ഇന്നത്തെ പഠനം | |
അവതരണം | ഹനീസ് M. കിളിമാനൂർ |
വിഷയം | കറൻസിയിലെ വ്യക്തികൾ |
ലക്കം | 31 |
ലെവ് യാഷിൻ
സോവിയറ്റ് റഷ്യയിൽ ജനിച്ച ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു ലെവ് ഇവാനോവിച്ച് യാഷിൻ(ജനനം: 22 ഒക്ടോ:1929 -1990 മാർച്ച് 20) ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മികച്ച ഫുട്ബോൾ ഗോളികളിലൊരാളാണ്. ‘കരിഞ്ചിലന്തി ‘(The Black Spider) എന്ന പേരിലും അദ്ദേഹം കായികലോകത്ത് അറിയപ്പെട്ടിരുന്നു. അതിവേഗതയും, കായികക്ഷമതയും, റിഫ്ലക്സുകളും യാഷിന്റെ പ്രത്യേകതയായിരുന്നു.
ഫിഫയുടെ നൂറ്റാണ്ടിലെ ടീമില്‍ സ്ഥാനം കണ്ടെത്തിയ ഒരേയൊരു ഗോളി. മികച്ച കളിക്കാരനുള്ള ബലോണ്‍ദോർ അതിന്‍റെ ചരിത്രത്തിലിന്നേ വരെ സ്വന്തമാക്കിയ ഒരേയൊരു ഗോള്‍ കീപ്പര്‍. റഷ്യയുടെ ആദ്യത്തെ യൂറോപ്യന്‍ ലീഗ് കീരീടത്തില്‍ (ഇന്നത്തെ യൂറോ കപ്പ്) അവരെയെത്തിച്ചയാള്‍. റഷ്യയുടെ ഏറ്റവും വലിയ പ്രകടനമായ വേള്‍ഡ് കപ്പ് സെമി വരെ അവരെ നയിച്ചയാള്‍. 150ലേറെ പെനാല്‍റ്റികള്‍ സേവ് ചെയ്ത ഒരുപക്ഷേ ലോകത്തിലെ ഒരേയൊരു ഗോള്‍ കീപ്പര്‍. 270 കളികളില്‍ ഒറ്റഗോള്‍ വഴങ്ങാതെ വല കാത്തവന്‍. ഗോളിയെന്നത് വലയ്ക്കു താഴെ പന്തിനായി കാത്തിരിക്കുന്ന ഒരാളല്ലെന്നും പെനാല്‍റ്റി ബോക്‌സിനു പുറത്തെ പുല്‍മേടുകള്‍ അയാളെ കാത്തിരിക്കുന്നുവെന്നും ലോകത്തെ കാട്ടിക്കൊടുത്ത ലോകത്തിലെ ആദ്യത്തെ സ്വീപ്പര്‍ കീപ്പര്‍. എന്തിനേറെ പന്ത് കൈയിലൊതുക്കലാണ് ഗോളിയുടെ ജോലിയെന്നു വിശ്വസിച്ച അന്നത്തെ ലോകത്തിനു മുന്നിലേക്ക് പന്തു കുത്തിയകത്തുന്നത് ആദ്യമായി കാട്ടിക്കൊടുത്തതും യാഷിനായിരുന്നു. അയാള്‍ പ്രതിരോധക്കാരുമായി നിരന്തരമായി സംവദിച്ചു. മൈതാനത്ത് പ്രതിരോധക്കാരോട് നിരന്തരം അലറി വിളിച്ചു. കുതിച്ചു കയറുന്ന ഫോര്‍വേഡുകളെ പ്രതിരോധിക്കാന്‍ പെനാല്‍റ്റി ബോക്‌സില്‍ നിന്ന് ഇറങ്ങി വന്നു. അയാള്‍ ഗോള്‍കീപ്പറിന്റെ റോളിനെ പുനര്‍നിര്‍വചിച്ചു. ശീതയുദ്ധത്തിന്‍റെ കാലത്ത് സോവിയറ്റ് യൂണിയന്‍റെ അഭിമാനമുയര്‍ത്തിയ യൂറി ഗഗാറിനെപ്പോലെ ലെവ് യാഷിനും അവരുടെ അഭിമാനസ്തംഭമായി.
റഷ്യയിൽ 2018ൽ നടന്ന ഫിഫ ഫുട്ബോൾ ലോകകപ്പ് സ്മരണയ്ക്കായി പുറത്തിറക്കിയ 100 റൂബിൾ വെർട്ടിക്കൽ പോളിമർ കറൻസി നോട്ട്. റഷ്യ പുറത്തിറക്കിയ ആദ്യത്തെ പോളിമർ നോട്ട് കൂടിയാണിത്.
മുൻവശം (obverse):1966 ലെ ഇംഗ്ലണ്ട് ലോകകപ്പിൽ റഷ്യൻ ഗോൾകീപ്പർ ലെവ് ഇവാനോവിച്ച് യാഷിൻ ഒരു ഗോൾ തടയുന്നതും. ഒരു കുട്ടി ഒന്നാം നമ്പർ ജേഴ്സി ധരിച്ച് വലതു കൈയിൽ ഒരു ഫുട്ബോൾ പിടിക്കുന്നതും ചിത്രീകരിച്ചിരിക്കുന്നു.
പിൻവശം (Reverse): റഷ്യൻ മാപ്പിനൊപ്പം ഒരു ഫുട്ബോളും, ലോകകപ്പ് വേദികളുടെ പേരുകളും പിന്നിലെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. ഗെയിംസ് ഫൈനൽ ആഘോഷിക്കുന്ന ആരാധകരുടെ ചിത്രങ്ങളും ഡിസൈനുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
No comments:
Post a Comment