03/04/2021

സ്മാരക നാണയങ്ങൾ (30) - ബീഗം അഖ്ത്തര്‍ - ജന്മശാതിബ്ദി

                             

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
30

ബീഗം അഖ്ത്തര്‍ - ജന്മശാതിബ്ദി

ഹിന്ദുസ്ഥാനി സംഗീതത്തിലെ ഗസൽ, ദാദര, ധുംരി ശൈലികളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഗായികയും സിനിമാ നടിയുമായിരുന്നു അഖ്തരി ബായി ഫൈസാബാദി എന്ന ബീഗം അഖ്തർ. അറുപതു വയസ്സിൽ അകാലത്തിൽ അന്തരിച്ച ഈ മഹാ പ്രതിഭ പ്രതിബന്ധങ്ങൾക്കു മുന്നിൽ പടവെട്ടിയാണ് സ്ത്രീകൾക്ക് അക്കാലത്ത് അഗമ്യമായിരുന്ന മേഖലകളിൽ സ്വന്തം മേൽവിലാസമുണ്ടാക്കിയത്. 1968 ൽ പത്മശ്രീയും, 1972 ൽ സംഗീതനാടക അക്കാദമി അവാർഡും നേടിയ ബീഗത്തെ മരണാനന്തര ബഹുമതിയായി പദ്‌മഭൂഷൺ നല്‍കി രാഷ്ട്രം ആദരിക്കുകയുണ്ടായി.

1914 ഒക്ടോബർ 7 നാണ് അസ്കർ ഹുസൈൻ എന്ന അഭിഭാഷകന് രണ്ടാം ഭാര്യയായിരുന്ന മുഷ്താരിയിൽ  അഖ്തരി ബായി ഫൈസാബാദി ജനിച്ചത്. ഒരു ഇരട്ട സഹോദരിയും ഉണ്ടായിരുന്നു അഖ്തറിന്. കുട്ടിക്കാലത്തു തന്നെ പിതാവ് മാതാവിനെ ഉപേക്ഷിച്ചു പോയിരുന്നു.
ഏഴു വയസ്സു മുതൽ തന്നെ അഖ്തർ സംഗീതാഭിരുചി പ്രകടിപ്പിച്ചിരുന്നു. അങ്ങനെ പാറ്റ്നയിലെ സരോദ് വിദ്വാൻ ഉസ്താദ് ഇംദാദ് ഖാൻ, പട്യാല ഖരാനയിലെ അത്താ മുഹമ്മദ് ഖാൻ, കൽക്കട്ടയിലെ മുഹമ്മദ് ഖാൻ, ലാഹോറിലെ അബ്ദുള്‍ വാഹീദ് ഖാൻ, ഉസ്താദ് ഝംടെ ഖാൻ എന്നിവരുടെ ശിക്ഷണത്തിൽ സംഗീതം അഭ്യസിക്കാൻ അവർക്കു കഴിഞ്ഞു. പതിനഞ്ചാം വയസ്സിൽ അഖ്തർ തന്റെ അരങ്ങേറ്റം നടത്തി.

1934 ലെ ഭൂകമ്പ ദുരിതാശ്വാസത്തിനായി നടത്തിയ കച്ചേരിയെ "ഇന്ത്യയുടെ വാനമ്പാടി" സരോജിനി നായിഡു അഭിനന്ദിക്കുകയുണ്ടായി. സംഗീത പരിപാടികളുടെ ഗ്രാമഫോൺ റെക്കോഡുകളും പൊതു സദസ്സിലെ കച്ചേരികളും ധാരാളമായി പുറത്തു വന്നു തുടങ്ങിയപ്പോൾ "ഗസലുകളുടെ റാണി" ("മാലിക ഇ ഗസൽ") എന്നൊരു വിളിപ്പേരും അഖ്തറിന് കൂട്ടിനെത്തി.

"ഏക് ദിൻ കാ ബാദ്ഷാ", "നൾ ദമയന്തി", "റോട്ടി" തുടങ്ങി ഏതാനും ചലച്ചിത്രങ്ങളിലും ബീഗം അന്നത്തെ രീതിയനുസരിച്ച് പാടി അഭിനയിച്ചു. സ്വന്തം പേരായ അഖ്തരി ബായ് ഫൈസാബാദി, അഖ്തരി, ബീഗം അഖ്തർ തുടങ്ങി പല പേരുകളിലാണ് ഈ രംഗത്ത് ഇവർ അറിയപ്പെട്ടത്.

1945 ൽ ലഖ്‌നൗവിലെ അഭിഭാഷകനായിരുന്ന ഇഷ്തിയാഖ് അഹമ്മദ് അബ്ബാസിയെ വിവാഹം ചെയ്ത ശേഷം നാലു വർഷത്തോളം പൊതു പരിപാടികളിൽ നിന്നും ഇവർക്ക് അകന്നു നിൽക്കേണ്ടി വന്നു. വിഷാദ രോഗഗ്രസ്ഥയായ അഖ്തർ ചികിത്സയുടെ ഭാഗമായി 1949 ൽ റെക്കോർഡിങ് രംഗത്തേക്ക് തിരിച്ചെത്തി. ഏകദേശം നാന്നൂറിലധികം ഗാനങ്ങൾ അഖ്തറിന്റെതായി റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

1974 ൽ തന്റെ അവസാന കച്ചേരി പാടിക്കൊണ്ടിരിക്കെ അസുഖ ബാധിതയായി അവർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. 1974 ഒക്ടോബർ 30 ന് തന്റെ സുഹൃത്തായ നീലത്തിന്റെ കൈകളിൽ കിടന്ന് ആ പ്രതിഭ അന്ത്യശ്വാസം വലിച്ചു.

അഖ്തറിന്റെ  ജന്മശതാബ്ദി വർഷമായ 2014 ൽ  100 രൂപയുടെയും 5 രൂപയുടെയും നാണയങ്ങൾ നിർമ്മിച്ച് ഭാരതം അവർക്ക് പ്രണാമം അർപ്പിച്ചു.

നാണയ വിവരണം

 നാണയത്തിന്‍റെ പിന്‍വശത്ത് നടുവിലായി അഖ്തറിന്റെ ശിരസ്സും താഴെ "1914 - 2014" എന്നും മുദ്രയിട്ടിരിക്കുന്നു. മിന്റ് മാർക്ക് അതിന് താഴെ കാണാം. അരികിൽ മുകളിലായി "ബേഗം അഖ്തർ കീ ജന്മശതി" എന്ന ഹിന്ദി എഴുത്തും താഴെ "ബർത്ത് സെന്റിനറി ഓഫ് ബേഗം അഖ്തർ " എന്ന് ഇംഗ്ലീഷിലും കാണാം.

സാങ്കേതിക വിവരണം

1 മൂല്യം - 100 രൂപ,ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%,  ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 200
2 മൂല്യം - 5 രൂപ, ഭാരം - 6 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നാകം - 20%, നിക്കൽ - 5%





No comments:

Post a Comment