ഇന്നത്തെ പഠനം
| |
അവതരണം
|
രാജീവൻ കാഞ്ഞങ്ങാട്
|
വിഷയം
|
ചിത്രത്തിനുപിന്നിലെ ചരിത്രം
|
ലക്കം
| 30 |
ബാല ഗംഗാധര തിലകൻ
സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാവ്, പത്രപ്രവർത്തകൻ, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ ഒരു ഇന്ത്യൻ നേതാവായിരുന്നു ബാൽ ഗംഗാധർ തിലക് (ജൂലൈ 23, 1856 – ഓഗസ്റ്റ് 1, 1920). പേരു കേട്ട സംസ്കൃത പണ്ഡിതനായിരുന്നു. വേദ ആചാര്യന്മാരുടെ കാലനിർണ്ണയം ചെയ്തത് അക്കാലത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹോംറൂൾ പ്രസ്ഥാനം അദ്ദേഹത്തിന്റെ സംഭാവനയാണ്. ഇന്ത്യൻ സ്വാതന്ത്ര ദിന ആഘോഷങ്ങൾ അദ്ദേഹത്തിന്റെ ആശയമാണ്.
മഹാരാഷ്ട്രയിൽ കൊങ്കൺ തീരത്തുള്ള രത്നഗിരിയിലെ ഒരു യാഥാസ്ഥിതിക ഇടത്തരം ബ്രാഹ്മണ കുടുംബത്തിൽ ഗംഗാധര രാമചന്ദ്ര തിലകന്റെ പുത്രനായി 1856 ജൂല. 23-ന് ജനിച്ചു. രത്നഗിരിയിലും പൂണെയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. അന്നത്തെ സമ്പ്രദായമനുസരിച്ച് 16-ാം വയസ്സിൽ ഇദ്ദേഹം വിവാഹിതനായി. സ്കൂൾ വിദ്യാഭ്യാസാനന്തരം ഉപരിപഠനത്തിനായി തിലകൻ പൂണെയിലെ ഡെക്കാൺ കോളജിൽ ചേർന്നു.
വിദ്യാഭ്യാസാനന്തരം പൊതുപ്രവർത്തനരംഗത്തേക്കിറങ്ങി. ജനകീയവിദ്യാഭ്യാസം പ്രാവർത്തികമാക്കുകയെന്ന ലക്ഷ്യത്തോടെ തിലകനും സഹപ്രവർത്തകരും കൂടി പൂണെയിൽ ന്യൂ ഇംഗ്ളീഷ് സ്കൂൾ സ്ഥാപിച്ചു (1880). ഇക്കാലത്തുതന്നെ തിലകൻ പത്രപ്രവർത്തനരംഗത്തേക്കും പ്രവേശിച്ചു. മറാഠിഭാഷയിൽ കേസരി, ഇംഗ്ലീഷിൽ മറാത്ത എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു. കോലാപ്പൂർ നാട്ടുരാജ്യത്തെ ഭരണത്തെക്കുറിച്ച് കേസരിയിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതുമൂലം കേസുണ്ടാവുകയും ഇദ്ദേഹത്തിന് നാലുമാസം തടവു ശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്തു (1882). 1885-ൽ ഡെക്കാൺ എഡ്യൂക്കേഷൻ സൊസൈറ്റി സ്ഥാപിക്കുന്നതിന് തിലകൻ മുൻകൈ എടുത്തു. പൂണെയിൽ ഫെർഗുസൺ കോളജ് സ്ഥാപിക്കുന്നതിനും നേതൃത്വം നല്കി. അവിടെ ഗണിതശാസ്ത്രാധ്യാപകനായി തിലകൻ സേവനമനുഷ്ഠിച്ചു. ഹിന്ദുക്കളുടെ ഇടയിൽ നിലനിന്നിരുന്ന അയിത്തം മുതലായ അനാചാരങ്ങൾ അവസാനിപ്പിക്കുന്നതിനായി തിലകൻ പ്രവർത്തിച്ചു.
1891 ലെ, സ്ത്രീകളുടെ വിവാഹപ്രായം പത്തിൽ നിന്നും പന്ത്രണ്ട് ആക്കുന്ന 'ഏജ് ഓഫ് കൺസെന്റ്' നിയമത്തെ തിലകൻ എതിർത്തിരുന്നു. ഹിന്ദുമതതത്വങ്ങൾക്കെതിരാണു് ഈ നിയമം എന്നു വാദിച്ചായിരുന്നു തിലകൻ ഇതിനെ എതിർത്തതു്.
അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ഡെക്കാൺ എഡ്യൂക്കേഷൻ സൊസൈറ്റിയുമായും കോളജുമായുമുള്ള ബന്ധം ഇദ്ദേഹം അവസാനിപ്പിച്ചു (1890). തുടർന്ന് സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങളിലും സജീവമായി. ബോംബേ പ്രൊവിൻഷ്യൽ പൊളിറ്റിക്കൽ കോൺഫറൻസിന്റെ സെക്രട്ടറിയായും (1891) പൂണെ മുനിസിപ്പൽ കൗൺസിലിലേയും ബോംബേ ലെജിസ്ളേറ്റിവ് കൗൺസിലിലേയും അംഗമായി (1895) ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1894-ൽ ബോംബേ സർവകലാശാലയുടെ സെനറ്റിൽ ഫെലോ ആകുവാനും കഴിഞ്ഞു.
1905-ലെ ബംഗാൾ വിഭജനത്തെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾക്ക് തിലകൻ നേതൃത്വം നല്കി. വിദേശസാധനങ്ങൾ ബഹിഷ്കരിക്കുക, സ്വദേശി ഉത്പന്നങ്ങൾ പ്രചരിപ്പിക്കുക, ദേശീയ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, സ്വരാജ് നേടിയെടുക്കുക എന്നീ പരിപാടികളുമായി ദേശീയതലത്തിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം സംഘടിപ്പിക്കുവാൻ തിലകനും മറ്റു നേതാക്കളും മുന്നോട്ടുവന്നു. ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തിനെതിരായി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ തിലകനെ 1908 ജൂണിൽ അറസ്റ്റു ചെയ്ത് ബർമ(മ്യാൻമർ)യിലെ മാൻഡലേ ജയിലിൽ തടവിൽ പാർപ്പിച്ചു. ജയിലിൽവച്ച് പാലി, ഫ്രഞ്ച്, ജർമൻ എന്നീ ഭാഷകൾ പഠിക്കുകയും ഗീതാരഹസ്യം എന്ന കൃതി രചിക്കുകയും ചെയ്തു. 1914-ൽ ജയിൽമോചിതനായി.
ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി ഇംഗ്ലീഷുകാരുടെ മേൽ സമ്മർദം ചെലുത്തുവാൻ യോജിച്ച അവസരമായി ഒന്നാം ലോകയുദ്ധകാലത്തെ വിനിയോഗിക്കാമെന്ന അഭിപ്രായക്കാരനായിരുന്നു തിലകൻ. ഹോംറൂൾ ലീഗിന്റെ പ്രചാരണത്തിന് ഇദ്ദേഹം നേതൃത്വം നല്കി. ഇന്ത്യക്കാരുടെ ആവശ്യങ്ങൾ ബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യവുമായി ഇദ്ദേഹം 1918-ൽ ഇംഗ്ലണ്ടിലേക്കു പോയി. അവിടെ ലേബർ പാർട്ടി നേതാക്കളുമായി ബന്ധം സ്ഥാപിച്ചു. ഗവൺമെന്റ് ഒഫ് ഇന്ത്യാ ബിൽ പരിഗണിക്കുന്നതിനായി രൂപവത്കരിച്ച പാർലമെന്ററി ജോയിന്റ് സെലക്റ്റ് കമ്മിറ്റി മുൻപാകെ ഇന്ത്യൻ ഹോംറൂൾ ലീഗിനുവേണ്ടി തിലകൻ ഹാജരായി. 1919-ൽ ഇന്ത്യയിലേക്കു തിരിച്ചുവന്ന തിലകൻ കോൺഗ്രസ് പ്രവർത്തനങ്ങളിൽ മുഴുകി.
1920-ൽ തിലകന്റെ 64-ാം ജന്മദിനം ആഘോഷിച്ചു. അനാരോഗ്യം മൂലം കുറച്ചുദിവസങ്ങൾക്കുശേഷം ഇദ്ദേഹം ബോംബേയിൽ ചികിത്സ തേടി. 1920 ആഗസ്റ്റ് 1- ന് നിര്യാതനായി.
No comments:
Post a Comment