ആഗോള തലത്തിൽ സമാധാനവും സുരക്ഷിതത്വവും നിലനിർത്താനും രാഷ്ട്രങ്ങൾ തമ്മിൽ സൗഹാർദ്ദപരമായ സഹവർത്തിത്വവും പ്രവർത്തനങ്ങളിൽ ഏകീകരണവും നടപ്പാക്കാനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് ഐക്യരാഷ്ട്രസഭ. ഇതിന്റെ ഓഫീസുകൾ ന്യൂയോർക്ക്, ജനീവ, നൈറോബി, വിയന്ന, ഹേഗ് എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.
ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞപ്പോൾ ലോക സമാധാനത്തിനും യുദ്ധങ്ങൾ ഒഴിവാക്കാനും ഒരു രാഷ്ട്രാന്തര സംവിധാനം വേണമെന്ന് അമേരിക്കയും ഇംഗ്ലണ്ടും ആവശ്യമുന്നയിച്ചിരുന്നു. 1920 ജനുവരി 10 ന് ലീഗ് ഓഫ് നേഷൻസ് എന്ന ഒരു സംഘടനയുടെ ഉദ്ഘാടനവും നടന്നു. 1933 ലെ മഞ്ചൂറിയ ആക്രമണത്തിൽ നിന്ന് ജപ്പാനെ പിന്തിരിപ്പിക്കാനോ ഇറ്റലിയുടെ എത്യോപ്യ ആക്രമണം തടയാനോ കഴിയാത്ത സാഹചര്യത്തിൽ ഒരു പരാജയമായി ഇത് വിലയിരുത്തപ്പെട്ടു. 1939 ൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ ഈ സംഘടനയുടെ പ്രവർത്തനം നിലയ്ക്കുകയുമുണ്ടായി.
രണ്ടാം ലോകമഹായുദ്ധം അതിന്റെ കെടുതികൾ നിരത്തി ലോക മനസ്സാക്ഷിയുടെ കണ്ണ് തുറപ്പിച്ചു. 1941 ൽ "ലോക സമാധാനത്തിനായി" ഒരു സംഘടനയെപ്പറ്റി ഗൗരവമായ കൂടിയാലോചനകൾ നടന്നു. അമേരിക്ക, ബ്രിട്ടൻ, റഷ്യ, ചൈന എന്നീ സഖ്യകക്ഷി രാഷ്ട്രങ്ങളാണ് ഇതിന്റെ മുൻപന്തിയിൽ നിന്നത്. ഒരിക്കൽ ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ് സഖ്യകക്ഷികളെ സൂചിപ്പിക്കാന്‍ ഉപയോഗിച്ച "യുണൈറ്റഡ് നേഷൻസ്" എന്ന പേര് സ്വീകരിച്ചു കൊണ്ട് അത്തരം ഒരു സംഘടനയ്ക്ക് അവർ രൂപം നൽകി. ഈ നാല് രാഷ്ട്രങ്ങളും "പോലീസ്" ആയി നിന്ന്, ഒരു നിർവ്വാഹക സമിതിയുടെ സഹായം ഉപയോഗിച്ച് മറ്റു രാഷ്ട്രങ്ങളെ നിയന്ത്രിക്കുന്ന വിധം ("ലോക പോലീസ്") ആയിരുന്നു ഇതിന്റെ സംഘടനാ സമ്പ്രദായം.
1944 മുതൽ നടന്ന സുദീർഘമായ ചർച്ചകൾക്ക് ശേഷം ഫ്രാൻസിനെയും "ലോക പോലീസിൽ" അംഗമാക്കുകയും 1945 ഒക്ടോബർ 24ാം തിയതി 51 അംഗ രാഷ്ട്രങ്ങളുമായി (5 + 46) ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽ വരികയും ചെയ്തു.
ഐക്യരാഷ്ട്രസഭയുടെ ഭരണത്തലവൻ സെക്രട്ടറി ജനറൽ ആണ്.
ഐക്യരാഷ്ട്ര പൊതുസഭ (UN General Assembly), ഐക്യരാഷ്ട്ര സുരക്ഷാ സമിതി (UN Security Council), സാമ്പത്തിക സാമൂഹ്യ കൗൺസിൽ (Economic and Social Council - ECOSOC), അന്താരാഷ്ട്ര നീതിന്യായ കോടതി(International Court of Justice - ICJ), സെക്രട്ടേറിയറ്റ് എന്നിങ്ങനെ അഞ്ച് വകുപ്പുകളാണ് ഇതിനുള്ളത്. ഐ.സി.ജെ. ഹേഗിലും മറ്റുള്ളവ ന്യൂയോർക്കിലുമാണ് പ്രവർത്തിക്കുന്നത്.
വിവിധ വകുപ്പുകൾക്ക് കീഴിലായി കാര്യനിർവ്വഹണ സംഘങ്ങളും (Agency) പ്രവർത്തിക്കുന്നു. ഏജൻസികൾ ജനീവ, നെയ്റോബി, വിയന്ന തുടങ്ങി മറ്റു നഗരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. (രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് കോളനികളെ സ്വയംഭരണത്തിന് പ്രാപ്തരാക്കാൻ വേണ്ടി “ഇന്റർനാഷണൽ ട്രസ്റ്റീ കൗൺസിൽ” എന്ന ഒരു വകുപ്പു കൂടി തുടക്കത്തിൽ ഉണ്ടായിരുന്നു. ഇത്തരം കോളനികളെ "ട്രസ്റ്റീഷിപ് ടെറിട്ടറീസ്" എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവയുടെ ഭരണ നിയന്ത്രണം താൽകാലികമായി ഐക്യരാഷ്ട്രസഭയാണ് നടത്തിവന്നത്. 1994 നവംബർ 1 ന് അവസാന ടെറിട്ടറിയും സ്വയംഭരണത്തിൽ എത്തിയപ്പോൾ ഇത് നിർത്തലാക്കി).
ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO), ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ILO), യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (UNESCO), ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF), വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO) തുടങ്ങിയ ഒരുപിടി കാര്യനിർവ്വഹണ സംഘങ്ങള്‍ വിവിധ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തനം നടത്തുന്നു.
രണ്ട് ഒലിവ് മരച്ചില്ലകൾക്കിടയിൽ ചിത്രീകരിച്ചിട്ടുള്ള ലോക ഭൂപടം ആണ് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ചിഹ്നം. നീല നിറമുള്ള പശ്ചാത്തലത്തിൽ വെളുത്ത നിറത്തിൽ ഈ ചിഹ്നം പതിപ്പിച്ചതാണ് ഇതിന്റെ പതാക. ഇന്ന് 193 രാഷ്ട്രങ്ങൾ ഈ സഭയിൽ അംഗങ്ങളാണ്.
ലോകത്തിന്റെ പല ഭാഗങ്ങളിലും ആരോഗ്യ പ്രശ്നങ്ങളുടെ പരിഹാരത്തിനും, സാമൂഹ്യ സുരക്ഷക്കും സാമ്പത്തിക പുരോഗതിക്കും സഹായകമായിട്ടുണ്ടെങ്കിലും പക്ഷപാതപരമായ തീരുമാനങ്ങളും, ചില പ്രശ്നങ്ങളോടുള്ള നിസ്സംഗമായ നിലപാടുകളും രൂക്ഷ വിമർശനങ്ങൾക്ക് തിരി കൊളുത്തുന്ന അവസ്ഥയുമുണ്ട്, അന്നും ഇന്നും.
ജന്മദിനമായ ഒക്ടോബർ 24, എല്ലാ വർഷവും ഐക്യരാഷ്ട്രസഭാ ദിനമായി ആചരിച്ചു വരുന്നു.
ഐക്യരാഷ്ട്രസഭയുടെ സുവർണ്ണ ജൂബിലി വർഷമായ 1995 ൽ ഭാരതം 5 രൂപയുടെ സ്മാരക നാണയം പുറത്തിറക്കിയിരുന്നു.
നാണയ വിവരണം
"5", "0" എന്നീ അക്കങ്ങൾ കോർത്തു പിടിച്ച് അഞ്ചിനകത്തായി യു.എൻ.ചിഹ്നം പതിപ്പിച്ച്, 1995 എന്നും രേഖപ്പെടുത്തിയ മദ്ധ്യഭാഗത്തിന് മുകളിൽ ഹിന്ദിയിൽ "സംയുക്ത രാഷ്ട്ര സംഘ് കീ 50 വീം ജയന്തി" എന്നും താഴെ ഇംഗ്ലീഷിൽ "50 ത് ആനിവേഴ്സറി ഓഫ് യുണൈറ്റഡ് നേഷൻസ്" എന്നും ആലേഖനം ചെയ്തിരിക്കുന്നു.
സാങ്കേതിക വിവരണം
മൂല്യം - 5 രൂപ, ഭാരം - 9 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%.