12/04/2021

സ്മാരക നാണയങ്ങൾ (31) - ജാലിയന്‍വാല ബാഗ് - ശദാബ്ദി

                              

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
31

ജാലിയന്‍വാല ബാഗ് - ശദാബ്ദി

1919 ൽ അമൃത് സറിലെ ജാലിയൻവാലാ ബാഗിൽ കമ്പനിപ്പട്ടാളം നടത്തിയ ഹീനമായ നരഹത്യ സ്വാതന്ത്ര്യ സമരത്തിലെ കറുത്ത അദ്ധ്യായമാണ്. ആ വർഷത്തെ ബൈശാഖി വിളവെടുപ്പുത്സവം പതിവു പോലെ ആഘോഷിക്കാൻ ജാലിയൻവാല ബാഗിൽ ഒത്തു കൂടിയ കർഷകരെയും നാട്ടുകാരെയും രക്തദാഹിയായ ജനറൽ ഡയർ പ്രകോപനമോ മുന്നറിയിപ്പോ ഇല്ലാതെ കൂട്ടക്കുരുതി നടത്തുകയായിരുന്നു. വളരെ വിശാലമായ ഒരു മൈതാനവും അതിനു നടുവിലായി ഒരു കിണറുമുണ്ടായിരുന്ന ആ പൂന്തോപ്പിന് ചുറ്റും  ഉയരം കൂടിയ മതിലുണ്ടായിരുന്നു. വളരെ ഇടുങ്ങിയ അഞ്ച് ഇടനാഴികൾ മാത്രമേ ഉള്ളിലേക്കും പുറത്തേക്കും കടക്കാനായി ഉണ്ടായിരുന്നുള്ളു.

ജനങ്ങൾ ആഘോഷത്തിൽ മുഴുകിയ സമയത്ത് ഒരു  മുന്നറിയിപ്പും കൂടാതെ ഉണ്ടായ വെടിവയ്പ്പിൽ പകച്ചു പോയ പുരുഷാരം പ്രാണരക്ഷാർത്ഥം തലങ്ങും വിലങ്ങും പാഞ്ഞു. ഇടനാഴികളിൽ പട്ടാളക്കാർ നിലയുറപ്പിച്ചിരുന്നതിനാൽ ആർക്കും പുറത്തേക്കു കടക്കാൻ കഴിഞ്ഞില്ല. മരിച്ചവരും മുറിവേറ്റവരുമായി ആയിരങ്ങൾ അന്നത്തെ ക്രൂരതക്കിരയായി.   നടുവിലെ കിണർ മൃതദേഹങ്ങളാൽ നിറഞ്ഞു. അന്തരീക്ഷത്തിൽ മരണത്തിന്റെ ഗന്ധം നിറഞ്ഞു നിന്നു.

ജാലിയൻവാല ബാഗിലെ സംഭവം നാട്ടിൽ മാത്രമല്ല വിദേശത്തും അപലപിക്കപ്പെട്ടു. ഡയറിനെതിരെ അന്വേഷണം നടത്തിയെങ്കിലും പ്രതീക്ഷിച്ചപോലെ അത് പ്രഹസനമായി അവസാനിച്ചു.

ബ്രിട്ടീഷുകാർക്ക് ഈ പ്രവൃത്തിയെ അന്ന് ന്യായീകരിക്കാൻ മാത്രമേ സാധിച്ചുള്ളുവെങ്കിലും ഈയടുത്ത കാലത്ത് "ലജ്ജാവഹമായ ഒരു മുറിപ്പാട്" (a shameful scar) എന്ന് ബ്രിട്ടൻ അതിനേപ്പറ്റി പ്രതികരിക്കുകയുണ്ടായി.

അതൊക്കെ എന്തായാലും ഓരോ ഭാരതീയനും ബ്രിട്ടീഷ് സാമ്രാജ്യ മേധാവിത്വത്തോട് അടക്കാനാവാത്ത വെറുപ്പും വിദ്വേഷവും ഉളവാക്കാൻ അത് കാരണമായി എന്നത് നിസ്തർക്കമാണ്. ഇതിനു പിന്നാലെ ഗാന്ധിജിയുടെ നേതൃത്വത്തിൽ നിസ്സഹകരണം, സ്വദേശി  തുടങ്ങിയ പ്രസ്ഥാനങ്ങൾ വളരെ വേഗം ശക്തിപ്രാപിക്കാനും  ഇത് നിമിത്തമായി. ബ്രിട്ടീഷ് - ഇന്ത്യൻ സമ്പത്  വ്യവസ്ഥയുടെ നട്ടെല്ലൊടിക്കാൻ അതിന് കഴിഞ്ഞു. ഇന്ത്യ മുഴുവൻ സ്വാതന്ത്ര്യ സമരം കത്തിപ്പടർന്നത് ശരവേഗത്തിലായിരുന്നു. ഈ സംഭവം നടന്ന് മുപ്പതു വര്‍ഷം എത്തുന്നതിനു മുമ്പ് തന്നെ ഭാരതത്തെ സ്വതന്ത്രമാക്കാൻ ബ്രിട്ടൻ നിര്‍ബന്ധിതമായതിന് തുടക്കം കുറിച്ചത് ആ നിരപരാധികളുടെ രക്തസാക്ഷിത്വം ഉണർത്തിയ ദേശീയ വികാരമായിരുന്നു.

ഇന്ന് അവിടെ "ജാലിയൻവാല ബാഗ്" സ്മാരകം നിലനിൽക്കുന്നു.

സ്റ്റാമ്പുകളിൽ ആ നീറുന്ന ഓർമ്മയെ നാം അനുസ്മരിച്ചിട്ടുണ്ട്. ഇതിന്റെ ശതാബ്ദിയിൽ ഈ വിഷയത്തിൽ നാണയങ്ങളും പുറത്തിറങ്ങി.

നാണയ വിവരണം

ഈ നാണയത്തിന്റെ പിൻവശത്ത് ജാലിയൻവാല ബാഗ് സ്മാരകത്തിന്റെ ചിത്രമാണ് കാണുന്നത്. തൊട്ടു താഴെ “2019” എന്ന് വർഷവും. "ജാലിയൻവാലാ ബാഗ് നർ സംഹാർ ശതാബ്ദി" എന്ന ഹിന്ദി എഴുത്ത് മുകളിലും "സെന്റിനറി ഓഫ് ജാലിയൻവാലാ ബാഗ് മാസക്കയർ " എന്ന ഇംഗ്ലീഷ് എഴുത്ത് താഴെയും അരികുകളിലായി കാണാം.

സാങ്കേതിക വിവരണം

മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 200







No comments:

Post a Comment