ഇന്നത്തെ പഠനം
| |
അവതരണം
|
രാജീവൻ കാഞ്ഞങ്ങാട്
|
വിഷയം
|
ചിത്രത്തിനുപിന്നിലെ ചരിത്രം
|
ലക്കം
| 09 |
സൂര്യഗ്രഹണം
ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം'. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും നേർരേഖയിൽ വരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. ചന്ദ്രൻ ക്രാന്തിവൃത്തത്തോട് ചേർന്നു നിൽക്കുന്ന ദിവസമായിരിക്കും ഇത്. എങ്കിലും ചന്ദ്രന്റെ നിഴൽ അംബ്ര ഭൂമിയിലെ ചെറിയൊരു ഭാഗത്തുകൂടിയാണ് കടന്നുപോവുക എന്നതിനാൽ ഭൂമിയിലെ ഏതു പ്രദേശത്തും പൂർണ്ണ സുര്യഗ്രഹണം എന്നത് അപൂർവമായ ഒരു പ്രതിഭാസമാണ്. പൂർണ്ണസൂര്യഗ്രഹണത്തിൽ സൂര്യൻ മുഴുവനായും ചന്ദ്രന്റെ നിഴലിൽ മറഞ്ഞു പോകും. എന്നാൽ ഭാഗിക ഗ്രഹണത്തിലോ വലയഗ്രഹണത്തിലോ ഇങ്ങനെ സംഭവിക്കുന്നില്ല.
ചന്ദ്രൻ ഭൂമിയോട് കുറച്ചുകൂടി അടുത്തും ഭൂമിയുടെ പ്രദക്ഷിണപഥത്തിന്റെ അതേ തലത്തിലുമാണ് ഭൂമിയെ ചുറ്റുന്നത് എങ്കിൽ എല്ലാ അമാവാസികളിലും സൂര്യഗ്രഹണം സംഭവിക്കുമായിരുന്നു. എന്നാൽ ചന്ദ്രന്റെ പ്രദക്ഷിണപഥം ഭൂമിയുടെ പ്രദക്ഷിണപഥവുമായി 5 ഡിഗ്രി ചരിഞ്ഞാണ് സ്ഥിതി ചെയ്യുന്നത്. ഇതു മൂലം ചന്ദ്രന്റെ നിഴൽ എപ്പോഴും ഭൂമിയിൽ പതിക്കാതെ വരുന്നു. അതുകൊണ്ട് ചന്ദ്രൻ ക്രാന്തിവൃത്തത്തെ മുറിച്ചു കടക്കുന്ന അമാവാസി ദിനങ്ങളിൽ മാത്രമേ സൂര്യഗ്രഹണം സംഭവിക്കുകയുള്ളു.
പൂർണ്ണസൂര്യഗ്രഹണം വളരെ അപൂർവ്വമായി മാത്രമേ സംഭവിക്കാറുള്ളു. ഇതിന് അമാവാസി ദിവസം ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ വന്നാൽ മാത്രം പോരാ. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രന്റെ മദ്ധ്യബിന്ദുവും സൂര്യന്റെ മദ്ധ്യബിന്ദുവും ഒരേ നേർരേഖയിൽ വരികയും ചന്ദ്രൻ ഉപഭൂവിലായിരിക്കുകയും വേണം. ഇതെല്ലാം കൂടെ ഒന്നിച്ചു ചേരുന്നത് വളരെ അപൂർവ്വമായതുകൊണ്ടാണ് പൂർണ്ണസൂര്യഗ്രഹണം അസാധാരാണമാവുന്നത്.
ഭൂമിയും ചന്ദ്രനും തമ്മിലും, ചന്ദ്രനും സൂര്യനും തമ്മിലുമുള്ള ദൂരങ്ങൾ അനുനിമിഷം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതുമൂലം സൂര്യബിംബത്തിന്റെയും ചന്ദ്രബിംബത്തിന്റെയും ആപേക്ഷിക വലിപ്പവും അനുനിമിഷം വ്യത്യാസപ്പെടുന്നുണ്ട്. ഗ്രഹണസമയത്ത് ചിലപ്പോൾ, ഭൂമിയിലെ ചില ഭാഗങ്ങളിൽ നിന്നു നോക്കുമ്പോൾ, യാദൃച്ഛികമായ സാധ്യതമൂലം ചന്ദ്രൻ സൂര്യനെ പൂർണ്ണമായി മറച്ചതായി കാണപ്പെടും. ഇതിനെ പൂർണ്ണ സൂര്യഗ്രഹണം (Total solar eclipse) എന്നു വിളിക്കുന്നു. സൂര്യന്റെയും ചന്ദ്രന്റെയും കേന്ദ്രത്തിൽ കൂടി കടന്നു പോകുന്ന രേഖ ഭൂമിയിൽ പതിയുന്ന ഇടങ്ങളിലും അതിനു ചുറ്റുമുള്ള കുറച്ചു പ്രദേശങ്ങളിലുമാണ് പൂർണ്ണസൂര്യഗ്രഹണം അനുഭവപ്പെടുക. ഈ ഇടങ്ങളെയാണ് പൂർണ്ണഗ്രഹണപാത എന്നു പറയുന്നത്.
പൂർണ്ണഗ്രഹണസമയത്ത് മാത്രമേ സൂര്യന്റെ അന്തരീക്ഷമായ കൊറോണ കാണാൻ കഴിയാറുള്ളു. ചന്ദ്രബിംബം സൂര്യബിബത്തെെ പൂർണ്ണമായും മറക്കേണ്ട സ്ഥാനങ്ങളാണ് രാഹുവും കേതുവും. സൂര്യബിംബവും ചന്ദ്രബിംബവും പൂർണ്ണമായും രാഹുവിലോ കേതുവിലോ ഒരേ സമയം ഒന്നിനുമുകളിൽ ഒന്നായി എത്തിച്ചേരുമ്പോൾ പൂർണ്ണഗ്രഹണം സംഭവിക്കുന്നു.
ഭൂമിയിലെ ഏതെങ്കിലും ഒരു ബിന്ദുവിൽ സമ്പൂർണ്ണ സൂര്യഗ്രഹണത്തിന്റെ പരമാവധി ദൈർഘ്യം 7 മിനിറ്റ് 31 സെക്കന്റ് ആണ്.
ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം 2009 ജൂലൈ 22-ലെ സൂര്യഗ്രഹണമായിരുന്നു. 6 മിനിറ്റ് 39 സെക്കന്റായിരുന്നു ഇതിന്റെ കൂടിയ ദൈർഘ്യം. ഇനി 2132-ലാകും ഇത്തരത്തിലൊരു ഗ്രഹണം ദൃശ്യമാകുക.
2019 ഡിസംബർ 26നു ഒരു വലയസൂര്യഗ്രഹണം ദർശിക്കാനാകും. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രന്റെ കോണീയവ്യാസം സൂര്യന്റേതിനെക്കാൾ ചെറുതാണെങ്കിൽ ഗ്രഹണസമയത്ത് സൂര്യബിംബത്തിന്റെ ബാഹ്യഭാഗം ഒരു വലയം പോലെ ചന്ദ്രനു വെളിയിൽ കാണാനാകും. ഇത്തരം സൂര്യഗ്രഹണങ്ങളാണ് വലയ സൂര്യഗ്രഹണം (Annular eclipse) എന്നു് അറിയപ്പെടുന്നത്. ഒരു വലയസൂര്യഗ്രഹണം ആയിരക്കണക്കിനു കിലോമീറ്റർ വീതിയിൽ ഭാഗീകമായി നിരീക്ഷിക്കാൻ സാധിക്കും.
No comments:
Post a Comment