ് ആ മഹാജീവിതം പൊലിഞ്ഞത്.
പൊതു ജീവിതത്തില്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന ഇസ്‌ലാമിക നിഷ്‌ഠയും മുസ്‌ലിം വിദ്യാഭ്യാസത്തിനായി ചെയ്‌ത സേവനങ്ങളും എക്കാലത്തും ഓര്‍മിക്കപ്പെടും. ഇസ്‌ലാമിക ദര്‍ശനങ്ങളെ ആഴത്തില്‍ അറിഞ്ഞ ആസാദ്, ഇസ്‌ലാമിക സാഹിത്യത്തിന് ഈടുറ്റ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. തര്‍ജുമാനുല്‍ ഖുര്‍ആന്‍ എന്ന അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനം ഏറെ പ്രസിദ്ധമാണ്.` തര്‍ജുമാനുല്‍ ഖുര്‍ആന്‍ നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഉസ്‌മാനിയ സര്‍വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന ഡോ. സയ്‌ദ് അബ്ദുല്ലത്തീഫ് നിര്‍വഹിച്ച ഇംഗ്ലീഷ് പരിഭാഷ ഇതില്‍ ഏറെ സവിശേഷതയുള്ളതും ലോക പ്രസിദ്ധവുമാണ്.
ആസാദിന്റെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ ഈ വിവര്‍ത്തനം ആസാദിന്റെ തന്നെ പ്രശംസ നേടി.
അദ്ദേഹം ഖുര്‍ആന്‍ ഉര്‍ദു ഭാഷയിൽ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്. ചിന്തയിലും ജീവിതത്തിലും ശക്തമായ മതനിഷ്‌ഠ പുലര്‍ത്തിയ ആസാദ് കരുത്തനായൊരു പ്രബോധകനായിരുന്നു. ഇസ്‌ലാമികമായ അന്തസ്സില്‍ അഭിമാനിക്കുന്നതില്‍ അദ്ദേഹത്തിന് ആരുടെ മുന്നിലും മടിയുണ്ടായിരുന്നില്ല. ഗാന്ധിജിയും നെഹ്‌റുവുമടക്കമുള്ള ദേശീയ നേതാക്കള്‍ക്ക് ഇസ്‌ലാമിനെ ക്കുറിച്ച അറിവും മതിപ്പും വര്‍ധിപ്പിക്കുന്നതിനും അദ്ദേഹം ആകും വിധം ശ്രമിച്ചു.
No comments:
Post a Comment