ഇന്നത്തെ പഠനം | |
അവതരണം | ഡോ. N.ശ്രീധർ തിരുവനന്തപുരം |
വിഷയം | സ്മാരക നാണയങ്ങൾക്ക് പിന്നിൽ |
ലക്കം | 41 |
ഒന്‍പതാമത് ഏഷ്യന്‍ ഗയിംസ് - ഡെല്‍ഹി 1982
നാല് വർഷത്തിലൊരിക്കൽ ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ നടക്കുന്ന വിവിധ കായിക മത്സരങ്ങളുൾപ്പെടുത്തിയുള്ള കായിക മാമാങ്കമാണ് ഏഷ്യാഡ് എന്നുകൂടി പേരുള്ള ഏഷ്യൻ ഗെയിംസ്.
1912 മുതൽ തന്നെ ജപ്പാൻ, ഫിലിപ്പീൻസ്, ചൈന എന്നീ രാഷ്ട്രങ്ങൾ കേന്ദ്രീകരിച്ച് "ഫാർ ഈസ്റ്റ് ചാംപ്യൻഷിപ് ഗെയിംസ് " എന്ന പേരിൽ കായിക മത്സരങ്ങൾ നടന്നു വന്നിരുന്നു. 1913 ൽ ആറു രാഷ്ട്രങ്ങൾ പങ്കെടുത്തു തുടങ്ങിയ ഈ പ്രസ്ഥാനം സീനോ - ജാപ്പനീസ് യുദ്ധത്തിന്റെയും, മഞ്ചുകുവോയെ (ജപ്പാന് അധീനമായിരുന്ന മഞ്ചൂറിയ പ്രദേശം) ഒരു പ്രത്യേക രാഷ്ട്രമായി മത്സരത്തിൽ പങ്കെടുപ്പിക്കണമെന്ന ജപ്പാന്റെ കടുംപിടിത്തത്തിന്റെയും പശ്ചാത്തലത്തിൽ 1938 ലെ മത്സരം റദ്ദാക്കിയതോടെ ഈ മത്സരങ്ങള്‍ അവസാനിച്ചു.
1949 ഫെബ്രുവരിയിൽ ദില്ലിയിൽ ഉത്ഘാടനം ചെയ്ത "ഏഷ്യൻ അത് ലറ്റിക് ഫെഡറേഷൻ", ഏഷ്യൻ രാഷ്ട്രങ്ങൾക്കായി ദില്ലിയിൽ വച്ച് 1950 ൽ കായികമത്സരങ്ങൾ നടത്താൻ തീരുമാനിച്ചു. അത് നടന്നത് 1951 ലായിരുന്നുവെങ്കിലും 1950 മുതലുള്ള ഓരോ നാല് വർഷത്തിലും ഏഷ്യൻ ഒളിമ്പിക് കൗൺസിലിന്റെ മേൽനോട്ടത്തിൽ ഏഷ്യൻ ഗെയിംസ് ഇന്നും നടന്നു വരുന്നു.
1951 ൽ നടന്ന 1950 ലെ ഏഷ്യാഡിനു ശേഷം 1982 ലാണ് ഭാരതത്തിൽ ഇതിന് വേദിയൊരുങ്ങിയത്. നവംബർ 19 മുതൽ ഡിസംബർ 4 വരെ നടന്ന മത്സരങ്ങളിൽ മെഡൽ നിലയിൽ അഞ്ചാം സ്ഥാനം കൊണ്ട് നമുക്ക് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും കേരളത്തിന്റെ അഭിമാനമായ പി.ടി.ഉഷ, എം.ഡി.വത്സമ്മ തുടങ്ങി ഒരുപിടി കായികതാരങ്ങളെ 1982 ലെ ഏഷ്യാഡ് ലോക ശ്രദ്ധയിലെത്തിച്ചു.
അന്നത്തെ ഭാഗ്യചിഹ്നമായിരുന്ന "അപ്പു" ഏറെ ജനപ്രിയമാകുകയും 1984 ൽ ദില്ലിയിലെ “അപ്പുഘർ” എന്ന അമ്യൂസ്മെന്റ് പാർക്കിന്റെ ആരംഭത്തിന് കാരണമാകുകയും ചെയ്തു.
ഭാരതം ഈ അവസരത്തെ നാണയങ്ങളിലൂടെ അവിസ്മരണീയമാക്കി. 10 പൈസ, 25 പൈസ, 2 രൂപ, 10 രൂപ,100 രൂപ നാണയങ്ങളാണ് തദവസരത്തിൽ നിർമ്മിച്ചത്.
നാണയ വിവരണം
നാണയത്തിന്‍റെ പിൻവശത്ത് ഒളിമ്പിക് കൗൺസിലിന്റെ ചിഹ്നത്തിന് താഴെ ദില്ലിയിലെ ജന്തർ മന്തറിലുള്ള "മിശ്രയന്ത്ര" എന്ന നിർമ്മിതി ചിത്രീകരിച്ചിരിക്കുന്നു. (അവിടെയുള്ള വിവിധ ജ്യോതിശാസ്ത്ര യന്ത്രങ്ങളിൽ നിന്ന് പ്രസ്തുത ഉപകരണമായിരുന്നു 1982 ഏഷ്യാഡിന്റെ അടയാളചിഹ്നമായി സ്വീകരിക്കപ്പെട്ടിരുന്നത്).
സാങ്കേതിക വിവരണം
1 മൂല്യം - 10 പൈസ , ഭാരം - 2.3 ഗ്രാം, വ്യാസം - 12 മില്ലിമീറ്റര്‍ (notched), ലോഹം - അലൂമിനിയം.
2 മൂല്യം - 25 പൈസ, ഭാരം - 2.6 ഗ്രാം, വ്യാസം - 19.2 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%,
നിക്കൽ - 25% .
3 മൂല്യം - 2 രൂപ, ഭാരം - 8.1ഗ്രാം, വ്യാസം - 28 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%,
നിക്കൽ - 25% .
4 മൂല്യം - 10 രൂപ, ഭാരം - 25 ഗ്രാം, വ്യാസം - 39 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%,
നിക്കൽ - 25% .
5 മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%
നിക്കൽ - 5%, നാകം - 5%.
No comments:
Post a Comment