ഇന്നത്തെ പഠനം | |
അവതരണം | ഡോ. N.ശ്രീധർ തിരുവനന്തപുരം |
വിഷയം | സ്മാരക നാണയങ്ങൾക്ക് പിന്നിൽ |
ലക്കം | 33 |
പരമഹംസ യോഗാനന്ദ - 125ാം ജന്മവാര്‍ഷികം
ധ്യാനത്തിനെയും യോഗയെയും "സെൽഫ് റിയലൈസേഷൻ ഫെലോഷിപ്പ്" (SRF), "യോഗോദ സദ്‌സംഘ" (YSS)എന്നീ സംഘടനകൾ മുഖേന ലോകത്തെ ജനകോടികൾക്ക് പ്രിയങ്കരമാക്കിയ ഒരു ഗുരുവും യോഗിയുമായിരുന്നു പരമഹംസ യോഗാനന്ദ.
തന്റെ ജീവിതത്തിന്റെ അവസാന 32 വർഷം അദ്ദേഹം അമേരിക്കയിലാണ് വസിച്ചത്. ലോകം മുഴുവൻ അദ്ദേഹം തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചു. മഹാത്മാഗാന്ധി അദ്ദേഹത്തെ അംഗീകരിച്ച് യോഗ മാർഗം സ്വീകരിക്കുകയുണ്ടായിട്ടുണ്ട്.
1893 ജനുവരി 5 ന് ഗോരഖ്പൂറിൽ റയിൽവേ ഉദ്യോഗസ്ഥനായിരുന്ന ഭഗബതി ചരൺ ഘോഷിന്റെ മകനായി ജനിച്ച മുകുന്ദലാൽ ഘോഷ്, അമേരിക്കയിലെ യോഗാ പ്രസ്ഥാനത്തിൽ, പ്രത്യേകിച്ച് ലോസാഞ്ചലസ് യോഗാ സംസ്കാരത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തി. "പാശ്ചാത്യ യോഗയുടെ പിതാവ്" എന്ന വിളിപ്പേര് നേടിയത് ചരിത്ര നിയോഗം.
ചെറിയ പ്രായത്തിൽ തന്നെ ആത്മീയ കാര്യങ്ങളിൽ തല്പരനായിരുന്നു മുകുന്ദലാൽ. ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയ ശേഷം വാരാണസിയിലെ മഹാമണ്ഡൽ ആശ്രമത്തിൽ എത്തിയ അദ്ദേഹം താമസംവിനാ അവിടം വിട്ട് മറ്റൊരു ഗുരുവിനെ തേടി യാത്രയായി. തന്റെ 17ാം വയസ്സിൽ സ്വാമി ശ്രീ.യുക്തേശ്വർ ഗിരിയുടെ മുന്നിലാണ് ആ സഞ്ചാരം അവസാനിച്ചത്. 1910 മുതൽ പത്തു വർഷം അദ്ദേഹത്തിന്‍റെ ശിഷ്യത്വം സ്വീകരിച്ച് അവിടെ കഴിഞ്ഞ മുകുന്ദലാലിന് യോഗാനന്ദ എന്ന നാമം സ്വീകരിക്കാൻ ഗുരു അനുവദിച്ചു.
ആശ്രമവാസ കാലത്ത് കോളേജ് വിദ്യാഭ്യാസവും അദ്ദേഹം തുടർന്നു. 1917 ൽ ആധുനിക വിദ്യാഭ്യാസവും യോഗയും സംയോജിപ്പിച്ച് പരിശീലനം നൽകാൻ വേണ്ടിയുള്ള ഒരു വിദ്യാലയം ആൺകുട്ടികൾക്കു വേണ്ടി സ്ഥാപിച്ചു. പിൽക്കാലത്ത് സെല്‍ഫ് റിയലൈസേഷൻ ഫെലോഷിപ്പിന്റെ (ആത്മാവബോധന സംഘം എന്ന് മലയാളീകരിക്കാമെന്ന് തോന്നുന്നു) ഭാരതീയ വിഭാഗമായ "യോഗ സൽസംഗ സമിതി" ആയി മാറിയത് ഈ വിദ്യാലയമാണ്.
1920 ൽ "അമേരിക്കൻ യൂണിറ്റേറിയൻ അസോസിയേഷൻ" ബോസ്റ്റണിൽ നടത്തുന്ന സ്വതന്ത്ര മതചിന്തകരുടെ സമ്മേളനത്തിലേക്ക് യോഗാനന്ദന് ക്ഷണം ലഭിച്ചു. "മഹാവതാർ ബാബാജി" എന്ന മഹാഗുരുവിന്റെ ഒരു അവിചാരിത ദർശനം തനിക്കു ലഭിച്ചുവെന്നും പടിഞ്ഞാറേക്ക് "ക്രിയായോഗ" സമ്പ്രദായം പ്രചരിപ്പിക്കാൻ താൻ തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം തന്നെ അറിയിച്ചുവെന്നും യോഗാനന്ദ പ്രസ്താവിച്ചിട്ടുണ്ട്.
ഏതായാലും 1920 ൽ അദ്ദേഹം ബോസ്റ്റണിൽ എത്തുകയും അതേ വര്‍ഷം തന്നെ തന്റെ വീക്ഷണങ്ങളുടെ പ്രചരണാർത്ഥം സെൽഫ് റിയലൈസേഷൻ ഫെലോഷിപ്പ് ആരംഭിക്കുകയും ചെയ്തു. നാലു വർഷം അദ്ദേഹം ബോസ്റ്റണിൽ താമസിച്ചു പ്രഭാഷണങ്ങൾ നടത്തി. 1925 ൽ കാലിഫോർണിയയിലെ ലോസാഞ്ജലസിൽ ആത്മാവബോധന സംഘത്തിന് രൂപം നൽകി. തന്റെ ശിഷ്യഗണങ്ങൾ മുഖേന ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ "ക്രിയായോഗ" സ്ഥാപനങ്ങൾക്കും അദ്ദേഹം തുടക്കം കുറിച്ചു.
യോഗാനന്ദയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെപ്പറ്റി അമേരിക്കൻ സർക്കാർ സംശയാലുക്കളായതിന്റെ ഫലമായി കുറേക്കാലം അദ്ദേഹം ഇന്റലിജൻസ് നിരീക്ഷണത്തിലായിരുന്നു . 1935 ൽ അദ്ദേഹം യൂറോപ്പ് വഴി ഭാരതത്തിൽ എത്തുകയുണ്ടായി. ഈ യാത്രക്കിടയിൽ യൂറോപ്പിലെ ആത്മീയ ഗുരുക്കന്മാരെ സന്ദർശിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ഈ അവസരത്തിലാണ് മഹാത്മജിയെ ക്രിയായോഗയിലേക്ക് ആകർഷിക്കാൻ അദ്ദേഹത്തിന് സാധിച്ചത്. ഒപ്പംതന്നെ ആനന്ദമയി മാ, ഗിരി ബാല തുടങ്ങിയ ആത്മീയ ഗുരുക്കളുമായി സംവദിക്കാനും അദ്ദേഹം ആ അവസരം വിനിയോഗിച്ചു.
1936 ൽ ശ്രീ യുക്തീശ്വര നിർവാണം പ്രാപിച്ചു. അദ്ദേഹത്തിന്‍റെ അവസാന കർമ്മങ്ങൾക്കു ശേഷം ലണ്ടനും, യൂറോപ്പിലെ പല ചരിത്ര പ്രധാനമായ സ്ഥലങ്ങളും സന്ദർശിച്ചശേഷം അദ്ദേഹം അമേരിക്കയിൽ മടങ്ങിയെത്തി.
1946 ൽ അമേരിക്കയിലെ കുടിയേറ്റ നിയമത്തിൽ വന്ന മാറ്റങ്ങൾ ആസ്പദമാക്കി അദ്ദേഹം അവിടത്തെ പൗരത്വത്തിന് അപേക്ഷിച്ചതനുസരിച്ച് 1949 ൽ അദ്ദേഹത്തിന് അമേരിക്കൻ പൗരത്വം ലഭിച്ചു.
തന്റെ അവസാന നാളുകളിൽ തനിക്കു മടങ്ങാനുള്ള സമയമടുത്തുവെന്ന് അദ്ദേഹം ശിഷ്യരോട് പറഞ്ഞിരുന്നു. തന്റെ ആശയങ്ങളെ കുറ്റമറ്റ രീതിയിൽ അവതരിപ്പിക്കാൻ വേണ്ട മിനുക്കു പണികൾ നടത്താനാണ് ആ സമയം അദ്ദേഹം വിനിയോഗിച്ചത്. 1952 മാർച്ച് 7 ന് അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ ബിനോയ് രഞ്ജൻ സെന്നിന്‍റെ സന്ദർശനത്തിന്റെ ഭാഗമായി നടന്ന അത്താഴ വിരുന്നിൽ പങ്കെടുത്ത് സംസാരിച്ചു കഴിഞ്ഞ് കണ്ണുകൾ മുകളിലേക്കുയർത്തി കുഴഞ്ഞു വീണ അദ്ദേഹം ഈശ്വരനിൽ വിലയം പ്രാപിച്ചു കഴിഞ്ഞിരുന്നു.
മരണാനന്തരം അദ്ദേഹത്തിന്‍റെ ദേഹപരിശോധന നടത്തിയ മോർച്ചറി ഡയറക്ടർ ഹാരി ടി.റോവ് പിൽക്കാലത്ത് രേഖപ്പെടുത്തിയത് "മരണ ശേഷം ഇരുപതു ദിവസങ്ങൾ കഴിഞ്ഞ ശേഷവും ജീർണ്ണിക്കുന്നതിന്റെ യാതൊരു ലക്ഷണവും കാണിക്കാത്ത പരമഹംസ യോഗാനന്ദയുടെ ശരീരം ഞങ്ങളുടെ അനുഭവത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്" എന്നാണ്.
പരമഹംസ യോഗാനന്ദയുടെ "ഒരു യോഗിയുടെ ആത്മകഥ" (Autobiography of a Yogi) എന്ന, അൻപതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള ഗ്രന്ഥം 20ാം നൂറ്റാണ്ടിലെ പ്രമുഖമായ 100 ആദ്ധ്യാത്മിക ഗ്രന്ഥങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
2018 ൽ പരമഹംസയുടെ 125ാമത് ജന്മദിനത്തോടനുബന്ധിച്ച് ഇന്‍ഡ്യ ഗവണ്മെന്‍റ് 125 രൂപയുടെ സ്മാരക നാണയം പുറത്തിറക്കുകയുണ്ടായി.
നാണയ വിവരണം
നാണയത്തിന്‍റെ പുറകു വശത്ത് നടുവിൽ യോഗാനന്ദയുടെ ശിരസ്സും അതിനു താഴെ "1833 - 2018" എന്ന എഴുത്തും കാണുന്നു. അരികിൽ താഴെ 125th ആനിവേഴ്സറി ഓഫ് പരമഹംസ യോഗനന്ദ എന്ന് ഇംഗ്ലീഷിലും മുകളിൽ "പരമഹംസ യോഗനന്ദ് കീ 125 വീം ജയന്തി എന്ന് ഹിന്ദിയിലും ആലേഖനം ചെയ്തിരിക്കുന്നു.
സാങ്കേതിക വിവരണം
മൂല്യം - 125 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 200
No comments:
Post a Comment