20/09/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - ചീവീട്

          

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
38

 ചീവീട് 

വൃക്ഷങ്ങളുടെ പുറം തോടിൽ ഇരുന്ന് പാട്ടുപാടുന്ന ഒരു ജീവിയാണ് ചീവീട് (cicada). മിക്കവാറും മരത്തൊലിയുടെ നിറം തന്നെയുള്ള ഇവയെ ആർക്കും പെട്ടെന്ന് കണ്ടുപിടിക്കാനാവില്ല എന്നതുകൊണ്ട് ശത്രുക്കളിൽ നിന്നും രക്ഷപെടുവാൻ കഴിയുന്നു. വൃക്ഷങ്ങളുടെ തടിയിലോ ശാഖകളിലോ വീടുണ്ടാക്കി തൊലിക്കിടയിൽ മുട്ടയിടുന്നു. ഷഡ്പദങ്ങളുടെ ഗണത്തിൽപ്പെടുന്ന ഇവയെ അന്റാർട്ടിക്കയിലൊഴികെ മിക്കവാറും എല്ലാ വൻകരകളിലും കാണാം

ഏതാണ്ട്‌ 2,400 ഇനങ്ങളുള്ള ചീവീട്‌ കുടുംബത്തിലെ ആണുങ്ങൾക്കു മാത്രമേ ഈ ‘സംഗീത വാസന’ ഉള്ളൂ. ആൺ ചീവീടുകൾ ഗാനം ആലപിക്കുന്നത്‌ അഥവാ ശബ്ദമുണ്ടാക്കുന്നത്‌ അവയുടെ തൊണ്ട കൊണ്ടല്ല, മറിച്ച്‌ ചിറകുകൾ കൊണ്ടാണ്‌. ഒരു മുൻചിറകിന്റെ ഒരു ഭാഗം എതിർവശത്തുള്ള മുൻചിറകിലെ 50 മുതൽ 250 വരെ വരുന്ന പല്ലുകളിൽ ഉരസിയാണ്‌ ആൺചീവീടുകൾ ശബ്ദം പുറപ്പെടുവിക്കുന്നത്‌ എന്ന്‌ ഒരു എൻസൈക്ലോപീഡിയ പറയുന്നു. ചിലയ്‌ക്കലിന്റെ ആവൃത്തി സെക്കൻഡിൽ എത്ര പല്ലുകളെ ഉരസുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അങ്ങനെ അന്തരീക്ഷം ചീവീടിന്റെ ഗാനത്താൽ മുഖരിതമാകുന്നു.
എന്നാൽ ആൺചീവീടുകൾ മനുഷ്യരെ രസിപ്പിക്കാനൊന്നുമല്ല ഈ ഗാനാലാപനം നടത്തുന്നത്‌! ഇണയെ വശീകരിക്കുകയാണ്‌ ഈ സംഗീത വിദ്വാന്റെ ലക്ഷ്യം. 

വളരെ നീണ്ടകാലം അജ്ഞാതവാസം നടത്തി കൃത്യമായ ഇടവേളകളില്‍ പുറത്തേക്ക് വന്ന് ചെറിയ ജീവിതം ജീവിച്ച് ഇണചേര്‍ന്ന് മുട്ടയിട്ട് മറയുന്ന പ്രത്യേക ജീവിതമാണ് ഇവരുടേത്. സാധാരണയായി  രണ്ട് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയാണ് അജ്ഞാതവാസകാലം. എല്ലാ വര്‍ഷവും വേനലവസാനത്തോടെ ഇവ മണ്ണിനുള്ളിലെ ഒളിവിടത്തില്‍നിന്ന് കൂട്ടമായി പുറത്തുവരും. വടക്കേ അമേരിക്കയില്‍ കണ്ടുവരുന്ന Magicicada ജനുസില്‍ പെട്ട സിക്കാഡ നിംഫുകള്‍ പതിനേഴു വര്‍ഷം മണ്ണില്‍ കഴിഞ്ഞുകൂടിയതിനുശേഷമാണ് അഞ്ചാറാഴ്ച മാത്രം ആയുസുള്ള 'യഥാര്‍ത്ഥ ജീവിതം' ജീവിച്ച് തീര്‍ക്കാന്‍ പുറത്ത് വരുന്നത്. മരത്തടിയിലെ വിള്ളലുകളില്‍ അമ്മ ചീവീട് ഇട്ടുവെച്ച മുട്ടകള്‍വിരിഞ്ഞ് പുറത്തിറങ്ങുന്ന, അരിമണിപോലുള്ള വെളുത്ത  നിംഫുകള്‍ കുഞ്ഞിക്കാലുകള്‍ ഇഴച്ച് മരത്തിനു മുകളിലേക്ക് കയറും. ശാഖകളുടെ തുഞ്ചത്ത് എത്തും. അവിടെനിന്ന് കൈവിട്ട് താഴേക്ക് വീഴും. മണ്ണില്‍ തുരന്ന് കയറി മരത്തിന്റെ വേരുപടലം കണ്ടെത്തും. രണ്ടര മീറ്റര്‍ വരെ ആഴത്തില്‍ ഇവര്‍ എത്തും. വായ്ഭാഗംകൊണ്ട് വേരുതുരന്ന് മരത്തിന്റെ സൈലം ദ്രാവകം ഊറ്റിക്കുടിച്ച് സുഖമായ വിശ്രമമാണ് പിന്നെ വര്‍ഷങ്ങള്‍. ജീവഘട്ടപരിവര്‍ത്തനങ്ങള്‍ ഈ കാലത്ത് നടക്കും. വളര്‍ച്ച പൂര്‍ത്തിയായാല്‍, കൃത്യമായ സമയത്ത് ഒരു പ്രത്യേക ഇനങ്ങള്‍ മുഴുവനും ഒന്നിച്ച് കൂട്ടമായി മണ്ണില്‍നിന്ന് പുറത്തുവരും. പിന്നെ  ഈ നിംഫുകളെല്ലാം ഒരേ ഓട്ടമാണ്. തൊട്ടടുത്ത മരങ്ങളിലേക്ക്. മരങ്ങളില്‍ കയറി അതിന്റെ തടിയില്‍ ഇറുക്കിപ്പിടിപ്പിച്ചശേഷം ഉറപൊഴിച്ച്കളഞ്ഞ് ചിറകുകളുള്ള പൂര്‍ണ്ണ ചീവീടായി പുനര്‍ജനിക്കും. കൂട്ടത്തോടെ പറന്നും മരക്കൊമ്പുകളില്‍ വിശ്രമിച്ചും മരനീരൂറ്റിക്കുടിച്ചും  ഇണചേരാനുള്ള തയ്യാറെടുപ്പ് തുടങ്ങും. ഇണകളെ ആകര്‍ഷിക്കാനാണ് ആണ്‍സിക്കാഡകള്‍ ചെവിടുപൊളിക്കുന്ന ശബ്ദമുണ്ടാക്കുന്നത്. ചിലയിനങ്ങളുടെ ശബ്ദം നമുക്ക് കേള്‍ക്കാനാവാത്ത ആവൃത്തിയില്‍ ഉള്ളതുപോലും ആണ്. പെണ്‍ ചീവീടുകള്‍ കൈവിരല്‍ ഞൊടിക്കുന്ന 'ടിക്' എന്ന് ശബ്ദമുണ്ടാക്കി പ്രതികരിക്കുകയുംചെയ്യും. ഇണചേര്‍ന്ന് കഴിഞ്ഞാല്‍ പെണ്‍സിക്കാഡ മരക്കൊമ്പുകളില്‍ തൊലിഅടര്‍ത്തി അതിനിടയില്‍ മുട്ടകള്‍ ഇട്ടുകൂട്ടും. അതോടെ അതിന്റെ ജന്മലക്ഷ്യം കഴിയും.അറിഞ്ഞുകൊണ്ടല്ലെങ്കിലും മനുഷ്യ ശ്രോതാക്കളെ രസിപ്പിക്കുന്ന ഈ കൊച്ചു ജീവികൾ തങ്ങളുടെ രൂപകൽപ്പിതാവിന്‌ സ്‌തുതി കരേറ്റുന്നു.






No comments:

Post a Comment