ഇന്നത്തെ പഠനം | |
അവതരണം | രാജീവൻ കാഞ്ഞങ്ങാട് |
വിഷയം | ചിത്രത്തിനുപിന്നിലെ ചരിത്രം |
ലക്കം | 63 |
വരയാട്
Nilgiri tahr
ഐ.യു.സി.എന്നിന്റെ റെഡ് ഡാറ്റാ ലിസ്റ്റിൽ പെടുന്ന വംശനാശം നേരിടുന്ന ജീവി വർഗമാണ് ഇവ. ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിലും ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നു.
കേരളത്തിൽ മൂന്നാറിനടുത്തുള്ള ഇരവികുളം ദേശീയോദ്യാനം വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കിയുള്ളതാണ്. ഇരവികുളം ദേശീയോദ്യാനത്തിൽ രാജമല, പന്തുമല, ചിന്നപ്പന്തുമല ഭാഗങ്ങളിൽ വരയാടുകളെ കൂടുതലായി കണ്ടുവരുന്നു.
വളരെ ഗൗരവത്തോടെ സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പശ്ചിമഘട്ടത്തിൽ ഇപ്പോൾ 2500 വരയാടുകളുണ്ട് എന്നാണ് കരുതുന്നത്. ആട്ടിൻ കുടുംബത്തിൽ ഒരൊറ്റ ഇനമേ കേരളത്തിലെ കാടുകളിൽ ഉള്ളത്. അതുകൊണ്ട് വരയാടുകളെ “കാട്ടാട്” എന്നും വിളിക്കാറുണ്ട്. സാധാരണ ആടുകളുമായി വളരെ സാദൃശ്യവും, ജൈവികമായി അടുപ്പവുമുള്ള ഈ ജീവികളിൽ ആണാടുകൾക്കായിരിക്കും കൂടുതൽ വലിപ്പം. ആണാടുകൾക്ക് 100-110 സെന്റീമീറ്റർ ഏകദേശ ഉയരവും പെണ്ണാടുകൾക്ക് 60-80 സെന്റീമീറ്റർ വരെ ഏകദേശ ഉയരവും ഉണ്ടാകും , ആണാടുകൾ 100 കിലോഗ്രാം വരെ ഭാരമുള്ളവയും ആയിരിക്കും. 60 കിലോഗ്രാം വരെയായിരിക്കും പെണ്ണാടുകളുടെ ഭാരം. പ്രായപൂർത്തിയാകാൻ 16 മാസം എടുക്കുന്നു. ശരാശരി ആയുസ് 3.5 വർഷമാണ്.ഇവയ്ക്ക് കടും മഞ്ഞയോ തവിട്ടോ നിറത്തിലുള്ള വളരെ ചെറിയ രോമങ്ങളാണുള്ളത്.
ആടുവർഗ്ഗത്തിൽ പെടുന്ന ഈ ജീവികൾ നീലഗിരി കുന്നുകൾ, പശ്ചിമഘട്ടത്തിന്റെ പാലക്കാട് മുതൽ ഇടുക്കി വരെയുള്ള പ്രദേശങ്ങളിലെ സമുദ്രനിരപ്പിൽ നിന്നും 1500 മീറ്ററിലധികം ഉയരമുള്ള സ്ഥലങ്ങളിൽ കണ്ടുവരുന്നു.
പുൽമേടുകൾ നിറഞ്ഞ കുന്നിൻപ്രദേശങ്ങളാണ് വരയാടുകളുടെ വിഹാരകേന്ദ്രങ്ങൾ. ഇത്തരം സ്ഥലങ്ങളിലെ പാറക്കെട്ടുകളുള്ള പ്രദേശങ്ങളോട് ഇവക്ക് പ്രത്യേക മമതയുണ്ട്. പാറക്കെട്ടുകളിൽ ചെറിയ കുത്തുകൾ പ്രയോജനപ്പെടുത്തി അവയിലൂടെ സഞ്ചരിക്കാൻ വരയാടുകൾക്ക് കഴിയും. ഇരപിടിയന്മാരിൽ നിന്നും രക്ഷപെടാൻ വരയാടുകൾ ഇത്തരം പാറക്കെട്ടുകൾ ഉപയോഗിക്കാറുണ്ട്. വരയാടുകൾക്ക് ഈ പേരു ലഭിച്ചത് തമിഴിൽ നിന്നാണ്. തമിഴിൽ വരൈ എന്നാൽ പാറ എന്ന് അർത്ഥമാകുന്നതിനാൽ പാറ മുകളിൽ താമസിക്കുന്ന ആട് എന്നർഥം വരുന്നതാണ് ഈ പേര്.
തണുപ്പുള്ളതും വരണ്ടതുമായ കാലാവസ്ഥ ഇഷ്ടപ്പെടുന്ന മൃഗങ്ങളാണ് ഇവ. പശ്ചിമഘട്ടത്തിന്റെ അഞ്ച് ശതമാനം പോലും വരാത്ത ഭൂവിഭാഗത്തിലാണ് ഇന്നു വരയാടുകൾ ഉള്ളത്. ഉയർന്ന വൻപാറകൾ ഉള്ള മലകളാൽ ചുറ്റപ്പെട്ട പുൽമേടുകളിലാണ് വരയാടുകൾ കാണപ്പെടുന്നത്. വർഷം തോറും 1500 മില്ലീമീറ്ററിലധികം മഴ കിട്ടുന്ന ഇവിടങ്ങൾ വരണ്ടകാലാവസ്ഥയുള്ളതുമാകും. പശ്ചിമഘട്ടത്തിൽ നീലഗിരി കുന്നുകൾക്കും കന്യാകുമാരി കുന്നുകൾക്കും ഇടയിൽ 400 കിലോമീറ്ററിനുള്ളിലായാണ് വരയാടുകൾ അധിവസിക്കുന്ന ആറു മേഖലകൾ. ഇവയിൽ 16 ഇടങ്ങളിലായി വരയാടുകൾ കാണപ്പെടുന്നു.പെരിയാർ കടുവാ സംരക്ഷണ കേന്ദ്രത്തിന്റെ ചില പ്രദേശങ്ങളിലും ഗവിയിലും ചെറിയതോതിൽ വരയാടു സമൂഹങ്ങളെ കാണുന്നുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് അനിയന്ത്രിതമായ വേട്ടയും കൊന്നൊടുക്കലും മൂലമാണ് വരയാടുകൾ വംശനാശം നേരിടാൻ ഇടയായത്. വേനൽ കാലത്തെ കാട്ടു തീയും നാട്ടു മൃഗങ്ങൾ തീറ്റതേടി വനമേഖലയിലേക്കു കടന്നതും വരയാടുകളുടെ വാസസ്ഥലം ചുരുങ്ങാൻ ഇടയാക്കി. ചിതറിയതും ചുരുങ്ങിയതുമായ മേഖലകളിലേക്ക് വരയാടുകൾ ഒതുങ്ങാൻ ഇതിടയാക്കി. ഇരവികുളത്തെ വാസസ്ഥലം വന്മലകളാൽ ചുറ്റപ്പെട്ടിരുന്നതും ഇവിടുത്തെ മനുഷ്യർക്ക് പ്രതികൂലമായ കാലാവസ്ഥയുമാണ് ഇവിടെ വരയാടുകൾക്ക് രക്ഷയായത്.
No comments:
Post a Comment