26/03/2021

സ്മാരക നാണയങ്ങൾ (26) - അണ്ണാദുരൈ - ജന്മശാതിബ്ദി

                          

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
26

അണ്ണാദുരൈ - ജന്മശാതിബ്ദി

തമിഴ്നാട്, മദ്രാസ് സംസ്ഥാനമായിരുന്നപ്പോഴുള്ള അവസാനത്തെയും പുതിയ പേര് ലഭിച്ച ശേഷമുള്ള ആദ്യത്തെയും മുഖ്യമന്ത്രിയായിരുന്നു കാഞ്ചീവരം നടരാജൻ അണ്ണാദുരൈ. "അറിഞർ അണ്ണാ" (പണ്ഡിതൻ അണ്ണാ), "പേരറിഞ്ഞർ അണ്ണാ" (മഹാപണ്ഡിതൻ അണ്ണാ) തുടങ്ങിയ വിളിപ്പേരുകളിൽ തമിഴ്നാട് നിറഞ്ഞു നിന്ന ഒരു ഭരണാധികാരിയും, സാഹിത്യകാരനും, പത്രപ്രവർത്തകനും, വാഗ്മിയും ആയിരുന്നു അണ്ണാദുരൈ.

കാഞ്ചീവരം(കാഞ്ചീപുരം) പട്ടണത്തിൽ ചിന്നക്കാഞ്ചീവരം ഭാഗത്ത് മുതലിയാർ സമുദായത്തിൽ നടരാജൻ മുതലിയാർ ബംഗാരു അമ്മാൾ ദമ്പതികളുടെ പുത്രനായി 1909 സെപ്റ്റംബർ 15 നായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. പാരമ്പര്യ നെയ്ത്തുകാരുടെ ഈ പട്ടണത്തിൽ അതേ തൊഴിൽ ചെയ്യുന്ന കുടുംബമായിരുന്നു അദ്ദേഹത്തിന്റേതും. 1930 ൽ വിവാഹിതനായ ശേഷം 1934 ൽ ബി.എ.യും പിന്നാലെ എം.എ.യും ബിരുദങ്ങൾ നേടിയശേഷം ഹൈസ്കൂൾ അദ്ധ്യാപകനായി ജീവിതം ആരംഭിച്ച അണ്ണാ താമസിയാതെ പത്രപ്രവർത്തനവും രാഷ്ട്രീയവും തന്റെ പ്രവർത്തന മണ്ഡലങ്ങളാക്കി. താമസിയാതെ തന്നെ വാഗ്മിയെന്ന നിലയിലും നാടക രചയിതാവെന്ന നിലയിലും അണ്ണാ അറിയപ്പെട്ടു തുടങ്ങി. ഇദ്ദേഹത്തിന്റെ പല നാടകങ്ങളും പിൽക്കാലത്ത് ചലച്ചിത്രങ്ങളാകുകയും ചെയ്തു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ആദ്യമായി ചലച്ചിത്ര മാദ്ധ്യമം ഫലപ്രദമായി ഉപയോഗിച്ചത് അണ്ണാദുരൈ ആയിരുന്നു. ഇതിനൊപ്പം രാഷ്ട്രീയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായും ദ്രാവിഡ കഴകം പാർട്ടിയിലെ പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കരുടെ വിശ്വസ്തനായ അനുയായിയായും പ്രവർത്തിച്ചു കൊണ്ടുമിരുന്നു. പെരിയാറുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അദ്ദേഹവുമായി പിരിഞ്ഞ അണ്ണാദുരൈ, ദ്രാവിഡ മുന്നേറ്റ കഴകം (DMK) എന്ന പേരിൽ സ്വന്തമായി ഒരു പാർട്ടിയുണ്ടാക്കി. സ്വതന്ത്ര ദ്രാവിഡ രാഷ്ട്രം എന്ന സ്വപ്നവുമായി ദേശീയ രാഷ്ട്രീയത്തിൽ പലരുടെയും ഉറക്കം കെടുത്തിയ പാർട്ടി 1962 ലെ ഇൻഡോ - ചൈന യുദ്ധാനന്തരം പ്രസ്തുത ആവശ്യം ഉപേക്ഷിച്ചു. ഹിന്ദി വിരുദ്ധ സമരം കത്തിപ്പടർന്നപ്പോൾ സമരം പിൻവലിക്കാൻ അദ്ദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. 1957 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് പ്രതിപക്ഷ നേതാവായ അണ്ണാദുരൈ, 1962 ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിലും അദ്ദേഹം രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 1967 ൽ ഡി.എം.കെ. കൂട്ടുമുന്നണിയുടെ ഭാഗമായി വിജയിച്ച് മന്ത്രിസഭ രൂപികരിച്ചപ്പോൾ മദ്രാസ് സംസ്ഥാനത്തിന്റെ അഞ്ചാമത് മുഖ്യമന്ത്രി ആയിത്തീർന്നു അദ്ദേഹം. സ്വാഭിമാന പ്രസ്ഥാനം (സുയ മരിയാദൈ ഇയക്കം) സമൂഹത്തിൽ വേരോടിയ സമയത്ത് അണ്ണാ പുരോഹിതനില്ലാതെ പരസ്യമായി നടത്തുന്ന വിവാഹം (self respect marriage) നിയമ വിധേയമാക്കി. ഹിന്ദി ഒഴിവാക്കിക്കൊണ്ട് ദ്വിഭാഷാ പഠന സമ്പ്രദായം ഏർപ്പെടുത്തിയതും അരിയ്ക്ക് സബ്സിഡി കൊണ്ടു വന്നതും, സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കിയതും ഇദ്ദേഹത്തിന്റെ കാലത്തെ പ്രധാന സംഭവങ്ങളാണ്. രണ്ടാം ലോക തമിഴ് സമ്മേളനം 1968 ൽ ചെന്നൈയിൽ നടത്തിയതും അണ്ണാ മുൻകൈയെടുത്താണ്.
1969 ജനുവരിയിൽ മദ്രാസ് സംസ്ഥാനം, തമിഴ്നാട് എന്ന് പേര് മാറിയശേഷം ഏതാനും നാൾ കൂടി മുഖ്യമന്ത്രിയായി തുടർന്ന അണ്ണാദുരൈ, 1969 ഫെബ്രുവരി 3 ന് നിര്യാതനായി.

അണ്ണാദുരൈയുടെ ജന്മശതാബ്ദി വർഷമായ 2009 ൽ അദ്ദേഹത്തിന് സ്മരണയർപ്പിച്ചു കൊണ്ട് 100 രൂപ, 5 രൂപ നാണയങ്ങൾ നിർമ്മിക്കുകയുണ്ടായി.

നാണയ വിവരണം

നടുവിൽ അണ്ണാദുരൈയുടെ  ശിരസ്സും തൊട്ടു താഴെ തമിഴിൽ അദ്ദേഹത്തിന്റെ കയ്യൊപ്പും മുദ്രയിട്ടിരിക്കുന്നു. പിൻ വശത്ത് അരികിലായി ഇടത് വശത്ത് "പേരറിഞ്ഞർ അണ്ണാ ജന്മ ശതി" എന്ന് ഹിന്ദിയിലും വലത് വശത്ത് "പേരറിഞ്ഞർ അണ്ണാ സെന്റിനറി" എന്ന് ഇംഗ്ലീഷിലും താഴെ "1909 - 2009" എന്ന് വർഷവും ലിഖിതമായി ചേർത്തിരിക്കുന്നു.

സാങ്കേതിക വിവരണം

1 മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%,  ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%.
2 മൂല്യം - 5 രൂപ, ഭാരം - 6 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് -75%, നാകം - 20%, നിക്കൽ - 5%.







No comments:

Post a Comment