ഇന്നത്തെ പഠനം | |
അവതരണം | ഡോ. N.ശ്രീധർ തിരുവനന്തപുരം |
വിഷയം | സ്മാരക നാണയങ്ങൾക്ക് പിന്നിൽ |
ലക്കം | 39 |
ക്വിറ്റ് ഇന്‍ഡ്യ സമരം
മഹാത്മജിയുടെ അഹിംസാ സമരങ്ങളിൽ സുപ്രധാനമായ ഒന്നാണ് ക്വിറ്റ് ഇന്ത്യാ സമരം.
ബ്രിട്ടീഷുകാരുടെ മാരകമായ ആയുധങ്ങളെ മനക്കരുത്തിന്റെ മാത്രം ബലത്തിൽ നിർവീര്യമാക്കിക്കൊണ്ടായിരുന്നു ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോകണമെന്ന് ഭാരതം മുഴുവൻ ഒറ്റ സ്വരത്തിൽ ആവശ്യപ്പെടുന്ന നിലയിലേക്ക് അത് വളർന്നെത്തിയത്. അന്നോളം കണ്ടതിൽ ഏറ്റവും അധികം ജനങ്ങൾ ഏറ്റെടുത്ത പ്രസ്തുത സമരം 1942 ലാണ് നടന്നത്. ദശലക്ഷങ്ങൾ പങ്കെടുത്ത നിരവധി സമരങ്ങളാണ് നാടിന്റെ മുക്കിലും മൂലയിലും ഒരേ സമയം അരങ്ങേറിയത്.
രണ്ടാം ലോകമഹാ യുദ്ധവും ക്വിറ്റ് ഇന്‍ഡ്യാ സമരവും ചേർന്ന് സൃഷ്ടിച്ച തീച്ചൂളയിൽ ബ്രിട്ടീഷ് ആധിപത്യത്തിന്റെ ഉരുക്കു മുഷ്ടികൾ ഉരുകിയൊലിച്ചു. യുദ്ധാനന്തരം അധികം താമസിയാതെ ഇന്ത്യ വിടാൻ ബ്രിട്ടീഷുകാരെ നിര്‍ബന്ധിതരാക്കിയതിൽ ഈ സമരക്കടലിന് ചെറുതല്ലാത്ത പങ്കാണുള്ളത്.
സായുധമായ അടിച്ചമർത്തലിനെ സഹന സമരം കൊണ്ട് നേരിട്ട ഭാരതീയർ ലോക മനസ്സാക്ഷിയെ ബ്രിട്ടനെതിരായി തിരിച്ചു.
സ്വദേശി പ്രസ്ഥാനം, ഇന്ത്യയിൽ നിന്നുള്ള ബ്രിട്ടന്റെ വരുമാനം ഇവിടെയുള്ള സൈന്യത്തെ പോറ്റാൻ പോലും തികയാത്ത അവസ്ഥയിൽ കൊണ്ടെത്തിച്ചു. യുദ്ധച്ചെലവ് ബ്രിട്ടന്റെ സമ്പദ്ഘടനയുടെ നട്ടെല്ലൊടിച്ചു. ഇന്ത്യയിലെ പ്രക്ഷോഭങ്ങളെ നേരിടാൻ ബാല്യം ബാക്കിയില്ലെന്നു തിരിച്ചറിഞ്ഞ ബ്രിട്ടണു മുന്നിൽ മറ്റു പോംവഴികളൊന്നും അവശേഷിച്ചിരുന്നില്ല.
കൈകാര്യം ചെയ്യാൻ കഴിയാത്ത പ്രക്ഷോഭങ്ങൾ നിരന്തരം നിറഞ്ഞാടുന്ന ഇന്ത്യയിൽ തുടരുന്നത് അധിക ബാദ്ധ്യതയാകുമെന്നുള്ള തിരിച്ചറിവിൽ നിവൃത്തികേട് കൊണ്ട് ഭാരതം വിടാൻ ബ്രിട്ടൻ തീരുമാനിക്കുമ്പോൾ അത് ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ വിജയം കൂടിയായിരുന്നു.
നിരായുധ ശക്തി സായുധ ശക്തിയെ മുട്ടുകുത്തിച്ച, ലോകം അവിശ്വസനീയതയോടെ നോക്കിക്കണ്ട ആ സമരത്തിന്റെ സുവർണജൂബിലി ആഘോഷിച്ച വര്ഷമായ 1992 ൽ ഭാരതം 100, 50 10 1 രൂപയുടെ സ്മാരക നാണയങ്ങള്‍ പുറത്തിറക്കി.
നാണയ വിവരണം
നാണയത്തിന്‍റെ പിന്‍ഭാഗത്ത് കാണപ്പെടുന്ന ചിത്രം പാറ്റ്ന സെക്രെട്ടറിയേറ്റിനു മുന്നിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള "മാർടയേഴ്സ് മെമ്മോറിയൽ" (Martyr’s Memorial) എന്ന ശില്പത്തിന്റേതാണ്. 1942 ൽ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിനു മുകളിൽ ഇന്ത്യയുടെ പതാക സ്ഥാപിക്കാനുള്ള ശ്രമത്തിൽ ജീവൻ ബലീ നൽകിയ ധീരന്മാരായ ഏഴു വിദ്യാർത്ഥികളുടേതാണ് പ്രസ്തുത ശിൽപം.
സാങ്കേതിക വിവരണം
1 മൂല്യം - 100 രൂപ ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%.
2 മൂല്യം - 50 രൂപ, ഭാരം - 30 ഗ്രാം, വ്യാസം - 39 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75% നിക്കൽ - 25%.
3 മൂല്യം - 10 രൂപ, ഭാരം - 12.5 ഗ്രാം, വ്യാസം - 31മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%.
4 മൂല്യം - 1രുപ, ഭാരം - 6 ഗ്രാം, വ്യാസം - 26 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%.
No comments:
Post a Comment