ഇന്നത്തെ പഠനം | |
അവതരണം | ജോൺ MT, ചേർത്തല |
വിഷയം | കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ |
ലക്കം | 87 |
മാലിദ്വീപ്
അറബിക്കടലിൽ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ വരുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ ഒരു സമൂഹമാണ് റിപ്പബ്ലിക്ക് ഓഫ് മാൽഡീവ്സ് അഥവാ മാലിദ്വീപ് റിപ്പബ്ലിക്ക്. ഇവയിൽ 230 ദ്വീപുകളിലാണ് ജനവാസമുള്ളത്. ഭാഷ പുരാതന സിംഹള ഭാഷയുമായി ബന്ധമുള്ള ദിവേഹിയാണ്. പ്രധാന തൊഴിൽ മത്സ്യ-ബന്ധനവും തെങ്ങുകൃഷിയുമാണ്. 1887 മുതൽ 1965 വരെ ബ്രിട്ടീഷ് സംരക്ഷിതപ്രദേശമായിരുന്നു. 1965-ൽ സ്വതന്ത്രമാകുകയും 1968-ൽ റിപ്പബ്ലിക്ക് ആകുകയും ചെയ്തു.
മാലിദ്വീപ് എന്ന പേര് സംസ്കൃതപദങ്ങൾ ആയ മാല, ദ്വീപ എന്നീ പദങ്ങളിൽ നിന്നായിരിക്കാം. ദ്വീപുസമൂഹം ഒരു മാല പോലെ കാണപ്പെടുന്നു എന്നതാണിതിന് കാരണം. മറ്റൊരു അഭിപ്രായം ഉള്ളത് മഹിള+ദ്വീപ് എന്നതിനാണ്. എന്നാൽ ഇതിന് ശക്തമായ തെളിവുകൾ ഇല്ല. ചില അറബി സഞ്ചാരികൾ (ഇബ്നു ബത്തൂത്ത) മഹൽ ദിബിയാത്ത് (കൊട്ടാരങ്ങളുടെ ദ്വീപ്) എന്ന് പരാമർശിച്ചു കാണുന്നുണ്ട്. മാലി ദിവേഹി രാജാവിൽ നിന്നുമാണ് മാലിദ്വീപ് എന്ന പേരുണ്ടായതെന്നും ഭാഷ്യം ഉണ്ട്.
കുന്നുകളോ നദികളോ മാലിദ്വീപുകളിലില്ല. കുറ്റിക്കാടുകളും പൂക്കളും ഉണ്ടെങ്കിലും മരങ്ങൾ അധികമില്ല. തെങ്ങും ശീമപ്ലാവും ആലും ആണ് പ്രധാന മരങ്ങൾ. മണൽ നിറഞ്ഞതും ഉപ്പിന്റെ അംശം കൂടിയതുമായ ഭൂമിയിൽ കൃഷി ചെയ്യുന്നത് ദുഷ്കരമാണ്. ആകെയുള്ള കൃഷി വാഴ, തെങ്ങ്, ചേമ്പ്, മത്തങ്ങ, മുളക്, മാങ്ങ എന്നിവയാണ്. ഭൂജലവും മഴവെള്ളവുമാണ് പരമ്പരാഗതമായി കുടി വെള്ളത്തിനുപയോഗിച്ചിരുന്നത്. കേരളവുമായി വളരെ സാമ്യമുള്ളതാണ് മാലിദ്വീപിലെ കാലാവസ്ഥ. വർഷം മുഴുവൻ 24 ഡിഗ്രി മുതൽ 33 ഡിഗ്രി സെൽഷ്യസിനിടയിലാണ് താപനില. വേനൽക്കാലം,മഴക്കാലം എന്നീ രണ്ട് ഋതുക്കൾ മാത്രമേ മാലിദ്വീപിലുള്ളു.വിനോദസഞ്ചാരവും മീൻപിടിത്തവുമാണ് മാലിദ്വീപിലെ സമ്പദ് വ്യവസ്ഥയുടെ അടിത്തറ. ജനങ്ങളുടെ മുഖ്യതൊഴിലായിരുന്ന മീൻപിടുത്തമാണ് നൂറ്റാണ്ടുകളായി രാജ്യത്തെ മുന്നോട്ട് നയിച്ചിരുന്നത്. ടൂറിസം വികസിച്ച ശേഷം ജനങ്ങൾ മീൻപിടുത്തത്തിൽ നിന്ന് പിൻവാങ്ങുന്ന കാഴച്ചയാണ് കാണുന്നത്
മാലിദ്വീപിലെ ഔദ്യോഗിക ഭാഷയാണ് ദിവേഹി. സിംഹളഭാഷയോടാണിതിന് കൂടുതൽ അടുപ്പം. വലതുനിന്ന് ഇടത്തോട്ട് എഴുതുന്ന “തനാ” എന്ന ലിപിയാണ് ദിവേഹിയുടേത്.സ്ത്രീകൾക്ക് ഉയർന്ന തരത്തിലുള്ള സ്വാതന്ത്ര്യം ഉള്ള അപൂർവ്വം ഇസ്ലാമിക സമൂഹങ്ങളിലൊന്നാണ് മാലിദ്വീപിലുളളത്,കട്ടൻ കാപ്പി കുടിയും വെറ്റിലമുറുക്കും മാലിദ്വീപ് നിവാസികളുടെ ദൌർബല്യമാണ്.ചൂര മീൻ അവരുടെ ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ്, മാലിദ്വീപിന്റെ കറൻസിയാണ് മാലിദ്വീപ് റൂഫിയ.
No comments:
Post a Comment