ഇന്നത്തെ പഠനം | |
അവതരണം | രാജീവൻ കാഞ്ഞങ്ങാട് |
വിഷയം | ചിത്രത്തിനുപിന്നിലെ ചരിത്രം |
ലക്കം | 69 |
കൊടി കാത്ത കുമരൻ
സ്വാതന്ത്ര്യ സമര സേനാനിയും ധീര രക്തസാക്ഷിയുമായ തിരുപ്പൂർ കുമരൻ (1904 - 1932) ' കൊടികാത്ത കുമരൻ ' എന്നാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്. തൻ്റെ ജീവൻ തന്നെ അപകടത്തിലായപ്പോഴും താൻ വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പതാക ഉയർത്തി പിടിച്ചതിന് ചരിത്രം നൽകിയ ആദരവാണ് ഈ പദവി.
തമിഴ് നാട്ടിൽ ഇന്നത്തെ ഈറോഡ് ജില്ലയിലെ ചെന്നിമലൈ എന്ന ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച കുമരൻ (OKSR Kumaraswamy Mudaliar) അഞ്ചാം ക്ലാസ് വരെ പഠിച്ചശേഷം കുടുംബത്തൊഴിലായ കൈത്തറി നെയ്ത്ത് ചെയ്യാൻ ആരംഭിച്ചു. 1920കളുടെ ആരംഭത്തിൽ വിദേശ വസ്ത്ര ബഹിഷ്കരണവും ഇന്ത്യയിലെ കൈത്തറി തൊഴിലാളികൾക്ക് പുതിയ ഉണർവേകി. അതോടെ കുമരൻ ഗാന്ധിജിയുടെ ആദർശങ്ങളിലും ദേശീയ പ്രസ്ഥാനത്തിലും ആകൃഷ്ടനായി.
അന്നത്തെ രീതിയനുസരിച്ച് കുമരൻ പത്തൊമ്പതാം വയസ്സിൽ വിവാഹിതനായി. കുടുംബത്തിന് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാനായി കുമരൻ തിരുപ്പൂരിലെ ഒരു സ്പിന്നിങ് മില്ലിൽ ജോലി നേടി.
തിരൂപ്പൂർ എന്ന വലിയ പട്ടണത്തിൽ വന്നതോടെ കുമരൻ രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായി. അങ്ങനെ കോൺഗ്രസ്സിൻ്റെ പരിപാടികളിൽ മുടങ്ങാതെ പങ്കെടുക്കാൻ തുടങ്ങി. ഇതോടെ കുടുംബാംഗങ്ങൾക്ക് വേവലാതിയായി. ബ്രിട്ടീഷുകാരെ പിണക്കിയാൽ കുമരന് ജീവിതം സുഗമമാവില്ലെന്ന് അവർ ഭയന്നു. കുമരനെ ഉപദേശിച്ചു 'നന്നാക്കാൻ' വേണ്ടി മാത്രം അദ്ദേഹത്തിന്റെ സഹോദരന്മാർ പലപ്പോഴും നാട്ടിൽ നിന്ന് തിരുപ്പൂരിൽ വന്നു. എന്നാൽ കുമരൻ ഇതൊന്നും ചെവികൊണ്ടില്ല. അദ്ദേഹം തിരുപ്പൂരിലെ യുവാക്കളെ സംഘടിപ്പിച്ച് 'ദേശബന്ധു യൂത്ത് അസോസിയേഷൻ' എന്നൊരു സംഘടന രൂപീകരിച്ചു. ഗാന്ധിജിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുക ആയിരുന്നു ലക്ഷ്യം. ക്രമേണ ഈ സംഘടനയുടെ ശാഖകൾ തമിഴ് നാട്ടിലെ പ്രധാന പട്ടണങ്ങളിലെല്ലാം സ്ഥാപിക്കപ്പെട്ടു.
1929 ഡിസംബർ 28ന്, ലാഹോറിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ അദ്ധ്യക്ഷനായ ജവഹർലാൽ നെഹ്രു ത്രിവർണ്ണ പതാക ഉയർത്തി. ലാഹോറിലാണ് ആദ്യമായി കോൺഗ്രസ്സ് ഈ പതാക ഉപയോഗിച്ചത്. ഈ സമ്മേളനത്തിൽ കോൺഗ്രസ്സിൻ്റെ ലക്ഷ്യം 'പൂർണ്ണ സ്വരാജ്' ആണെന്ന് വ്യക്തമാക്കുന്ന പ്രമേയം പാസാക്കി (ഡിസംബർ 29).
അന്നൊരു ഞായറാഴ്ചയായിരുന്നു. അടുത്ത മാസത്തിലെ അവസാന ഞായർ (1930 ജനുവരി26) രാജ്യമെമ്പാടും ത്രിവർണ്ണ പതാക ഉയർത്താനും 'പൂർണ്ണ സ്വരാജ്യ ദിവസ്' ആയി ആചരിക്കാനും കോൺഗ്രസ് ആഹ്വാനം ചെയ്തു. മദ്രാസ് സംസ്ഥാനത്ത് ഈ സന്ദേശം പ്രചരിപ്പിക്കാൻ കുമരൻ്റെ ദേശബന്ധു യൂത്ത് അസോസിയേഷനും സജീവമായി രംഗത്തുണ്ടായിരുന്നു.
തുടർന്നുള്ള വർഷങ്ങളിൽ ജനുവരി 26ന് കോൺഗ്രസ് ത്രിവർണ്ണ പതാക ഉയർത്തുകയും 'പൂർണ്ണ സ്വരാജ് ദിവസ്' ആചരിക്കുകയും ചെയ്തുപോന്നു. പിന്നീട് ഇന്ത്യൻ ഭരണഘടന നടപ്പാക്കാൻ ഈ തിയതി തെരഞ്ഞെടുത്തതിൻ്റെ കാരണം ഇതാണ്.
ലാഹോർ സമ്മേളനത്തിൽ ഉയർത്തിയ ത്രിവർണ്ണ പതാകയിൽ ചിഹ്നം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ഇതേപ്പറ്റി പഠിക്കാൻ നിയോഗിച്ച ഒരു കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം അതിൽ ചർക്ക അടയാളമായി സ്വീകരിച്ചു (1931)
1930ൽ ആരംഭിച്ച സിവിൽ നിയമലംഘന പ്രസ്ഥാനവും അതിന്റെ തന്നെ ഭാഗമായ ഉപ്പുസത്യാഗ്രഹവും കാരണം കോൺഗ്രസ് പാർട്ടിയും അതിന്റെ പതാകയും നിരോധിക്കപ്പെട്ടു. ഈ കാലത്ത്, സൈമൺ കമ്മീഷൻ നിർദ്ദേശപ്രകാരം ഭരണഘടനാ പരിഷ്കാരങ്ങളെപ്പറ്റി ആലോചിക്കാൻ ലണ്ടനിൽ നടന്ന ഒന്നാം വട്ടമേശ സമ്മേളനം കോൺഗ്രസ് ബഹിഷ്കരിച്ചു. എന്നാൽ 1931 മാർച്ച് അഞ്ചിന് ഒപ്പിട്ട ഗാന്ധി - ഇർവിൻ ഉടമ്പടിയെത്തുടർന്ന്, രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് സമ്മതിച്ചു.
1931 സെപ്റ്റംബർ മുതൽ ഡിസംബർ വരെ ലണ്ടനിൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസ്സിൻ്റെ ഏക പ്രതിനിധിയായി ഗാന്ധിജി പങ്കെടുത്തു. എന്നാൽ ഈ സമ്മേളനം ഒരു പരാജയമായിരുന്നു.
രണ്ടാം വട്ടമേശ സമ്മേളനത്തിൻ്റെ പരാജയത്തെ തുടർന്ന് മടങ്ങി ഇന്ത്യയിലെത്തിയ ഗാന്ധിജി, സിവിൽ നിയമലംഘന പ്രസ്ഥാനം പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഇതെത്തുടർന്ന് അദ്ദേഹത്തെ ബോംബൈയിൽ വച്ച് അറസ്റ്റ് ചെയ്തു (1932 ജനുവരി നാല്). ഗാന്ധി - ഇർവിൻ ഉടമ്പടിയെത്തുടർന്ന് കോൺഗ്രസ്സിൻ്റെ നിരോധനം പിൻവലിച്ചിരുന്നു. എന്നാൽ, ഈ പശ്ചാത്തലത്തിൽ വീണ്ടും കോൺഗ്രസ് പാർട്ടിയെയും അതിന്റെ പതാകയെയും നിരോധിച്ചു.
ഗാന്ധിജിയുടെ അറസ്റ്റിനെ തുടർന്ന് ദേശവ്യാപകമായി പ്രക്ഷോഭം ആരംഭിച്ചു. കോൺഗ്രസ് പതാകകളുമായി എല്ലാ പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും പ്രകടനങ്ങൾ നടന്നു.
തിരുപ്പൂരിൽ പി. എസ്. സുന്ദരം (ത്യാഗി പി.എസ്. സുന്ദരം) എന്ന നേതാവാണ് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത്. ഈ പ്രകടനത്തിൽ കുമരനും അണിനിരന്നു. സ്ഥലത്തെത്തിയ പൊലീസുകാർ ലാത്തിച്ചാർജ് ആരംഭിച്ചു. ആളുകൾ ചിതറിയോടി. എന്നാൽ കുമരൻ തൻ്റെ കൈയ്യിലുള്ള കൊടിയുമായി ഉറച്ചു നിന്നു. പൊലീസുകാർ അവരുടെ കോപം തീർത്തു. കുമരൻ ബോധരഹിതനായി നിലത്തു വീണു.
രംഗം ശാന്തമായപ്പോൾ, അവിടെയെത്തിയവർ കണ്ടു; തലയിൽ അടിയേറ്റ് ചോരവാർന്ന് കുമരൻ്റെ ചേതനയറ്റ ശരീരം. അപ്പോഴും ഉയർത്തിയ വലതു കൈയ്യിൽ ത്രിവർണ്ണ പതാക. തൻ്റെ പ്രിയപ്പെട്ട കൊടിയെ മണ്ണുതൊടാൻ അനുവദിക്കില്ലെന്ന് ദൃഢ പ്രതിജ്ഞ എടുത്തതുപോലെ!
നാടിൻ്റെ സ്വാതന്ത്ര്യ സമരത്തിന് ഊർജ്ജം നൽകാൻ കുമരൻ തൻ്റെ ജീവൻ ബലി നൽകുമ്പോൾ 27 വയസ്സ് മാത്രമായിരുന്നു പ്രായം. അദ്ദേഹത്തിന് മക്കൾ ജനിച്ചിരുന്നില്ല. ചില വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ഭാര്യ രമയമ്മാൾ തൻ്റെ സഹോദരീ പുത്രനെ ദത്തെടുത്തു വളർത്തി.
2004 ഒക്ടോബർ നാലിന്, തിരുപ്പൂർ കുമരൻ്റെ നൂറാം ജന്മവാർഷികത്തിൽ കേന്ദ്ര സർക്കാർ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഒരു തപാൽ സ്റാമ്പ് പുറത്തിറക്കി. തിരുപ്പൂർ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് കുമരൻ്റെ പ്രതിമയും അതിന്റെ ചുറ്റുമുള്ള ചത്വരവും. നഗരത്തിലെ പ്രധാന പരിപാടികൾ നടക്കുന്നത് ഇവിടെയാണ്.
No comments:
Post a Comment