സ്വാതന്ത്ര്യ സമരത്തിന് നിസ്തുലമായ സേവനം നൽകിയ വിദ്യാഭ്യാസ വിചക്ഷണനും സാമൂഹ്യ പരിഷ്കർത്താവും ആയ ഒരു പണ്ഡിതൻ ആയിരുന്നു പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ.
"പണ്ഡിറ്റ്" എന്നും "മഹാമന" എന്നും ഭാരതം അദ്ദേഹത്തെ സ്നേഹപൂർവ്വം വിളിച്ചത് അന്വർത്ഥമാക്കിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നാല് തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായിരുന്നു അദ്ദേഹം. അഭിഭാഷകനും, വാഗ്മിയും, അഖിൽ ഭാരതീയ ഹിന്ദു മഹാസഭയുടെ സ്ഥാപകനും ഭാരതീയരിൽ സ്വാതന്ത്ര്യ വാഞ്ച്ഛ ആളിക്കത്തിച്ച പല പ്രസിദ്ധീകരണങ്ങളുടെയും സ്ഥാപകനും, എഡിറ്ററും സർവ്വോപരി 40000 ത്തോളം വിദ്യാർത്ഥികൾക്ക് വിദ്യാദീപം തെളിക്കുന്ന ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ സഹസ്ഥാപകനും ഒക്കെയായി ഒരു മനുഷ്യജന്മം കൊണ്ട് അസാദ്ധ്യമെന്ന് കരുതാവും വിധം, കൈവച്ച മേഖലകളിലെല്ലാം അനിതര സാധാരണമായ കർമ്മശേഷി പ്രകടിപ്പിച്ച അസാധാരണ വ്യക്തിത്വം ആയിരുന്നു മദൻ മോഹൻ മാളവ്യ.
സംസ്‌കൃത പണ്ഡിതരുടെ ഒരു കുടുംബത്തിൽ പണ്ഡിറ്റ് ബൈജ് നാഥിന്റെയും മൂനാ ദേവിയുടെയും മകനായി 1861 ലെ ക്രിസ്തുമസ് ദിനത്തിൽ അലഹബാദിൽ (ഇന്നത്തെ പ്രയാഗ്‌രജ്) ആയിരുന്നു ഇദ്ദേഹത്തിന്റെ ജനനം. പൂർവ്വികരായ ചതുർവേദികൾ മാളവയിലെ(മാൾവ) ഉജ്ജയിനിയിൽ നിന്നും വന്നവരായിരുന്നതിനാൽ "മാളവീയാ" എന്ന് ഇവർ പൊതുവിൽ അറിയപ്പെട്ടു. അതിന്റെ തത്ഭവ രൂപമാണ് "മാളവ്യ" എന്നത്.
1879 ൽ ഇന്നത്തെ അലഹബാദ് സർവ്വകലാശാലയുടെ പൂർവ്വ രൂപമായ മ്യോർ കോളജിൽ നിന്നും മെട്രിക്കുലേഷൻ പൂർത്തിയാക്കി കൊൽക്കത്തയിൽ നിന്ന് ബി.ഏ ഡിഗ്രിയും കഴിഞ്ഞ് 1884 ൽ അലഹബാദിൽ സ്‌കൂൾ അദ്ധ്യാപകനായിത്തീർന്നു മാളവ്യ. 1887 ൽ ഈ ജോലി വിട്ട് ഹിന്ദുസ്ഥാൻ പത്രത്തിന്റെ എഡിറ്ററായ അദ്ദേഹം രണ്ടു വർഷങ്ങൾക്ക് ശേഷം അലഹബാദിൽ ബി. എല്‍ ന് (ഇന്നത്തെ എൽ.എൽ.ബി.) ചേരുകയും 1891 ൽ അഭിഭാഷകവൃത്തി ആരംഭിക്കുകയും ചെയ്തു.
1889 മുതൽ തന്നെ "ഇന്ത്യൻ ഒപിനിയ"ന്റെ എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1907 ൽ അദ്ദേഹം എഡിറ്ററായി സ്വന്തമായി ''അഭ്യുദയ'' എന്നൊരു വാരിക തുടങ്ങി. മകരന്ദ് എന്ന തൂലികാ നാമത്തിൽ ഇദ്ദേഹത്തിന്റെ കവിതകൾ പ്രസിദ്ധീകരിച്ചു വന്നിരുന്നു. 1909 ൽ മോത്തിലാൽ നെഹ്രുവിന്റെ സഹായത്തോടെ "ലീഡർ" എന്ന പത്രം പ്രസിദ്ധീകരിക്കാനാരംഭിച്ചു. 1911 ൽ അദ്ദേഹം അഭിഭാഷകവൃത്തി ഉപേക്ഷിച്ച് സന്യാസ ജീവിതം തെരഞ്ഞെടുത്തു. എങ്കിലും 1922 ലെ ചൗരി ചൗരാ സംഭവത്തിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട 170 സമര സേനാനികൾക്കു വേണ്ടി അദ്ദേഹം ആ കുപ്പായം വീണ്ടുമണിഞ്ഞു. അവരിൽ 155 പേരെ കുറ്റമുക്തരാക്കാനും മറ്റുള്ളവരുടെ ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കാനും അദ്ദേഹത്തിന് സാധിച്ചു.
1916 ൽ ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ സഹസ്ഥാപകനും 1919 മുതൽ 1938 വരെ അതിന്റെ വൈസ് ചാൻസലറും ആയിരുന്നു അദ്ദേഹം. 1924 ൽ ഹിന്ദിയിൽ "മര്യാദ" എന്ന പത്രം ആരംഭിച്ചു. ബിർള കമ്പനിയുടെയും ലാലാ ലജ്‌പത് റായിയുടെയും സഹായത്തോടെ മരണോന്മുഖമായ ''ഹിന്ദുസ്ഥാൻ ടൈംസ്'' പത്രം ഏറ്റെടുത്ത് അതിനെ നാശത്തിൽ നിന്ന് രക്ഷിച്ചതിനും 1936 ൽ ''ഹിന്ദുസ്ഥാൻ ദൈനിക്'' എന്ന അതിന്റെ ഹിന്ദി പതിപ്പ് പ്രസിദ്ധീകരണം ആരംഭിച്ചതിനും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. 1924 മുതൽ 1946 വരെ ഹിന്ദുസ്ഥാൻ ടൈംസിന്റെ ചെയർമാനും അദ്ദേഹമായിരുന്നു.
ഇന്ത്യയിൽ ഇൻഡെഞ്ചർ സമ്പ്രദായം നിർത്തലാക്കാൻ മാളവ്യ വലിയ പങ്ക് വഹിച്ചു. അടിമ സമ്പ്രദായം നിർത്തലാക്കിയ ശേഷം വിദേശങ്ങളിലേക്ക് ഒരു നിശ്ചിത കാലയളവിലേക്ക് കൂലിപ്പണിക്കാരെ അവരുടെ സമ്മതത്തോടെ കയറ്റി അയക്കുന്നതായിരുന്നു ഇൻഡെഞ്ചർ സമ്പ്രദായം (Indian Indenture System). ഈ പണിക്കാരുടെ ജീവിതം നരകതുല്യമായിരുന്നു. പലരും പല പ്രലോഭനങ്ങളിലും പെട്ട് തിരികെ വരാൻ കഴിയാതെ കുടുങ്ങി. 1917 ൽ ഔദ്യോഗികമായി ഇത് നിരോധിക്കപ്പെട്ടു.
ഇന്ത്യയിൽ സ്കൗട്ട് പ്രസ്ഥാനം ആരംഭിക്കാനും മാളവ്യയുടെ ശക്തമായ ഇടപെടലുകൾ സഹായിച്ചു. നിസ്സഹകരണ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്തിരുന്നതിന്റെ ഫലമായി 1932 ൽ കുറേക്കാലം മാളവ്യ ജയിൽ വാസവും അനുഭവിച്ചു. രാഷ്ട്രീയത്തിലെ പ്രീണന നയങ്ങൾക്കെതിരായിരുന്ന മാളവ്യ, ഖിലാഫത് പ്രസ്ഥാനത്തിൽ കോൺഗ്രസ്സ് പങ്കെടുക്കുന്നതിനെ വിമർശിച്ചിരുന്നു. പാർട്ടിയുമായി അഭിപ്രായ വ്യത്യാസങ്ങൾ അധികരിച്ചു വന്നപ്പോൾ പാർട്ടി വിട്ടു പോയി മാധവ് ശ്രീഹരിയുമായി ചേർന്ന് 1934 ൽ "കോൺഗ്രസ്സ് നാഷണലിസ്റ്റ് പാർട്ടി" രൂപീകരിക്കുകയും ചെയ്തു ഇദ്ദേഹം.
ജാതി സമ്പ്രദായത്തിനെതിരെ പോരാടിക്കൊണ്ട് ദളിതർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ബി.ആർ.അംബേദ്‌കറുടെ നേതൃത്വത്തിൽ ദളിതർക്ക് മഹാരാഷ്ട്രയിലെ നാസിക്കിലെ പഞ്ചവടിയിലുള്ള കാലാറാം ക്ഷേത്രപ്രവേശനത്തിനുള്ള അനുമതിക്ക് വേണ്ടി നടത്തിയ സമരത്തെ അദ്ദേഹം പിന്തുണച്ചു. ദളിത് നേതാവായിരുന്ന പി.എൻ.രാജഭോജിന്റെ നേതൃത്വത്തിൽ 200 ദളിതർക്ക് ദീക്ഷ നൽകി അവരെ കാലാറാം ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചതും അവരെ രഥയാത്രയിൽ പങ്കെടുപ്പിച്ചതും അക്കാലത്തെ വിപ്ലവകരമായ സംഭവമായിരുന്നു.
"സത്യമേവ ജയതേ" എന്ന മുണ്ഡകോപനിഷത്തിലെ വാക്യം രാഷ്ട്രത്തിന്റെ ആപ്ത വാക്യമാകണമെന്ന് 1918 ൽ നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ ആദ്യമായി ആവശ്യപ്പെട്ടത് ഇദ്ദേഹമായിരുന്നു.
ഗോസംരക്ഷണാർത്ഥം വൃന്ദാവനിലെ "ശ്രീ മഥുര വൃന്ദാവൻ ഹസാനന്ദ് ഗോചർ ഭൂമി" സൃഷ്ടിച്ചതും ഇദ്ദേഹം തന്നെ. ഗംഗാ നദിയുടെ ഒഴുക്ക് ഹരിദ്വാറിലെ ഹർ കി പൗഡിയിൽ തടയപ്പെടുന്നതിനെതിരെ 1905 ൽ ഗംഗാ മഹാസഭ സ്ഥാപിച്ച് നദിയുടെ ഒഴുക്ക് തടയില്ലെന്ന് ബ്രിട്ടീഷ് സർക്കാരിനെക്കൊണ്ട് ഉടമ്പടി ചെയ്യിച്ചതും ഇദ്ദേഹത്തിന്റെ നേട്ടം തന്നെ. ഹർ കി പൗഡിയിൽ ഗംഗാ പൂജയ്ക്കായി ആരതി വേണമെന്ന് നിഷ്കർഷിച്ചതും ഇദ്ദേഹമാണ്. 1946 നവംബര്‍ 12 ന് അലഹബാദില്‍ വച്ച് മാളവ്യ അന്തരിച്ചു.
2014 ൽ ഭാരതസർക്കാർ മദൻ മോഹൻ മാളവ്യയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്ന നൽകുകയുണ്ടായി.
മദൻ മോഹൻ മാളവ്യയുടെ 150ാം ജന്മവാർഷികം 2011ലായിരുന്നു. ആ സമയത്ത് 150 രൂപ, 5 രൂപ മുഖവിലയുള്ള നാണയങ്ങൾ നിർമ്മിച്ച് ഭാരതം അദ്ദേഹത്തെ ആദരിച്ചു.
നാണയ വിവരണം
നാണയത്തിന്റെ നടുവിൽ അദ്ദേഹത്തിന്‍റെ ശിരസ്സും താഴെ "1861-2011" എന്ന എഴുത്തും ഉള്ള പിൻവശത്ത്, ഇടത് ഭാഗത്തായി "മദൻ മോഹന മാളവീയ കീ 150 വീം ജയന്തി" എന്ന് ഹിന്ദിയിലും വലത് വശത്തായി "150 ത് ആനിവേഴ്സറി ഓഫ് മദൻ മോഹൻ മാളവ്യ" എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തിയിരിക്കുന്നു.
സാങ്കേതിക വിവരണം
1 മൂല്യം - 150 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%.
2 മൂല്യം - 5 രൂപ, ഭാരം - 6 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് -75%, നാകം - 20%, നിക്കൽ - 5%.