27/04/2021

കറൻസിയിലെ വ്യക്തികൾ (46) - ഗബ്രിയേല മിസ്ത്രെൽ

   


ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
46
   
ഗബ്രിയേല മിസ്ത്രെൽ

ലാറ്റിൻ അമേരിക്കക്ക് സാഹിത്യത്തിനുളള ആദ്യത്തെ നോബൽ സമ്മാനം നേടിക്കൊടുത്ത ചിലിയൻ കവയിത്രിയായിരുന്നു ഗബ്രിയേലാ മിസ്ത്രെൽ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന ലൂസിലാ ഗൊദോയ് അൽകായേഗ.സാഹിത്യത്തിൽ നോബൽ സമ്മാനത്തിന് അർഹയായ ഏക ലാറ്റിൻ അമേരിക്കൻ വനിതയുമാണ് ഗബ്രിയേലാ മിസ്ത്രെൽ. മനുഷ്യനും ദൈവവുമായുളള ഗബ്രിയേലാ മിസ്ത്രെറെ സംഘർഷങ്ങൾ  എന്ന പേരിൽ ഇവരുടെ ജീവിതകഥ ലഭ്യമാണ്.ആൻഡീസ് പർവ്വതനിരകൾക്കു പടിഞ്ഞാറ്, ചിലിയിലെ വിചൂണ എന്ന പ്രദേശത്ത് ഒരു നിർദ്ധനകുടുംബത്തിലാണ് ലൂസില ജനിച്ചത്. ലൂസിലക്ക് മൂന്നു വയസ്സുളളപ്പോൾ പിതാവ് വീടും കുടുംബവുമുപേക്ഷിച്ചു നാടു വിട്ടു. അമ്മയോടൊപ്പം ലൂസിലയും മൂത്ത സഹോദരി എംലിനാ മൊളീനയും മോണ്ടിഗ്രാന്ഡേയിലേക്ക് താമസം മാറ്റി. മൊളിന പഠിപ്പിച്ചിരുന്ന സ്കൂളിൽ ത്തന്നെയാണ് ലൂസില പ്രാഥമിക വിദ്യാഭ്യാസം മുഴുമിച്ചത്. പിന്നീട് അധ്യാപകവൃത്തിയിലേർപ്പെട്ടു.

പതിനഞ്ചാമത്തെ വയസ്സിൽ ആദ്യത്തെ ചില കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടു. പക്ഷെ ഒന്നും സ്വന്തം പേരിലല്ല എഴുതിയത്. 1908- മുതലാണ് ഗബ്രിയേലാ മിസ്ത്രെൽ എന്ന തൂലികാനാമം സ്ഥിരമായി ഉപയോഗിക്കാൻ തുടങ്ങിയത്. 1914-ൽ, ചിലിയിൽ പുഷ്പമത്സരങ്ങൾ എന്ന പേരിലറിയപ്പെടുന്ന ദേശീയ കവിതാ മത്സരത്തിൽ മിസ്ത്രെലിന്റെ മരണഗീതങ്ങൾ (Sonetos de la Muerte ) എന്ന കൃതിക്ക് ഒന്നാം സമ്മാനം ലഭിച്ചു.  സാഹിത്യത്തോടൊപ്പം രാഷ്ട്രീയത്തിലും, പത്രപ്രവർത്തനത്തിലും താത്പര്യം ഉണ്ടായിരുന്ന മിസ്ത്രെൽ ലാറ്റിനമേരിക്കയിലേയും താമസിയാതെ ലോകമെമ്പാടും അറിയപ്പെടുന്ന വ്യക്തികളിലൊരാളായി. ചിലിയുടെ അംബാസ്സിഡറായി പല രാജ്യങ്ങളിലും സേവനമനുഷ്ഠിച്ചു. പാൻക്രിയാറ്റിക് കാൻസർ ബാധിച്ച് 1957 ജനുവരി 10ന് നിര്യാതയായി.

ചിലി 2009 ൽ പുറത്തിറക്കിയ 5000 പെസോസ്  കറൻസി നോട്ട്.
മുൻവശം(Obverse): ഗബ്രിയേല മിസ്ട്രലിന്റെ ഛായാചിത്രം. ചിലിയൻ ദേശീയ പുഷ്പം (ചിലിയൻ ബെൽഫ്ലവർ)

പിൻവശം (Reverse):ചിലിയൻ വൈൻ പാംസ് മരങ്ങൾ, ലാ കാമ്പാന നാഷണൽ പാർക്ക്, ഒരു മൂങ്ങയുടെ ചിത്രം എന്നിവ കാണാം.










No comments:

Post a Comment