ഇന്നത്തെ പഠനം
| |
അവതരണം
|
രാജീവൻ കാഞ്ഞങ്ങാട്
|
വിഷയം
|
ചിത്രത്തിനുപിന്നിലെ ചരിത്രം
|
ലക്കം
| 32 |
ലോകത്തിലെ ആദ്യ ഒഴുകുന്ന പോസ്റ്റ് ഓഫീസ്
ഇന്ത്യയിലെ ഏറ്റവും പുരാതന പൊതുമേഖല സ്ഥാപനമാണ് ഇന്ത്യന്‍ പോസ്റ്റ്. ബ്രിട്ടീഷ് ഇന്ത്യയുടെ സ്ഥാപകരിലൊരാളായ ലോര്‍ഡ് റോബര്‍ട്ട് ക്ലൈവിന്റെ കാലത്താണ് അതായത് 1746ലാണ് ഇന്ന് കാണുന്ന പോസ്റ്റല്‍ സമ്പ്രദായം നിലവില്‍ വന്നത്.
സ്വാതന്ത്ര്യലബ്ധിയുടെ കാലത്ത് 23344 തപാലാപ്പിസുകളണ് മൊത്തം ഉണ്ടായിരുന്നത്.
ഇവ കൂടുതലും പട്ടണപ്രദേശങ്ങളിലായിരുന്നു. പിന്നീട് ഗ്രാമങ്ങളേക്കൂടി ഉൾപ്പെടുത്തി ഈ ശൃംഖല ആറിരട്ടിയോളം വികസിപ്പിക്കപ്പെട്ടു. അങ്ങനെ 21.23 ചതുരശ്ര കി.മീ. ക്ക് ഒന്ന് എന്നതോതിൽ, ശരാശരി 7114 ആളുകൾക്ക് ഒന്ന് എന്നതോതിൽ വിപുലീകരിച്ചു. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലുതും മികച്ചതുമായ പോസ്റ്റല്‍ സംവിധാനമാണ് ഇന്ത്യയിലേത്. 1,55,400 പോസ്റ്റ് ഓഫീസുകള്‍ എന്ന റെക്കോര്‍ഡ് ഇന്ത്യയ്ക്ക് മാത്രം സ്വന്തം. അഞ്ചര ലക്ഷത്തിലധികം ജീവനക്കാരാണ് ഇന്ത്യന്‍ പോസ്റ്റല്‍ ഡിപാര്‍ട്ട്മെന്റില്‍ സേവനമനുഷ്ടിക്കുന്നത്. ഇന്ത്യയുടെ 88% ശതമാനം ഭൂപ്രദേശത്തും ഇന്ന് തപാല്‍ സംവിധാനം നിലവിലുണ്ട്.
ഇനി പോസ്റ്റിന്റെ ഉള്ളടക്കത്തിലേയ്ക്ക് പോകാം. ലോകത്ത് ആദ്യമായി ഒരു ഒഴുകുന്ന പോസ്റ്റ് ഓഫീസ് ഉണ്ട്. എവിടെയാണെന്ന് അറിയുമോ? ഉത്തരം വളരെ ലളിതവും അഭിമാനിക്കാവുന്നതും ആണ്. നമ്മുടെ ഇന്ത്യയിൽ 🇮🇳തന്നെ.. അതേ ലോകത്ത് ഏറ്റവും അധികം പോസ്റ്റ് ഓഫീസുള്ള നമ്മുടെ സ്വന്തം രാജ്യത്ത് തന്നെയാണ് ഈ സംഭവവും. ഭൂമിയിലെ സ്വര്‍ഗ്ഗമെന്ന് വിളിക്കുന്ന കശ്മീരിലെ ദാല്‍ തടാകത്തിലാണ് ഈ പോസ്റ്റ് ഓഫീസ് കത്തുകളുമായി ഒഴുകിനടക്കുന്നത്.
ഇന്ന് "ഫ്‌ളോട്ടിങ് പോസ്റ്റ് ഓഫീസ് "കശ്മീര്‍ ടൂറിസത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. നാട്ടുകാരേക്കാള്‍ ഇവിടെയത്തുന്ന നൂറുകണക്കിന് സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകളാണ് ഈ ഒഴുകുന്ന പോസ്റ്റ് ഓഫീസ് കൂടുതലും ഉപയോഗിക്കുന്നത് എന്നുവേണം പറയാന്‍. ഘാട്ട് നമ്പര്‍ 14 നും 15 നുമിടയിലായി നങ്കൂരമിട്ടിരിക്കുന്ന പോസ്റ്റ് ഓഫീസ് ഇന്ന് മ്യൂസിയമായും പ്രവര്‍ത്തിക്കുന്നു. ലോകത്തിലെ ഏക ഒഴുകുന്ന പോസ്റ്റ് ഓഫീസില്‍ നിന്നും പോസ്റ്റ് കാര്‍ഡ് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അയയ്ക്കാനായി നിരവധിപ്പേര്‍ ഇവിടെ കാത്തുനില്‍ക്കും. ദാല്‍ തടാകത്തിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ് ഭരണകൂടം 2011 ല്‍ നെഹ്‌റു പാര്‍ക്ക് എന്ന പോസ്റ്റ് ഓഫീസിനെ ഫ്‌ളോട്ടിങ് പോസ്റ്റ് ഓഫീസ് എന്നാക്കി മാറ്റിയത്.
ഒറ്റനോട്ടത്തില്‍ ഇതൊരു സാധാരണ ശിക്കാര ബോട്ടെണെന്ന് തോന്നിയേക്കാം. എന്നാല്‍ ആ ഹൗസ് ബോട്ടിന്റെ അകത്തേക്ക് കയറിയാല്‍ ആരേയും അദ്ഭുതപ്പെടുത്തും വിധമുള്ള വാസ്തുവിദ്യകളാണ് വരവേല്‍ക്കുന്നത്. ഇവിടുത്തെ സ്റ്റാമ്പുകളില്‍ ദാൽ തടാകത്തിന്റെ ചിത്രം ഉള്‍ക്കൊള്ളുന്നു. ഇവിടെ നിന്നും പോസ്റ്റ് ചെയ്യുന്ന കാര്‍ഡുകളില്‍ ദാല്‍ തടാകത്തിന്റെയും ശ്രീനഗര്‍ സിറ്റിയുടെയും മനോഹരമായ ഒരു ഡിസൈനും ഉണ്ടായിരിക്കും. കൂടാതെ, സവിശേഷമായ സ്റ്റാമ്പുകളുടെ ഒരു വലിയ ശേഖരം ഉള്‍ക്കൊള്ളുന്ന ഒരു ഫിലാറ്റലി മ്യൂസിയവും പോസ്റ്റ്കാര്‍ഡുകള്‍, സ്റ്റാമ്പുകള്‍, പ്രാദേശിക ഇനങ്ങള്‍, ഗ്രീറ്റിംഗ് കാര്‍ഡുകള്‍ എന്നിവ വാങ്ങാന്‍ കഴിയുന്ന ഒരു സുവനീര്‍ ഷോപ്പും ഈ ഒഴുകുന്ന പോസ്റ്റ് ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്.ഷെയർ ചെയ്യുക. നമ്മുടെ രാജ്യത്തിലെ ഈ അഭിമാന അറിവുകൾ.
No comments:
Post a Comment