17/01/2021

17-01-2021- സ്മാരക നാണയങ്ങൾ- ശ്രി ജഗന്നാഥ നബകളേബര - 2015

                   

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
19

ശ്രി ജഗന്നാഥ നബകളേബര - 2015

കൗതുകങ്ങളുടെ കലവറയാണ് ഒറീസ്സയിലെ പുരി. പുരാതന കാലം മുതൽ നില നിന്നിരുന്ന ഒരു ക്ഷേത്രം പുനർ നിർമ്മിച്ചതാണ് അവിടത്തെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്രം.

ചോട (ഷോഡ) ഗംഗ രാജാവ് അനന്ദവർമന്റെ കാലത്ത് പുനർ നിർമ്മാണമാരംഭിച്ച് പുത്രൻ അനംഗഭീമ ദേവയുടെ കാലത്ത് 1174 ലാണ്  ഇന്നുള്ള പ്രധാന  ക്ഷേത്രം പൂർത്തിയാക്കിയത് എന്നാണ് പറയപ്പെടുന്നത്. പിൽക്കാലത്ത് ധാരാളം കൂട്ടിക്കിച്ചേർക്കലുകൾ നടന്നു. ജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര, സുദർശൻ എന്നിവരാണ് പുരിയിലെ ആരാധനാ മൂർത്തികൾ.

ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ "ദാരു" എന്ന് വിളിക്കുന്ന വേപ്പിൻ തടിയിലാണ്  നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഇതിനെപ്പറ്റി ഒരു ഐതിഹ്യം ഉണ്ട്. ഒരു ഗോത്ര രാജാവ് “നീല മാധബ” എന്ന പേരിൽ ആരാധിച്ചിരുന്ന ദേവനായിരുന്നു ജഗന്നാഥൻ. അതിന്റെ ചൈതന്യത്തെപ്പറ്റി അറിഞ്ഞ ഇന്ദ്രദ്യുമ്ന രാജാവ് വിദ്യാപതി എന്ന ഒരു പൂജാരിയെ ഇതിനെപ്പറ്റി അറിയുവാൻ നിയോഗിച്ചു. പൂജാരി അറിയിച്ച സ്ഥലത്ത് ആരാധനക്കായി എത്തിയ രാജാവിന് ദേവനെ കാണാനായില്ല. അവിടെ തപസ്സാരംഭിച്ച രാജാവ് ഒരു അശരീരി കേട്ടതിൻപ്രകാരം അവിടെ ഒരു ക്ഷേത്രം നിർമിച്ചു. ഒരിക്കൽ ജഗന്നാഥൻ സ്വപ്നത്തിൽ ദർശനം നൽകി സുഗന്ധമുള്ള ഒരു വൃക്ഷമുണ്ടെന്നും  ആ വൃക്ഷത്തിന്റെ തടി ഉപയോഗിച്ച് വിഗ്രഹങ്ങൾ നിർമ്മിക്കണമെന്നും നിർദ്ദേശിച്ചു. അതിൻ പ്രകാരം ജഗന്നാഥൻ, സുഭദ്ര, ബലഭദ്രൻ, സുദർശനം (ചക്രം) എന്നിവ തടിയിൽ നിർമിച്ചു പ്രതിഷ്ഠിച്ചു എന്നാണ് ആ ഐതിഹ്യം.

“രത്ന ബേദി” എന്ന് വിളിക്കുന്ന പീഠത്തിനു മുകളിലായാണ് വിഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്നത്. ഈ വിഗ്രഹങ്ങൾ ഇടയ്ക്കിടെ പുനർ നിർമ്മിച്ച് പ്രതിഷ്ഠിക്കാറുണ്ട്. എട്ടു മുതൽ പത്തൊൻപത് വരെ വർഷങ്ങൾക്കിടയിൽ സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ആഷാഢ മാസത്തിൽ രണ്ടു പൗർണ്ണമി  ഉണ്ടാവുക എന്നത്. അങ്ങനെയുള്ള വർഷങ്ങളിലാണ് വിഗ്രഹ പുന:പ്രതിഷ്ഠ നടത്തുക. നബകളേബര (നബ = പുതിയ, കളേബര = ശരീരം) എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്.

നബകളേബര വേളയിൽ, ലക്ഷണമൊത്ത മരം കണ്ടുപിടിച്ചു നിയതമായ ആചാരങ്ങൾ പാലിച്ചു കൊത്തിയെടുക്കുന്ന വിഗ്രഹങ്ങളിലേക്ക് പഴയ വിഗ്രഹത്തിൽ നിന്നുള്ള ചൈതന്യം ആവാഹിക്കുന്നു. ജീവൻ വെടിഞ്ഞ പഴയ വിഗ്രഹങ്ങൾ  ക്ഷേത്രത്തിനോടു ചേർന്ന "കൊയ്ലിബൈകുണ്ഡ് " ൽ ആചാര പ്രകാരം സംസ്കരിക്കുകയാണ് ചെയ്യുക. വർഷത്തിലൊരിക്കൽ ആഷാഢ ശുക്ലപക്ഷ ദ്വിതീയ നാളിൽ നടക്കുന്ന പ്രശസ്തമായ പുരി രഥോത്സവത്തിന് മുമ്പായി ഈ ചടങ്ങുകൾ പൂർത്തിയാക്കും.

2015 ൽ നടന്ന നബകളേബരയുടെ സ്മാരകമായി 1000 രൂപ, 10 രൂപ നാണയങ്ങൾ നിർമ്മിച്ചിരുന്നു.

നാണയ വിവരണം

മുൻഭാഗത്ത് മദ്ധ്യത്തിലായി അശോക സ്തംഭവും താഴെ "സത്യമേവ ജയതേ" എന്ന ആപ്തവാക്യവും ഉണ്ട്. ഇടതു വശത്ത് അരികിലായി "ഭാരത്" എന്ന് ഹിന്ദിയിലും വലതു വശത്തായി "ഇന്ത്യ" എന്ന് ഇംഗ്ളീഷിലും എഴുതിയിരിക്കുന്നു. മൂല്യവും രൂപ ചിഹ്നവും താഴെയായി കാണുന്നു. 
പിൻവശത്ത് വിഗ്രഹത്തിന്റെ ചിത്രം നടുവിലും  "ശ്രീ ജഗന്നാഥ നബകളേബര 2015" എന്ന് ഹിന്ദിയിൽ മുകളിലായും  ഇംഗ്ളീഷിൽ  താഴെയായും കാണുന്നു.
ഹിന്ദി, ഇംഗ്ളീഷ് എഴുത്തുകൾക്കിടയിൽ ഇരുവശത്തും ചക്രവും ക്ഷേത്രപതാകയും ഉണ്ട്. ക്ഷേത്രത്തിനു മുകളിൽ പതാക വഹിച്ചു നിൽക്കുന്ന ഇരുപത് അടി ഉയരവും ഒരു ടൺ ഭാരവുമുള്ള ചക്രത്തിന്റെ പ്രതീകമാണ് ഇത്.

സാങ്കേതിക വിവരണം

1 മൂല്യം - 1000 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 80%, ചെമ്പ് - 20%, വരകള്‍ (serration) - 200
2 മൂല്യം - 10 രൂപ, ഭാരം - 7.71 ഗ്രാം, വ്യാസം - 27 മില്ലിമീറ്റര്‍, ലോഹം - Bimetal.
Outer : ചെമ്പ് - 92%, അലൂമിനിയം - 6%, നിക്കൽ - 2%.
Inner : ചെമ്പ് - 75%, നിക്കൽ - 25%







No comments:

Post a Comment