ഇന്നത്തെ പഠനം | |
അവതരണം | ഡോ. N.ശ്രീധർ തിരുവനന്തപുരം |
വിഷയം | സ്മാരക നാണയങ്ങൾക്ക് പിന്നിൽ |
ലക്കം | 18 |
ഗാന്ധിജിയുടെ സൗത്താഫ്രിക്കയില്‍ നിന്നുള്ള മടക്കം - ശതാബ്ദി നാണയം
23 വസ്സുകാരനായിരുന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി, 1893 ഏപ്രിൽ മാസത്തിൽ തന്റെ അഭിഭാഷക ജീവിതത്തിന്റെ ഭാഗമായ ഒരു കേസിന്റെ നടത്തിപ്പിനു വേണ്ടി സൗത്ത് ആഫ്രിക്കയിലേക്ക് കപ്പലേറി. തുടർന്നുള്ള 21 വര്‍ഷം അവിടമായിരുന്നു അദ്ദേഹത്തിന്‍റെ കർമ്മമണ്ഡലം. തന്റെ രാഷ്ട്രീയ വീക്ഷണങ്ങളും സദാചാര രീതികളും സമര മുറകളും ഗാന്ധിജി രൂപപ്പെടുത്തിയതും പരീക്ഷിച്ചതും അവിടെ വച്ചായിരുന്നു.
സൗത്ത് ആഫ്രിക്കയിൽ എത്തി അധികം വൈകാതെ തന്നെ വർണ്ണവിവേചനത്തിന്റെ തിക്താനുഭവങ്ങൾ അദ്ദേഹത്തെ തേടിയെത്തി. തൊലിയുടെ നിറവും വംശവും അടിസ്ഥാനമാക്കി, തന്നെ പലയിടങ്ങളിലും അകറ്റി നിർത്തിയത് അദ്ദേഹത്തിന് അരോചകമായി അനുഭവപ്പെട്ടു. മനുഷ്യത്വഹീനമായ ഇത്തരം വിവേചനം ചില മനുഷ്യരെ ആഹ്ലാദചിത്തരാക്കുന്നു എന്ന തിരിച്ചറിവ് അദ്ദേഹത്തെ അസ്വസ്ഥനാക്കി. ഇതിനെതിരായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ചുവെങ്കിലും അത് പ്രാവർത്തികമാക്കാൻ അദ്ദേഹത്തിന് വീണ്ടും കുറേക്കാലം പിന്നിടേണ്ടി വന്നു.
ഔദ്യോഗിക ആവശ്യത്തിനായി പ്രീറ്റോറിയയിലേക്കു പോകാൻ ട്രെയിനിൽ കയറിയ അദ്ദേഹം കറുത്ത തൊലിയുള്ളവർ എന്ന നിലയിൽ ഇന്ത്യക്കാർ അനുഭവിക്കുന്ന അപമാനത്തിന് അനുഭവ സാക്ഷിയായി. പീറ്റർമാരിറ്റ്സ്ബെർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് ഒരു വെള്ളക്കാരൻ ഗാന്ധിജി തനിക്കൊപ്പം ഒന്നാം ക്ലാസ് കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുന്നതിൽ പരാതി ഉന്നയിച്ചു. ഒന്നാം ക്ലാസ്സിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റ് തന്റെ കൈവശമുള്ളതിനാൽ അതിനാവില്ലെന്നു ശഠിച്ച അദ്ദേഹം, ബലമായി പുറത്തേയ്ക്ക് എറിയപ്പെട്ടു. അന്ന് രാത്രി അവിടത്തെ കാത്തിരിപ്പു മുറിയിലെ വിജനതയിൽ തണുത്തു വിറച്ചു കഴിഞ്ഞത് അദ്ദേഹത്തിന്‍റെ ആത്മാഭിമാനത്തിന്റെ ഉറക്കം കെടുത്തി. തന്റെ അവകാശങ്ങൾക്കായി പൊരുതണമോ, ഇന്ത്യയിലേക്ക് തിരിച്ചു പോകണമോ, അതുമല്ല അവമതി സഹിച്ച് പ്രിട്ടോറിയയിലേക്കു പോയി തന്റെ വരവിന്റെ ഉദ്ദേശ്യം പൂർത്തിയാക്കി തിരിച്ചു പോയാൽ മതിയാകുമോ എന്ന ചിന്തയിൽ തന്റെ കടപ്പാടുകൾ പൂർത്തീകരിക്കാതെ ഇന്ത്യയിലേക്ക് മടങ്ങുന്നത് ഭീരുത്വമാണ് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇൻഡ്യക്കാർക്കു വേണ്ടി, അവരുടെ അവകാശ സംരക്ഷണത്തിനു വേണ്ടി അവിടെ തുടരാൻ അവിടെ വച്ച് അദ്ദേഹം തീരുമാനമെടുത്തു.
1894 ൽ അദ്ദേഹം പ്രതിനിധാനം ചെയ്ത കേസ് അവസാനിച്ചുവെങ്കിലും ഗാന്ധിജി സൗത്ത് ആഫ്രിക്കയിൽ തുടർന്നു. ഇന്ത്യക്കാർക്ക് വോട്ടവകാശം നിഷേധിക്കുന്ന നിയമത്തിനെതിരെ അദ്ദേഹം ഇന്ത്യക്കാരെ അണിനിരത്തി. 1894 ൽ രൂപീകൃതമായ നേറ്റാൽ ഇന്ത്യൻ കോൺഗ്രസ്സ് എന്ന സംഘടനയിലൂടെ ഇന്ത്യക്കാരെ ഒരു ഏകീകൃത രാഷ്ട്രീയ ശക്തിയായി മാറ്റുവാൻ അദ്ദേഹത്തിന് സാധിച്ചു. നിയമത്തിന് വ്യതിയാനം വരുത്താൻ കഴിഞ്ഞില്ലെങ്കിലും വർണവിവേചനം ലോകത്തിനു മുന്നിൽ തുറന്നു കാട്ടുന്നതിൽ ഗാന്ധിജി വിജയിച്ചു.
1906 ൽ ട്രാൻസ്വാൾ സർക്കാരിന്റെ നയങ്ങൾക്കെതിരെ ജൊഹാന്നസ്ബർഗിൽ നടന്ന പ്രതിഷേധ യോഗത്തിലാണ് ഗാന്ധിജി തന്റെ സത്യഗ്രഹം എന്ന നിരായുധ സമരമുറ ആദ്യമായി പയറ്റിയത്.
1910 ൽ ഹെർമൻ കല്ലൻ ബാച്ച് എന്ന സുഹൃത്തിനൊപ്പം രൂപം നൽകിയ ടോൾസ്റ്റോയ് ഫാം അദ്ദേഹം സത്യഗ്രഹ സമരത്തിന്റെ പരിശീലന കേന്ദ്രമാക്കി. വർണ്ണ വിവേചന നിയമങ്ങൾ ലംഘിക്കാനും അതിന് ലഭിക്കുന്ന ശിക്ഷ ഏറ്റുവാങ്ങാനും ഏതു സാഹചര്യത്തിലും അക്രമം ഒഴിവാക്കാനും അദ്ദേഹം ഇന്ത്യക്കാരെ ഉദ്ബോധിപ്പിച്ചു.
ഗോപാലകൃഷ്ണ ഗോഖലെയുടെ അഭ്യർത്ഥന മാനിച്ച് 1915 ൽ ഇന്ത്യയിലേക്ക് പോരുമ്പോൾ ഇതിന്റെ അനുഭവ പാഠങ്ങളെയും അദ്ദേഹം ഒപ്പം കൂട്ടി.
ഗാന്ധിജി സൗത്ത് ആഫ്രിക്കയിൽ നിന്നും തിരിച്ചു വന്നതിന്റെ ശതാബ്ദി 2015 ൽ ഒരു സ്മാരകനാണയത്തിലൂടെ നാം ആചരിച്ചു. 100 രൂപ, 10 രൂപ നാണയങ്ങളാണ് തദവസരത്തിൽ പുറത്തിറക്കിയത്.
നാണയ വിവരണം
നാണയത്തിന്‍റെ പിൻവശത്ത് ഗാന്ധിജിയുടെ യൗവ്വന കാലത്തെയും വാര്‍ദ്ധക്യ കാലത്തെയും ചിത്രങ്ങൾ നടുവിൽ ആലേഖനം ചെയ്തിരിക്കുന്നു. ഒരുപക്ഷെ ഒരു വ്യക്തിയുടെ രണ്ടു ചിത്രങ്ങൾ ഒരേ സമയം ഒരു നാണയത്തിൽ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമായിരിക്കണം. ചിത്രത്തിന് വശങ്ങളിലായി അരികു ചേർന്ന് 1915 എന്ന് ഇടത്തും 2015 എന്ന് വലത്തും കാണാം. ചിത്രത്തിന് നേരെ മുകളിൽ മഹാത്മാ ഗാന്ധി എന്ന് ഹിന്ദിയിൽ മുകളിലായും ഇംഗ്ലീഷിൽ താഴെയായും ആലേഖനമുണ്ട്. നാണയത്തിന്റെ അരികിൽ വലത്ത് മുകളിൽ "റിട്ടേൺ ഫ്രം സൗത്ത് ആഫ്രിക്ക" എന്നും വലത്ത് താഴെ "സെന്റിനറി കൊമോമ്മൊറേഷൻ" എന്നും ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്. ഇടതു വശത്താകട്ടെ മുകളിൽ "ദക്ഷിൺ ആഫ്രിക്കാ സേ വാപ്പസി" എന്നും താഴെ "ശതാബ്ദി സ്മരണോത്സവ്" എന്ന ഹിന്ദി ലിഖിതവുമാണുള്ളത്. ഏറ്റവും താഴെ മുംബൈ മിന്റ് മാർക്ക് കാണാം.
സാങ്കേതിക വിവരണം
1 മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 200
2 മൂല്യം - 10 രൂപ, ഭാരം - 7.71 ഗ്രാം, വ്യാസം - 27 മില്ലിമീറ്റര്‍, ലോഹം - (Bimetal) Outer : ചെമ്പ് - 92%, അലൂമിനിയം - 6%, നിക്കൽ - 2%, Inner : ചെമ്പ് - 75%, നിക്കൽ - 25%
No comments:
Post a Comment