ഇന്നത്തെ പഠനം | |
അവതരണം | ഡോ. N.ശ്രീധർ തിരുവനന്തപുരം |
വിഷയം | സ്മാരക നാണയങ്ങൾക്ക് പിന്നിൽ |
ലക്കം | 27 |
ഗ്യാരഹ് മൂര്‍ത്തി
ന്യൂ ഡൽഹിയിലെ സർദാർ പട്ടേൽ വീഥിയിൽ ഇന്ത്യാ ഗേറ്റിനടുത്ത് സ്ഥാപിതമായതും "ദണ്ഡി മാർച്ച് " എന്നു പേരിട്ടിരിക്കുന്നതുമായ ശ്രീമാൻ ദേവി പ്രസാദ് റോയ് ചൗധരിയുടെ അതിസുന്ദരമായ ശില്പം 'ഗ്യാരഹ് മൂര്‍ത്തി' എന്ന് തദ്ദേശിയമായി അറിയപ്പെടുന്നു.
ദണ്ഡി യാത്രയാണ് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഔപചാരികമായ ആരംഭം കുറിച്ചത്. അതിന് മുൻപു തന്നെ ഇന്ത്യക്കാർക്ക് ഭരണത്തിൽ മതിയായ പ്രാതിനിധ്യം നല്‍കുന്നില്ലെങ്കിൽ പൂർണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനമെടുത്തിരുന്നു. 1928 ൽ സൈമൺ കമ്മീഷൻ രൂപീകരിച്ചപ്പോൾ ഭാരതീയനായ ഒരാൾ പോലും അതിൽ ഉണ്ടാകാത്തത് ഇന്ത്യയിലെ നേതാക്കളെ ചൊടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് നെഹ്റു കമ്മീഷൻ രൂപീകരിച്ചത്. കമ്മീഷൻ രൂപം നൽകിയ ഭരണഘടന വിവാദങ്ങളിൽ പെടുകയും, ഗാന്ധിജി പൂർണ സ്വരാജിൽ കുറഞ്ഞ ഒന്നും തന്നെ തൃപ്തിപ്പെടുത്തില്ലെന്നു അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു.
നിസ്സഹകരണ സമരത്തിന്റെ ആദ്യത്തെ ചുവട് ലോകമറിയണമെന്ന് തീരുമാനിച്ച ഗാന്ധിജി തന്റെ സബർമതി ആശ്രമത്തിൽ നിന്ന് കാൽനടയായി ദണ്ഡി എന്ന "നവസാരി" യിലേക്ക് യാത്ര തിരിച്ചു. ഈ യാത്ര സ്വാതന്ത്ര്യ സമരത്തിന്റെ ദിശയെ നിസ്സഹകരണത്തിലേക്കും ലോക ശ്രദ്ധയെ ഭാരതത്തിലെ അഹിംസാ സമര മുറയിലേക്കും തിരിച്ചു വിട്ടു.
നിസ്സഹകരണം ഉയർത്തിയ അലകൾ ക്ലെമന്റ് ആറ്റ്ലിയിൽ ഗാന്ധിയൻ സമരമുറകളോട് അനുഭാവം ഉണർത്തി. എന്നാൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ തച്ചുടക്കാൻ നേതാക്കളെ മുഴുവൻ അറസ്റ്റ് ചെയ്യുന്നതിന് ആറ്റ്ലി അനുകൂലം നിന്നു. പക്ഷെ ആറ്റ്ലി അധികാരമേറിക്കഴിഞ്ഞ്, 1946 ൽ ഇന്ത്യയിൽ വർഗ്ഗീയ കലാപ സാധ്യത ഉരുണ്ടുകൂടി. അത് തടയാൻ ഏഴു ഡിവിഷൻ പട്ടാളം വേണമെന്ന വൈസ്രോയി വേവലിന്റെ ആവശ്യം സാമ്പത്തിക കാരണങ്ങളാൽ നിരാകരിച്ച ആറ്റ്ലി, മൗണ്ട് ബാറ്റൺ പ്രഭുവിനെ ഇന്ത്യയിലേക്കയച്ച് അപ്രതീക്ഷിതമായ തിടുക്കത്തിൽ സ്വാതന്ത്ര്യം അനുവദിക്കുകയായിരുന്നു. അഹിംസാ സമരത്തോടുള്ള ആറ്റ്ലിയുടെ പ്രതിപത്തിയാണ് ആ നീക്കത്തിനു പിന്നിലെന്ന് പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു.
സ്വാതന്ത്ര്യത്തിന്‍റെ സുവര്‍ണ ജൂബിലി ആഘോഷ വേളിയില്‍ പുറത്താക്കിയ സ്മാരക നാണയങ്ങളില്‍ അഹിംസാ സമരത്തിന്റെ ആരംഭ പ്രക്രിയ തന്നെ ഓർമ്മ പുതുക്കലിന് തെരഞ്ഞെടുത്തത് ഇതെല്ലം മുൻ നിർത്തിയാകണം.
നാണയ വിവരണം
തദവസരത്തില്‍ പുറത്താക്കിയ 50 രൂപയുടെയും 50 പൈസയുടെയും നാണയങ്ങളില്‍ ഗ്യാരഹ് മൂര്‍ത്തി ശില്പം ചില്ലറ വ്യതിയാനങ്ങളോടെ ചിത്രീകരിച്ചിരിക്കുന്നു.
സാങ്കേതിക വിവരണം
1 മൂല്യം - 50 രൂപ, ഭാരം - 22.5 ഗ്രാം, വ്യാസം - 39 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%,
നിക്കൽ - 5%, നാകം - 5%.
2 മൂല്യം - 50 പൈസ, ഭാരം - 3.79 ഗ്രാം, വ്യാസം - 22 മില്ലിമീറ്റര്‍, ലോഹം - ഇരുമ്പ് - 82%, ക്രോമിയം - 18% (ഫെറിറ്റിക് സ്റ്റെയിൻലെസ്സ് സ്റ്റീൽ)
No comments:
Post a Comment