14/12/2019

10/12/2019- ചിത്രത്തിനുപിന്നിലെ ചരിത്രം(04)- ലോക മനുഷ്യാവകാശ ദിനം


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
04


ഡിസംബര്‍ – 10
 ലോക മനുഷ്യാവകാശ ദിനം

അടിസ്ഥാനമായ ചില
മനുഷ്യാവകാശങ്ങളുണ്ട്

1. ജീവിക്കാനുള്ള അവകാശം ഒപ്പം
ജീവിതത്തിന് സുരക്ഷയും
2. ആശയം പ്രകടിപ്പിക്കാനുള്ള അവകാശം
3. നിയമപരമായ അവകാശങ്ങള്‍
4. പ്രവൃത്തി ചെയ്യാനുള്ള അവകാശം
5. രാജ്യകാര്യങ്ങളില്‍ പങ്കെടുക്കാനുള്ള
അവകാശം
6. സാമൂഹികമായ അവകാശങ്ങള്‍
7. ജോലി ചെയ്യാനുള്ള അവകാശം
8. നല്ല ജീവിതരീതിക്കുള്ള അവകാശം
9. വിനോദത്തിനുള്ള അവകാശം
10. തുല്യ ജോലിക്ക് തുല്യ
വേതനത്തിനുള്ള അവകാശം

മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന ലോകസമൂഹത്തിന്റെ താല്‍പര്യപ്രകാരം ലോക മനുഷ്യാവകാശദിനം ആചരിക്കുന്നു. ഒരു രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ താമസിക്കുന്നതിനും പൗരത്വം സ്വീകരിക്കുന്നതിനും, രാഷ്ട്രീയമായും മതപരമായും സ്വതന്ത്രമായി ചിന്തിക്കുന്നതിനും മനുഷ്യനുള്ള അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനുമുള്ള ദിനമാണിത്. 1948 ഡിസംബര്‍ -10 സാര്‍വലൗകീക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ കരടുരേഖ ഐക്യരാഷ്ട്ര സഭ അംഗീകരിച്ചു. അന്നുമുതല്‍ ദിനാചരണം നടത്തിവരുന്നു.

”എല്ലാ മനുഷ്യരും തുല്യാവകാശങ്ങളോടും മാന്യതയോടുംകൂടി ജനിക്കുന്ന സ്വതന്ത്ര വ്യക്തിത്വങ്ങളാണ്”. യു.എന്‍.ഒ പ്രഖ്യാപനത്തിലെ ഈ വാക്യം വളരെ ശ്രദ്ധേയമാണ്. ലോകത്ത് എവിടെയെങ്കിലുമൊക്കെ മനുഷ്യാവകാശലംഘനങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെതിരെ ശബ്ദമുയരുന്നത് ഈയൊരു പ്രഖ്യാപനത്തിന്റെ തദ്ഫലമായിട്ടാണ്. 1979ല്‍ മനുഷ്യാവകാശ സംബന്ധമായ ഉടമ്പടികള്‍ ഇന്ത്യ സ്ഥിരീകരിച്ചു. അങ്ങനെ ലോകമനുഷ്യാവകാശ ദിനം എല്ലാ ജീവജാലങ്ങളുടെയും അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അംഗീകാരം ലഭിച്ച ദിനമായി.
ആധൂനീകവത്ക്കരണത്തിന്റെയും, ഉപഭോക്തൃ സംസ്‌കാരത്തിന്റെയും അലയടികള്‍ മനുഷ്യജീവിതത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. രാജ്യം അനുദിനം പുരോഗതിയുടെ പടവുകള്‍ താണ്ടുമ്പോഴും മാനവിക മൂല്യങ്ങളും അവകാശങ്ങളും ഇല്ലാതാക്കികൊണ്ടിരിക്കുകയാണ്. ഒരു വ്യക്തിയുടെ, ഭരണഘടന അനുശാസിക്കുന്ന മൗലിക അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. സാമൂഹ്യ ജീവിയായ മനുഷ്യന് അവന്റെ ഇംഗിതങ്ങള്‍ക്കനുസരിച്ച് മതം സ്വീകരിക്കുവാനോ, അവനിഷ്ടപ്പെട്ട ഭാഷ സംസാരിക്കുന്നതിനോ ഒരു അധികാരവൃന്ദത്തിനും തടസ്സം പറയാന്‍ സാധിക്കില്ല.

മനുഷ്യാവകാശങ്ങള്‍ക്ക് വളരെ പ്രാധാന്യം കല്‍പ്പിക്കുന്ന രാജ്യമാണ് ഭാരതം. ഭാരതത്തിന്റെ ഭരണഘടനയില്‍ പൗരന്മാര്‍ക്ക് മനുഷ്യാവകാശത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും നല്‍കിയിട്ടുണ്ട്.

1. സമത്വത്തിനുള്ള അവകാശം
2. സ്വാതന്ത്ര്യത്തിനുള്ള അവകാശം
3. ചൂഷണങ്ങള്‍ക്കെതിരെയുള്ള അവകാശം
4. ഇഷ്ടപെട്ട ജാതി, മതം സ്വീകരിക്കാനുള്ള അവകാശം
5. വിദ്യാഭ്യാസത്തിനുള്ള അവകാശം.
6. പാരമ്പര്യത്തിലും സംസ്‌കാരത്തിലുമുള്ള അവകാശം
7. ഭരണഘടന കാര്യങ്ങളിലുള്ള അവകാശം.

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ സ്വാതന്ത്ര്യത്തിന്റെ ത്രിവര്‍ണ്ണപതാക അതിന്റെ ഉന്നതിയില്‍ ഉയര്‍ത്തുമ്പോഴും നാമൊന്നോര്‍ക്കുക-സമൂഹത്തിലെ എല്ലാ വിഭാഗവും സ്വാതന്ത്ര്യത്തിന്റെ കനി ഭക്ഷിക്കുന്നുണ്ടോ എന്ന്?
ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചതിന്റെ പേരില്‍ തലയെടുക്കുന്ന രാഷ്ട്രീയ കോമരങ്ങളുടെ നാട്ടില്‍, വിശ്വസിക്കുന്ന മതത്തില്‍ അനുയായി ആയതിന്റെ പേരില്‍ നടുറോഡില്‍ രക്തത്തില്‍ കുളിച്ചു കിടക്കേണ്ട ഭാരതീയന്റെ മൗലീക അവകാശങ്ങളുടെ ധ്വംസനകഥകള്‍ ആരും അറിയാതെ പോകട്ടെ. ജാതിയെന്നു സ്വയം പുകഴ്ത്തി നടക്കുന്ന അധികാരവൃന്ദത്തിന്റെ അജ്ഞതയുടെ ഭാണ്ഡക്കെട്ടുകള്‍ പൊട്ടിച്ചു വലിച്ചെറിയാന്‍ സമയം അതിക്രമിച്ചു കഴിഞ്ഞു.

മതം, ഭാഷ ലിംഗ വ്യത്യാസമില്ലാതെ മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിഞ്ഞാല്‍ മാത്രമേ അവന്റെ അവകാശങ്ങളെ സംരക്ഷിക്കാന്‍ ഓരോരുത്തര്‍ക്കും സാധിക്കു. സ്വാതന്ത്ര്യത്തിനു വിലങ്ങുതടിയായി നില്‍ക്കുന്നതെല്ലാം ഒരു വ്യക്തിയെ സംബന്ധിച്ചടത്തോളം മനുഷ്യാവകാശ ധ്വംസനം തന്നെയാണ്. വ്യക്തിയുടെ മൂല്യങ്ങളെക്കുറിച്ച് വാതോരാതെ പാടിയ കവികളുടെയും മഹാന്മാരുടെയും നാടായ ഭാരതത്തിന്റെ വ്യക്തി സാധ്യതകള്‍ കൂടി വരുന്നതിന്റെ കാരണം മറ്റൊന്നല്ല. മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ വ്യക്തികളുടെ അവകാശങ്ങളെ ഹനിക്കുന്നത് അയാളോടു ചെയ്യുന്ന ഏറ്റവും നീചമായ പ്രവൃത്തിയാണ് ദളിതരുടെ നേരെ നടക്കുന്ന അക്രമങ്ങളെല്ലാം തന്നെ മൗലീക അവകാശങ്ങള്‍ക്കു നേരെയുള്ള ആക്രമണമാണ്. വിഭാഗീയ ചിന്തകള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ഇവിടെ പ്രസക്തിയില്ല. അനുദിനം വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളെ തടയിടാന്‍ ഇനിയുള്ള തലമുറയ്‌ക്കെങ്കിലും സാധിക്കട്ടെ. അക്രമത്തിന്റെയും അനീതിയുടെയും പാതയില്‍ ചലിക്കാതെ മനുഷ്യമൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന, അവന്റെ അവകാശങ്ങളെ സംരക്ഷിക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കാം. അതിനായി കുട്ടികളുടെ ശൈശവം മുതലേ മറ്റുള്ളവരെ ബഹുമാനിക്കാനും ആദരിക്കാനും ഉള്ള ശീലങ്ങള്‍ കുടുംബങ്ങളില്‍ നിന്നുതന്നെ തുടങ്ങാം. നല്ല നാളെയുടെ നന്മയ്ക്കായി മനുഷ്യന്റെ അവകാശങ്ങള്‍ക്കായി നമുക്കു കൈകോര്‍ക്കാം.




No comments:

Post a Comment