ഇന്നത്തെ പഠനം | |
അവതരണം | രാജീവൻ കാഞ്ഞങ്ങാട് |
വിഷയം | ചിത്രത്തിനുപിന്നിലെ ചരിത്രം |
ലക്കം | 72 |
സിഗ്മണ്ട് ഫ്രോയിഡ്
(ചരമദിനം സെപ്റ്റംബർ 23)
ലോക വിഖ്യാതനായ മനശാസ്ത്രജ്ഞനാണ് സിഗ്മണ്ട് ഫ്രോയിഡ് ( മേയ് 6, 1856 - സെപ്റ്റംബർ 23, 1939). ഓസ്ട്രിയൻ ന്യൂറോളജിസ്റ്റായിരുന്ന ഇദ്ദേഹം മനശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. മനസ്സിന് അബോധം എന്നൊരു വശമുണ്ടെന്ന് ആദ്യമായി സിദ്ധാന്തിച്ച വ്യക്തിയാണ് ഫ്രോയിഡ്. ഒരു രോഗിയും ഒരു മനഃശാസ്ത്രവിദഗ്ദ്ധനും തമ്മിലുള്ള അഭിമുഖത്തിലൂടെ മനോരോഗം ചികിത്സിക്കുന്ന മാനസികാപഗ്രഥനം അഥവാ മനോവിശ്ലേഷണം(Psychoanalisys) എന്ന മനശാസ്ത്രശാഖയ്ക്കു തുടക്കം കുറിച്ചത് അദ്ദേഹമാണ്.
ഓസ്ട്രിയയിലെ മൊറോവിയെയിലെ ഫൈബർഗ് എന്ന പട്ടണത്തിൽ ഗലീഷ്യൻ ജൂത ദമ്പദികളുടെ മകനായി ജനിച്ച ഫ്രോയിഡ് 1881ൽ വിയന്ന സർവ്വകലാശാലയിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദം സമ്പാദിച്ചു.1885-ൽ സർവ്വകലാശാല അദ്ധ്യാപന യോഗ്യത കരസ്ഥമാക്കിയ അദ്ദേഹം നാഡീശാസ്ത്രത്തിൽ അസിസ്റ്റന്റ് പ്രൊഫസർക്ക് തുല്യമായ പദവിയിൽ നിയമിതനാകുകയും 1902-ൽ അഫിലിയേറ്റഡ് പ്രൊഫസറാകുകയും ചെയ്തു. 1886-ൽ വിയന്നയിൽ ക്ലിനിക്കൽ പ്രാക്ടീസ് ആരംഭിച്ച ഫ്രോയിഡിന്റെ താമസവും ഗവേഷണ പ്രവർത്തനങ്ങളും വിയന്നയിൽ തന്നെ ആയിരുന്നു. 1938-ൽ നാസി പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനായി അദ്ദേഹം ഓസ്ട്രിയ വിട്ടു. 1939 ൽ അദ്ദേഹം യുണൈറ്റഡ് കിംഗ്ഡത്തിൽ പ്രവാസിയായി മരിച്ചു.
മാനസികാപഗ്രഥനത്തിന്റെ കണ്ടെത്തലിലൂടെ ഫ്രോയിഡ്, സ്വതന്ത്രമായ കൂട്ടിച്ചേർക്കൽ, ട്രാൻസ്ഫറൻസ് തുടങ്ങിയ മനഃശാസ്ത്ര ചികിത്സാ സങ്കേതങ്ങൾ വികസിപ്പിക്കുകയും വിശകലന പ്രക്രിയയിൽ ഇവയുടെ പ്രാധാന്യം വെളിവാക്കുകയും ചെയ്തു. ലൈംഗികതയെ പുനർനിർവചിച്ചുകൊണ്ട് ശിശുലൈംഗികതയെ അതിൽ ഉൾപ്പെടുത്തിയതിലൂടെ ഫ്രോയിഡ് ഈഡിപ്പസ് കോംപ്ലക്സ് എന്ന ആശയം രൂപപ്പെടുത്തുകയും മാനസികാപഗ്രഥന സിദ്ധാന്തത്തിന്റെ കേന്ദ്ര സ്ഥാനത്ത് അതിനെ പ്രതിഷ്ഠിക്കുകയും ചെയ്തു.സ്വപ്നങ്ങൾ ആഗ്രഹ പൂർത്തീകണങ്ങളാണെന്ന അദ്ദേഹത്തിന്റെ വിശകലനം, മനോരോഗകാരണങ്ങളുടെയും മനസ്സിൽ അന്തർലീനമായ അടിച്ചമർത്തപ്പെട്ട വികാരങ്ങളുടെയും വിശകലനത്തിനുതകുന്ന അടിസ്ഥാന മാതൃകകളുടെ രൂപീകരണത്തിനു സഹായിച്ചു.ഈ അടിസ്ഥാനത്തിൽ ഫ്രോയിഡ് അബോധമനസ്സിനെക്കുറിച്ചുള്ള തന്റെ സിദ്ധാന്തം ആവിഷ്കരിക്കുകയും ഇദ്ദ്, ഈഗോ, സൂപ്പർ-ഈഗോ എന്നിവ ഉൾപ്പെടുന്ന മാനസിക ഘടനയുടെ ഒരു മാതൃക വികസിപ്പിക്കുകയും ചെയ്തു.മാനസിക വികാസം സംബന്ധിച്ച തന്റെ സിദ്ധാന്തത്തിൽ ശാരീരിക സുഖം പ്രധാനം ചെയ്യുന്ന ലിബിഡോ എന്ന ലൈംഗിക ഊർജ്ജത്തിന്റെ സാന്നിദ്ധ്യത്തെ ഫ്രോയിഡ് വിശദീകരിച്ചു.തന്റെ പിൽക്കാല കൃതികളിൽ, ഫ്രോയിഡ് മതത്തെയും സംസ്കാരത്തെയും കുറിച്ച് വിശാലമായ വ്യാഖ്യാനങ്ങളും വിമർശനങ്ങളും അവതരിപ്പിച്ചു.
മനശാസ്ത്രത്തെ അന്ധവിശ്വാസങ്ങളിൽ നിന്ന് വേർപെടുത്തി ഒരു ശാസ്ത്രശാഖയാക്കി വളർത്തിയതിലും, മനോരോഗ ചികിത്സയെ വൈദ്യശാസ്ത്രത്തിന്റെ ഒരു പ്രത്യേക വിഭാഗമായി ഉയർത്തിയതിലും അദ്ദേഹം മുഖ്യ പങ്കു വഹിച്ചു. ഹിസ്റ്റീരിയ ബാധിച്ച രോഗികളെ ചികിത്സിയ്ക്കാൻ ഹിപ്നോട്ടിസം ഫലപ്രദമാണെന്ന് തെളിയിച്ചതും അദ്ദേഹമാണ്. സ്വപ്നങ്ങളുടെ വ്യാഖ്യാനവും അപഗ്രഥനവും മാനസികാപഗ്രഥനത്തിൽ സഹായകമാണെന്ന് അദ്ദേഹം കണ്ടെത്തി. ഒരു രോഗനിർണ്ണയ രീതി, ചികിത്സാ സമ്പ്രദായം എന്നീ നിലകളിൽ പ്രാധാന്യം കുറഞ്ഞിട്ടുണ്ടെങ്കിലും മനഃശാസ്ത്രം, മനോരോഗ ചികിത്സ എന്നിവയിലും മാനവിക വിഷയങ്ങളിലും മാനസികാപഗ്രഥനം ഇന്നും സ്വാധീനം ചെലുത്തുന്നു. അതിനാൽ, അതിന്റെ ചികിത്സാ ഫലപ്രാപ്തി, ശാസ്ത്രീയ നില, അതിനു ഫെമിനിസവുമായുള്ള ബന്ധം എന്നിവ സംബന്ധിച്ച വിപുലവും ഉയർന്നതുമായ ചർച്ചകൾ ഇപ്പോഴും തുടരുന്നു. ഫ്രോയിഡിന്റെ കൃതികൾ സമകാലീന പാശ്ചാത്യ ചിന്തയെയും ജനകീയ സംസ്കാരത്തെയും സ്വാധീനിച്ചിട്ടുണ്ട്.
No comments:
Post a Comment