ഇന്നത്തെ പഠനം | |
അവതരണം | ഡോ. N.ശ്രീധർ തിരുവനന്തപുരം |
വിഷയം | സ്മാരക നാണയങ്ങൾക്ക് പിന്നിൽ |
ലക്കം | 42 |
കോമണ്‍വെല്‍ത്ത് - അറുപതാം വാര്‍ഷികം
മുൻപ് ബ്രിട്ടീഷ് ആധിപത്യത്തില്‍ ആയിരുന്നതോ, അത്തരം രാജ്യങ്ങളുമായി രാഷ്ട്രീയ ബന്ധം സൂക്ഷിക്കുന്നതോ ആയ 54 രാഷ്ട്രങ്ങളുടെ ഒരു രാഷ്ട്രീയ സംഘടന ആണ് "കോമൺവെൽത്ത്''.
ഭരണതല വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു സെക്രട്ടറിയേറ്റും, സാമൂഹ്യ സാമ്പത്തിക വിഷയങ്ങളും ഊഷ്മളമായ പരസ്പര ബന്ധവും നോക്കി നടത്തുന്ന കോമൺവെൽത് ഫൗണ്ടേഷനും ചേർന്നതാണ് ഈ സംഘടന.
1949 ലെ ലണ്ടൻ പ്രഖ്യാപനത്തോടെയാണ് ഔദ്യോഗികമായി കോമൺവെൽത്ത് നിലവിൽ വന്നത്. അതിൽ അംഗ രാഷ്ട്രങ്ങളെല്ലാം "സ്വതന്ത്രരും തുല്യരും" ആണെന്ന് അടിവരയിട്ട് പറഞ്ഞിരുന്നു.
ലണ്ടനിലെ മാൽബൊറോ ഹൗസിലാണ് കോമൺവെൽത്തിന്റെ ആസ്ഥാനം. ഇപ്പോൾ ഇതിന്റെ തലവന്റെ സ്ഥാനത്ത് ബ്രിട്ടീഷ് രാജ്ഞിയാണ്.
16 രാജ്യങ്ങൾ കോമൺവെൽത്ത് മേഖലകൾ എന്നറിയപ്പെടുന്നവയും, 33 എണ്ണം ജനാധിപത്യം നിലനിൽക്കുന്നവയും, ബാക്കി 5 എണ്ണം രാജഭരണം നടക്കുന്ന രാഷ്ട്രങ്ങളുമാണ്. ഈ രാജ്യങ്ങൾക്കു പരസ്പരം നിയമപരമായി ഒരു കടപ്പാടുമില്ല. ചരിത്രപരമായ ബന്ധങ്ങളുടെയും ഇംഗ്ലീഷ് ഭാഷയുടെ പൊതു ഉപയോഗത്തിലൂടെയും ഈ ബന്ധം നിലനിൽക്കുന്നു. ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും നിയമവാഴ്ചയുടെയും മൂല്യങ്ങൾ പ്രഖ്യാപിക്കുന്ന "കോമൺവെൽത്ത് ചാർട്ടർ" (മൂല്യങ്ങളെയും താല്പര്യങ്ങളെയും കുറിച്ചുള്ള നയപ്രഖ്യാപന രേഖ) അനുസരിച്ചാണ് ഈ ബന്ധങ്ങളില്‍ ഈ രാഷ്ട്രങ്ങളുടെ പ്രവർത്തനം. നാല് വർഷത്തിലൊരിക്കൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് ഈ ബന്ധത്തെ കൂടുതൽ ദൃഢതരമാക്കുന്നു.
കോമൺവെൽത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം ഇന്ത്യയും കുറഞ്ഞ രാജ്യം 10,000 ജനങ്ങൾ വസിക്കുന്ന തുവാലുവുമാണ്. സ്വന്തം ഇഷ്ടമനുസരിച്ച് കോമൺവെൽത്തിൽ അംഗമാകാം എന്നത് പോലെ തന്നെ എപ്പോൾ വേണമെങ്കിലും പിരിഞ്ഞുപോകാനും അംഗങ്ങൾക്ക് അവകാശമുണ്ട്. എന്നാൽ കോമൺവെൽത് മൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ താൽകാലികമായി പുറത്താക്കാനും തെറ്റു തിരുത്തുമ്പോൾ തിരികെ എടുക്കാനും കോമൺവെൽത്തിന് അധികാരമുണ്ട്.
കോമൺവെൽത്തിന്റെ അറുപതാം പിറന്നാൾ 2009 ൽ ആഘോഷിക്കുകയുണ്ടായി. ചുറ്റിനും കിരണങ്ങളുള്ള സുവർണ്ണ ഗോളത്തെ കടുംനീല പശ്ചാത്തലത്തിൽ ചിത്രീകരിച്ചിട്ടുള്ളതാണ് കോമൺവെൽത്തിന്റെ പതാക.
2009 ൽ കോമൺവെൽത്തിന്റെ 60ാം വാർഷികത്തിന്റെ സ്മരണാർത്ഥം ഇന്ത്യ 100 രൂപ, 5 രൂപ മൂല്യങ്ങളില്‍ സ്മാര കനാണയങ്ങൾ പുറത്തിറക്കി.
നാണയ വിവരണം
നാണയത്തിന്‍റെ പുറകുവശത്ത് നമ്മുടെ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രം നടുവിലായി മുദ്രണം ചെയ്ത്, ഇടതു വശത്ത് "രാഷ്ട്രമണ്ഡൽ കെ 60 വർഷ് " എന്നും വലതു വശത്ത് "60 ഇയേഴ്സ് ഓഫ് ദി കോമൺവെൽത്" എന്നും യഥാക്രമം ഹിന്ദിയിലും ഇംഗ്ലീഷിലും ആലേഖനം ചെയ്തിരിക്കുന്നു.
സാങ്കേതിക വിവരണം
1 മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%.
2 മൂല്യം - 5 രൂപ, ഭാരം - 6 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നാകം - 20% & നിക്കൽ - 5%.
No comments:
Post a Comment