27/03/2021

സ്മാരക നാണയങ്ങൾ (28) - കോമാഗാടാ മാരു - ശതാബ്ദി

                            

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
28

കോമാഗാടാ മാരു  - ശതാബ്ദി

ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും "കോമാഗാടാ മാരു" എന്ന ജാപ്പനീസ് കപ്പലിൽ കാനഡയിലേക്ക് കുടിയേറാനുള്ള കുറേപ്പേരുടെ ശ്രമവും അതിനെത്തുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണ് "കോമാഗാടാ മാരു സംഭവം" എന്ന് അറിയപ്പെടുന്നത്.

1914 ഏപ്രിൽ മാസം കാനഡയിലെ വാൻകൂവർ  തുറമുഖത്തെത്തിയ സംഘത്തെ അവിടെ ഇറങ്ങാൻ അനുവദിക്കാതെ നിർബന്ധപൂർവ്വം കൊൽക്കത്തയിലേക്ക് തിരിച്ചയച്ചതും അതിലെ യാത്രക്കാരിൽ ചിലരെ അറസ്റ്റ് ചെയ്യാൻ കൊൽക്കത്തയിൽ നടന്ന ശ്രമം വെടിവയ്പ്പിലും ചില അഭയാർത്ഥികളുടെ മരണത്തിലും കലാശിച്ചതും അതുയർത്തിയ കോലാഹലങ്ങളും ചേർന്നതാണ് ഈ സംഭവം.

1890 ൽ  "ചാൾസ് കോണൽ ആൻഡ് കമ്പനി" നിർമ്മിച്ച് "എസ്. എസ്. സ്റ്റൂബെൻഹക്" എന്ന പേരിൽ ഒരു ജർമ്മൻ കമ്പനിയുടെ ഉടമസ്ഥതയിൽ നീറ്റിലിറങ്ങിയ കപ്പൽ 1894 ൽ മറ്റൊരു കമ്പനി വാങ്ങി "എസ്. എസ്. സിസിലിയ" എന്ന പേര് നൽകി. 1913 ൽ ഒരു ജാപ്പനീസ് കമ്പനിയുടെ ഉടമസ്ഥതയിൽ "കോമാഗാടാ മാരു" എന്ന് പേര് ലഭിച്ച പ്രസ്തുത യാനം 1914 ജനുവരിയിലാണ് ഏപ്രിൽ മാസത്തിലെ വാൻകൂവർ യാത്രയ്ക്ക് വിളിക്കപ്പെട്ടത്. (1925 ൽ "ഹെയ്ൻ മാരു" എന്ന് പേര് മാറിയ ഈ കപ്പൽ 1926 ഫെബ്രുവരിയിൽ ജപ്പാന്റെ തീരത്ത് മുങ്ങി.)

സിംഗ് സന്ധു എന്ന ഒരു വ്യവസായി ആയിരുന്നു ഇത് ഏർപ്പാട് ചെയ്തത്. ഭാരത സ്വാതന്ത്ര്യ സമരത്തോട് അനുഭാവം പുലർത്തിയിരുന്ന അമേരിക്കയിലെയും കാനഡയിലെയും നിവാസികളായ പഞ്ചാബികളുടെ "ഗദ്ദർ" പ്രസ്ഥാനത്തോട് ആഭിമുഖ്യമുണ്ടായിരുന്ന  സന്ധുവിനെ ബ്രിട്ടനും കാനഡയും സംശയ ദൃഷ്ടിയോടെയായിരുന്നു വീക്ഷിച്ചിരുന്നത്. ഏഷ്യയിൽ നിന്നുള്ളവരുടെ കുടിയേറ്റം തടഞ്ഞു കൊണ്ടുള്ള വിവേചന പരമായ ഒരു കുടിയേറ്റ നിയമത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ട് തന്റെ നാട്ടുകാരായ കുറേപ്പേരെ കാനഡയിൽ കടക്കാൻ സഹായിക്കുക തന്നെയായിരുന്നു സന്ധുവിന്റെ  ലക്ഷ്യവും. ഹോങ്കോങ്ങിൽ നിന്ന്  ഭൂരിഭാഗവും ശിഖർ ഉൾപ്പെട്ട 376 യാത്രക്കാരുമായി പുറപ്പെട്ട്, വാൻകൂവർ തുറമുഖത്തേക്കാണ് കപ്പൽ പോയത്. ഇന്ത്യൻ ദേശീയ വാദികൾ യാത്രികരായുണ്ടെന്ന് മനസ്സിലാക്കിയ അധികാരികൾ, അഭയാർത്ഥികളിൽ 24 പേർക്കു മാത്രമേ  കാനഡയുടെ മണ്ണിൽ ഇറങ്ങാൻ അനുമതി നല്‍കിയുള്ളു. ഇറങ്ങാൻ അനുവദിക്കാത്തതിന്റെ പേരിൽ കപ്പലിൽ കലാപം ഉയർന്നപ്പോൾ കാനഡ ബലാൽക്കാരമായി തിരിച്ചയച്ച കപ്പൽ അഭയാർത്ഥികളെയും വഹിച്ച്  കൊൽക്കത്തയിൽ എത്തി. ബ്രിട്ടീഷുകാരുടെ കണ്ണിൽ "നിയമ ലംഘകരായ വിപ്ലവകാരികൾ" ആയിരുന്നു കപ്പലിൽ. അവർ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അട്ടിമറിക്കാൻ ശ്രമിക്കുമെന്ന് അവർ സംശയിച്ചു. കപ്പൽ തടഞ്ഞ് സംഘത്തിലെ ചിലരെ ബന്ധിക്കാനുള്ള ബ്രിട്ടീഷുകാരുടെ ശ്രമം പരസ്പരമുള്ള വെടിവെയ്പ്പിൽ കലാശിക്കുകയും ഏതാണ്ട് ഇരുപതോളം പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തു. കുറെ കോലാഹലങ്ങൾ അന്നുണ്ടായെങ്കിലും മനുഷ്യാവകാശങ്ങൾക്കുമേൽ മുറിപ്പാടിന്റെ കനത്ത കലകൾ തീർത്ത് അവയെല്ലാം വിസ്മൃതിയിലേക്ക് ആണ്ടു പോയി.

2016 മെയ് മാസത്തിൽ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കോമാഗാടാ മാരു സംഭവത്തിന്  ഔപചാരികമായി പൂർണ്ണ ക്ഷമാപണം നടത്താനുള്ള മര്യാദ കാട്ടിയെന്നത് പിൽക്കാല ചരിത്രം.

2014 ൽ പ്രസ്തുത സംഭവത്തിന്റെ ശതാബ്ദി വേളയിൽ ഭാരത സർക്കാർ 100 രൂപയുടെയും 5 രൂപയുടെയും നാണയങ്ങൾ പുറത്തിറക്കി.

നാണയ വിവരണം

 പിൻവശത്ത്  അന്നത്തെ "കോമഗടാ മാരു" വിന്റെ ചിത്രം നൽകി, നടുവിൽ  വലത്തെ അരികിൽ "1914 - 2014" എന്ന് വർഷവും ചേർത്തിരിക്കുന്നു. ഇടത്തെ അരികിൽ മുകളിലായി  "സെന്റിനറി കമെമൊറേഷൻ", താഴെയായി "കോമഗടാ മാരു ഇൻസിഡന്റ് "  എന്നിങ്ങനെ ഇംഗ്ലീഷ് ലിഖിതവും വലത്തെ അരികിൽ മുകളിലായി "ശതാബ്ദി സ്മാരണോത്സവ് ", താഴെയായി "കോമഗടാ മാരു പ്രസംഗ് " എന്നിങ്ങനെ ഹിന്ദി ലിഖിതവും ആലേഖനം ചെയ്തിരിക്കുന്നു.

സാങ്കേതിക വിവരണം 

1 മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%,  ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%.
2 മൂല്യം - 5 രൂപ, ഭാരം - 6 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%.









No comments:

Post a Comment