29/12/2019

21/12/2019- ചിത്രത്തിനുപിന്നിലെ ചരിത്രം(06)- കോമണ്‍വെല്‍ത്ത് ഓഫ് ഇന്റിപെന്‍ഡന്റ് സ്റ്റേറ്റ്‌സ് (സിഐഎസ്)


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
06


കോമണ്‍വെല്‍ത്ത് ഓഫ് ഇന്റിപെന്‍ഡന്റ് സ്റ്റേറ്റ്‌സ് (സിഐഎസ്) 


1991 ഡിസംബര്‍ 21-ന്, മുന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന റഷ്യയും മറ്റ് പതിനൊന്ന് സംസ്ഥാനങ്ങളും ചേര്‍ന്ന് പരമാധികാര രാജ്യങ്ങളുടെ ഒരു സ്വതന്ത്ര കൂട്ടായ്മയായ കോമണ്‍വെല്‍ത്ത് ഓഫ് ഇന്റിപെന്‍ഡന്റ് സ്റ്റേറ്റ്‌സ് (സിഐഎസ്) രൂപീകരിച്ചു. തകര്‍ന്നുകൊണ്ടിരിക്കുന്ന യൂണിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്‌സിന് (യുഎസ്എസ്ആര്‍) പകരമായി പുതിയ കൂട്ടായ്മ രൂപീകരിക്കുന്നതിനുള്ള കരാറില്‍ റഷ്യയും ഉക്രൈനും ബെലറസും (ബെലോറഷ്യ) എന്നിവയുടെ തിരഞ്ഞെടുത്ത നേതാക്കള്‍ 1991 ഡിസംബര്‍ എട്ടിന് ഒപ്പുവെച്ചിരുന്നു. ഈ മൂന്ന് സ്ലാവിക് രാജ്യങ്ങളോടൊപ്പം കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജികിസ്ഥാന്‍, തുര്‍ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ മധ്യേഷ്യന്‍ രാജ്യങ്ങളും അര്‍മേനിയ, അസര്‍ബൈജാന്‍, ജോര്‍ജ്ജിയ, മാള്‍ഡോവ എന്നീ ട്രാന്‍സ്‌കാകേസിയന്‍ രാജ്യങ്ങളും കരാറില്‍ പങ്കുചേര്‍ന്നു. ബാക്കിയുള്ള ബാള്‍ട്ടിക് രാജ്യങ്ങളായ ലിത്വേനിയ, ലാത്വിയ, എസ്‌തോണിയ എന്നിവ സംഘടയില്‍ ചേരാന്‍ വിമുഖത പ്രകടിപ്പിക്കുകയും നാറ്റോയിലും പിന്നീട് 2004-ല്‍ യൂറോപ്യന്‍ യൂണിയനിലും ചേരുകയും ചെയ്തു.

സോവിയറ്റ് യൂണിയന്‍ നിലനില്‍ക്കുന്നില്ലെന്നും സിഐഎസ് നിലവില്‍ വരുകയാണെന്നും പ്രഖ്യാപിക്കുന്ന അല്‍മ-ആട്ട പ്രഖ്യാപനത്തില്‍, ബാള്‍ട്ടിക് രാജ്യങ്ങളും ജോര്‍ജ്ജിയയും ഒഴികെയുള്ള മറ്റ് പതിനൊന്ന് രാജ്യങ്ങള്‍ യൂണിയന്റെ ഔദ്ധ്യോഗിക പിരിച്ചുവിടലിന് ഒരാഴ്ച മുമ്പ് ഒപ്പുവച്ചിരുന്നു. നേരത്തെ, ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ക്കിടയില്‍ റഷ്യ ഉള്‍പ്പെടെയുള്ള എല്ലാ സ്വതന്ത്ര റിപബ്ലിക്കുകളും യുഎസ്എസ്ആറില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. 142-എച്ച് എന്ന പ്രഖ്യാപനത്തിലൂടെ 1991 ഡിസംബര്‍ 26ന് സോവിയറ്റ് യൂണിയന്‍ പിരിച്ചുവിടപ്പെട്ടു. മുന്‍ സോവിയറ്റ് റിപബ്ലിക്കുകളുടെ സ്വാതന്ത്ര്യത്തെ പ്രഖ്യാപനം അംഗീകരിക്കുകയും, സിഐഎസിന് രൂപം നല്‍കുകയും ചെയ്തു. ഇതിന്റെ തൊട്ടുതലേ ദിവസം സോവിയറ്റ് യൂണിയന്റെ എട്ടാമത്തെയും അവസാനത്തെയും നേതാവായിരുന്ന സോവിയറ്റ് പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ്, രാജിവെക്കുകയും, തന്റെ ഓഫീസ് നിലനില്‍ക്കുന്നില്ല എന്ന് പ്രഖ്യാപിക്കുകയും സോവിയറ്റ് മിസൈല്‍ ലോഞ്ചിംഗ് കോഡ്‌സിന്റെ നിയന്ത്രണം ഉള്‍പ്പെടയുള്ള സര്‍വ അധികാരങ്ങളും റഷ്യന്‍ പ്രസിഡന്റ് ബോറിസ് യെല്‍സിന് കൈമാറുകയും ചെയ്തിരുന്നു. അത്് വൈകിട്ട് 732ന് സോവിയറ്റ് പതാക ക്രംലിനില്‍ താഴ്ത്തുകയും വിപ്ലവപൂര്‍വ റഷ്യന്‍ പതാക അവിടെ സ്ഥാപിക്കുകയും ചെയ്തു. യുഎസ്എസ്ആര്‍ പിരിച്ചുവിടപ്പെട്ടതോടെ ശീതയുദ്ധം അവസാനിക്കുകയും യൂണൈറ്റഡ് സ്‌റ്റേറ്റ്‌സ് ലോകത്തിലെ ഏക വന്‍ശക്തിയായി മാറുകയും ചെയ്തു.

1992 ജനുവരിയിലാണ് സിഐഎസ് ഔദ്ധ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്. ബെലാറസ് നഗരമായ മിന്‍സ് ഭരണകേന്ദ്രമായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഇത്. സോവിയറ്റ് യൂണിയന് പകരമായാണ് സിഐഎസ് രൂപീകരിച്ചതെന്ന് ഒരു തരത്തില്‍ പറയാമെങ്കിലും യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ലായിരുന്നു എന്ന് മാത്രമല്ല അതൊരു പ്രത്യേക രാജ്യമോ ഭരണകൂടമോ ആയിരുന്നില്ല. പകരം, അതിന്റെ അംഗങ്ങള്‍ തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര സംഘടന മാത്രമായിരുന്നു സിഐഎസ്. അതിന്റെ അംഗങ്ങളുടെ സാമ്പത്തിക, വിദേശകാര്യ, പ്രതിരോധ, കുടിയേറ്റ് നിയമങ്ങള്‍, പരിസ്ഥിതി സംരക്ഷണം, നിയമം നടപ്പാക്കല്‍ എന്നിവയിലെ നയങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സിഐഎസ് മുന്‍കൈയെടുത്തു. തങ്ങളുടെ സൈനീക വിഭാഗങ്ങളെയും തങ്ങളുടെ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുള്ള പഴയ സോവിയറ്റ് യൂണിയന്റെ ആണവ ആയുധങ്ങളെയും ഒരു ഏകീകൃത കമാന്റിന് കീഴിലാക്കാമെന്ന് സിഐഎസ് അംഗരാജ്യങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ 1990 കളുടെ അവസാനത്തോടെ സിഐഎസിന് അതിന്റെ ഊര്‍ജ്ജം നഷ്ടമാവുകയും ആഭ്യന്തര സംഘര്‍ഷങ്ങളുടെ ഇരയാവുകയും ചെയ്തു. അതോടെ സിഐഎസ് മിക്കവാറും അപ്രസക്തവും അശക്തവുമായതായി ചില നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 2008ല്‍ ജോര്‍ജിയ സിഐഎസില്‍ നിന്നും പിന്മാറി. സാമ്പത്തിക രംഗത്തായിരുന്നു സിഐഎസിന്റെ ഏറ്റവും സ്പഷ്ടമായ പരാജയം. അംഗരാജ്യങ്ങള്‍ സഹകരണം വാഗ്ദാനം ചെയ്തിരുന്നെങ്കിലും തുടക്കത്തില്‍ തന്നെ അത് പാളാന്‍ തുടങ്ങിയിരുന്നു. 1993ല്‍ റൂബിള്‍ സോണ്‍ തകരുകയും ഓരോ രാജ്യങ്ങളുടെ സ്വന്തം നാണയം ഇറക്കാന്‍ തുടങ്ങുകയും ചെയ്തു. സിഐഎസിനെ കണക്കിലെടുക്കാതെ തങ്ങളുടെതായ സാമ്പത്തിക പരിഷ്‌കാരങ്ങളും പരിപാടികളുമായി അംഗരാജ്യങ്ങള്‍ മുന്നോട്ടുപോവുകയും തങ്ങളുടെ അയല്‍ യൂറോപ്യന്‍ അല്ലെങ്കില്‍ ഏഷ്യന്‍ രാജങ്ങളുമായി വ്യാപാരബന്ധങ്ങള്‍ സ്ഥാപിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ തുടുങ്ങുകയും ചെയ്തതോടെയാണ് സാമ്പത്തിക സഹകരണം തകര്‍ന്നത്.





No comments:

Post a Comment