ഇന്നത്തെ പഠനം
| |
അവതരണം
|
രാജീവൻ കാഞ്ഞങ്ങാട്
|
വിഷയം
|
ചിത്രത്തിനുപിന്നിലെ ചരിത്രം
|
ലക്കം
| 24 |
അരുണ അസഫ് അലി
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കരുത്തുറ്റ സമര നായികയാണ് അരുണ അസഫ് അലി. ബ്രിട്ടീഷുകാർ തലയ്ക്കു വിലയിട്ട ഈ ധീരവനിത ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന് കരുത്തു പകർന്ന നേതാക്കളിൽ ഒരാളാണ്. ഹരിയാനയിലെ കൽക്കയിൽ 1909-ൽ ആണ് അരുണ അസഫ് അലി ജനിച്ചത്. ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തിലെ നാലു മക്കളിൽ ഒരാളാണ് അരുണ. അവരുടെ സഹോദരിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പൂർണിമ ബാനർജി നിയമനിർമ്മാണ സഭയിൽ അംഗമായിരുന്നു. ലഹോറിലെ ഉപരിപഠനത്തിനു ശേഷം കൽക്കത്തയിൽ അധ്യാപികയായി ജോലി നോക്കിയ അരുണ 1928-ൽ കോൺഗ്രസ് നേതാവ് അസഫ് അലിയെ വിവാഹം കഴിച്ചു. വിവാഹ ശേഷം കോൺഗ്രസിന്റെ സജീവ പ്രവർത്തകയായ അവർ ഉപ്പുസത്യാഗ്രഹ സമയത്ത് ധാരാളം പൊതുയോഗങ്ങളിൽ പങ്കെടുത്ത് അറസ്റ്റിലായി. മറ്റുള്ളവരെ എല്ലാം വിട്ടയച്ചിട്ടും അപകടകാരിയായ അരുണയെ വിട്ടയയ്ക്കാൻ ആദ്യം ബ്രിട്ടീഷുകാർ തയ്യാറായില്ല. അതിന്റെ പേരിൽ സമരമുണ്ടായ ശേഷമാണ് അരുണ മോചിതയായത്.
1932ൽ വീണ്ടും അറസ്റ്റു ചെയ്യപ്പെട്ട അരുണയെ തീഹാർ ജയിലിലടച്ചു.അവിടുത്തെ അനീതികളിൽ പ്രതിഷേധിച്ച് നിരാഹാര സമരം തുടങ്ങിയതോടെ ജയിലിൽ ചില പരിഷ്കാരങ്ങൾ വരുത്താൻ അധികൃതർ തയ്യാറായി.എന്നാൽ അതോടെ അരുണയെ തീഹാർ ജയിലിൽ നിന്നും അംബാല ജയിലിലേക്ക് മാറ്റി. ഏകാന്ത തടവിലാക്കി.
1942 ഓഗസ്റ്റ് 8 ന് എ.ഐ.സി.സി ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കി. അതോടെ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലെ പ്രധാന നേതാക്കാൾ എല്ലാം അറസ്റ്റിലായി.എന്നാൽ അതിലൊന്നും ഭയപ്പെടാതിരുന്ന അരുണ തൊട്ടടുത്ത ദിവസം സമ്മേളനത്തിന്റെ അധ്യക്ഷത വഹിക്കുകയും കോൺഗ്രസ് പതാക ഉയർത്തി ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന് തുടക്കമിടുകയും ചെയ്തു.അതോടെ അവർ ക്വിറ്റ് ഇന്ത്യ സമര നായികയായി. ഒളിവിൽ പോയ അരുണയുടെ വീടും സ്ഥലവും സർക്കാർ കണ്ടു കെട്ടി വിറ്റു.കൂടാതെ അരുണയെ പിടിച്ചു കൊടുക്കുന്നവർക്ക് 5000 രൂപ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തു. 1946ലാണ് അവർ ഒളിവുജീവിതം അവസാനിപ്പിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം അരുണ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1954ൽ CPI യുടെ വനിതാ വിഭാഗം രൂപീകരിക്കാൻ മുൻകൈ എടുത്തെങ്കിലും പിന്നീട് പാർട്ടി വിട്ടു.1958ൽ ഡൽഹിയുടെ ആദ്യ മേയർ പദം അലങ്കരിച്ചു.1996 ജൂലൈ 29-ന് ഡൽഹിയിൽ അവർ അന്തരിച്ചു. ലെനിൻ സമാധാന പുരസ്കാരവും, പത്മവിഭൂഷണും, ഭാരതരത്നവുമടക്കം ഒട്ടേറെ ദേശീയ-രാജ്യാന്തര പുരസ്കാരങ്ങൾ അവർക്കു ലഭിച്ചിട്ടുണ്ട്.
No comments:
Post a Comment