26/04/2020

18-04-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(32) - ലോക സര്‍ക്കസ്‌ ദിനം


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
32

 ലോക സര്‍ക്കസ്‌ ദിനം  

ഏപ്രില്‍ മാസം മൂന്നാമത്തെ ശനിയാഴ്ച്ചയാണ്‌ ലോക സര്‍ക്കസ്‌ ദിനം ആയി ആചരിക്കുന്നത്‌. പരിശീലനം ലഭിച്ച മൃഗങ്ങളുടെയും പക്ഷികളുടെയും പ്രദര്‍ശനം, സൈക്കിള്‍ അഭ്യാസ പ്രകടനങ്ങള്‍,സംഗീതജ്ഞര്‍,നര്‍ത്തകര്‍,മാന്ത്രികന്മാര്‍,അതുപോലെ മറ്റ് വസ്തു കൌശലങ്ങള്‍, സ്റ്റണ്ട്-ഓറിയെന്റഡ് എന്നിവ ഉള്‍പ്പെടെയുള്ള പ്രകടനങ്ങളുമായി വിവിധ വിനോദ പരിപാടികള്‍ അവതരിപ്പിച്ച്‌ നാടുനീളം സഞ്ചരിക്കുന്ന സംഘത്തെയാണ് സര്‍ക്കസ് എന്നു സാധാരണയായി പ്രതിപാദിക്കുന്നത്.ചിലപ്പോള്‍ സര്‍ക്കസ് കൂടാരത്തിലെ അഭ്യാസികള്‍ നടത്തുന്ന പ്രകടങ്ങളെയും ഈ പദമുപയോഗിച്ചു പ്രതിപാദിക്കാറുണ്ട്.സര്‍ക്കസ് എവിടെയാണ് ഉത്ഭവിച്ചതെന്നോ എത്ര പഴക്കമുണ്ടെന്നോ കൃത്യമായി പറയാനാകില്ല.ഊരു ചുറ്റിക്കൊണ്ടിരുന്ന ജിപ്‌സികള്‍ എന്ന വിഭാഗക്കാര്‍ വഴിയരികില്‍ കായികാഭ്യാസങ്ങള്‍ കാട്ടി ആളുകളെ ആകര്‍ഷിച്ചിരുന്നു.ഇവരുടെ പിന്‍മുറക്കാരാണത്രെ സര്‍ക്കസ്സുകാര്‍.

ഇന്ന് കാണുന്ന വിധത്തില്‍ സംഘം ചേര്‍ന്നുള്ള സര്‍ക്കസ് ആരംഭിച്ചത് ഇംഗ്ലണ്ടിലാണെന്ന് കരുതപ്പെടുന്നു.സര്‍ക്കസ്സിന് ഇന്നുള്ള രൂപവും ഭാവവും നല്‍കിയത് ഫിലിപ് ആസ്റ്റ്‌ലിയാണ്.അതിനാല്‍ അദ്ദേഹം ആധുനിക സര്‍ക്കസ്സിന്റെ പിതാവായി അറിയപ്പെടുന്നു. കുതിരപ്പുറത്ത് പല അഭ്യാസപ്രകടനങ്ങളും നടത്തി പേരെടുത്തയാളായിരുന്നു ആസ്റ്റ്‌ലി.കടം വാങ്ങിയ കുതിരയുമായി വീട്ടില്‍ നിന്ന് ഒളിച്ചോടി പട്ടാളത്തില്‍ ചേര്‍ന്ന ആസ്റ്റ്‌ലി അവിടെ പല വിദ്യകളും കാണിച്ച് ശ്രദ്ധേയനായി.പട്ടാളത്തില്‍ നിന്ന് പിരിയുമ്പോള്‍ ഒരു മിടുക്കന്‍ കുതിരയെ കേണല്‍ ഏലിയട്ട്,ആസ്റ്റ്‌ലിക്ക് സമ്മാനിച്ചുവത്രെ! അതിനെയും കൊണ്ട് ഊരു ചുറ്റി അഭ്യാസങ്ങള്‍ കാണിക്കലായി പിന്നെ.ഇതിനിടെ ഒരു സവാരിവിദഗ്ധയെ കല്യാണവും കഴിച്ചു. പിന്നീട് രണ്ട് പേരും കൂടി വൃത്താകൃതിയില്‍, തുണി കൊണ്ട് മറച്ച റിങ്ങില്‍ സാഹസികപ്രകടനങ്ങള്‍ അവതരിപ്പിച്ചുതുടങ്ങി.സവാരി വിദ്യകള്‍ക്കിടയിലുള്ള വിശ്രമവേളകളില്‍ കോമാളികളെയും കത്തിയേറുകാരെയും വെച്ച് അവര്‍ പല പ്രകടനങ്ങളും നടത്തി. ടിക്കറ്റില്ലാതെ നടത്തിയിരുന്ന ഈ സര്‍ക്കസ്സിനൊടുവില്‍ ആസ്റ്റ്‌ലി തന്നെ തന്റെ തൊപ്പിയൂരി കാണികളുടെ നേരെ നീട്ടി സംഭാവന പിരിക്കും. അതുകഴിഞ്ഞ് അടുത്ത തെരുവിലേക്ക് നീങ്ങും.ഇതായിരുന്നു സര്‍ക്കസ്സിന്റെ ആദ്യരൂപം.

നമ്മുടെ രാജ്യത്തേക്ക് സര്‍ക്കസ്സിനെ എത്തിച്ചത് ഒരു വാശിയാണെന്ന് അറിയാമോ? പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഒരു വിദേശ സര്‍ക്കസ് കമ്പനി ബോംബെയിലെത്തി. കാണികളെ കൈയിലെടുക്കുന്ന ഒരുപാട് നമ്പറുകളുണ്ടായിരുന്നു അവരുടെ കൈയില്‍. നമ്മുടെയാളുകളാവട്ടെ അതെല്ലാം ആദ്യമായി കാണുകയായിരുന്നു. കുന്ദ്‌വാഡയിലെ രാജാവായ ബാലാസാഹിബും ഉണ്ടായിരുന്നു കാണികളുടെ കൂട്ടത്തില്‍. കുതിരകളെ കൊണ്ട് കുറെ അഭ്യാസപ്രകടനങ്ങള്‍ നടത്തിച്ച ശേഷം, കമ്പനിയുടെ ഉടമയായ വെള്ളക്കാരന്‍ ഒരു വെല്ലുവിളിയങ്ങ് പാസാക്കി.'ഈ കുതിരകളെക്കൊണ്ട് ചെയ്യിച്ചതുപോലുളള ഒന്ന് ഇന്ത്യക്കാരില്‍ ആര്‍ക്കെങ്കിലും നിങ്ങളുടെ കുതിരകളെ കൊണ്ട് ചെയ്യിക്കാനാകുമോ ? അത് സാധിച്ചാല്‍ അയാള്‍ക്ക് 1000 പവനും ഇതിലൊരു കുതിരയെയും തരുന്നതായിരിക്കും.'

ബാലാസാഹിബിന്റെയൊപ്പം അദ്ദേഹത്തിന്റെ കുതിരലായം സൂക്ഷിപ്പുകാരനായ വിഷ്ണുപന്ത് ഛത്രേയും ഉണ്ടായിരുന്നു. അദ്ദേഹം രാജാവിനോട് പറഞ്ഞു : ' ഈ വെല്ലുവിളി നമ്മള്‍ സ്വീകരിക്കണം, ബാക്കി ഞാനേറ്റു.'അങ്ങനെ രാജാവ് വെല്ലുവിളി സ്വീകരിച്ചു. വിഷ്ണുപന്ത് തന്റെ കുതിരകളില്‍ ഒന്നിനെ തിരഞ്ഞെടുത്ത് പരിശീലനം തുടങ്ങി. വൈകാതെ  രസികന്‍ അഭ്യാസപ്രകടനവും നടത്തി. എന്നാല്‍ വിദേശ സര്‍ക്കസ് കമ്പനിയുടെ ഗതി മറ്റൊന്നായിരുന്നു. അത് അപ്പോഴേക്കും തളര്‍ച്ചയിലെത്തുകയും പിന്നീട് അടച്ചുപൂട്ടുകയും ചെയ്തു.ആ കമ്പനിയിലെ സര്‍ക്കസ് സാമഗ്രികളില്‍ ഏറെയും വിഷ്ണുപന്ത് മൊറെശ്വര്‍  ഛേ്രത വാങ്ങി. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പുതിയ സര്‍ക്കസ് കമ്പനി ഉണ്ടാക്കി. ഛത്രേസ് ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസ് - അതായിരുന്നു ഇന്ത്യയിലെ ആദ്യ സര്‍ക്കസ് കമ്പനി.

ഇദേഹത്തെ ഇന്ത്യന്‍ സര്‍ക്കസ്സിന്റെ പിതാവായി കാണുന്നത്, 'ഇന്ത്യന്‍ സര്‍ക്കസ്സ്'. ലോകം മുഴുവന്‍ ചുറ്റി കറങ്ങി ഒടുവില്‍ 1888-ല്‍ അദ്ദേഹം കണ്ണൂരിലെ തലശ്ശേരിയിലുമെത്തി. അക്കാലം മുതലാണ് ഇന്ത്യന്‍ സര്‍ക്കസ്സിന്റെ ദിശതന്നെ മാറിതുടങ്ങിയത്. അന്നത്തെ പേരുകേട്ട തലശ്ശേരി കളരിയുടെ ഇതിഹാസമായിരുന്നു കീലേരി കുഞ്ഞികണ്ണന്‍. അദ്ദേഹവുമായി ഛത്രേ നടത്തിയ കൂടിക്കാഴ്ചയാണ് സര്‍ക്കസ്സിന്റെ വിപ്ലവാത്മകമായ മുന്നേറ്റത്തിന് കേരളത്തിലും വഴിവെച്ചത്.ഛത്രേയും കീലേരിയും തമ്മില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം കീലേരി കുഞ്ഞികണ്ണന്‍ അഭ്യസികളെ സര്‍ക്കസ്സിനായി പരിശീലിപ്പിക്കുമെന്നും അവര്‍ക്ക് ഛത്രേ ജോലി നല്‍കും എന്നുമായിരുന്നു ഉടമ്പടി.തുടര്‍ന്ന് കീലേരി മാസ്റ്റര്‍ ചിറക്കരയില്‍ സര്‍ക്കസ്സ് പരിശീലന കേന്ദ്രവും തുടങ്ങി. 

കേരള സര്‍ക്കസ്സിന്റെ പിതാവായി അറിയപ്പെടുന്നത് കീലേരി കുഞ്ഞിക്കണ്ണനാണ്‌. ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കസ്സ് സ്കൂള്‍ അദ്ദേഹം 1901-ല്‍ തലശ്ശേരിയില്‍ ആരംഭിച്ചു. ഇന്ത്യന്‍ സര്‍ക്കസ്സിന്റെ കളിത്തൊട്ടിലായാണ്‌ അക്കാലത്ത് തലശ്ശേരി അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ആദ്യ സര്‍ക്കസ്സ് കമ്പനിയായ മലബാര്‍ ഗ്രാന്‍ഡ് സര്‍ക്കസ്സ് അദ്ദേഹത്തിന്റെ ശിഷ്യനായ കണ്ണന്‍ 1904-ല്‍ ചിറക്കരയില്‍ ആരംഭിച്ചതാണ് അത് ചരിത്രം സൃഷ്ടിച്ചു.

ലോകത്തെ ആകെ വിറപ്പിച്ച ഹിറ്റ്‌ലര്‍  ബോംബെ സര്‍ക്കസ്സ് കണ്ട് അതിശയിച്ചിരുന്നിട്ടുണ്ട്. ഒരു കയറില്‍ നിന്നും മറ്റൊരു കയറിലേക്ക് അനായാസം പറന്നുപോകുന്ന അതിസാഹസികനെ നോക്കി അദ്ദേഹം പറഞ്ഞത് 'Jumping Devil' (മലക്ക പിശാച്) എന്നാണ്. ഹിറ്റ്‌ലറെ പോലും വിസ്മയിപ്പിച്ച ആ പ്രതിഭ തലശ്ശേരിക്കാരനായ കണ്ണനാണ്. ലോകം അന്നുമുതല്‍ തലശ്ശേരിയെക്കൂടി  സര്‍ക്കസ്സിനൊപ്പം കേട്ട് ശീലിക്കുകയായിരുന്നു. ഇന്ത്യന്‍ സര്‍ക്കസ്സിന്റെ പരീക്ഷണങ്ങളുടെ നെടും തൂണാവുകയായിരുന്നു പിന്നീട് കീലേരി കുഞ്ഞികണ്ണനും ശിഷ്യന്മാരും. കേരളത്തിന് പുറത്തുനിന്നും സര്‍ക്കസ്സ് പഠിക്കാന്‍ യുവത്വം തലശ്ശേരിയിലേക്ക് ഒഴുകി. ഇതില്‍ കൂടുതല്‍ പേര്‍ വന്നത് മണിപ്പൂര്‍,ആസ്സാം,ഒഡിഷ എന്നിവിടങ്ങളില്‍ നിന്നായിരുന്നു.

പിന്നീട് സര്‍ക്കാര്‍ സഹായത്തോടെ വന്ന ആദ്യ സര്‍ക്കസ്സ് അക്കാദമിയും തലശ്ശേരിയില്‍ ആയിരുന്നു. ഭരണകൂടം അതിന്റെ എല്ലാ ഉദാസീനതയോടുമാണ് ആ സ്ഥാപനത്തെയും കണ്ടത്. സിനിമ തിയേറ്റര്‍ പുറം മോടിപിടിപ്പിച്ച് സര്‍ക്കസ്സ് പരിശീലന കേന്ദ്രമാക്കി മാറ്റുകയായിരുന്നു അന്ന് സര്‍ക്കാര്‍ ചെയ്തത്. അതും യാതൊരു വിധ പരിശീലന സാമഗ്രികളും ഇല്ലാതെ! ഏതാനും കുട്ടികളെയും ചേര്‍ത്തു. ഭാവി തുലാസിലാണെന്ന് മനസിലാക്കിയ ചിലര്‍ അവിടം വിട്ടു. ക്രമേണ പ്രഹസനത്തിന്റെ കൊട്ടകക്ക് താഴുവീണു. ആരൊക്കെയോ ഒരു വലിയ ഉദ്യമത്തിന്റെ കട തന്നെ വെട്ടുകയായിരുന്നു. അവഗണനയുടെ ചരിത്ര സ്മാരകമായി ഇന്ന് അത്  മാറി.

മൃഗങ്ങള്‍ ആയിരുന്നു ഓരോ സര്‍ക്കസ്സിന്റെയും പ്രധാന ആകര്‍ഷണം. സര്‍ക്കസ്സ് പ്രകടനങ്ങളില്‍ മൃഗങ്ങളെ നിരോധിച്ച കേരള ഹൈക്കോടതി ഉത്തരവ് 2001-ല്‍ സുപ്രീംകോടതിയും ശരി വച്ചിരുന്നു.കുട്ടികള്‍ക്ക് വന്യ ജീവികളെ അടുത്തറിയാനുള്ള ഏക അവസരവും സര്‍ക്കസ്സ് ആയിരുന്നു. ആ ആകാംഷകള്‍ ആയിരുന്നു സര്‍ക്കസ്സ് തമ്പുകള്‍ ജന നിബിഡമാക്കിയിരുന്നത്.2011 ഏപ്രില്‍ 18 - മുതല്‍ സര്‍ക്കസ്സിന് കുട്ടികളെ ഉപയോഗിക്കുന്നതിന് സുപ്രീംകോടതി വിലക്ക് ഏര്‍പ്പെടുത്തി. ഇതു മൂലം കുട്ടികളെ സര്‍ക്കസില്‍ അടിയന്തരമായി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. രണ്ട് മാസത്തെ സമയപരിധി ഇതിനായി അനുവദിക്കുകയും ചെയ്തു.ഇതോടെ സര്‍ക്കസ്സ് പ്രതിഭകളും ഇല്ലാതായി. ചെറുപ്പം മുതലേ പരിശീലിക്കേണ്ട കലയാണെന്നും, അതിന് സാധ്യമായില്ലെങ്കില്‍ മികച്ച കലാകാരനെ ലഭ്യമാകില്ല എന്നുമാണ് പരിശീലകര്‍ പറയുന്നത്.250 ഓളം സര്‍ക്കസ്സ് കമ്പനികള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 20 ഇല്‍ താഴെയായി ചുരുങ്ങിയിരിക്കുന്നു. ചുരുങ്ങിയ കാലകൊണ്ട് സര്‍ക്കസ് വിസ്മൃതിയായി മാറും.








No comments:

Post a Comment