ഇന്നത്തെ പഠനം | |
അവതരണം | ഹനീസ് M. കിളിമാനൂർ |
വിഷയം | കറൻസിയിലെ വ്യക്തികൾ |
ലക്കം | 38 |
മാർഷൽ ടിറ്റോ
യുഗോസ്ലാവിയയുടെ മുൻ പ്രസിഡന്റും ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവുമായിരുന്നു ജോസിപ് ബ്രോസ് ടിറ്റോ(7 മേയ് 1892 – 4 മേയ് 1980). രണ്ടാം ലോകയുദ്ധാനന്തരം യുഗോസ്ലാവിയയിൽ കമ്യൂണിസ്റ്റു ഭരണം സ്ഥാപിക്കുന്നതിനു നേതൃത്വം നൽകിയത് ഇദ്ദേഹം ആയിരുന്നു. മാർഷൽ ടിറ്റോ എന്ന പേരിൽ ഇദ്ദേഹം അന്താരാഷ്ട്രതലത്തിൽ ഖ്യാതി നേടി.
ക്രൊയേഷ്യയിലെ കുംറോവെകിൽ 1892 മേയ് മാസത്തിൽ ജനിച്ചു. ജന്മനാട്ടിലെ സ്കൂൾ വിദ്യാഭ്യാസാനന്തരം കുറേക്കാലം ഒരു ലോഹപ്പണിക്കാരനായി ജോലി നോക്കിയ ജോസിപ് ബ്രോസ് 1910-ഓടെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിൽ ചേർന്ന് പൊതുപ്രവർത്തകനായി മാറി. ശത്രുക്കൾക്കെതിരായി ഗറില്ലായുദ്ധമുറ സ്വീകരിക്കുവാനും ടിറ്റോ മടിച്ചില്ല. 1943 ആയപ്പോഴേക്കും യുഗോസ്ലാവിയയുടെ ഏറിയ ഭാഗവും തന്റെ നിയന്ത്രണത്തിൻകീഴിൽ കൊണ്ടുവരികയും ചെയ്തിരുന്നു. കൂടാതെ 1943-ൽ തന്നെ ഒരു താല്ക്കാലിക ഗവൺമെന്റ് സ്ഥാപിക്കുവാനും ടിറ്റോക്കു കഴിഞ്ഞു. ഇക്കാലത്തോടെ ഇദ്ദേഹം മാർഷൽ ടിറ്റോ എന്ന് അറിയപ്പെട്ടുതുടങ്ങി. 1945-ൽ നടന്ന തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ വിജയം കൈവരിക്കാൻ ടിറ്റോക്കു കഴിഞ്ഞു. തുടർന്ന് ഇദ്ദേഹം പ്രധാനമന്ത്രിയായുള്ള കമ്യൂണിസ്റ്റു ഗവൺമെന്റ് യുഗോസ്ലാവിയയിൽ നിലവിൽ വന്നു. 1953-ൽ യുഗോസ്ലാവിയയ്ക്ക് ഒരു പുതിയ ഭരണഘടനയുണ്ടായി. പ്രധാനമന്ത്രിയായി തുടർന്നിരുന്ന ടിറ്റോ ഇതോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനോടും ഈജിപ്ഷ്യൻ പ്രസിഡന്റ് നാസ്സറോടുമൊപ്പം ടിറ്റോ ചേരിചേരാ പ്രസ്ഥാനത്തിന് നേതൃത്വം നൽകി. 1961 സെപ്.-ൽ ബെൽഗ്രേഡിൽവച്ച് ചേരിചേരാ രാഷ്ട്രങ്ങളുടെ സമ്മേളനം വിളിച്ചുകൂട്ടുവാൻ മുൻകൈയെടുത്തതും ടിറ്റോ ആയിരുന്നു. 1974-ൽ ടിറ്റോയെ യുഗോസ്ലാവിയയുടെ ആജീവനാന്ത പ്രസിഡന്റായി തെരഞ്ഞെടുത്തു. 1980 മേയ് 4-ന് യുഗോസ്ലാവിയയിലെ ലുബ്നാലായിൽ ഇദ്ദേഹം നിര്യാതനായി. ടിറ്റോയുടെ ബഹുമാനാർഥം യുഗോസ്ലാവിയയിലെ മൊണ്ടെനിഗ്രോ റിപ്പബ്ലിക്കിന്റെ തലസ്ഥാനത്തിന് 1946-ൽ ടിറ്റോഗ്രാഡ്' എന്ന പേരു നൽകിയിരുന്നു.
യുഗോസ്ലാവിയ1985 ൽ പുറത്തിറക്കിയ 5000 ദിനാര ബാങ്ക് നോട്ട്.
മുൻവശം (Obverse): ജോസിപ്പ് ബ്രോസ് ടിറ്റോയുടെ ഛായാചിത്രം, ദേശീയചിഹ്നം.
പിൻവശം (Reverse): ബോസ്നിയയിലെ ജാജെ പട്ടണം ചിത്രീകരിച്ചിരിക്കുന്നു.
No comments:
Post a Comment